Sunday, March 16, 2008

വിശ്വാസത്തിന്റെ പരീക്ഷ



തങ്ങളെപ്പോലുള്ള നാലര ലക്ഷം കുട്ടികള്‍ എഴുതുന്ന ഒരു നിര്‍ണ്ണായക പരീക്ഷ, (മാതൃഭൂമി പത്രത്തിലെ വാര്‍ത്ത) പ്രാര്‍ത്ഥനാ സമയത്തിനുശേഷം മാത്രമേ എഴുതൂ എന്ന് വാശിപിടിച്ച ഈ കുട്ടികള്‍ക്കെന്താ കൊമ്പുണ്ടോ? അവരുടെ ഹരജി സദയം അനുവദിച്ച്‌, അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്ത ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ജഡ്ജിയങ്ങുന്നുമാരെ തീവ്രമാനസികപരിചരണത്തിനു ചികിത്സിക്കുകയാണ്‌ വേണ്ടത്‌. കൂട്ടുനിന്ന സര്‍ക്കാരിനെ കൂടുതല്‍ കാര്യക്ഷമായ ഏതെങ്കിലും മറ്റൊരു കോടതി കയറ്റുകയും അടിയന്തിരമായി ചെയ്യണം.

പ്രാര്‍ത്ഥിക്കാനും വിശേഷദിവസങ്ങള്‍ ആചരിക്കാനുമൊക്കെയുള്ള വിവിധ വിഭാഗങ്ങളുടെ അവകാശങ്ങളെയൊന്നും ആരും നിഷേധിക്കുന്നില്ല. അതൊക്കെ അവരുടെ ഇഷ്ടം. ഏതു അനാചാരവും, അന്ധവിശ്വാസവും പിന്തുടരാനുള്ള 'ജനാധിപത്യാവകാശങ്ങ'ളൊക്കെ നമ്മള്‍ അനുവദിച്ചിട്ടുമുണ്ടല്ലോ.

പക്ഷേ ഇവിടെ പ്രശ്നം, വിവിധ സമുദായങ്ങളില്‍പെട്ട നാലര ലക്ഷത്തോളം കുട്ടികള്‍, തങ്ങളുടെ വ്യക്തിപരമായ എല്ലാ അസൗകര്യങ്ങളും മാറ്റിവെച്ച്‌, ഒരേ ദിവസം ഒരു പരീക്ഷക്കു തയ്യാറായി വരുമ്പോള്‍, അതില്‍നിന്ന്, കേവലം രണ്ടുപേരെ മാത്രം വിട്ടുനില്‍ക്കാന്‍ അനുവദിക്കുന്ന വിവരദോഷത്തിന്റേതാണ്‌. ഈ രണ്ടു കുട്ടികളുടെ അതേ വിശ്വാസഗണത്തില്‍ പെടുന്ന മറ്റുചിലരാകട്ടെ, നിശ്ചയിച്ച സമയത്തുതന്നെ പരീക്ഷ എഴുതുകയും ചെയ്തിരിക്കുന്നു. അവര്‍ക്കും വിശ്വാസമൊക്കെ ഉണ്ടായിരുന്നില്ലേ? എങ്കില്‍ ആ വിഭാഗത്തില്‍ പെടുന്ന എല്ലാവരെയും അതിനനുവദിക്കണമായിരുന്നില്ലേ? ഈ വിശേഷാല്‍പ്രതികളില്‍ ഒരാളുടെ രക്ഷകര്‍ത്താവ്‌ അതേ സ്കൂളിലെ അദ്ധ്യാപകനുമായിരുന്നുവെന്നും നമ്മള്‍ അറിയണം.

വിശേഷ ദിവസങ്ങളിലും, പ്രാര്‍ത്ഥനയുടെ അവസരങ്ങളിലുമൊന്നും പരീക്ഷ എഴുതില്ലെന്ന് ഇതുപോലെ ഓരോ വിഭാഗത്തിലെയും കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും നിര്‍ബന്ധം പിടിച്ചാല്‍ സര്‍ക്കാരും ഈ മന്ദബുദ്ധി കോടതികളും എന്തു ചെയ്യും? സമ്മതിച്ചുകൊടുക്കുമോ?സെവന്‍‌ത്ത് ഡേ അഡ്വന്റിസ്റ്റ്‌ വിഭാഗത്തില്‍പെട്ട അതേ സ്കൂളിലെ മറ്റു കുട്ടികള്‍ പരീക്ഷ കൃത്യസമയത്തുതന്നെ എഴുതിയത്‌ ഒരുപക്ഷേ അവരുടെ രക്ഷകര്‍ത്താക്കളാരും അദ്ധ്യാപകരല്ലാതിരുന്നതുകൊണ്ടും, തന്മൂലമുള്ള വിവേചനബുദ്ധിനിലവാരം‌കൊണ്ടാണെന്നും വരുമോ?

പ്രത്യേകാവകാശങ്ങളായാല്‍പ്പോലും അത്‌ ചെയ്തുകൊടുക്കുന്നതിലും, നടപ്പില്‍ വരുത്തുന്നതിലും ഒരു ചെറിയ ശതമാനം യുക്തിയും, ഔചിത്യവും നമ്മള്‍ പ്രതീക്ഷിക്കും. തട്ടം ധരിച്ച്‌ വിദ്യാലയങ്ങളിലും കലാശാലകളിലും വരുന്നതിനെക്കുറിച്ചും, പരമ്പരാഗത വസ്ത്രങ്ങള്‍ പൊതു സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും, മതചിഹ്നങ്ങള്‍ ശരീരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ചുമൊക്കെ ലോകത്തിന്റെ പല ഭാഗത്തും പല ചര്‍ച്ചകളും നടന്നുവരുന്നുണ്ട്‌. വിദ്യാഭ്യാസപരിഷ്ക്കരണ നിയമങ്ങളില്‍ ഭേദഗതിവരുത്തുന്നതിനെക്കുറിച്ചുള്ള, നമ്മുടെതന്നെ നാട്ടിലെ ചര്‍ച്ചകളും ഒന്ന് അവസാനിച്ചതേയുള്ളു. അപ്പോഴാണ്‌ തീര്‍ത്തും, അര്‍ത്ഥശൂന്യവും, നിരുത്തരവാദപരവുമായ കീഴ്‌വഴക്കങ്ങളുമായി സര്‍ക്കാരും കോടതികളും, ബുദ്ധിശൂന്യരായ രക്ഷകര്‍ത്താക്കളും അവരുടെ അരുമകളായ അജവൃന്ദവും, അതിനെ പാടിപ്പുകഴ്ത്തി മാധ്യമഗര്‍ദ്ദഭങ്ങളും രംഗത്തുവരുന്നത്‌.

എന്നിട്ട്‌, അതിനുവേണ്ട എന്തൊക്കെ വന്‍ സന്നാഹങ്ങളാണ്‌ ഒരുക്കിവെച്ചത്‌!! ലൈന്‍ വലിച്ച്‌ താത്ക്കാലികവൈദ്യുതി വരുത്തി. പോരാത്തതിന്‌ ജനറേറ്ററും എമര്‍ജന്‍സി വിളക്കും തരപ്പെടുത്തി. പോലീസും, ഡി.ഇ.ഒ അടക്കമുള്ള വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും അറ്റന്‍ഷനായിനില്‍ക്കുന്നു. കുട്ടികളെ ഉച്ചമുതല്‍ പ്രത്യേകമുറിയിലിരുത്തി ജ്യൂസും പഴവും നല്‍കി പ്രാര്‍ത്ഥിപ്പിച്ചും, വിശ്രമിപ്പിച്ചും അണിയിച്ചൊരുക്കുന്നു. ചോദ്യപേപ്പര്‍ ചോരുന്നില്ലെന്ന് ഉറപ്പുവരുത്തി, മാധ്യമപ്പടകളെ ഒരുക്കിനിര്‍ത്തി, പരീക്ഷക്കുമുന്‍പ്‌ മനസ്സ്‌ ഏകാഗ്രമാക്കാന്‍ സമയവും കൊടുത്തു. എന്നിട്ട്‌ ഒടുവില്‍ എന്താക്കി? ചരിത്രത്തിന്റെ ഭാഗമാക്കിയത്രെ. അവര്‍ ചരിത്രത്തിന്റെ ഭാഗമായിയെന്ന്.

അതെ, അന്ധവിശ്വാസങ്ങളും താന്തോന്നിത്തരങ്ങളുമൊക്കെ ഓരോരോ ചരിത്രത്തിന്റെ ഭാഗം തന്നെയാണല്ലോ. ചരിത്രത്തിന്റെ ഒരു ഗതികേട്. ആലോചിക്കുമ്പോള്‍ ഭയം തോന്നുന്നു.

15 comments:

Rajeeve Chelanat said...

വിശ്വാസത്തിന്റെ പരീക്ഷ

ദിലീപ് വിശ്വനാഥ് said...

എന്തിനും ഏതിനും കോടതിയെ കൂട്ടുപിടിക്കുന്ന പ്രവണത ആണ് ഇപ്പോള്‍ കേരളത്തില്‍. അതിന്റെ ഫലമാണ് ഇതൊക്കെ.

വെള്ളെഴുത്ത് said...

ഇതൊരു ഭാഗിക വീക്ഷണമല്ലേ ആകുന്നുള്ളൂ, പരീക്ഷ ഉച്ചയ്ക്കാക്കിയപ്പോള്‍ വെള്ളിയാഴ്ചയെ ഒഴിവക്കിയതിന്റെ യുക്തി വച്ചാണ് സെവന്ത്ഡേ വിശ്വാസികള്‍ കോടതിയില്‍ പോയത്. ഒരു വിഭാഗത്തിനനുവദിച്ച സൌജന്യം എണ്ണത്തില്‍ കുറവായതുകൊണ്ടുമാത്രം മറ്റൊരു വിഭാഗത്തിനു നല്‍കില്ല എന്നു പറയുന്നതിലുള്ള യുക്തിയെന്താണ്? ഒരു വിഭഗത്തിനനുവദിക്കുന്ന സൌജന്യം മറ്റൊരു വിഭാഗത്തിനില്ലെന്നു വരുന്നത്, നമുക്ക് അപ്രധാനമായി തോന്നിയാലും അവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. കോടതി വിധി 1961-ഓര്‍ഡറിന്റെ നടത്തിപ്പിനായിരുന്നു. അതിലെന്ത് മന്ദബുദ്ധിതരമാണള്ളത്? പൊതുപരീക്ഷകള്‍, അധ്യയന സമയം ഒരു മതത്തിനും വേണ്ടി മാറ്റരുത് എന്നാണ് എന്റെ നയം. പക്ഷേ അതല്ല നാം കാണുന്നത്. വോട്ടു നോക്കി ഏഴുപേരുള്ളിടത്ത് സൌജന്യമില്ലെന്നും ഏഴായിരം പേരുള്ളിടത്ത് സൌജന്യമുണ്ടെന്നും തീരുമാനിക്കുന്നത് എന്തായാലും സാമൂഹികനീതിയല്ല. കലഹം വേണ്ടത് അതിനെതിരെകൂടിയാണ്.

Rajeeve Chelanat said...

വെള്ളെഴുത്തേ,

ഏഴായാലും എഴുപതായാലും ഇത്തരം കാര്യങ്ങളില്‍ മതപരമോ മറ്റേതെങ്കിലും രീതിയിലുള്ള പരിഗണനകളൊ ഉണ്ടാകരുതെന്നാണ് എന്റെയും അഭിപ്രായം. വെള്ളിയാഴ്ചയെ ഒഴിവാക്കിയതും തെറ്റുതന്നെയാണ്. ഒന്നുകില്‍ എല്ല്ലാവര്‍ക്കും ഒരേ പരിഗണന കൊടുക്കുക. അല്ലെങ്കില്‍ കൊടുക്കാതിരിക്കുക. രണ്ടാമതു പറഞ്ഞതിനോടാണ് എന്റെ വ്യക്തിപരവും, രാഷ്ടീയവുമായ യോജിപ്പ് എന്നത് മറ്റൊരു കാര്യം.

പിന്നെ പഴയ വിധിപ്പകര്‍പ്പുകളെയും നിയമസങ്കേതങ്ങളെയും ഇപ്പോഴും മുറുക്കിപ്പിടിക്കുകയും എല്ലാക്കാലവും നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത്, കേവലം മന്ദബുദ്ധിത്തരം മാത്രമല്ല (കോടതിയലക്ഷ്യം വരുകയാണെങ്കില്‍ ശിക്ഷയുടെ കാഠിന്യം കുറഞ്ഞോട്ടെ എന്നു കരുതി മയപ്പെടുത്തിയതാണ് :-)) തികഞ്ഞ ഭ്രാന്തുതന്നെയാണ്. ഭ്രാന്തു വന്നാല്‍, പിന്നത്തെ വഴിയായി (ചികിത്സയില്ലെന്നു കണ്ടാലോ, രോഗിയുടെയോ സമൂഹത്തിന്റെതന്നെയോ നന്മക്കോ)ചങ്ങലക്കിടലും പരിഗണിക്കാവുന്നതാണ്. ഈയടുത്തകാലത്തെ പല ജുഡീഷ്യല്‍ അക്റ്റിവിസങ്ങളും കണ്ടാല്‍ അങ്ങിനെ തോന്നിപ്പോവുകയും ചെയ്യും.

അഭിവാദ്യങ്ങളോടെ

കടവന്‍ said...

ഓരോ ദിവസവും ഓരോ മതക്കാര്‍ക്ക് വീതിച്ച് കൊടുക്കുക, പരൂക്ഷയും വേണ്ട പഠനവും വേണ്ട, പണിയുമെടുക്കണ്ട..ഒരുമണ്ണാങ്കട്ടയുമ്- വേണ്ട..വിവരക്കേടീന്‍ കയ്യും കാലും വെച്ച സാധനങ്ങള്‍ അധികാര സ്ഥാനങ്ങളിലിരുന്നാലുള്ള പ്രശ്നങ്ങളെയ്..ഈത്തരം നപുംസകങ്ങളെഅധികാരസ്ഥാനങ്ങളീല്‍ നിന്നുമൊഴിവാക്കാതെ ഇന്ത്യ രക്ഷപെടില്ല.

Unknown said...

ഏതൊരു സമൂഹവും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെങ്കില്‍ ചില പൊതുനിയങ്ങളെ നിരുപാധികം അംഗീകരിക്കാന്‍ മുഴുവന്‍ സമൂഹാംഗങ്ങളും തയ്യാറാവണം. ദൈവത്തിന്റെ 'വലത്തുഭാഗം' സ്വപ്നം കാണുന്ന ചില 'ഭാരതീയര്‍‍' അതിന്റെ പേരില്‍ വലത്തുവശത്തുകൂടിയേ ഡ്രൈവ് ചെയ്യൂ എന്നു് പറഞ്ഞാല്‍? ഇക്കണക്കിനു് പോയാല്‍ അതും അംഗീകരിക്കേണ്ടിവരുമല്ലോ?

ജനങ്ങളെ നയിക്കുന്നവര്‍ യാതൊരു കൊണ്‍സെപ്റ്റുമില്ലാത്ത കുറേ വിഡ്ഢിക്കോമരങ്ങളായാല്‍ ഇങ്ങനെയൊക്കെയേ ഇരിക്കൂ.

"റാക്കാട്ടു് പള്ളിക്കു് ഈ കാപ്പ മതി!‍"

jijijk said...

പ്രിയപ്പെട്ട രാജീവ്> ശനിയാഴ്ച സബാത്തു ദിനമായിട്ടുള്ള പല വിഭാഗങ്ങളും ഉണ്ടു: ഉദാഹരണതിനു ജൂതന്മാര്‍. അര നൂറ്റാണ്ടു മുന്‍പ് പഴയ കൊച്ചിയില്‍ ചേന്ദമംഗലത്തെ ഒരു ജൂതവിദ്യാര്‍ത്ഥിയ്ക്കു വേണ്ടി ഇതു തന്നെ ചെയ്തിട്ടുണ്ടു. പട്ടം താണുപിള്ളയുടെ സമയത്തു സെവെന്ത് ഡെ അഡ്വെന്റിസ്റ്റ് വിദ്യര്‍ത്ഥികള്‍ക്കു വേണ്ടിയും. ഞങ്ങള്‍ക്ക് തോന്നുന്നതു ബഹുസ്വരമായ ഒരു സമൂഹം അതിന്റെ ഏറ്റവും ദുര്‍ബലമായ ശബ്ദങ്ങളെ അംഗീകരിക്കുകയാണു ഇത്തരം ഉദാരതകളിലൂടെ കാണിക്കുന്നതു.
സെവെന്ത് ഡെ അഡ്വവെന്റിസ്റ്റുകള്‍ ഒരു പ്രാകൃത അന്ധവിശ്വാസികളല്ല. അത്യന്തം മതസ്വതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന, അന്നബാപ്റ്റിസ്റ്റുക്കള്‍ (അമീഷുകള്‍) തുടങ്ങിയ 1850കളില്‍ നിലവില്‍ വന്ന, പല അമേരിക്കന്‍ ഗ്രൂപ്പുകളില്‍ ഒന്നു.
സങ്കേതികകാരണം കൊണ്ടാണെങ്കിലും ഈ മൈക്രൊ ന്യൂനപക്ഷത്തിന്റെ മാനസികവികാരം മാനിച്ചതിനു ഞങ്ങള്‍ക്ക് ഹൈക്കോറ്ട്ട് ജഡ്ജിനോട് ബഹുമാനം തോന്നുന്നു.
അഡ്വെന്റിസ്റ്റുകള്‍ക്ക് സബാത്ത് മനോഹരമായ സങ്കല്പമണു: ആറു ദിവസം സൃഷ്ടി നടത്തിയ ദൈവത്തിനോട് നന്ദി പറയുക. അവന്റെ സൃഷ്ടികളെ പറ്റി ധ്യാനിക്കുക.
ഇത്രയും എഴുതിയത് എതോ ഒരു കള്‍ട്ടിസ്റ്റ് വട്ടു മതത്തിന്റെ ഭ്രാന്തമായ വിശ്വാസങ്ങള്‍ക്ക് കോടതി ചൂട്ടു പിടിച്ചു; സര്‍ക്കാര്‍ വഴങ്ങി എന്ന പ്രതീതിയാണു പത്ര / റ്റി വി വാര്‍ത്തകളും ഏല്ല ബ്ലോഗുകളും തോന്നിച്ചതു.
യു എസിലെ ചില സംസ്ഥാനങ്ങളില്‍ പരീക്ഷാ ദിവസം സബത്ത് അനുഷ്ഠിക്കുന്നവര്‍ക്ക് പ്രത്യേക സൌകര്യം ചെയ്തു കൊടുക്കുന്നുണ്ടു
ഇത് -- എല്ലാം ഉള്‍ക്കൊള്ളുന്ന രീതി --ഏല്ലാം,എന്നൂ പറഞ്ഞ്ഞാല്‍ എല്ലാം സ്വീകരിക്കുക.പീക് ആന്റ് ചൂ‍സ്സ് അരുതു. അല്ലെങ്കില്‍ ഫ്രാന്‍സിനെ പോലെ ഒരു മതചിഹ്നവും അനുവദിക്കാതിരിക്കുക. ഫ്രെഞ്ച് പ്രസിഡെന്റ് സാര്‍ശോയി ദില്ലിയില്‍ വന്നപോള്‍ ഗൂഡ് ഡോക് മന്മോഹന്‍ സിങ്, സിക്കു വിദ്യാര്‍ത്ഥികള്‍ക്ക് ടര്‍ബന്‍ അനുവദിക്കാത്തത് പുനഃപരിശോധിക്കണം എന്നു പറഞ്ഞു. സര്‍സോയി എടുത്ത വായ്ക്ക് അതു സാദ്ധ്യമല്ല എന്നു അറിയിച്ചു. മതചിഹ്നങ്ങള്‍ പള്ളിക്കൂടങ്ങളില്‍ കുട്ടികള്‍ ധരിക്കരുത് എന്നത് മുന്‍ പ്രസിഡെന്റ് ഷിരാക്കിന്റെ കാലം തൊട്ടുള്ള നയമാണു.

jijijk said...

ക്ഷമിക്കുക; സാര്‍ശോയി, സര്‍സോയി എന്ന് തെറ്റായി എഴുതിയതാണു. അതു സര്‍ക്കോസി എന്ന് തിരുത്തി വായിക്കുവാന്‍ അപേക്ഷ.

പ്രതിപക്ഷന്‍ said...

വെള്ളെഴുത്തിന്റെ നിരീക്ഷണത്തോടു യോജിക്കുന്നു.
................
തങ്ങളുടെ സൌകര്യത്തിനു തുള്ളുമ്പോള്‍ കോടതികള്‍ ചക്കരയും പഞ്ചാരയും അല്ലാത്തപ്പോള്‍ തേവടിശ്ശിയും!!!!!
................
ഇനിയിപ്പോ പരീക്ഷകളൊക്കെ അതാത് മതവിഭാഗക്കാരെ ഏല്‍പ്പിക്കാം. അവരുടെ സൌകര്യം പോലെ നടത്തിക്കൊള്ളുമല്ലോ!!!!!

Rajeeve Chelanat said...

പ്രിയപ്പെട്ട മെര്‍കുഷിയോ

ബഹുസ്വരതയുള്ള രാജ്യങ്ങളില്‍ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് എല്ലാവിധ സൌകര്യങ്ങളും ചെയ്തു കൊടുക്കേണ്ടതാണ്. ഞാനും യോജിക്കുന്നു. പക്ഷേ, തങ്ങളെപ്പോലെതന്നെ, പ്രാര്‍ത്ഥനക്കും, വിശ്രമത്തിനും അര്‍ഹതപ്പെട്ട മറ്റുള്ളവരും ഇവിടെയുണ്ടായിരുന്നില്ലേ. അവര്‍ക്കാര്‍ക്കും, ആ ഒരു നേരം/ദിവസം പരീക്ഷയെഴുതിയതുകൊണ്ട് തങ്ങളുടെ അവകാശങ്ങളും മനോവിശ്രാന്തിയും പ്രാര്‍ത്ഥനാസുഖവും ഒന്നും നഷ്ടപ്പെട്ടില്ലല്ലോ. അത്തരം കാര്യങ്ങളിലോ, അവസരങ്ങളിലോ അല്ല, ഇത്തരം നിര്‍ബന്ധ ബുദ്ധികള്‍ കാണിക്കേണ്ടതും, അവകാശം സ്ഥാപിച്ചെടുക്കേണ്ടതും. ആത്മാഭിമാനത്തോടെയും, അന്തസ്സോടെയും ജീവിക്കാനും, ആ അവസ്ഥ ജീവിതത്തില്‍ നിലനിര്‍ത്താനുമുള്ള അവകാശങ്ങളാണ് പോരടിച്ചിട്ടായാലും വാങ്ങേണ്ടത് എന്നര്‍ത്ഥം. ഈ പ്രശ്നത്തില്‍ കുട്ടികളെയും ഞാന്‍ തെറ്റു പറയില്ല. അവരുടെ രക്ഷകര്‍ത്താക്കളാണ് അപഹാസ്യരാകുന്നത്. കുട്ടികള്‍ വെറും ഉപകരണങ്ങള്‍.

പിന്നെ, മന്‍‌മോഹന്‍സിങ്ങിന്റെ കാര്യത്തിലായാലും, സര്‍കോസി പറഞ്ഞതുതന്നെയാണ് ശരി. ബാലിശമായ ആവശ്യങ്ങള്‍ നിരത്തിയ ഡോക്ടര്‍ക്ക് കിട്ടേണ്ടത് കിട്ടി.

ഒരു കൊല്ലം നഷ്ടപ്പെട്ടാലും ശരി പ്രാര്‍ത്ഥനാദിവസം ഇനി താന്‍ പരീക്ഷ എഴുതില്ല എന്നു വാശി പ്രഖ്യാപിച്ച ഒരു വിദ്യാര്‍ത്ഥിയെയും ഈ വാര്‍ത്തയില്‍ കണ്ടു. നഷ്ടപ്പെടുന്ന ഓരോ നിമിഷത്തേക്കാളും ഒട്ടും വലുതല്ല ഒരു പ്രാര്‍ത്ഥനയും എന്ന ബോധം അവന് എന്നെങ്കിലും ഉണ്ടാകട്ടെ എന്നേ എനിക്ക് ആശിക്കാനാകൂ.

jijijk said...

പ്രിയപ്പെട്ട രാജീവ്,>ഒരു വിഭാഗത്തിനു വോട്ട് ബാങ്ക് ആകാന്‍ ഒരു ക്രിട്ടിക്കല്‍ മാസ് ആവശ്യമാണു. പലപ്പോഴും അതു ജനസംഖ്യയുടെ 0.5% പോലും ആയിരിക്കില്ല. പക്ഷേ ഗണിക്കപ്പെടേണ്ടതായ എന്തോ ആ വിഭാഗങ്ങളില്‍ കാണും. രണ്ടു ഉദാഹരണങ്ങള്‍: പഴയ നാഗര്‍കോവില്‍ ജില്ലയില്‍ പ്രബലരായ നാടര്‍ ക്രിസ്ത്യാനികള്‍ തിരുവിതാകൂര്‍-കൊചി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു. അവരില്‍ ഒരാള്‍ -- എ ജെ ജോണ്‍-- മുഖ്യമന്ത്രിയായി. പടിഞ്ഞാറന്‍ യു പിയിലെ ജാട്ടുകളുടെ നേതാവ് ചരണ്‍ സിങ് ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയും ആയി. പറഞ്ഞു വരുന്നതു വോട്ട് ബാങ്ക് ആകുവാന്‍ ക്രിട്ടിക്കല്‍ മാസ് ഉള്ള എല്ലാ ജാതികളുടെയും സൌകര്യങ്ങള്‍ക്ക് അനുസരിച്ചാണു എല്ലാ കാര്യങ്ങളും നീങ്ങുന്നതു. അപ്പോല്‍ സെവന്ത് ഡേ അഡ്‌വെന്റിസ്റ്റുകള്‍ തുടങ്ങി ഒരു വാര്‍ഡില്‍ പോലും വോട്ട് ബാങ്ക് ആകുവാന്‍ കഴിയാത്തവര്‍ക്ക് കോടതി അല്ലാതെ മറ്റു മാര്‍ഗ്ഗം ഉണ്ടോ?
പിന്നെ പരീക്ഷയും വിശ്വാസവും. പട്ടിണി കിടക്കുന്ന വടക്കേന്ത്യാകാരന്‍ ഹിന്ദുവിന്റെ മുന്‍പില്‍ ബീഫും, അതുപോലെ വിശ്വാസിയായ മുസ്ലീമിന്റെ മുന്‍പില്‍ പോര്‍ക്കും വച്ചിട്ട് അതു കഴിച്ചില്ലെങ്കില്‍ ജീവനെക്കാള്‍ വലുതാണോ മതം എന്നു ചോദിച്ചാല്‍? സെവന്ത് ഡേ അഡ്‌വെന്റിസ്റ്റുകളുടെ വിശ്വാസത്തിന്റെ ആധാരം സബ്ബാത്താണു. ആ കുട്ടി പരീക്ഷയേക്കാള്‍ വലുതാണു പ്രാര്‍ത്ഥന എന്നു പറഞ്ഞതു കണ്‍‌ടീഷനിങിന്റെ മറ്റൊരു ഉദാഹരണം അല്ലേ?
അങ്ങനെ പലതും.
ചിന്തയ്ക്ക് തീ കൊളുത്തുന്ന താങ്കളുടെ ബ്ലോഗുകള്‍ക്ക് നന്ദി.

Unknown said...

രാജീവേ,
ഈ പോസ്റ്റ് വായിച്ചാല്‍ കിട്ടുന്ന പ്രതീതി ഈ വിഷയത്തില്‍ പ്രതിസ്ഥാനത്ത് സെവന്‍‌ത്ത് ഡേ അഡ്വന്റിസ്റ്റ് വിശ്വാസികളും അവരുടെ വിശ്വാസത്തിന്‌ പരിരക്ഷ കൊടുത്ത കോടതിയും ആണെന്നാണ്‌. വെള്ളെഴുത്ത് ചൂണ്ടി കാണിച്ചതു പോലെ ഇതു തികച്ചും പക്ഷപാതപരമായ ഒരു കാഴ്ച്ചപ്പാടല്ലേ?

1961ലെ ഗവണ്മെന്റ് ഉത്തരവനുസരിച്ച് ശനിയാഴ്ച എസ്സ് എസ്സ് എല്‍ സി പരീക്ഷ നടത്തുയാണെങ്കില്‍ വൈകുന്നേരം ആറു മണിക്ക് ശേഷം പരീക്ഷ എഴുതാത്ത സെവന്‍‌ത്ത് ഡേ അഡ്വന്റിസ്റ്റ് വിശ്വാസികള്‍ക്ക് അവസരം ഒരുക്കണം എന്നില്ലേ? അതനുസരിച്ച് രാത്രി രണ്ട് പരീക്ഷകള്‍ എഴുതിയവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഈ ഉത്തരവ് നില നില്‍ക്കെ അതറിയാതെ (അറിഞ്ഞിരുന്നില്ല എന്ന് തന്നെ വിശ്വസിക്കാം) പരീക്ഷ റ്റൈം ടേബിള്‍ പരിഷ്കരിച്ച ബേബി സഖാവിന്‌ ഒരു കുറ്റവും ഇല്ലേ? 'വെള്ളിയാഴ്ച' സൗകര്യം ഒരുക്കുന്നു. ശനിയാഴ്ച ഇങ്ങനെ ഒരു ഗവണ്മെന്റ് ഉത്തരവുള്ളത് ചൂണ്ടി കാണിക്കുമ്പോള്‍ അത് റദ്ദ് ചെയ്യുന്നു, അന്നിട്ട് വേണേല്‍ സേ എഴുതാന്‍ അവസരം തരാം എന്ന് പറയുന്നു, അതാണോ ശരി?

'വെള്ളിയാഴ്ച' സൗകര്യം കൊടുക്കുന്നില്ല, അതു കൊണ്ട് ശനിയാഴ്ച സൗകര്യം റദ്ദാക്കുന്നു എന്ന അവസരത്തില്‍ കോടതി ഈ വിധി പുറപ്പെടുവിക്കുന്നെങ്കില്‍ കോടതിയെ കുറ്റക്കാരനാക്കുന്നതില്‍ ഒരു ന്യായം കാണാന്‍ എനിക്ക് സാധിക്കുമായിരുന്നു.

പിന്നെയുള്ളത് സെവന്‍‌ത്ത് ഡേ അഡ്വന്റിസ്റ്റ് വിശ്വാസികളും അവരുടെ വിശ്വാസവും യുക്തിയും! ബേബി സഖാവിനെ കുറ്റവിമുക്തനാക്കി 'അന്ധവിശ്വാസത്തിനെ' കുറ്റം ചാര്‍ത്തുകയല്ലേ എളുപ്പം?

Rajeeve Chelanat said...

മെര്‍കുഷിയോ

വോട്ടുബാങ്ക് ആകാന്‍ കഴിയാത്തവര്‍ക്ക് ആ അവകാശങ്ങള്‍ കോടതി മുഖേന സ്ഥാപിച്ചെടുക്കേണ്ടിവരും. അംഗബലം ഉണ്ടെങ്കില്‍ അതൊന്നും ആവശ്യവും വന്നേക്കില്ല.ഇതൊക്കെ ശരി തന്നെ. മതത്തെ സ്വകാര്യജീവിതത്തിലും, പൊതുജീവിതത്തിലും ഏത് അളവില്‍‌വരെ അനുവദിച്ചുകൊടുക്കാം എന്നൊക്കെയുള്ള പ്രശ്നങ്ങളുമായി ഈ വിഷയം ബന്ധപ്പെടുന്നുമുണ്ട്.

വിശന്നിരിക്കുന്നവന്റെ മുന്‍പില്‍ ബീഫിനും പോര്‍ക്കിനും മതമുണ്ടാകില്ല എന്നു തന്നെയാണ് എന്റെ ‘വിശ്വാസം’.

ഇന്ത്യയിലെ ഭരണകൂടം സവര്‍ണ്ണ ചായ്‌വുള്ള, ഹിന്ദുത്വ സ്വഭാവമുള്ള ഭരണകൂടം തന്നെയാണ്.

അഭിപ്രായങ്ങള്‍ക്ക് നന്ദി.

സപ്തവര്‍ണ്ണം,

വെള്ളെഴുത്തിന് ഇതേ വിഷയത്തില്‍ ഞാന്‍ മറുപടി എഴുതിയിരുന്നത് ദയവായി നോക്കുക. ഒന്നുകില്‍ ആര്‍ക്കും ഈ കാര്യത്തില്‍ ഒരു വിവേചനവും അനുവദിച്ചുകൊടുക്കാതിരിക്കുക, അല്ലെങ്കില്‍ എല്ലാവര്‍ക്കും കൊടുക്കുക. ആദ്യത്തേതാണ് ശരിയെന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം. സെക്യുലറിസത്തിന്റെ വക്താവാകാന്‍ ബേബിക്കും കഴിയുന്നില്ല. വിദ്യാഭ്യാസമേഖലയിലെ മത-സാമുദായിക ശക്തികളുടെ സ്വാധീനമാകട്ടെ, നാള്‍ക്കുനാള്‍ ഭീകരമായി വര്‍ദ്ധിക്കുകയുമാണ്.

അഭിവാദ്യങ്ങളോടെ

വിന്‍സ് said...
This comment has been removed by the author.
ദൈവം said...

ഇങ്ങനെയൊക്കെയെങ്കിലും കുഞ്ഞുങ്ങള്‍ക്കുമേല്‍ നാം നടത്തുന്ന പരീക്ഷണങ്ങള്‍ പ്രഹസനങ്ങളായിപ്പോകുന്നുണ്ടല്ലോ എന്നാശ്വസിക്കാം!