Saturday, February 16, 2008

തസ്ലിമ എഴുതുന്നു

എവിടെയാണ്‌ ഞാന്‍? താരതമ്യേന എളുപ്പമുള്ള ചോദ്യമാണെങ്കിലും, എന്റെ പക്കല്‍ ഇതിനുള്ള മറുപടിയില്ലെന്നു പറഞ്ഞാല്‍ ആരും എന്നെ വിശ്വസിക്കില്ല എന്ന് എനിക്കറിയാം. പക്ഷേ സത്യം അതാണ്‌. എനിക്കറിയില്ല. ഇനി, എന്റെ അവസ്ഥ എന്താണെന്ന് ആരെങ്കിലും ചോദിച്ചു എന്നിരിക്കട്ടെ, അതിനും ഞാന്‍ മറുപടി പറയുക, എനിക്കറിയില്ല എന്നു മാത്രമായിരിക്കും. ഞാനൊരു ജീവച്ഛവം മാത്രമാണ്‌. നിശ്ശബ്ദയാക്കപ്പെട്ട്‌, അസ്തിത്വത്തിന്റെ ആനന്ദവും അനുഭൂതിയും കവര്‍ച്ച ചെയ്യപ്പെട്ട്‌, എന്റെ മുറിയുടെ ഭീതിദമായ ഉള്ളറയില്‍ ഒതുങ്ങിക്കൂടി കഴിയുന്നു ഞാന്‍. രാത്രിയും പകലും. പകലും രാത്രിയും. അതെ. അങ്ങിനെയാണ്‌ ഞാന്‍ കഴിഞ്ഞുകൂടുന്നത്‌.

കല്‍ക്കത്തയില്‍നിന്ന് പെട്ടെന്ന് ഒരുദിവസം കെട്ടുകെട്ടേണ്ടിവന്നപ്പോള്‍ തുടങ്ങിയതൊന്നുമല്ല ഈ ദു:സ്വപ്നം. കുറച്ചു കാലമായി ഇതാണ് എന്റെ അവസ്ഥ. പതുക്കെ നടന്നുവരുന്ന ഒരു മരണംപോലെ, സാവകാശം മൊത്തിക്കുടിച്ചുകൊണ്ടിരിക്കുന്ന വിഷംപോലെ, അത്‌ എന്റെ എല്ലാ ഇന്ദ്രിയങ്ങളെയും കൊന്നുകൊണ്ടിരിക്കുന്നു. ഒരുകാലത്ത്‌, ധൈര്യവും, തന്റേടവും, ഓജസ്സുമുണ്ടായിരുന്ന എന്റെ സത്തയെ നിശ്ശബ്ദമാക്കാനുള്ള ഒരു ഗൂഢാലോചനയാണ്‌ ഇത്‌. എന്റെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്‌ എന്താണെന്ന് എനിക്ക്‌ നല്ലവണ്ണം അറിയാം. പക്ഷേ എത്ര ശ്രമിച്ചിട്ടും, ഒറ്റക്ക്‌ ഒരു യുദ്ധം ചെയ്യാനാവാത്തവണ്ണം, ഞാനിന്ന് നിസ്സഹായയാണ്‌. അശരീരിയായ ശബ്ദം മാത്രമാണ്‌ ഞാനിന്ന്. ഒരിക്കല്‍ എന്റെ കൂടെ നിന്നവരെല്ലാം ഇരുളിലേക്ക്‌ അപ്രത്യക്ഷരായിരിക്കുന്നു. ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിനുതക്കവണ്ണം എന്തു തെറ്റാണ്‌ ഞാന്‍ ചെയ്തത്‌? സഹജീവികളുടെ സാമീപ്യത്തിന്റെ സുഖമനുഭവിക്കാനോ, സ്വതന്ത്രമായി നടക്കാനോപോലും പറ്റാത്ത ഈ അവസ്ഥ എന്തുതരം ജീവിതമാണ്‌? ഒരു നിഴല്‍ മാത്രമായി ഇങ്ങനെ ഒളിച്ചിരിക്കാന്‍ പാകത്തില്‍ എന്തു മഹാപരാധമാണ്‌ ഞാന്‍ ചെയ്തത്‌? എന്തു തെറ്റിനാണ്‌ ഈ സമൂഹവും, ഈ നാടും എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്‌? എന്റെ വിശ്വാസങ്ങളെക്കുറിച്ചും, ധാരണകളെക്കുറിച്ചുമാണ്‌ ഞാന്‍ എഴുതിയത്‌. ആശയം പ്രകടിപ്പിക്കാന്‍, അക്രമമല്ലല്ലോ, വാക്കുകളല്ലേ ഞാന്‍ ഉപയോഗിച്ചുള്ളു? കല്ലെറിയുകയോ രക്തം ചിന്തുകയോ ചെയ്തുവോ ഞാന്‍? എന്നിട്ടും എന്നെ ഒരു കുറ്റവാളിയായി കാണുന്നു. അഭിപ്രായപ്രകടനത്തിനുള്ള മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക്‌ എന്റെ അവകാശത്തേക്കാള്‍ നിയമസാധുതയുള്ളതുകൊണ്ടായിരിക്കണം എന്നെ ഇങ്ങനെ ശിക്ഷിക്കുന്നതെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. അവനവന്റെ ദൃഢവിശാസങ്ങള്‍ കയ്യൊഴിയേണ്ടിവരിക എന്നത്‌, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം എത്രയധികം വേദനാജനകമാണെന്ന് ഇന്ത്യ മനസ്സിലാക്കുന്നില്ലെന്നു വരുമോ?

ആലോചിച്ചുനോക്കൂ, എന്റെ വാക്കുകളെ സെന്‍സര്‍ ചെയ്യാന്‍ ഞാന്‍ അനുവദിക്കണമെങ്കില്‍ എത്രമാത്രം അപമാനിതയും, അരക്ഷിതയും, പരിഭ്രാന്തയും ആയിത്തീര്‍ന്നിട്ടുണ്ടാവണം ഞാന്‍? അവരാവശ്യപ്പെട്ട വെട്ടലിനും തിരുത്തലിനും എന്റെ രചനകളെ അനുവദിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ ഒരുപക്ഷേ ഇതിനോടകംതന്നെ ബലിമൃഗമായേനെ.

അവരുടെ രാഷ്ട്രീയവും, വിശ്വാസവും, പ്രാകൃതത്വവും, കുതന്ത്രങ്ങളും എല്ലാം എന്റെ ജീവരക്തം ഊറ്റാന്‍വേണ്ടിയുള്ളതായിരുന്നു, കാരണം, ഞാനെഴുതുന്ന സത്യങ്ങള്‍ അവര്‍ക്ക്‌ അത്ര എളുപ്പത്തില്‍ ദഹിക്കില്ല. എങ്ങിനെയാണ്‌ എന്നെപ്പോലെ അശക്തയും, അരക്ഷിതയുമായ ഒരു വ്യക്തിക്ക്‌ ഇത്രവലിയ ശക്തികളുമായി ഏറ്റുമുട്ടാനാവുക. പക്ഷേ എന്തു സംഭവിച്ചാലും ശരി, അസത്യം പറയുക എന്നതുമാത്രം എനിക്കൊരിക്കലുമാവില്ല.

സ്നേഹവും സഹാനുഭൂതിയുമല്ലാതെ എന്റെ പക്കല്‍ മറ്റെന്താണുള്ളത്‌? എന്റെ വാക്കുകളെ ചീന്തിയെറിയാന്‍ അവര്‍ വിദ്വേഷത്തെ ഉപയോഗിച്ചപോലെ, അവരില്‍നിന്ന് വിദ്വേഷത്തെ അടര്‍ത്തിമാറ്റാന്‍ എന്റെ കയ്യില്‍ സ്നേഹവും സഹാനുഭൂതിയും മാത്രമേയുള്ളു. ക്രൂരതയും, പ്രാകൃതത്വവും, സംഘര്‍ഷവും, വിദ്വേഷവും എല്ലാം മനുഷ്യാവസ്ഥയുടെ ഭാഗങ്ങള്‍തന്നെയാണെന്ന് തിരിച്ചറിയാന്‍തക്കവണ്ണം പ്രായോഗികബുദ്ധിയൊക്കെ എനിക്കുണ്ട്‌. അവയൊന്നും ഒരിക്കലും മാറില്ലായിരിക്കാം. എന്നുമാത്രമല്ല, എന്നെപ്പോലെ ഒരു നിസ്സാരജീവിക്ക്‌ എങ്ങിനെയാണ് അതൊക്കെ മാറ്റാനാവുക? എന്നെ ഇല്ലാതാക്കിയാല്‍ ലോകത്തിന്‌ ഒരു ചുക്കും വരാനില്ല. അതൊക്കെ എനിക്കറിയുകയും ചെയ്യാം. എന്നിട്ടും ഞാന്‍ പ്രതീക്ഷിച്ചു, ബംഗാള്‍ വ്യത്യസ്തമായിരിക്കുമെന്ന്. അവളുടെ മക്കളുടെ ഭ്രാന്ത്‌ താത്‌ക്കാലികമായിരിക്കുമെന്ന്. അത്രമേല്‍ തീവ്രമായി ഞാന്‍ പ്രണയിച്ചിരുന്ന എന്റെ ബംഗാള്‍ എന്നെ കയ്യൊഴിയില്ലെന്ന് ഞാന്‍ കരുതി. പക്ഷേ അവള്‍ കയ്യൊഴിയുകതന്നെ ചെയ്തു.

ബംഗ്ലാദേശില്‍നിന്നും നിഷ്കാസിതയായതിനുശേഷം ഒരു അനാഥശിശുവിനെപ്പോലെ ഞാന്‍ വര്‍ഷങ്ങളോളം ലോകമൊട്ടുക്ക്‌ അലഞ്ഞു. പശ്ചിമബംഗാളില്‍ അഭയം കിട്ടി എന്നറിഞ്ഞ നിമിഷം, എന്റെ നീണ്ട അലച്ചിലിന്റെ ആ ക്ഷീണം മുഴുവന്‍ ഞാന്‍ മറന്നു. വളരെ പ്രിയപ്പെട്ട, പരിചിതമായ ഒരു നാട്ടില്‍ ഞാന്‍ വീണ്ടും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തി. ജീവിച്ചിരിക്കുന്നിടത്തോളം കാലം, എന്റെ ഉള്ളില്‍ ബംഗാളിന്റെ ആ വിദൂരദൃശ്യവും, അവളുടെ സൂര്യപ്രകാശവും, അവളുടെ ഈര്‍പ്പമുള്ള മണ്ണും, അവളുടെ സത്തയും ഒക്കെ എന്നുമുണ്ടായിരിക്കും. ഏതു മണ്ണിന്റെ അഭയത്തിലേക്ക്‌ തിരിച്ചെത്താനാണോ രക്തം പുരണ്ട നീണ്ട വഴിത്താരകള്‍ ഞാന്‍ ഇത്രയും കാലം പിന്നിട്ടത്‌, അതേ ബംഗാള്‍ ഇന്നെന്നെ കയ്യൊഴിഞ്ഞിരിക്കുന്നു. ഉള്ളിലും പുറത്തും ഞാന്‍ ബംഗാളിയാണ്‌. ഞാന്‍ ജീവിക്കുന്നതും, ശ്വസിക്കുന്നതും, സ്വപ്നം കാണുന്നതും ബംഗാളിയിലാണ്‌. ബംഗാളിന്‌ എന്നെ വേണ്ടാതായിരിക്കുന്നുവെന്ന് എനിക്ക്‌ വിശ്വസിക്കാനേ സാധിക്കുന്നില്ല.

ഇവിടെ ഞാന്‍ വെറും അതിഥിയാണ്‌. ആതിഥേയത്വത്തിന്റെ മര്യാദകളെ ലംഘിക്കുന്ന ഒന്നും ഞാന്‍ ചെയ്തുകൂടാ. ആരുടെയും വികാരങ്ങളെയോ വിശ്വാസങ്ങളെയോ വേദനിപ്പിക്കാനല്ല ഞാന്‍ ഇവിടെയെത്തിയത്‌. സ്വന്തം നാട്ടില്‍നിന്നുപോലും വ്രണിതയായി, അതില്‍പ്പിന്നെ ലോകത്തിന്റെ നാനാ ഇടങ്ങളില്‍ വെച്ചും അപമാനവും വേദനയും സഹിച്ച്‌, ഇവിടെയെത്തുമ്പോള്‍, എനിക്കറിയാമായിരുന്നു, ഇവിടെയും എനിക്ക്‌ ഇതൊക്കെതന്നെ അനുഭവിക്കേണ്ടിവരുമെന്ന്. കാരണം, മതനിരപേക്ഷതയെ മുസ്ലിം മതമൗലികവാദവുമായി സമീകരിച്ചുകാണുന്ന വോട്ടുബാങ്ക്‌ രാഷ്ട്രീയം നിലനില്‍ക്കുന്ന ജനാധിപത്യ, മതേതര രാജ്യമാണ്‌ ഇന്ത്യ എന്നതുതന്നെ. ഇത്‌ വിശ്വസിക്കാന്‍ എനിക്ക്‌ ഇഷ്ടമല്ല. എങ്കിലും, എനിക്കു ചുറ്റും ഞാന്‍ കാണുന്നതും, കേള്‍ക്കുന്നതും, വായിക്കുന്നതുമായ കാര്യങ്ങള്‍ എനിക്കു നല്‍കുന്ന സൂചനകള്‍ ഇതൊക്കെയാണ്. ചിലപ്പോള്‍ എനിക്ക്‌ തോന്നും, ചുറ്റുമുള്ളതൊന്നും കാണുകയും കേള്‍ക്കുകയും പറയുകയും ചെയ്യാത്ത ആ പഴയ വാനരന്‍മാരെപ്പോലെയാകാന്‍ കഴിഞ്ഞാല്‍ എത്ര നന്നായിരുന്നുവെന്ന്. പല രൂപത്തിലും എന്നെ സന്ദര്‍ശിക്കുന്ന മരണത്തെ ഒരു സുഹൃത്തിനെപ്പോലെയാണ്‌ ഞാനിപ്പോള്‍ കാണുന്നത്‌. അവനോട്‌ ഉള്ളുതുറന്നു സംസാരിച്ചിരിക്കാന്‍ എനിക്ക്‌ മോഹം തോന്നുന്നു. സംസാരിക്കാനോ, വ്യഥകള്‍ പങ്കിടാനോ എനിക്ക്‌ മറ്റാരുമില്ല.

എന്റെ പ്രിയപ്പെട്ട ബംഗാളിനെ എനിക്ക്‌ നഷ്ടപ്പെട്ടു. അന്നു ഞാനനുഭവിച്ച അത്രയും വേദന, അമ്മയുടെ മാറില്‍നിന്നും പറിച്ചുമാറ്റപ്പെട്ട മറ്റൊരു കുട്ടിക്കും അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവില്ല. ജന്മം തന്ന അമ്മയെയാണ്‌ എനിക്കിപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്‌. എന്റെ സ്വന്തം അമ്മ മരിച്ചപ്പോള്‍ ഉണ്ടായ വേദനയേക്കാള്‍ ഒട്ടും കുറവല്ല ഈ വേദനയും. ഞാന്‍ തിരിച്ചുവരണമെന്ന് എന്റെ അമ്മ എപ്പോഴും ആഗ്രഹിച്ചിരുന്നു. എനിക്കൊരിക്കലും സാധിക്കാത്ത ഒന്നായിരുന്നു അത്‌. കല്‍ക്കത്തയില്‍ താമസമാക്കിയതിനുശേഷം - അപ്പോഴേക്കും അവര്‍ കേവലം ഓര്‍മ്മയായി മാറിയിരുന്നു- ഞാന്‍ അമ്മയോട്‌ പറയുമായിരുന്നു, ഞാന്‍ വീട്ടിലേക്കുതന്നെയാണ്‌ തിരിച്ചെത്തിയിരിക്കുന്നതെന്ന്. അഥവാ, മനുഷ്യകല്‍പ്പിതമായ കൃത്രിമ അതിരുകളുടെ ഏതുഭാഗത്തായാല്‍ എനിക്കെന്ത്‌? പക്ഷേ, ഒരിക്കല്‍ എനിക്ക്‌ ആതിഥ്യം നല്‍കിയവര്‍തന്നെ ഇന്ന് എന്നെ പുറത്താക്കിയിരിക്കുന്നുവെന്നും, ഒരു നാടോടിയെപ്പോലെ കഴിയുകയാണ്‌ ഞാനെന്നും അമ്മയോട്‌ പറയാനുള്ള ധൈര്യം ഇന്നെനിക്കില്ല. അതെല്ലാം പറഞ്ഞാല്‍ ആ സാധു സ്ത്രീ തകര്‍ന്നുപോയേക്കും. അതിനുപകരം ഞാന്‍ ഇപ്പോള്‍ എന്നെതന്നെ സമാധാനിപ്പിക്കുന്നത്‌, ഞാന്‍ എന്തൊക്കെയോ അരുതായ്കകള്‍ ചെയ്തതുകൊണ്ടാണ്‌ ഇതൊക്കെ സംഭവിച്ചത്‌ എന്നും മറ്റുമാണ്‌. എന്തൊക്കെയോ തെറ്റുകള്‍ ഞാന്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണ്‌ ഞാന്‍ ഈയൊരു അവസ്ഥയില്‍ എത്തിയിട്ടുണ്ടാവുക? വഞ്ചനയുടെയും അസത്യത്തിന്റെയും കാലത്ത്‌, സത്യം തുറന്നുപറയുക എന്നത്‌, ഇത്ര വലിയ പാപമാണോ? അതോ, ഞാനൊരു സ്ത്രീയായതുകൊണ്ടാണോ?

ആള്‍ക്കൂട്ടം എന്നെ ക്രൂശിച്ചിട്ടില്ലെന്ന് എനിക്കറിയാം. അവരുടെ അഭിപ്രായം ആരെങ്കിലും ചോദിക്കാന്‍ മിനക്കെട്ടിരുന്നുവെങ്കില്‍, ഞാന്‍ ബംഗാളില്‍തന്നെ കഴിയണമെന്ന് അവരില്‍ ഭൂരിപക്ഷവും പറയുമായിരുന്നുവെന്ന് എനിക്ക്‌ ഉറപ്പുണ്ട്‌. പക്ഷേ എന്നാണ് ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ശബ്ദമായിരുന്നിട്ടുള്ളത്? തങ്ങള്‍ ചെയ്യുന്നതു മാത്രം ശരിയെന്നു വിശ്വസിക്കുന്ന, അധികാരം കയ്യടക്കിവെച്ചിരിക്കുന്ന ചിലരാണ് ഇന്ന് ജനാധിപത്യത്തെ നയിക്കുന്നത്‌. എന്നെപ്പോലെ നിസ്സാരയായവര്‍ ഇനി സ്വന്തം നിലയില്‍ ജീവിക്കുകയും, എഴുതുകയും, ശരിയെന്ന് സ്വയം ബോദ്ധ്യമുള്ള കാര്യങ്ങള്‍ മുറുകെപ്പിടിക്കുകയും വേണമെന്നു വന്നിരിക്കുന്നു. ആരെയെങ്കിലും ഉപദ്രവിക്കുകയോ, ദുഷിപ്പിക്കുകയോ, ചതിക്കുകയോ എന്റെ ലക്ഷ്യമല്ല. അസത്യങ്ങള്‍ പറയാറുമില്ല. ആരെയും വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ കഴിയുന്നത്ര ശ്രമിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങളെ അറിയാനോ, മനസ്സിലാക്കാനോ സാധിക്കാത്ത ഒരു വെറും എഴുത്തുകാരി മാത്രമാണ്‌ ഞാന്‍. പക്ഷേ, ഈ അധമരാഷ്ട്രീയക്കാരുടെ, രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കയ്യിലെ പണയപ്പണ്ടമായിരിക്കുന്നു ഇന്ന് ഞാന്‍. എന്തിനെന്നോ? തുച്ഛമായ വോട്ടുകള്‍ക്കുവേണ്ടി. ഏതു മൗലികവാദത്തിനെതിരെയാണോ ഇത്രനാളും ഞാന്‍ ശബ്ദിച്ചതും, യുദ്ധം ചെയ്തതും, അതേ ശക്തികള്‍തന്നെയാണ്‌ എന്റെ പരാജയത്തിലൂടെ വര്‍ദ്ധിതവീര്യരായി തിരിച്ചുവരുന്നത്‌.

ഞാന്‍ ഇത്രനാളും ജീവിക്കുകയും, മതേതരമൂല്യങ്ങളെക്കുറിച്ചും, മനുഷ്യാവകാശങ്ങളെക്കുറിച്ചും, സ്ത്രീശാക്തീകരണത്തെക്കുറിച്ചുമൊക്കെ എഴുതുകയും ചെയ്തിരുന്ന എന്റെ പ്രിയപ്പെട്ട ഇന്ത്യയാണിത്‌. ദൃഢവും അടിസ്ഥാനപരവുമായ വിശ്വാസങ്ങള്‍ കാത്തുസൂക്ഷിച്ചതിന്‌ എനിക്ക്‌ കനത്ത വില നല്‍കേണ്ടിവരുകയും അനുഭവിക്കേണ്ടിവരുകയും ചെയ്ത, രാഷ്ട്രീയമൂല്യമുള്ള ഒരു സംഘടനയുടെയും പിന്‍ബലം ലഭിക്കാതിരുന്ന, എനിക്കു നേരെയുള്ള കടന്നാക്രമണങ്ങളെ അപലപിക്കാന്‍ ഏതെങ്കിലുമൊരു സര്‍ക്കാരേതര സംഘടനയോ, മനുഷ്യാവകാശ-സ്ത്രീ-സംഘടനയോ ഇതുവരെ മുന്നോട്ട്‌ വരാതിരുന്നതുമായ രാജ്യമാണിത്‌. ഞാനെഴുതിയ ഒരു വാക്കുപോലും വായിക്കാതിരുന്നിട്ടും എനിക്കുവേണ്ടി ശബ്ദിക്കാന്‍ തയ്യാറായി മുന്നോട്ടുവന്ന ഒറ്റപ്പെട്ട വ്യക്തികളെയും, പത്രപ്രവര്‍ത്തകരെയും, എഴുത്തുകാരെയും, ബുദ്ധിജീവികളെയും മറന്നുകൊണ്ടല്ല ഞാനിതു പറയുന്നത്‌. അവരുടെ അഭിപ്രായങ്ങള്‍ക്കും, പിന്തുണക്കും ഞാന്‍ അവരോട്‌ എന്നെന്നും കടപ്പെട്ടിരിക്കുന്നു.

എപ്പോഴൊക്കെ വ്യക്തികള്‍ സംഘങ്ങളായി പരിണമിക്കുന്നുവോ, അപ്പോഴൊക്കെ, സത്യം തുറന്നുപറയുവാനുള്ള അവരുടെ ശേഷി നഷ്ടപ്പെടുന്നത്‌ ഞാന്‍ കാണുന്നു. സത്യത്തില്‍, ഇന്ത്യയുടെ ഈ പുതിയ മുഖം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. പക്ഷേ ഇത്‌ പുതിയ ഇന്ത്യയാണോ, അതോ ഇന്ത്യയുടെ യഥാര്‍ത്ഥമുഖമാണോ? എനിക്കറിയില്ല. എന്റെ കുട്ടിക്കാലം തൊട്ടേ ഇന്ത്യയെ ഞാന്‍ കണ്ടിരുന്നത്‌, നിര്‍ഭയമായ ഒരു മഹത്തായ രാജ്യമായിട്ടായിരുന്നു. എന്റെ സ്വപ്നരാജ്യം. പ്രബുദ്ധവും, ശക്തവും, പുരോഗമനേച്ഛുവുമായ, സഹിഷ്ണുതയുള്ള ഒരു രാജ്യം. ആ ഇന്ത്യയെക്കുറിച്ച്‌ എനിക്ക്‌ അഭിമാനിക്കണം. തമസ്സിനെയും മതഭ്രാന്തിനെയും ഉപേക്ഷിച്ച്‌, വെളിച്ചത്തെയും സഹിഷ്ണുതയെയും ഇന്ത്യ മുറുകെപ്പിടിക്കുന്ന നാള്‍ സന്തോഷവതിയായി ഞാന്‍ മരണം പുല്‍കും. ആ ദിവസത്തിനുവേണ്ടി കാത്തിരിക്കുകയാണ്‌ ഞാന്‍. ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷേ ഇന്ത്യയും, അവള്‍ എന്തിനുവേണ്ടിയാണോ നിലനില്‍ക്കുന്നത്‌, അവയും ജീവിച്ചിരിക്കേണ്ടത്‌ ആവശ്യമാണ്‌.


പരിഭാഷകുകുറിപ്പ്‌

തസ്ലീമയുടെ ഇന്ത്യയിലെ താമസത്തിനുള്ള താത്ക്കാലിക വിസ ഫെബ്രുവരി 16-ന്‌ അവസാനിക്കുന്നു. വിസ നീട്ടിക്കൊടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപനം വന്നിട്ടുണ്ടെങ്കിലും, ഇതുവരെ നടപടികളൊന്നും പൂര്‍ത്തിയായിട്ടില്ലെന്നാണ്‌ അറിയുവാന്‍ കഴിയുന്നത്‌. സര്‍ക്കാരിന്റെ അജ്ഞാതകേന്ദ്രത്തില്‍ ഇപ്പോഴും 'തടവില്‍' കഴിയുകയാണ്‌ തസ്ലീമ നസ്രീന്‍. അവര്‍ക്ക്‌ വിസ നീട്ടിക്കൊടുക്കാനും, സുരക്ഷിതമായ സാധാരണ ജീവിതം അവര്‍ക്ക്‌ ഉറപ്പുവരുത്താനും, എല്ലാ ജനാധിപത്യ-മതേതരവാദികളും മുന്നോട്ട്‌ വരേണ്ടതുണ്ട്‌.

തസ്ലീമയോട്‌ ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച്‌ അവര്‍ക്ക്‌ സന്ദേശങ്ങളയക്കാനും, റാഷണലിസ്റ്റ്‌ ഇന്റര്‍നാഷണലിന്റെ (പ്രധാനമന്ത്രിയോടുള്ള)അഭ്യര്‍ത്ഥനയില്‍ പങ്കുചേരാനും, താഴെ പറയുന്ന ലിങ്കുകള്‍ നോക്കുക.

manmohan@sansad.nic.in
taslima@rationalistinternational.net

9 comments:

Rajeeve Chelanat said...

എവിടെയാണ്‌ ഞാന്‍? താരതമ്യേന എളുപ്പമുള്ള ചോദ്യമാണെങ്കിലും, എന്റെ പക്കല്‍ ഇതിനുള്ള മറുപടിയില്ലെന്നു പറഞ്ഞാല്‍ ആരും എന്നെ വിശ്വസിക്കില്ല എന്ന് എനിക്കറിയാം. പക്ഷേ സത്യം അതാണ്‌. എനിക്കറിയില്ല

Unknown said...

പക്ഷേ ജനാധിപത്യം എന്നാണ് ഭൂരിപക്ഷത്തിന്റെ ശബ്ദമായിരുന്നിട്ടുള്ളത്‌ ? ശരിയാണ് , ജനാധിപത്യത്തിന് എന്നും ഒരു പിടി നേതാക്കളുടെ ശബ്ദം മാ‍ത്രമേയുള്ളൂ . തസ്ലീമയുടെ വാക്കുകള്‍ മനസ്സിന് മുറിവേല്‍പ്പിക്കുന്നു . എന്ത് ചെയ്യാം ! രാജീ‍വിന്റെ പരിഭാഷ , തസ്ലീമ നേരില്‍ വന്ന് സംസാരിക്കുന്ന പ്രതീതിയുണ്ടാക്കുന്നു . അതിനാലായിരിക്കണം മനസ്സിനെ ഇങ്ങനെ സ്പര്‍ശിക്കാന്‍ കാരണം . നിസ്സഹായരായ ഞങ്ങള്‍ മതേതര-ജനാധിപത്യവാദികള്‍ ഞങ്ങളുടെ നാടിനെക്കുറിച്ച് ലജ്ജിക്കുന്നു തസ്ലിമാ !!

Unknown said...

(ഓ.ടോ.)
ഒടുവില്‍ നല്‍കിയ ലിങ്കുകള്‍ രണ്ടും എറര്‍ കാണിക്കുന്നല്ലോ രാജീവ് ?

മൂര്‍ത്തി said...

ആ രണ്ട് ലിങ്കും ഇമെയില്‍ വിലാസങ്ങളാണ്. അതിന്റെ ഷോര്‍ട്ട്കട്ട് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് തിരുത്തിയാല്‍ മതി.

രാജീവ് ആ http:// മാറ്റി mailto: എന്നാക്കിയാല്‍ ശരിയാവും.
http://help.blogger.com/bin/answer.py?answer=42069&topic=12491 ഇത് നോക്കുക..

Unknown said...

രാജീവ്,ഷാര്‍ജ ഫിലിം ഫെസ്റ്റിവല്‍ എങ്ങനെയുണ്ടായിരുന്നു?വെങ്കിടി വന്നിരുന്നു അല്ലേ?

പാമരന്‍ said...

പരിഭാഷ വളരെ നന്നായി രാജിവ്‌ സാര്‍.

റാഷണലിസ്റ്റിന്‍റെ ന്യൂസുലെറ്റെര്‍ കിട്ടിയപ്പോള്‍ ഞാനും ഇതു പോസ്റ്റ് ചെയ്തിരുന്നു - ഇംഗ്ലിഷില്‍.

post1

post2

ഏതായാലും 3800 ഇമെയില്‍ സന്ദേശങ്ങള്‍ ഈ അഭ്യര്‍ത്ഥന വഴി ലഭിച്ചു എന്നു വായിച്ചു. നമ്മള്‍ കയ്യും കെട്ടി നോക്കി ഇരുന്നില്ല എന്നു സമാധാനിക്കാം.

Rajeeve Chelanat said...

കെ.പി, (ഗുരു)മൂര്‍ത്തീ,

ലിങ്ക് ശരിയാക്കാനുള്ള ശ്രമം നടത്തിനോക്കിയിട്ടുണ്ട്. വായനക്ക് നന്ദി.

പാമരന്‍,
രണ്ടു പോസ്റ്റുകളും കണ്ടു. അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ഗോപീ,

പ്രതീക്ഷിച്ചത്ര ആളുകളുണ്ടായില്ലെങ്കിലും, ലക്ഷ്യം സാര്‍ത്ഥകമായി എന്നൊരു തോന്നല്‍ (ഞങ്ങള്‍ക്കിടയില്‍) അവശേഷിപ്പിക്കാന്‍ ഫെസ്റ്റിവലിനു കഴിഞ്ഞു എന്നു പൊതുവെ വിലയിരുത്താം.

‘സോഷ്യല്‍ ജെനസൈഡ്‘ ‘സെന്‍‌ട്രല്‍ സ്റ്റേഷന്‍’ എന്ന രണ്ടു ഫീച്ചര്‍ ഫിലിമുകളും ആനന്ദിന്റെ ഡോക്യുമെന്ററികളും (Narmada Diary, Mill Worker, Images you didn't see, We are not your Monkeys, Ribbons for Peace) ഏഴ് എമിറേത്തി ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചു.

വെങ്കിടി വന്നിരുന്നു. അദ്ദേഹത്തെ വേണ്ടുംവണ്ണം ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല എന്നതാണ് സത്യം. സാംസ്ക്കാരിക അധിനിവേശത്തിനെതിരെ സിനിമയുടെ പ്രതിരോധം എന്ന വിഷയത്തില്‍ വെങ്കിടി അവതരിപ്പിച്ച വിഷയമായിരുന്നു ഓപ്പണ്‍ ഫോറത്തില്‍. ആനന്ദുമായുള്ള ഒരു അനൌപചാരിക സംവാദത്തിനും അവസരം കിട്ടി.

അഭിവാദ്യങ്ങളോടെ

Unknown said...

എന്തു ചെയ്യാം നമുക്ക്????????????????

Unknown said...

സ്വതന്ത്ര മതേതര രാജ്യമായ ഇന്ത്യയില്‍ അഭയം ചോദിച്ച് വന്ന ഒരു എഴുത്തുകാരിക്ക് ‘തടവില്‍’ കഴിയേണ്ടി വരുന്നു എന്നുള്ളത് ലജ്ജാവഹമാണ്.
മതനിരപേക്ഷതയെ മുസ്ലിം മതമൗലികവാദവുമായി സമീകരിച്ചുകാണുന്ന വോട്ടുബാങ്ക്‌ രാഷ്ട്രീയം നിലനില്‍ക്കുന്ന ജനാധിപത്യ, മതേതര രാജ്യമാണ്‌ ഇന്ത്യ എന്നതുതന്നെ. ഇത്‌ വിശ്വസിക്കാന്‍ എനിക്ക്‌ ഇഷ്ടമല്ല. എങ്കിലും, എനിക്കു ചുറ്റും ഞാന്‍ കാണുന്നതും, കേള്‍ക്കുന്നതും, വായിക്കുന്നതുമായ കാര്യങ്ങള്‍ എനിക്കു നല്‍കുന്ന സൂചനകള്‍ ഇതൊക്കെയാണ്
എന്ന് തസ്ലീമയ്ക്ക് പറയേണ്ടി വന്നത് ഇന്ത്യയ്ക്ക് നാണക്കേടാണ്. അഭിപ്രായസ്വാതന്ത്ര്യത്തിനെ ഉയര്‍ത്തിപ്പിടിയ്ക്കുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യ തസ്ലീമയ്ക്ക് രാഷ്ട്രീയാഭയം നല്‍കുന്നതിന് പകരം മതതീവ്രവാദികളായ ചില തെമ്മാടികള്‍ക്ക് മുന്നില്‍ മുട്ട് മടക്കുന്നത് ഒട്ടും അഭിമാനകരമല്ല. തസ്ലീമ കാരണം ഉണ്ടാകാന്‍ പോകുന്ന ‘സമുദായവികാരം’നേരിടാന്‍ കഴിയാത്ത ഒരു രാജ്യമാണോ ഇന്ത്യ? ഇത് അവര്‍ക്കൊരു പ്രോത്സാഹനം അല്ലെങ്കില്‍ പിന്നെ എന്താണ്. മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമാക്കി രാഷ്ട്രീയക്കളികള്‍ കളിയ്ക്കുന്ന യുപീഎ സര്‍ക്കാരിന്റെ നിലപാടുകള്‍ ലജ്ജാവഹം തന്നെ.