Saturday, July 12, 2008

ഇറാഖിലെ അമേരിക്കന്‍ പ്രതിസന്ധിയുടെ നിലയില്ലാകയങ്ങള്‍

അമേരിക്കന്‍ സാമ്രാജ്യത്വശക്തിയുടെ ഇറാഖ്‌ അധിനിവേശം അതിന്റെ ആറാമത്തെ വര്‍ഷത്തിലേക്ക്‌ കടക്കുകയാണ്‌. ഇത്‌ ആദ്യം കരുതിയപോലെ 'അത്ര എളുപ്പമല്ലെന്നും, ദുര്‍ഘടം നിറഞ്ഞതാണെന്നും, പ്രതീക്ഷിച്ചതിനേക്കാള്‍ സമയമെടുക്കുമെന്നും' ബുഷിനുതന്നെ തുറന്നു സമ്മതിക്കേണ്ടിയുംവന്നിരിക്കുന്നു.

2000 മാര്‍ച്ചില്‍ അധിനിവേശസേന ഇറാഖിലേക്ക്‌ പ്രവേശിച്ചപ്പോള്‍ അവര്‍ കരുതിയത്‌, കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ അവസാനിപ്പിക്കാമെന്നായിരുന്നു. ആഴമേറിയ ഒരു പ്രതിസന്ധിയിലാണ്‌ തങ്ങളകപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക്‌ അധികം സമയമൊന്നും എന്തായാലും വേണ്ടിവന്നില്ല. അമേരിക്കക്കും, അവരുടെ സഖ്യകക്ഷികള്‍ക്കും, ഇറാഖിലെ അവരുടെ പാവസര്‍ക്കാരുകള്‍ക്കും നേരിടേണ്ടിവന്നത്‌ ശക്തവും വര്‍ദ്ധമാനവുമായ ചെറുത്തുനില്‍പ്പിനെയാണ്‌. ആ ചെറുത്തുനില്‍പ്പുകള്‍ രൂക്ഷമാകുന്തോറും, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വിജയലക്ഷ്യം അകന്നകന്നുപോയ്ക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

യുദ്ധം തുടങ്ങുന്ന അവസരത്തില്‍ അമേരിക്ക പ്രതീക്ഷിച്ചിരുന്നത്‌, ഇറാഖ്‌ അധിനിവേശത്തിനുവേണ്ടി ചിലവഴിക്കേണ്ടിവരുന്ന സംഖ്യ 50-60 ബില്ല്യന്‍ ഡോളര്‍ മാത്രമായിരിക്കുമെന്നാണ്‌. എന്നാല്‍ അഞ്ചുവര്‍ഷത്തിനുശേഷം ഇന്ന്, തങ്ങളുടെ ആ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും, യഥാര്‍ത്ഥസംഖ്യ വിചാരിച്ചതിലും എത്രയോ ഇരട്ടിയാണെന്നും പെന്റഗണ്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇറാഖിലായാലും അഫ്ഘാനിസ്ഥാനിലായാലും ശരി, അധിനിവേശത്തിനും സൈനികമേധാവിത്വത്തിനും വേണ്ടി അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ക്ക്‌ ചിലവഴിക്കേണ്ടിവരുന്ന ഭീമമായ വില അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെയും സാധാരണക്കാരായ അമേരിക്കന്‍ ജനതയുടെ ജീവിതത്തെയും വലിയൊരു പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്‌.

സായുധമായ അധിനിവേശസേനയുടെ പിന്‍ബലത്തിന്റെ നിഴലിലാണ്‌ ഇറാഖിലെ പാവസര്‍ക്കാരും അമേരിക്കയുടെ സുരക്ഷാസംവിധാനവും ഇന്ന് ജീവിക്കുന്നത്‌. ചെറുത്തുനില്‍പ്പുസംഘങ്ങളുടെ ആക്രമണവും, ആഭ്യന്തരമായ വിള്ളലുകളും ഒഴിഞ്ഞുപോക്കുകളുംകൊണ്ട്‌ പൊറുതിമുട്ടിയ പാവസര്‍ക്കാരിന്റെ ജനവഞ്ചന അനുനിമിഷം തിരിച്ചറിയപ്പെടുന്നുമുണ്ട്‌. ഏതുനിമിഷവും തകര്‍ന്നു തരിപ്പണമായേക്കാവുന്ന "ഗ്രീന്‍ സോ"ണിന്റെ കവചത്തിനുള്ളില്‍ നിദ്രാവിഹീനമായ രാത്രികള്‍ തള്ളിനീക്കുകയാണ്‌ അമേരിക്കന്‍ അധിനിവേശസേനയും സഖ്യകക്ഷികളും.

യുദ്ധത്തിന്റെ ഭീകരമുഖം

ആധുനികമായ ആയുധങ്ങളുടെയും സാങ്കേതികവിദ്യയുടെയും മാത്രം പിന്‍ബലത്തില്‍ ഇറാഖികളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണ്‌ അമേരിക്കയും സഖ്യകക്ഷികളും. എണ്ണിത്തിട്ടപ്പെടുത്താനാവാത്ത ക്രൂരതകളാണ്‌ അവര്‍ അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്‌. അതിനെക്കുറിച്ചുള്ള ഒരു ഏകദേശചിത്രം കിട്ടണമെങ്കില്‍, ആ പട്ടാളക്കാരുടെ വെളിപ്പെടുത്തലുകള്‍ മാത്രം വായിച്ചാല്‍ മതിയാകും. തന്റെ ഒരു ലേഖനത്തില്‍ അന്ന ബാഡ്ഖേന്‍ അത്‌ അത്‌ ഇങ്ങനെ വിവരിക്കുന്നു. "ഇറാഖി തടവുകാരെ തന്റെ യൂണിറ്റ്‌ എങ്ങിനെയാണ്‌ ക്രൂരമായി കൈകാര്യം ചെയ്തതെന്ന് ജെഫ്രി സ്മിത്ത്‌ വിവരിച്ചു. സൈന്യത്തിലെ തന്റെ ചില സഹപ്രവര്‍ത്തകര്‍ ഇറാഖി കുട്ടികളുടെ ഭക്ഷണത്തില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി അവരെക്കൊണ്ട്‌ അത്‌ തീറ്റിപ്പിച്ചതിനെക്കുറിച്ച്‌ മുന്‍സൈനികനായ ബ്രയാന്‍ കേസ്‌ലര്‍ വെളിപ്പെടുത്തി. പരിശോധനക്കെന്ന പേരും പറഞ്ഞ്‌, നേരം പുലരുന്നതിനുമുന്‍പ്‌ ഇറാഖികളുടെ വീട്ടില്‍ കടന്നുചെന്ന് അവരെ അപമാനിക്കേണ്ടിവന്നതിനെക്കുറിച്ചാണ്‌ മറ്റൊരു മുന്‍സൈനികനായ മാത്യു ചില്‍ഡേഴ്സ്‌ പറയുന്നത്‌. ശരീരം മുഴുവന്‍ പൊള്ളലേറ്റ സ്വന്തം കുഞ്ഞിനെയും തോളിലേറ്റി സഹായമഭ്യര്‍ത്ഥിച്ചുവന്ന ഒരു ഇറാഖിയെ തിരിച്ചയച്ച തങ്ങളുടെ സേനാംഗങ്ങളുടെ ചെയ്തിയെക്കുറിച്ചോര്‍ത്ത്‌ ജാക്‌ക്‍സണ്‍ എന്ന സൈനികന്‍ വിതുമ്പി. തങ്ങളുടെ പേരും നികുതിപ്പണവും ഉപയോഗിച്ച്‌ നടത്തുന്ന നഗ്നമായ അധിനിവേശത്തെ അപലപിക്കേണ്ടത്‌ രാജ്യത്തെ ഒരു പൗരന്‍ എന്ന നിലക്കുള്ള തന്റെ കടമയാണെന്നു വിശ്വസിക്കുന്നയാളാണ്‌ ബോസ്റ്റണിലെ ജമൈക്ക പ്ലൈന്‍ സ്വദേശിയായ ഇയാന്‍ ലവല്ലി. 'അവരോടുള്ള പെരുമാറ്റത്തിലൂടെയും, അവരുടെ ജീവനോപാധികളും കുടുംബവും സ്വസ്ഥതയും തകര്‍ത്ത്‌ അവരെ പീഡിപ്പിച്ചതിലൂടെയും നമ്മള്‍ ആ മനുഷ്യരെ അപമാനവീകരിക്കുകയാണ്‌ ചെയ്തത്‌", ഇയാന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ആത്മഹത്യാശ്രമത്തിനുശേഷം ഇയാനെ സര്‍വ്വീസില്‍നിന്നും 2006-ല്‍ പിരിച്ചുവിട്ടു. "ഒരിക്കലും പ്രതീക്ഷിക്കാത്തവിധം മറ്റൊരാളായി മാറിപ്പോയിരുന്നു ഞാന്‍", ഇയാന്‍ തുറന്നുപറഞ്ഞു.

മേല്‍വിവരിച്ചതുപോലുള്ള സംഭവങ്ങള്‍ ശേഖരിക്കുകയും അവ അമേരിക്കയില്‍ പ്രചരിപ്പിക്കുകയും ചെയ്ത്‌, യുദ്ധവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ്‌ അമേരിക്കയിലെ യുദ്ധവിരുദ്ധഗ്രൂപ്പുകള്‍. ഇറാഖികളെ കീഴടക്കുന്നതില്‍ തങ്ങള്‍ക്ക്‌ സംഭവിച്ച പരാജയവും അതില്‍നിന്ന് ഉടലെടുത്ത നൈരാശ്യവും അസ്വസ്ഥതയുമാണ്‌ സാമ്രാജ്യത്വ അധിനിവേശസേനകള്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന അമിതാവേശത്തിന്റെയും വര്‍ദ്ധമാനമായ പ്രതികാരനടപടികളുടെയും അടിയിലുള്ളത്‌.

മുന്നേറുന്ന പ്രതിരോധം

ദേശീയവിമോചനത്തിനുവേണ്ടിയുള്ള ഇറാഖികളുടെ ആവേശോജ്ജ്വലമായ പോരാട്ടം എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത്‌ മുന്നേറുകതന്നെയാണ്‌. ഇതിനകം തന്നെ 4000-ത്തോളം അമേരിക്കന്‍-സഖ്യസേനാംഗങ്ങള്‍ക്ക്‌ ജീവഹാനി നേരിട്ടിരിക്കുന്നു. ഗ്രീന്‍ സോണിന്റെ ചുറ്റുവട്ടത്തിലൊതുങ്ങിക്കഴിയുകയാണ്‌ അധിനിവേശസേനകള്‍. ഇറാഖിലെ ജനതകളെ തമ്മിലടിപ്പിക്കാനും, പുറത്തുനിന്നുള്ള സാമ്പത്തികവും ഇതരവുമായ സഹായത്താല്‍ നയിക്കപ്പെടുന്ന തീവ്രവാദി-ഭീകരരായി വിമോചനപ്പോരാളികളെ മുദ്രകുത്തുകവഴി മേഖലയിലെ തങ്ങളുടെ സാന്നിധ്യത്തിന്‌ സാധുത നല്‍കാനുമുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ പരാജയപ്പെടുകയും അസാധുവാവുകയും ചെയ്തിരിക്കുന്നു. ഷിയ നേതാവായ മുക്തദ സാദറിന്റെ കീഴിലുള്ള മെഹ്ദി സേനയുടെ നിരന്തരമായ ആക്രമണവും, അമേരിക്കന്‍ സര്‍ക്കാര്‍ ഇറാഖില്‍ പ്രതിഷ്ഠിച്ച പാവസര്‍ക്കാരിനെതിരെയും, ലോകത്തെവിടെയുമുള്ള അമേരിക്കന്‍ സാന്നിദ്ധ്യത്തിനെതിരെയും അവര്‍ നിരന്തരം ഉയര്‍ത്തുന്ന ചെറുത്തുനില്‍പ്പുകളുമാണ്‌ അമേരിക്കയുടെയും അവരുടെ പാവസര്‍ക്കാരിന്റെയും ഉറക്കം കെടുത്തുന്നത്‌.

അമേരിക്ക നേരിടുന്ന പൊതുവായ പ്രതിസന്ധി

അപര്യാപ്തമായ സേനാബലം, ശിഥിലമാകുന്ന അന്താരാഷ്ട്ര സഖ്യം, ബ്രിട്ടീഷ്‌ സേന ദക്ഷിണ ഇറാഖ്‌ വിട്ടുപോകുന്നതോടെ ആ ഭാഗങ്ങളില്‍ വര്‍ദ്ധിക്കുന്ന ആക്രമണങ്ങള്‍, പട്ടാളക്കാരുടെ മരണസംഖ്യ വര്‍ദ്ധിക്കുന്നതുമൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന സേനയുടെ ആത്മബലം, ബാഗ്ദാദിന്റെയും വാഷിംഗ്‌ടണിന്റെയും രാഷ്ട്രീയ നയങ്ങളില്‍ പ്രകടമാകുന്ന അനിച്ഛാശക്തി, ഇവയെക്കുറിച്ചൊക്കെ ഒരു വര്‍ഷം മുന്‍പുതന്നെ അമേരിക്കന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജനറല്‍ ഡേവിഡ്‌ പെട്രോസിന്‌ വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. ക്ലിന്റന്റെ ഭരണത്തിന്‍കീഴില്‍ അന്തര്‍ദ്ദേശീയ സുരക്ഷക്കുവേണ്ടിയുള്ള ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സീനിയര്‍ ഡയറക്ടരായിരുന്ന സ്റ്റീവന്‍ സൈമണ്‍ ഒരു വര്‍ഷം മുന്‍പ്‌ സംശയത്തിനിടനല്‍കാത്തവിധം പറഞ്ഞ കാര്യം "നഷ്ടപ്പെടുന്ന ജനപിന്തുണ അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തെ അനിവാര്യമാക്കുകയും, അത്തരത്തിലുള്ള ഒരു നാണക്കേടില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗ്ഗം, ഉടനടി തന്ത്രപരമായി പിന്‍വലിയുക എന്നത്‌ മാത്രമാണ്‌" എന്നുമായിരുന്നു. അല്ലാത്തപക്ഷം 'സേനയുടെ കയ്യില്‍നിന്നുപോലും ഒരുപക്ഷേ തിരിച്ചടി നേരിടേണ്ടിവരുമെന്ന്" ഓര്‍മ്മിപ്പിക്കാനും സൈമണ്‍ മറന്നില്ല. 'അമേരിക്കയുടെ വിദേശനയത്തിനും, ഇറാഖിന്റെയും പശ്ചിമേഷ്യയുടെ സ്ഥിരതക്കും ഈ യുദ്ധം തീരാദുരിതമാണ്‌ വരുത്തിവെച്ചിരിക്കുന്നത്‌ എന്ന് വളരെ മുന്‍പുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു, ഇന്റര്‍നാഷണല്‍ ക്രൈസിസ്‌ ഗ്രൂപ്പിലെ ഇറാഖ്‌ വിദഗ്ദ്ധന്‍ ജൂസ്റ്റ്‌ ഹില്‍റ്റര്‍മാന്‍. കുറച്ചുനാള്‍ മുന്‍പ്‌. ഒന്നുകില്‍ യുദ്ധം ജയിക്കുക, അല്ലെങ്കില്‍, വിയറ്റ്‌നാമില്‍ സംഭവിച്ചതുപോലെ, രാഷ്ട്രീയവും ജനകീയവുമായ പിന്തുണ നഷ്ടപ്പെട്ട്‌, ധൃതിപിടിച്ചുള്ള ഒരു പിന്മാറ്റത്തിനു തയ്യാറാവുക എന്ന രണ്ടു വഴികള്‍ മാത്രമേ അമേരിക്കയുടെ മുന്നിലുള്ളുവെന്ന്, കുറച്ചുനാള്‍ മുന്‍പ്‌, ജനറല്‍ ഡേവിഡ്‌ പെട്രോസിനെ അദ്ദേത്തിന്റെ എലൈറ്റ്‌ ടീം ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനര്‍ത്ഥം, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സ്വന്തം അഭ്യുദയകാംക്ഷികളും വിശ്വസ്തരായ ഉപദേശകരുമൊക്കെത്തന്നെ, കാര്യങ്ങളുടെ ഗൗരവം അമേരിക്കയെ വേണ്ടുംവണ്ണം ഓര്‍മ്മിപ്പിച്ചിരുന്നുവെന്നുതന്നെയാണ്‌. പക്ഷേ, പ്രതീക്ഷിച്ചിരുന്നതുപോലെത്തന്നെ, ഇതൊന്നും കേള്‍ക്കാനോ ഉള്‍ക്കൊള്ളാനോ ഉള്ള സാമാന്യബോധം പോലും, കയ്യൂക്കിന്റെ ധാര്‍ഷ്ട്യത്തില്‍ പുളഞ്ഞുകൊണ്ടിരുന്ന ജോര്‍ജ്ജ്‌ ബുഷ്‌ നിര്‍ഭാഗ്യവശാല്‍ കാണിച്ചില്ല.

അമേരിക്കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കാന്‍ മാത്രമേ ഈ യുദ്ധം സഹായിക്കുന്നുള്ളു. അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും അസ്വസ്ഥതയും വളര്‍ത്തി, യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ ദിനംപ്രതി ശക്തി പ്രാപിച്ചുവരുകയും ചെയ്യുന്നു. ഇറാഖില്‍നിന്നും അഫ്ഘാനിസ്ഥാനില്‍നിന്നും അമേരിക്കന്‍ സേനയെ പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദവും ബലപ്പെടുകതന്നെയാണ്‌. "ഇറാഖില്‍ പരാജയപ്പെടുന്നപക്ഷം, അത്‌ നമ്മുടെ സുഹൃത്തുക്കള്‍ക്കു നല്‍കുന്ന സന്ദേശം, നമ്മില്‍ വിശ്വാസം അര്‍പ്പിക്കരുതെന്നതായിരിക്കും..അത്‌ അല്‍ഖ്വയ്ദയുടെ വിജയമവുകയും ചെയ്യും..ഇറാഖിലെ വിജയം ഒരേസമയം അല്‍ഖ്വയ്ദക്കും ഇറാന്റെ ആഗ്രഹങ്ങള്‍ക്കും നേരെയുള്ള പ്രഹരമാകും" എന്നൊക്കെയുള്ള ബുഷിന്റെ 2008 ഏപ്രില്‍ 17-ലെ പ്രസ്താവനകളെ ഇതിന്റെ വെളിച്ചത്തിലാണ്‌ ദര്‍ശിക്കേണ്ടത്‌.

ബുഷിന്റെ ഈ അഭ്യര്‍ത്ഥന, തന്ത്രപരമായ സേനാപിന്മാറ്റത്തിന്റെ വക്താക്കളോടുള്ളതാണെന്നു ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും, പരാജയഭീതി പൂണ്ട അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശബ്ദം തന്നെയാണ്‌ ഇതില്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കും കേള്‍ക്കാന്‍ കഴിയുക.

തോല്‍വിയും ജയവും ആയുധശക്തിയുടെയോ സ്വാര്‍ത്ഥലക്ഷ്യങ്ങളുടെയോ പിന്‍ബലത്തിലാവുന്നത്‌ അംഗീകരിക്കാനാവില്ല. ദേശത്തിന്റെയും ജനതയുടെയും അവകാശങ്ങള്‍ക്കും പരമാധികാരത്തിനും നേരെയുള്ള നഗ്നമായ ആക്രമണമാണ്‌ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വശഖ്യകക്ഷികള്‍ നടത്തുന്നത്‌. ഭൂരിപക്ഷത്തിന്റെ ജീവനും സ്വത്തും അപഹരിച്ച്‌, മരണത്തിന്റെ മൊത്തവ്യാപാരികളെയും ഒരു ന്യൂനപക്ഷം വരുന്ന കുത്തകകളെയും തീറ്റിപ്പോറ്റുക എന്നതാണ്‌ ഈ യുദ്ധംകൊണ്ട്‌ അമേരിക്ക ലക്ഷ്യമാക്കുന്നത്‌. നടപ്പാക്കുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ ഇതിനെതിരെ അടിച്ചമര്‍ത്തപ്പെടുന്ന ജനലക്ഷങ്ങള്‍ ഒന്നിച്ചണിനിരക്കുന്നതും. ഈ സംഘട്ടനത്തില്‍, ആത്യന്തികവിജയം നിശ്ചയമായും കൈവരിക്കുക അടിച്ചമര്‍ത്തപ്പെടുന്ന ജനതതന്നെയായിരിക്കും. വിയറ്റ്‌നാമിന്റെ തനിയാവര്‍ത്തനമാണ്‌ ഇറാഖിലും അഫ്ഘാനിസ്ഥാനിലും അമേരിക്കയെ കാത്തിരിക്കുന്നത്‌.

സേനാപിന്മാറ്റത്തിന്‌ അമേരിക്കന്‍ സാമ്രാജ്യത്വശക്തികളും സഖ്യകക്ഷികളും സ്വയം തയ്യാറാവുന്നില്ലെങ്കില്‍, ഇറാഖിലെയും അഫ്ഘാനിസ്ഥാനിലെയും ജനങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌, സാമ്രാജ്യത്വ അധിനിവേശത്തിന്‍കീഴില്‍ ദുരിതമനുഭവിക്കുന്നവരും അടിച്ചമര്‍ത്തപ്പെടുന്നവരുമായ മുഴുവന്‍ ലോകജനതയും ഒന്നിച്ച്‌, അ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരായിത്തീരും. ഭൂമുഖത്തുനിന്ന് എന്നന്നേയ്ക്കുമായി സാമ്രാജ്യത്വത്തെ പടിയിറക്കാന്‍ ലോകമാസകലമുള്ള അടിസ്ഥാന തൊഴിലാളിവര്‍ഗ്ഗവും, അടിച്ചമര്‍ത്തപ്പെടുന്ന രാഷ്ട്രങ്ങളും അവയിലെ മുഴുവന്‍ ജനതയും അണിനിരക്കുമെന്ന് അമേരിക്കക്കും മറ്റ്‌ സാമ്രാജ്യത്വശക്തികള്‍ക്കും ഇനിയെങ്കിലും തീര്‍ച്ചയാക്കുകയും ചെയ്യാം.



‘സഖാവ്’ ദ്വൈവാരികയില്‍ (ലക്കം 13-സാര്‍വ്വദേശീയ വിഭാഗം) പ്രസിദ്ധീകരിച്ച വിവര്‍ത്തനം

Thursday, July 10, 2008

ചത്ത കുതിരകള്‍

ഇന്ത്യയുടെ ഒരേയൊരു ഫീല്‍ഡ് മാര്‍ഷലാണ് മരിച്ചത്. സുപ്രധാനമായ ഒരു സൈനികവിജയത്തിന്റെ ശില്പി. ഒരു പട്ടിയും തിരിഞ്ഞുനോക്കിയില്ല. അവര്‍ക്ക് മറ്റു തിരക്കുകളില്ലേ? എന്തെല്ലാം ചെയ്തുതീര്‍ക്കേണ്ടതുണ്ട്. സാധാരണക്കാരായ ജനങ്ങളാ‍ണ് ‘സാം ബഹാദൂറി‘ന് അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയത്. അത്യാസന്ന നിലയിലാ‍ണെന്ന വാര്‍ത്ത പുറത്തുവന്ന ജൂണ്‍ 26 പുലര്‍ച്ചെ പത്തു മണിമുതല്‍, അന്ത്യോപചാരകര്‍മ്മങ്ങളുടെ ആചാരവെടികള്‍ മുഴങ്ങിയ ജൂണ്‍ 27 ഉച്ചക്ക് മൂന്നു മണിവരെ, എത്താതിരുന്ന കേസരികളുടെ ലിസ്റ്റ് താഴെ.

രാഷ്ട്രപതി(സര്‍വ്വസൈന്യാധിപ) പ്രതിഭാപാട്ടീല്‍ - ഹാജരില്ല
ഉപരാഷ്ട്രപതി-ഹമീദ് അന്‍സാരി - പുസ്തകനിരൂപണവും പ്രസാധനവുമായി തിരക്കില്‍
മന്‍‌മോഹന്‍ സിംഗ് - ഹാജരില്ല
സോണിയാ ഗാന്ധി - ഹാജരില്ല
എല്‍.കെ.അദ്വാനി - ഹാജരില്ല
കരുണാനിധിയും സുര്‍ജിത് സിംഗ് ബര്‍ണാലയും-ഹാജരില്ല

രാഷ്ട്രീയക്കാര്‍ക്ക് പല കാരണങ്ങളും പറയാനുണ്ടാകും. പ്രൊട്ടൊക്കോളുകളുടെ നൂലാമാലകളും കൂട്ടിനുകണ്ടേക്കാം. സൈന്യത്തിന്റെ സ്ഥാനം എന്താണെന്നും, എവിടെയാണെന്നും ഇന്ത്യ കാണിച്ചുകൊടുത്തതാണെന്നും വരാം. പാക്കിസ്ഥാന്റെയത്ര സൈനികവത്‌ക്ക്കരണം ഇല്ലാത്തതും അതുകൊണ്ടായിരിക്കാം. പ്രായമായില്ലേ, കാല്‍‌മുട്ടുകള്‍ക്ക് വേദന കാണും.

പക്ഷേ സൈന്യത്തിന്റെ കാര്യമോ?

എ.കെ.ആന്റണി - മുന്‍‌നിശ്ചയിച്ച ചില തിരക്കുകള്‍ കാരണം വരാന്‍ പറ്റിയില്ല
കരസേനാ മേധാവി - ഹാജരില്ല (റഷ്യയിലായിരുന്നു)
നാവികസേനാ മേധാവി - ഹാജരില്ല
വ്യോമസേനാ മേധാവി - ഹാജരില്ല

പ്രതിരോധമന്ത്രിക്കു വേണ്ടി ഹാജരായത് അദ്ദേഹത്തിന്റെ ഡെപ്യൂട്ടി പള്ളം രാജു. മറ്റു രണ്ടു സേനാവിഭാഗങ്ങള്‍ക്കുവേണ്ടി സ്ഥലത്ത് ഹാജരായത്, ജനറല്‍ പദവിയിലെ രണ്ടു നക്ഷത്രക്കാര്‍.
ഇതൊക്കെ കാണിക്കുന്നത്, നിങ്ങള്‍ പണക്കാരനോ, അധികാരിയോ, ശക്തനോ, കേമനോ ആരായിരുന്നാലും ശരി, ചാവേണ്ടപോലെ ചാവണമെങ്കില്‍, ഒന്നുകില്‍ ദില്ലിയുടെയോ മുംബൈയുടെയോ പരിസരത്ത് എവിടെയെങ്കിലും വെച്ചാവണം, അല്ലെങ്കില്‍, നിങ്ങളെക്കൊണ്ട് അവര്‍ക്ക് എന്തെങ്കിലും ഗുണം ഉണ്ടാകണം എന്നാണ്.

മനേക്‍ഷാ പണ്ടൊരിക്കല്‍ പറഞ്ഞത് അര്‍ത്ഥവത്താണ്. “"രാജ്യത്തിന്റെ പ്രതിരോധകാര്യങ്ങള്‍ നോക്കാന്‍ വേണ്ടി നമ്മള്‍ ചുമതലപ്പെടുത്തുന്ന ഈ രാഷ്ട്രീയ യജമാനന്മാര്‍ക്ക് മോട്ടോറും മോര്‍ട്ടാറും തിരിച്ചറിയില്ല. തോക്കും പീരങ്കിയും തമ്മിലുള്ള വ്യത്യാസം അവര്‍ക്കറിയില്ല. അതുപോലെതന്നെ ഗറില്ലയെയും ഗൊറില്ലയെയും. കാഴ്ചയില്‍ രണ്ടാമത്തേതിനോട് സാദൃശ്യം തോന്നുമെങ്കിലും”.

ഇതുകൂടി ഒന്നു നോക്കൂ:

‘കൂലി‘ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ പരിക്കുപറ്റി ആശുപത്രിയിലായിരുന്ന അമിതാഭ് ബച്ചനെ കാണാന്‍ ഇന്ദിരാ ഗാന്ധി പറന്നെത്തി.

ധീരുഭായ് അംബാനി മരിച്ചപ്പോള്‍, തന്റെ ഗുജറാത്ത് സന്ദര്‍ശനം വെട്ടിച്ചുരുക്കി അദ്വാനി പാഞ്ഞണഞ്ഞു.

പ്രമോദ് മഹാജന്‍ കൊല്ലപ്പെട്ടപ്പോള്‍ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഭൈറോണ്‍ സിംഗ് ഷേഖാവത്തിനു സമയമുണ്ടായിരുന്നു.

ചാവുകയും ചത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ തെമ്മാടികളെയും, കൂട്ടിക്കൊടുപ്പുകാരെയും, പ്രശസ്തരെയും കാണാന്‍ നമ്മുടെ വി.ഐ.പികള്‍ക്കും, വി.വി.ഐ.പികള്‍ക്കും ഇഷ്ടം‌പോലെ സമയമുണ്ട്. ഫീല്‍ഡ് മാര്‍ഷലിനെ കാണാന്‍ മാത്രം അവര്‍ക്ക് സമയമില്ല.


http://churumuri.wordpress.com/2008/06/28/

Tuesday, July 1, 2008

അഷീഷ്‌ നന്ദിയെ വെറുക്കാന്‍ നരേന്ദ്ര മോഡി ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്‌?

ഇന്ത്യയിലെ ബുദ്ധിജീവികളില്‍ പ്രമുഖനാണ്‌ പ്രൊഫസ്സര്‍ അഷീഷ്‌ നന്ദി. കോളണിയനന്തര കാലഘട്ടത്തെക്കുറിച്ചുള്ള പഠനങ്ങളുടെ ഉപജ്ഞാതാവെന്ന നിലയില്‍ പ്രസിദ്ധനായ അദ്ദേഹത്തിന്‌ പുതിയൊരു ലേബല്‍ കിട്ടിയിട്ടുണ്ട്‌. ഗുജറാത്ത്‌ പോലീസിന്റെ ഭാഷ്യമനുസരിച്ച്‌, 'വിവിധ ജാതി-മത-ഭാഷാ-ദേശക്കാര്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു' എന്ന ക്രിമിനല്‍ കുറ്റമാണ്‌ അദ്ദേഹത്തിന്റെമേല്‍ അവര്‍ ചുമത്തിയിരിക്കുന്നത്‌. തന്റെ എഴുത്തിന്‌ ഇത്ര വലിയ ഒരു വില കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹമോ, അദ്ദേഹത്തിന്റെ നിരവധിയായ ആരാധകരോ സ്വപ്നത്തില്‍പ്പോലും കരുതിയിട്ടുണ്ടാകില്ല. പക്ഷേ, ഗുജറാത്തില്‍ എപ്പോഴും കാര്യങ്ങള്‍ അല്‍പ്പം വ്യത്യാസപ്പെട്ടാണല്ലോ സംഭവിക്കാറുള്ളത്‌.

ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍, ജനുവരി 8-ന്‌, പ്രൊഫസ്സര്‍ നന്ദി എഴുതിയ (Blame the Middle Class) എന്ന ലേഖനത്തിനെതിരെ പരാതി കൊടുത്തിരിക്കുന്നത്‌, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ സിവില്‍ ലിബര്‍ട്ടീസിലെ ഒരു അഭിഭാഷകനാണെന്ന് വാര്‍ത്തകള്‍ പറയുന്നു. ഈ കൗണ്‍സില്‍ തന്നെയാണ്‌ ഏതോ കള്ളക്കേസില്‍ മേധാ പട്‌ക്കര്‍ക്കെതിരെ ഇതിനുമുന്‍പ്‌ കേസു കൊടുത്തത്. ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടതിനാല്‍, കോടതി അന്നത് തള്ളിക്കളഞ്ഞിരുന്നുവെന്നുകൂടി ഓര്‍ക്കണം.

നരേന്ദ്രമോഡിയെ അധികാരത്തിലേക്ക്‌ വീണ്ടും കൊണ്ടുവന്ന 2007 ഡിംസംബറിലെ ഗുജറാത്ത്‌ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതായിരുന്നു നന്ദിയുടെ പ്രസ്തുത ലേഖനം. മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളിലേക്കാണ്‌ പ്രൊഫസ്സര്‍ അഷീഷ്‌ നന്ദി ആ ലേഖനത്തില്‍ വിരല്‍ചൂണ്ടിയിരുന്നത്‌. ഒന്ന്, 2002-നുശേഷം രണ്ടാംകിട പൗരന്മാരായി കഴിയേണ്ടിവന്ന മുസ്ലിമുകളുടെ അവസ്ഥ. "ഗുജറാത്തിലെ മുസ്ലിമുകള്‍ തങ്ങളുടെ പുതിയ അവസ്ഥയുമായി പൊരുത്തപ്പെട്ടുപോകാന്‍ ശ്രമിക്കുന്നു. സര്‍ക്കാരില്‍നിന്നും ന്യായമായി കിട്ടേണ്ട നീതിയും നഷ്ടപരിഹാരവും ലഭിക്കാതെ, സ്വന്തം നാട്ടില്‍ രണ്ടാംതരം പൗരന്മാരായി കഴിയേണ്ടിവരുന്ന ഇവര്‍ക്ക്‌ ജാതിസംഘടനകളുടെ ഔദാര്യവും സഹായവുമാണ്‌ ആശ്രയിക്കേണ്ടിവന്നിരിക്കുന്നത്‌. ഈ സംഘടനകളുടെ സഹായമാകട്ടെ, ചില മുന്നുപാധികളോടെയാണുതാനും. മുസ്ലിമുകള്‍ ഗുജറാത്തി ഭാഷ ഉപേക്ഷിച്ച്‌ ഉറുദു സ്വീകരിക്കുക, പര്‍ദ്ദ ധരിക്കുക, കുട്ടികളെ മദ്രസ്സകളിലേക്ക്‌ അയക്കുക എന്നിവയാണ്‌ അത്‌".

മതനിരപേക്ഷതയെ പിന്തുണക്കുന്ന (ഗുജറാത്തിലെ) രാഷ്ട്രീയസഖ്യങ്ങള്‍ ഇന്ന് ചെന്നെത്തിയിരിക്കുന്ന സ്ഥിതിവിശേഷത്തെക്കുറിച്ചാണ്‌ ലേഖനം രണ്ടാമത്‌ ചര്‍ച്ച ചെയ്യുന്നത്‌. തന്റെ വിമര്‍ശനത്തില്‍, പ്രൊഫസ്സര്‍ നന്ദി, വ്യക്തികളോടോ, സംഘടനകളോടോ ഒരു ദയാദാക്ഷിണ്യവും കാണിക്കുന്നുമില്ല. അദ്ദേഹം പറയുന്നു:

"സംഘപരിവാറിനെ എതിര്‍ക്കുന്നവരുടെ മതനിരപേക്ഷത, പ്രശ്നപരിഹാരത്തിന്‌ ഒട്ടും അനുയോജ്യമല്ല. മതനിരപേക്ഷരായ അഭിഭാഷകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായം സ്വീകരിക്കുന്നവര്‍പോലും, മതനിരപേക്ഷത എന്ന ആശയത്തെ കേവലം ഒരു ഉപകരണമായി മാത്രം കാണുന്നു. ഇരകള്‍ ഇപ്പോഴും ആശ്വാസം തേടുന്നത്‌ അവരുടെ മതത്തില്‍തന്നെയാണ്‌, ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ വിശ്വാസങ്ങളെ കൂടുതല്‍ മുറുകെപ്പിടിക്കുകയാണ്‌ ചെയ്യുന്നത്‌. മതേതരത്തെസംബന്ധിച്ച വ്യാജസ്ഥലികള്‍, ഒരേസമയം, ഗാന്ധിസത്തിന്റെ നട്ടെല്ല് തകര്‍ക്കുകയും, അധികാരം കയ്യിലില്ലാത്തവരും അശരണരുമായ പാവങ്ങളുടെ ശബ്ദം പുറംലോകത്തിനു കേള്‍പ്പിക്കാനും സൃഷ്ട്യുന്മഖമായ ഇടപെടലിലൂടെ അവരെ ഒരുമിപ്പിക്കാന്‍ തക്കവണ്ണം, അലി ശരിയത്തി*യെയും ഡെസ്‌മണ്ട്‌ ടുട്ടുവിനെയും ദലൈലാമയെപ്പോലെയുമുള്ളവര്‍ രംഗപ്രവേശം ചെയ്യാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുകയും ചെയ്തു“.

പ്രാദേശികവാദത്തിലും വര്‍ഗ്ഗീയതയിലും കഴുത്തറ്റം ആഴ്‌ന്നുകിടക്കുന്ന സംസ്ഥാനത്തെ നാഗരിക മധ്യവര്‍ഗ്ഗത്തിനെതിരെയുള്ളതായിരുന്നു പ്രൊഫസ്സര്‍ അഷീഷ്‌ നന്ദിയുടെ പ്രധാനവിമര്‍ശനം. ലേഖനം അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌:

"നാഗരിക മധ്യവര്‍ഗ്ഗത്തില്‍നിന്ന് ഗുജറാത്തിനെ മോചിപ്പിക്കുക എന്നത്‌ ക്ഷിപ്രസാദ്ധ്യമായ ഒരു കാര്യമല്ല. വിവിധ കാലങ്ങളില്‍, അക്രമത്തില്‍ സായൂജ്യം കണ്ടിരുന്ന, ബംഗാളി ബാബുമാരെയും മറാത്ത ബ്രാഹ്മണന്മാരെയും കാശ്മീരി മുസ്ലിമുകളെയുംപോലെ, ഗുജറാത്തിലെ നാഗരിക മധ്യവര്‍ഗ്ഗവും, സായുധവും വര്‍ഗ്ഗീയവുമായ ദേശീയതയില്‍, തങ്ങളുടെ പുതിയ സ്വത്വവും ആത്മാഭിമാനവും കണ്ടെത്തിയിരിക്കുന്നു. ഗുജറാത്തില്‍ ഈ വര്‍ഗ്ഗത്തിനെ ചോര മണക്കുന്നുണ്ട്‌. അവര്‍ക്ക്‌ നേരിട്ട്‌ ആരെയും കൊല്ലേണ്ടിവരുന്നില്ല. ആസൂത്രണം ചെയ്യലും ധനസഹായം നല്‍കലും, ഏകോപിപ്പിക്കലും മാത്രമാണ്‌ അവരുടെ പണി. കൊല്ലലൊക്കെ, ഏറ്റവും താഴെയുള്ള, ഗോത്രവര്‍ഗ്ഗക്കാരും ദളിതുകളും ചെയ്തുകൊള്ളും. വെറുപ്പിന്റെ നിര്‍മ്മാണശാലകളായ വിദ്യാഭ്യാസത്തെയും മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത്‌ ഈ മധ്യവര്‍ഗ്ഗമാണ്‌. അവര്‍ക്ക്‌ അതിനുള്ള സഹായം കിട്ടുന്നതാകട്ടെ, ദേശീയതയും രക്തദാഹവും നിരുത്തരവാദിത്ത്വവുമൊക്കെ സൗകര്യം പോലെ ഉപയോഗിക്കാന്‍വിധത്തില്‍ ഇന്ത്യയില്‍നിന്നും ബഹുദൂരം അകലെയിരിക്കുന്ന വിദേശ ഇന്ത്യക്കാരില്‍നിന്നും".

പ്രൊഫസ്സര്‍ നന്ദിയുടെ നിരീക്ഷണങ്ങളുമായി യോജിക്കുകയോ വിയോജിക്കുകയോ ആകാം. പക്ഷേ ആ നിരീക്ഷണങ്ങളിലെവിടെയും വാചാടോപമൊന്നുമില്ലെന്നും മുന്‍പിലുള്ള വെല്ലുവിളികളെ വേര്‍തിരിച്ചറിയാനുള്ള ശ്രമമായിരുന്നു അതെന്നും ഏതൊരു വിവേകിയായ വായനക്കാരനും മനസ്സിലാകാവുന്നതേയുള്ളു. എന്തുകൊണ്ടാണ്‌ ഈയൊരു ലേഖനത്തോട്‌ സംസ്ഥാനസര്‍ക്കാര്‍ ഇത്ര അസഹിഷ്ണുത കാണിച്ചതെന്നും, കൗണ്‍സിലിന്റെ പെറ്റീഷന്‍ കിട്ടിയ ഉടന്‍ ക്രിമിനല്‍ കേസു ചുമത്താന്‍ സര്‍ക്കാര്‍ പോലീസിന്‌ പച്ചക്കൊടി നല്‍കിയതെന്നുമുള്ള ചോദ്യം സ്വാഭാവികമായി ഉയരുന്നു.

പൊതുവായി പറഞ്ഞാല്‍, തങ്ങള്‍ക്ക് അനഭിമതരായ വ്യക്തികളെ എല്ലാവിധത്തിലും തേജോവധം ചെയ്യുക എന്നത്‌, ഹിന്ദു ബ്രിഗേഡുകള്‍ എല്ലാക്കാലവും തുടര്‍ന്നുവരുന്ന ഒരു രീതിയാണ്‌. ഈ സംഭവവും അതിനുള്ള ദൃഷ്ടാന്തമാണ്‌. വിമര്‍ശകരെ നിശ്ശബ്ദരാക്കിക്കൊണ്ട്‌, പൂര്‍ണ്ണമായും ഹൈന്ദവമായ പഴയകാലം എന്ന സങ്കല്‍പ്പത്തിനുവേണ്ടി പൊരുതുക എന്ന രാഷ്ട്രീയമാണ്‌ യഥാര്‍ത്ഥത്തില്‍ ഇവിടെ അരങ്ങേറുന്നത്‌.

തങ്ങള്‍ നടപ്പാക്കുന്ന വെറുപ്പിന്റെയും പുറംതള്ളലിന്റെയും അജണ്ടകള്‍ അനുസരിക്കാത്തവരെ ഇത്തരത്തില്‍ നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ഗുജറാത്തിന്റെ കഴിഞ്ഞ ആറുവര്‍ഷത്തെ ചരിത്രമെടുത്തുനോക്കിയാല്‍ നമുക്ക്‌ കാണാന്‍ കഴിയും. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും, സാമൂഹ്യപ്രവര്‍ത്തകയായ നഫീസാ അലിയും, ജി.എന്‍.ഡെവിയുമൊക്കെ ഇത്തരത്തില്‍, പല കാലങ്ങളിലായി വേട്ടയാടപ്പെട്ടവരാണ്‌.

പ്രൊഫസ്സര്‍ നന്ദിയുടെ കാര്യത്തിലാണെങ്കില്‍, ആര്‍.എസ്സ്‌.എസ്സ്‌ എന്ന സംഘടനയുടെ ഭാവിയെക്കുറിച്ച്‌ അദ്ദേഹം നടത്തിയ പ്രവചനങ്ങളുടെ രീതി അവര്‍ക്ക്‌ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

"വാലി ഗുജറാത്തിയുടെ കബറിടം നശിപ്പിച്ച സംഭവം, ഇന്ത്യയുടെ ഏറ്റവും സാംസ്കാരികസമ്പന്നവും, വൈവിദ്ധ്യവും, ഗ്രാമ്യവുമായ ഇസ്ലാമിക പാരമ്പര്യത്തെയാണ്‌ ഭീഷണിപ്പെടുത്തിയത്‌. സിക്ക്‌ ഭീകരതക്ക്‌ മനോഹരമായി വളം വെച്ചുകൊടുത്ത രാജീവ്‌ ഗാന്ധിയുടെയും കൂട്ടാളികളുടെയും ചെയ്തികളെ എപ്രകാരമാണോ നമ്മുടെ തലമുറ ഓര്‍ക്കുന്നത്‌, അതേ കൃതജ്ഞതയോടെയാകും, തീവ്ര ഇസ്ലാമിന്റെ വളര്‍ച്ചക്ക്‌ കാരണമായ സംഘപരിവാറിനെയും ഭാവിതലമുറ ചരിത്രത്തില്‍ ഓര്‍മ്മിക്കുക.

പ്രൊഫസ്സര്‍ അഷീഷ്‌ നന്ദിക്കെതിരെ കൊണ്ടുവന്നിരിക്കുന്ന ക്രിമിനല്‍ കേസ്‌, 1998-ല്‍ കേന്ദ്രഭരണകാലത്ത് ബി.ജെ.പി നടത്തിയ സമാനമായ മറ്റു ചില വേട്ടയാടലുകളെയാണ്‌ ഓര്‍മ്മയില്‍ കൊണ്ടുവരുന്നത്‌. കേന്ദ്രത്തില്‍ അധികാരത്തിലേറുകയും പാഠ്യപദ്ധതിയില്‍ തങ്ങള്‍ക്കനുകൂലമായ പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ അവര്‍ അമിതാവേശം കാണിക്കുകയും ചെയ്ത അവസരത്തില്‍, ആര്‍.എസ്സ്‌.എസ്സിന്റെ ചരിത്രവീക്ഷണവുമായി വിയോജിപ്പ്‌ രേഖപ്പെടുത്തിയ അക്കാഡമിക-ബുദ്ധിജീവികളെ വിവിധ കാരണങ്ങള്‍ നിരത്തി അവര്‍ പരക്കെ ആക്രമിക്കുകയുണ്ടായി. ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച്‌ തങ്ങള്‍ക്കുള്ള അഭിപ്രായങ്ങളുമായി ശക്തമായ വിയോജിപ്പു പ്രകടിപ്പിച്ച പണ്ഡിതന്മാരെയും ബുദ്ധിജീവികളെയും ആസൂത്രിതമായിട്ടാണ്‌ ബി.ജെ.പി. നേരിട്ടത്‌. ദില്ലി സര്‍വ്വകലാശാലയിലെ സുമിത്‌ സര്‍ക്കാരിന്റെയും ജെ.എന്‍.യു.വിലെ കെ.എന്‍.പണിക്കരുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ ചരിത്ര-ഗവേഷണ കൗണ്‍സില്‍ നടത്തിയിരുന്ന "സ്വാതന്ത്ര്യത്തിലേക്ക് " (Towards Freedom) പഠനപദ്ധതി NCERT നിര്‍ത്തിവെപ്പിച്ചു. പാഠ്യപദ്ധതിയില്‍, 'ഹിന്ദു-വിരുദ്ധ യൂറോപ്പ്യന്‍ ഇന്ത്യക്കാരുടെ' സ്വാധീനം (ആര്‍.എസ്സ്‌.എസ്സ്‌ പ്രമുഖന്‍ കെ.എസ്‌.സുദര്‍ശന്റെ പ്രയോഗമായിരുന്നു അത്‌) നുള്ളിക്കളയുക എന്നതായിരുന്നു, ഇതിനുശേഷം എന്‍.സി.ഇ.ആര്‍.ടി ഏറ്റെടുത്ത അടുത്ത ദൗത്യം. ഏതെങ്കിലുമൊക്കെ സാമുദായികവിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുമെന്ന കാരണങ്ങള്‍ പറഞ്ഞ്‌, സ്കൂള്‍ പാഠ്യപദ്ധതികളില്‍ മാറ്റങ്ങള്‍ വരുത്താന്‍ NCERT 2001-ല്‍ ശ്രമമാരംഭിച്ച സമയത്തായിരുന്നു, ലോകപ്രശസ്ത ചരിത്രകാരി റൊമീളാ ഥാപ്പറിനെയും, ദില്ലി സര്‍വ്വകലാശാലയിലെ ആര്‍.എസ്‌.ശര്‍മ്മയെയും, NCERT-യിലെത്തന്നെ അര്‍ജ്ജുന്‍ ദേവിനെയും ഉടനടി അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌, അന്നത്തെ മനുഷ്യവിഭവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷിയെ ആര്യ സമാജത്തിന്റെ ഒരു പ്രതിനിധിസംഘം സന്ദര്‍ശിച്ചത്‌. ജോഷിയാകട്ടെ, ഒരുപടികൂടി കടന്ന്, ആയുധധാരികളായ തീവ്രവാദികളേക്കാള്‍ അപകടകാരികളാണ്‌ ‘അക്കാഡമിക്‌ തീവ്രവാദികളെ‘ന്ന തന്റെ പ്രിയപ്പെട്ട ആശയം പേര്‍ത്തും പേര്‍ത്തും ആവര്‍ത്തിക്കാറുമുണ്ടായിരുന്നു.


കൌണ്ടര്‍കറന്റ്സില്‍ Subhash Gatade എഴുതിയ ലേഖനത്തിന്റെ പരിഭാഷ

* ഡോ. അലി ശരിയത്തി - 1977 ജൂണില്‍ കൊല്ലപ്പെട്ട പ്രമുഖ ഇറാനിയന്‍ പണ്ഡിതനും സോഷ്യോ-ആക്റ്റിവിസ്റ്റും.

Monday, June 30, 2008

ലിംഗസമത്വവും റോമന്‍ കാത്തോലിക്ക പള്ളികളും

ഒരു സ്ത്രീയെന്ന നിലക്ക്‌, ഞാന്‍ ജനിക്കാന്‍ ഇടവന്ന പള്ളി എന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്‌ ഇന്ന്.

കാത്തോലിക്കാ പള്ളിയുടെ അന്തരീക്ഷത്തിലാണ്‌ ഞാന്‍ വളര്‍ന്നുവലുതായത്. പ്രായപൂര്‍ത്തിയായതിനുശേഷം വര്‍ഷങ്ങളോളം, എല്ലാ ദിവസവും പ്രാര്‍ത്ഥനക്കു പോവുകയും പതിവായിരുന്നു. കരിസ്മാറ്റിക്‌ സംഘടനയിലും ഞാന്‍ അംഗമായിരുന്നു. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലിംഗപരവും ലൈംഗികസംബന്ധവുമായ വിഷയങ്ങളില്‍ പള്ളിയെടുക്കുന്ന നിലപാടുകളുടെ പൊള്ളത്തരം കാണാനിടവന്നപ്പോള്‍ ആ പതിവൊക്കെ ഞാന്‍ ഉപേക്ഷിച്ചു.

രാജ്യത്താകമാനം കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ മൂടിവെക്കാന്‍ അമേരിക്കന്‍ പള്ളികള്‍ ഉത്സാഹിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് പള്ളിയുമായി വഴിപിരിയേണ്ടിവന്നത്. കന്യാമറിയത്തെ മാതൃകയായി കണ്ടുകൊണ്ടാണ് ഇത്രനാളും ഇവിടെ ഞങ്ങള്‍ സ്ത്രീകള്‍ ജീവിച്ചത്. പക്ഷേ ഇന്ന് പള്ളി പറയുന്നത് വിവാഹസമയത്ത്, കന്യകാത്വമൊഴിച്ച് മറ്റെന്തുവേണമെങ്കില്‍ ആയിക്കൊള്ളാനാണ്.


MWC (Media with Conscience)-ല്‍ റാച്ചേല്‍ ബ്ലിസ്സ്‌ എഴുതിയ ലേഖനം.

Sunday, June 22, 2008

പരസ്യവിചാരണ

‍അംബരചുംബികളായ മണിമാളികകളുടെയും ഉപ്പുകര്‍പ്പൂരാദികളുടെയും പ്രലോഭിപ്പിക്കുന്ന വര്‍ണ്ണശബളമായ പരസ്യനാളുകള്‍ കഴിഞ്ഞുവെന്ന് ഗള്‍ഫ്‌ ന്യൂസ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

മേഘപാളികള്‍ക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും നീങ്ങുന്ന ഒരു ഗഗനപേടകത്തിന്റെ ചിത്രം. MESA എന്ന വിവിധോദ്ദേശ്യ റഡാറിന്റെ പരസ്യം. കൃത്യതയും വേഗതയുമുള്ള അറിവുകളാണ് യുദ്ധമുഖത്ത് നിര്‍ണ്ണായകമാവുക എന്ന വിജ്ഞാനവും അടിക്കുറിപ്പിലുണ്ട്. തെറ്റിദ്ധരിക്കരുത്. സമൂ‍ഹത്തിന്റെ പരിവര്‍ത്തനത്തിനോ, കൂടുതല്‍ നല്ല ഒരു സമൂഹത്തിന്റെ അതിജീവനത്തിനോ ആവശ്യമായ അറിവല്ല നോര്‍ത്ത്‌റോപ്പ് ഉദ്ദേശിക്കുന്നത്.


ഭാവിയെ വ്യക്തമായി നിര്‍വ്വചിക്കുകയാണത്രെ നോര്‍ത്ത്‌റോപ്പ്‌ ഗ്രുമ്മാന്‍ (Northrop Grumman) എന്ന പ്രതിരോധഭീമന്‍. Defining the Future എന്നാണ് അവരുടെ ആപ്തവാ‍ക്യം. സംശയാസ്പദമായ നിരവധി പ്രതിരോധ ഇടപാടുകളിലെ വില്ലനാണ്‌ ഈ ആയുധവ്യാപാരി. ലോക്‌‍ഹീഡ്‌ മാര്‍ട്ടിനെയും, ബി.എ.ഇ.യെയും പോലെ ഉന്മൂലനത്തില്‍ ഡോക്ടറേറ്റെടുത്തവന്‍. ഒരു സാമ്പിള്‍ വെടിക്കെട്ട് കാണുക.





രാജ്യത്തെ ഏതു സെഗ്‌മെന്റിനുവേണ്ടിയാണ്‌ ഈ മരണവ്യാപാരിയുടെ ഈ പരസ്യം ഗള്‍ഫ്‌ ന്യൂസ്‌ കൊടുത്തിരിക്കുന്നത്‌? എന്താണതിന്റെ സാംഗത്യം? യുദ്ധം ആസന്നമായിയെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണോ അത്‌? ഈ പരസ്യം അനുവദിച്ചതിലൂടെ ഐക്യ അറബി നാടിന്റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌ എന്താണ്? വല്ല്യേട്ടന്മാരുടെ കൂടെ കൂടി സ്വന്തം മസിലുകള്‍ ഇളക്കി ഉമ്മാക്കി കാട്ടിയതുകൊണ്ട്‌ കേമനാണെന്ന മുദ്ര പതിയുമെന്നോ? കുട്ടിക്കളികള്‍ മതിയാക്കി, എടുത്താല്‍ പൊന്താത്ത ഒരു ആഗോള കളിയില്‍ ഒരു കൈ നോക്കാമെന്നോ?


ബര്‍ണാഡ്‌ ഷായുടെ മേജര്‍ ബാര്‍ബറ എന്ന നാടകത്തിലെ മൂന്നാമങ്കത്തിലെ ഒരു സംഭാഷണം റോബര്‍ട്ട്‌ ഫിസ്ക്‌ The Great War for Civilization; The Conquest of Middle East എന്ന തന്റെ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്‌.


ലേഡി ബ്രിറ്റോമാര്‍ട്ട്‌ - ഇതില്‍ ധാര്‍മ്മികമായ പ്രശ്നങ്ങളൊന്നുമില്ല അഡോള്‍ഫസ്‌. നീതിക്കും ശരിക്കും വേണ്ടി പോരാടുന്നവര്‍ക്കൊക്കെ നീ പീരങ്കികളും ആയുധങ്ങളും കൊടുക്കണം. വിദേശികള്‍ക്കും കുറ്റവാളികള്‍ക്കും കൊടുക്കുകയുമരുത്‌.


അണ്ടര്‍ഷാഫ്റ്റ്‌ (ദൃഢനിശ്ചയത്തോടെ) - ഹേയ്‌, അതൊന്നും ശരിയല്ല. ഒരു നല്ല ആയുധകച്ചവടക്കാരന്റെ സ്പിരിറ്റാണ്‌ വേണ്ടത്‌. ന്യായമായ വില തരുന്ന ആര്‍ക്കും നമ്മള്‍ ആയുധം കൊടുക്കണം. വ്യക്തികളെയും അവരുടെ തത്ത്വശാസ്ത്രത്തെയും ഒന്നും നോക്കരുത്‌. പ്രഭുവിനും റിപ്പബ്ലിക്കനും, ശൂന്യതാവാദിക്കും സാര്‍ ചക്രവര്‍ത്തിക്കും, മുതലാളിക്കും സോഷ്യലിസ്റ്റിനും, പ്രൊട്ടസ്റ്റന്റിനും കാത്തോലിക്കനും, കള്ളനും പോലീസിനും, കറുത്തവര്‍ഗ്ഗക്കാരനും, വെള്ളക്കാരനും, മഞ്ഞനിറക്കാരനും, എല്ലാവര്‍ക്കും. ഏതു ദേശക്കാരനായാലും, ഏതു തരം വിശ്വാസിയായാലും, എത്ര വിഢിയായാലും, എന്തു കാരണത്തിനായാലും, എന്തു കുറ്റകൃത്യത്തിനായാലും..."


അതെ, അതുതന്നെയാണ്‌ ഗള്‍ഫ്‌ ന്യൂസ്‌ ഈ പരസ്യത്തിലൂടെ ചെയ്യുന്നത്‌. മരണവ്യാപാരത്തിന്റെ ഏജന്‍സിപ്പണി. ഇതേ ആയുധങ്ങള്‍-ഒരുപക്ഷേ ഇതിനേക്കാള്‍ ലക്ഷ്യവേധിയും, മാരകവുമായവ- ഇവര്‍ മറുപക്ഷത്തിനും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇതിനുമുന്‍പും കൊടുത്തിട്ടുണ്ടെന്നും, ഇനിയും കൊടുക്കുമെന്നും, ഇതേ സൂക്ഷ്മായുധങ്ങള്‍ തങ്ങളെത്തേടിയും എന്നെങ്കിലുമൊരിക്കല്‍ വന്നേക്കാമെന്നും എന്നാണ്‌ ഈ വിവേകചൂഡാമണികള്‍ തിരിച്ചറിയുക?

വൈകിയെത്തുന്ന ബുദ്ധി ചിലപ്പോള്‍ നല്ലതാണെന്നും വരാം. പക്ഷേ അത് തിരിച്ചറിയാന്‍, ജീവനോടെ ഉണ്ടായിരിക്കുക എന്നൊരു മിനിമം ഉപാധിയെങ്കിലും അവശ്യമല്ലേ?

Thursday, June 19, 2008

ഇത് അനാശാസ്യമല്ല

പൂര്‍ണ്ണസമ്മതത്തോടെ ഒരു സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അനാശാസ്യമാകുന്നതെങ്ങിനെയാണ്?

വ്യക്തികളുടെ സമ്മതമില്ലാതെ അവരെ സഭയിലേക്കും അമ്പലത്തിലേക്കും നടതള്ളുന്നതാണ് അനാശാസ്യം. പ്രായപൂര്‍ത്തിയാകാത്ത അവരുടെ സ്വത്തുക്കള്‍ സഭയിലേക്കും വള്ളിക്കാവുകളിലേക്കും പുട്ടപ്പര്‍ത്തിയിലേക്കും പള്ളിയുടെ ഖജനാവിലേക്കും തട്ടിയീടുക്കുന്നതാണ് അനാശാസ്യം.

പൂര്‍ണ്ണസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൊബൈല്‍ ക്യാമറയിലാക്കിയ ആ വഷളനാണ് അനാശാസ്യപ്രവര്‍ത്തനം നടത്തിയത്. ആ പാവപ്പെട്ട കന്യാസ്ത്രീയല്ല. ജൈവപരമാ‍യ ഒരു നിവൃത്തിയാണ് അവര്‍ തന്റേടത്തോടെ ചെയ്തത്. തുറന്നു സമ്മതിച്ചതും. എത്ര ധര്‍മ്മിഷ്ഠന്മാരാണ് നമ്മള്‍. എനിക്കു കേള്‍ക്കണ്ട.

വാര്‍ത്തയുടെ കൂടെ ചിത്രം കൊടുക്കാനും കേരളകൌമുദി മറന്നില്ല. അത് ഏതായാലും ആശാസ്യമായി. നദിയിലെ മണ്ണുവാരലിനെതിരെ സ്വതന്ത്രാഭിപ്രായം പറയുന്ന നാട്ടുകാരന്റെയും, വിവിധ ആരോപണങ്ങളും, പീഡനകഥകളുമായി വാര്‍ത്താചാനലില്‍ വരുന്നവരുടെയും മുഖം മറച്ച് അവരുടെ സ്വകാര്യതയെയും ഭാവിജീവിതത്തെയും രക്ഷിക്കാന്‍ കോപ്പുകൂട്ടുന്ന അതേ പത്രധര്‍മ്മമാണ് , ഈ സ്ത്രീയുടെ സ്വകാര്യനിമിഷങ്ങള്‍ ഒപ്പിയെടുത്ത മൊബൈല്‍ ക്യാമറ ദൃശ്യങ്ങള്‍ പത്രത്തില്‍ നിരത്തിവെച്ച് രതിസുഖം അനുഭവിക്കുന്നതും, വേണമെങ്കില്‍ പുരുഷകേസരികള്‍ക്ക് ഒരു ഹസ്തമൈഥുനത്തിനുള്ള സുവര്‍ണ്ണാവസരം നല്‍കുന്നതും. (ഓണ്‍‌ലൈന്‍ എഡീഷനില്‍ ചിത്രമില്ലായിരുന്നുവെങ്കിലും, പ്രധാനവാര്‍ത്തകള്‍ അയച്ചുകിട്ടുന്ന ലിങ്കില്‍ അതുണ്ടായിരുന്നു)

കന്യാസ്ത്രീകളാകാനുള്ള പ്രായം, അവരുടെ സമ്മതത്തിന്റെ പ്രശ്നം, അവരുടെ സ്വത്തില്‍ അവര്‍ക്കുള്ള അധികാരം എന്നിവയെക്കുറിച്ച് വനിതാ കമ്മീഷന്‍ നടത്തിയ ധീരമായ ഇടപെടലുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. സഭാമേലദ്ധ്യക്ഷന്മാരുടെ എതിര്‍പ്പുകള്‍ പ്രതീക്ഷിച്ചതുതന്നെയായിരുന്നുവെങ്കിലും നമ്മെ ലജ്ജിപ്പിക്കേണ്ടത്, പിണറായി അടക്കമുള്ളവര്‍ ആ വിഷയത്തില്‍ കൈക്കൊണ്ട ഉളുപ്പില്ലായ്മതന്നെയാണ്. പിണറായിയില്‍നിന്ന് പ്രതേകിച്ചെന്തെങ്കിലും പ്രതീക്ഷിച്ചതുകൊണ്ടായിരുന്നില്ല അത്. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ വഴിക്ക് നടക്കുമെന്നൊ മറ്റോ പറയുമെന്നെങ്കിലും വെറുതെ മോഹിച്ചു.

ആ സ്ത്രീയോട് ഒരു വാക്ക്. സഭക്കും കര്‍ത്താവിനുമെതിരായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതുകൊണ്ട് സന്ന്യാസവൃത്തി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയെന്നു കേട്ടു. നല്ലത്. പഠിപ്പിലോ തൊഴിലിലോ ഏര്‍പ്പെട്ട്, വിവാഹവും കഴിച്ച്, സുഖമായി ജീവിക്കുക. അത്ര നല്ല നാളുകളാവില്ല തൊട്ടു മുന്‍പിലുണ്ടാവുക എന്നറിയാം. അതു കാര്യമാക്കാനില്ല. ഇതിന്റെ അലയൊലികളൊക്കെ കെട്ടുപോകും. ഇതിലും എത്ര വലിയ കോലാഹലങ്ങള്‍ കണ്ടവരാണ് നമ്മള്‍, അല്ലേ? ഈ ഒരു സംഭവം കൊണ്ടെങ്കിലും, മറ്റൊരു വലിയ ദുരന്തത്തില്‍നിന്ന് രക്ഷകിട്ടിയല്ലോ എന്ന് ആശ്വസിക്കുക. കര്‍ത്താവിന്റെ മണവാട്ടിയായിരിക്കുന്നതിനേക്കാള്‍ നല്ലത് ചങ്കൂറ്റമുള്ള ഒരു പുരുഷന്റെ ജീവിതപങ്കാളിയായിരിക്കുക എന്നതുതന്നെയാണ്.

ഇനി, അനാശാസ്യമെന്ന് ഇവര്‍ ലേബലൊട്ടിച്ച ഈ പ്രവൃത്തി, കര്‍ത്താവിനെതിരാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? കര്‍ത്താവ് എന്നൊരാളുണ്ടായിരുന്നെങ്കില്‍, സാധാരണ മനുഷ്യന്റെ ഇത്തരം ചോദനകളെയൊക്കെ അദ്ദേഹത്തിനു നല്ലവണ്ണം മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. തീര്‍ച്ച. നല്ല മനുഷ്യനാണ് ഏറ്റവും നല്ല സന്ന്യാസിയെന്നും, ഏറ്റവും ശ്രേഷ്ഠനായ സന്ന്യാസി ഒരു ശരാശരി മനുഷ്യന്‍ പോലുമാകില്ലെന്നും മനസ്സിലാക്കാനുള്ള വിവേകമൊക്കെ അദ്ദേഹത്തിനുണ്ടാകും. സംശയിക്കേണ്ട.

Monday, June 16, 2008

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്

പറവൂര്‍ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള രണ്ടേക്കറിലെ മണ്ണ്‌ ഒന്നരയടി ആഴത്തില്‍ നീക്കം ചെയ്ത്, സമീപത്തുള്ള പെരിയാറിലെ വെള്ളത്തില്‍ കഴുകി, അരിച്ചെടുത്ത്, ശുദ്ധിവരുത്തി അഞ്ചു ലക്ഷത്തിലേറെ രൂപ ഒഴുക്കിക്കളയാന്‍ തീരുമാനമായി.

വാസ്തുശാസ്ത്രപണ്ഡിതനായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി എന്ന വിദ്വാന്റെ സവിശേഷബുദ്ധിയില്‍ ഉദിച്ച കാര്യമാണ് ഇത്. ഭൂപ്രകൃതിയിലും നീരൊഴുക്കിലുമുണ്ടായ മാറ്റം കൊണ്ട് അമ്പലത്തിന്റെ പത്മപാദുകവും അരഞ്ഞാണവും മണ്ണിനടിയിലായതും, മണ്ണിന്റെ ‘കണ്ണും കാതും’ അടഞ്ഞതും, വാസ്തുപുരുഷന്റെ കുടികിടപ്പുകാരണം ദിശമാറി വെള്ളമൊഴുകുന്നത് അപകടകരമാകുന്നതുകൊണ്ടുമാണത്രെ ഈ അറ്റകൈപ്രയോഗത്തിന് ഒരുമ്പെട്ടിരിക്കുന്നത്. അതേതായാലും നന്നായി.

പക്ഷേ, ഇതുകൊണ്ടൊന്നും ‘ഐശ്വര്യത്തിന്റെ ദോഷം‘ പൂര്‍ണ്ണമായും ഇല്ലാ‍താകില്ലെന്ന് അമ്പലം ഭരണാധികാരികള്‍ മനസ്സിലാക്കണം. അടിയന്തിരമായി ചെയ്യേണ്ട മറ്റു കാര്യങ്ങളുമുണ്ട്. അരിച്ചെടുത്ത് ശുദ്ധീകരിച്ച മണ്ണില്‍ സുഗന്ധതൈലങ്ങള്‍ പൂശണം. കഴിയുമെങ്കില്‍, ചിലവ് അല്‍പ്പം കൂടിയാലും തരക്കേടില്ല, സ്വര്‍ണ്ണം പൂശുന്നതും നന്നായിരിക്കും.

ഇനി, ചുറ്റുവട്ടത്ത് എവിടെയെങ്കിലും ഏതെങ്കിലും താഴ്ന്ന ജാതിക്കാരോ, അന്യമതസ്ഥരോ താമസിക്കുന്നുണ്ടെങ്കില്‍, അവരെയും കഴിയുന്നതും വേഗം അവിടെനിന്ന് ഇറക്കിവിടണം. അന്യമതസ്ഥരും അഹിന്ദുക്കളും അമ്പലത്തിനുള്ളില്‍ പ്രവേശിക്കരുതെന്നും, അമ്പലത്തിനുചുറ്റുമുള്ള വഴികളിലൂടെ നടക്കരുതെന്നും ഒരു ബോര്‍ഡ്‌‌കൂടി വെച്ചാല്‍ ഏറെ നന്ന്. ഏതൊക്കെ വിധത്തിലാണ് അശുദ്ധികള്‍ ഉണ്ടാവുകയെന്ന് ആര്‍ക്കും ഇന്നത്തെകാലത്ത് ഉറപ്പിച്ച് പറയാന്‍ വയ്യല്ലോ. ഒരു ശ്രദ്ധ വേണമെന്ന് ചുരുക്കം.

വാര്‍ത്ത ഇവിടെ

Thursday, June 12, 2008

അടിമയുടെ സ്വപ്നം; പത്രങ്ങളും ഓവുചാലുകളും - രണ്ടു ലേഖനങ്ങള്‍

"വീട്ടുജോലിക്കാരെ മനുഷ്യരായി എന്നു മുതല്‍ നമ്മള്‍ പരിഗണിക്കാന്‍ തുടങ്ങുന്നുവോ അന്നുമുതല്‍ അവരെക്കൊണ്ട്‌ വലിയ പ്രയോജനമില്ലാതെ വരുന്നു'വെന്ന് നമ്മെ പരിഹസിച്ചത്‌ ബര്‍ണാഡ്‌ ഷാ ആയിരുന്നു.

ആ സത്യം മനസ്സിലാകാതെപോയതുകൊണ്ടായിരിക്കണം, ഇന്ത്യക്കാര്‍ തങ്ങളുടെ വീട്ടുജോലിക്കാരോട്‌ ഇത്ര മോശമായി പെരുമാറുന്നത്‌.ഈയടുത്തദിവസം ദില്ലിയില്‍ ഒരു വിദ്യാര്‍ത്ഥിനിയെ അവളുടെ വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍കണ്ടെത്തി. ആദ്യം സംശയിച്ചത്‌ അവരുടെ വേലക്കാരനെയായിരുന്നു. ഒളിച്ചോടിപ്പോയ വേലക്കാരന്റെ കഥയും നൊട്ടിനുണഞ്ഞ്, മാധ്യമപ്പട, ഒട്ടും സമയം നഷ്ടപ്പെടുത്താതെ, പട്ടണത്തിലേക്ക്‌ പാഞ്ഞു . പക്ഷേ. തൊട്ടടുത്ത ദിവസം, പെണ്‍കുട്ടിയുടെ വീടിന്റെ മുകളിലുള്ള മുറിയില്‍നിന്ന്, ജോലിക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇപ്പോള്‍ പറയുന്നത്‌ അയാളായിരിക്കണം ആദ്യം കൊല്ലപ്പെട്ടത്‌ എന്നാണ്‌.

ഞാന്‍ ആലോചിക്കുന്നത്‌ ആ വീട്ടുജോലിക്കാരനെക്കുറിച്ചാണ്‌. എത്ര എളുപ്പത്തിലാണ്‌ നമ്മളയാളില്‍ കുറ്റം ചുമത്തിയത്‌?

ഇത്‌ പ്രതീക്ഷിക്കാവുന്നതുതന്നെയാണ്‌. എന്റെ അയല്‍പക്കത്തുള്ള നിസാമുദ്ദീന്‍ എന്ന സമ്പന്നപ്രദേശത്ത്‌ കഴിഞ്ഞ ഒരു മാസമായി നിരന്തരം പോലീസ്‌ സംഘങ്ങള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്‌. താമസക്കാര്‍ എത്തിച്ചുകൊടുക്കുന്ന കസേരയില്‍, ഏതെങ്കിലും മരച്ചുവട്ടിലിരുന്ന്, തടിച്ച രജിസ്റ്റര്‍ ബുക്കും തുറന്നുവെച്ച്‌, പ്രദേശത്തെ വീട്ടുവേലക്കാരുടെയും, ഡ്രൈവര്‍മാരുടെയും, തോട്ടിപ്പണിക്കാരുടെയും പൂര്‍വ്വകാലചരിത്രം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌ അവര്‍. മറ്റു പ്രദേശങ്ങളിലും ഏറെക്കുറെ ഇതുതന്നെയാണ്‌ നടക്കുന്നത്‌. ഇതൊക്കെയാണെങ്കിലും, യജമാനന്മാരെ ചോദ്യം ചെയ്യണമെന്നൊന്നും ആര്‍ക്കും തോന്നുന്നുമില്ല. (അവരുടെയും വിരലടയാളങ്ങള്‍ എടുക്കുന്നുണ്ട്‌, പക്ഷേ അത്‌ അവര്‍ക്ക്‌ അമേരിക്കയിലേക്കും മറ്റും പോകാനുള്ള വിസയുടെ ആവശ്യത്തിനുവേണ്ടിയാണെന്നുള്ള കാര്യം വേലക്കാരില്‍നിന്നും രഹസ്യമായിവെച്ചിരിക്കുകയാണ്‌).


നമ്മെ സഹായിക്കാന്‍ വേണ്ടി നമ്മള്‍തന്നെ വാടകക്കെടുക്കുന്ന ഈ മനുഷ്യരെതന്നെ ആദ്യം നമ്മള്‍ സംശയിക്കാന്‍ ഇടവരുന്നതും, അവരോട്‌ മോശമായി പെരുമാറുന്നതും എന്തുകൊണ്ടാണ്‌?

ജൂണ്‍ 5-ലെ ഡോണ്‍ പത്രത്തില്‍ ജാവേദ് നഖ്‌‌വി എഴുതിയ ലേഖനത്തില്‍നിന്ന്.

ഇന്ത്യ 2020-ലേക്കും ദളിതന്‍ ഓവുചാലിലേക്കും

പ്രസക്തമായ മറ്റൊരു നിരീക്ഷണം കൂടി ജാവേദ് നഖ്‌വി പുതിയ ലേഖനത്തില്‍ അവതരിപ്പിക്കുന്നു.

Monday, June 9, 2008

യു.എ.ഇ.യുടെ സ്വത്വാന്വേഷണപരീക്ഷകള്‍

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഐക്യ അറബി നാടിന്റെ സ്വത്വന്വേഷണത്തെക്കുറിച്ചുള്ള ചിന്തകള്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്‌ മാധ്യമങ്ങളിലും വിവിധ ഫോറങ്ങളിലും. ഒട്ടകത്തില്‍നിന്ന് കാഡില്ലാക്കുവരെയുള്ള വളര്‍ച്ചയുടെ പടവുകളില്‍വെച്ച്‌ തങ്ങള്‍ക്കു നഷ്ടമായി എന്ന് അവര്‍ വിശ്വസിക്കുന്ന മൂല്യങ്ങളെയും ദേശീയബോധത്തെയും തിരിച്ചുപിടിക്കാനുള്ള ഒരു സ്വത്വാന്വേഷണം എന്ന നിലക്ക്‌ അതിന്‌ യു.എ.ഇ.യിലും മറ്റ്‌ ഗള്‍ഫ്‌ നാടുകളിലും പ്രസക്തിയുമുണ്ട്‌.

'വരത്തന്‍'മാര്‍ക്കെതിരെ ദക്ഷിണാഫ്രിക്കയിലും മറ്റിടങ്ങളിലും നടക്കുന്ന ആക്രമങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ ആ പ്രസക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു.ഇതിനെക്കുറിച്ചുള്ള ഒരു പ്രവാസിയുടെ കാഴ്ചപ്പാടുകള്‍ക്കും വിലയിരുത്തലുകള്‍ക്കും, മനശ്ശാസ്ത്രപരമായും സാമൂഹ്യപരവുമായ പരിമിതകള്‍ ഏറെയുണ്ടാകാം. പ്രത്യേകിച്ചും, ഒരു ജനാധിപത്യ-റിപ്പബ്ലിക്കിനുള്ളില്‍ നിന്നുകൊണ്ടല്ല സംസാരിക്കുന്നത്‌ എന്നുവരുമ്പോള്‍.

ഒരു രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ തദ്ദേശീയരുടെ എണ്ണം 20-25 ശതമാനം മാത്രമാണെന്നു തിരിച്ചറിയുന്നത്‌ അത്ര സുഖകരമായ ഒരു കാര്യമല്ല. എങ്കിലും യു.എ.ഇ.യിലെ യാഥാര്‍ത്ഥ്യം അതാണുതാനും. അസംഖ്യം, ദേശ-വംശ-വര്‍ഗ്ഗ-ഭാഷാ വൈപുല്യങ്ങള്‍ക്കിടയില്‍ തങ്ങളുടേതായ വ്യക്തിത്വം-സ്വത്വം, പരിരക്ഷിക്കുക എന്നത്‌ കഠിനമായ ചില തിരിച്ചറിവുകളെയും, നയരൂപീകരണങ്ങളെയും, പ്രവൃത്തിമാര്‍ഗ്ഗങ്ങളെയും ക്ഷണിക്കുന്നുണ്ട്‌. അതിവൈകാരികവും ഉപരിപ്ലവമായ കാഴ്ചപ്പാടുകള്‍ പ്രശ്നപരിഹാരത്തിന്‌ തീരെ സഹായകമാവുകയില്ലെന്നു മാത്രമല്ല, അവയെ രൂക്ഷമാക്കാനും ഇടയുണ്ട്‌.

പെട്രോളിന്റെ കണ്ടെത്തലോടെ, തീരെ പ്രതീക്ഷിക്കാത്ത ഒരു ചരിത്രപരിസരത്തിലേക്ക്‌ ഗള്‍ഫ്‌ നാടുകള്‍ സ്വയം പറിച്ചുനടപ്പെടുകയായിരുന്നു. വളര്‍ച്ചയുടെ ഓട്ടപ്പന്തയത്തിനിടയില്‍, പൊട്ടഭാഗ്യം കൊണ്ട്‌ ഫിനിഷിംഗ്‌ പോയിന്റിലെത്തിയ ഒരാളുടെ അന്ധാളിപ്പ്‌, ഗള്‍ഫ്‌ നാടുകളില്‍ ഇന്നും കാണാം. തീരെ പ്രതീക്ഷിച്ചിരിക്കാതെ, അവിശ്വസനീയമായ അളവിലുള്ള പണം കയ്യിലെത്തിച്ചേര്‍ന്ന ഒരാളുടെ സ്ഥിതി. സ്വന്തം ഭൂമിക്കടിയിലെ ആ പൊന്ന് കൈക്കലാക്കാന്‍ അന്യന്റെ സഹായം വേണ്ടിവരുക എന്നതൊരു ദുരന്തമാണെങ്കില്‍ അതും ഇക്കൂട്ടര്‍ക്ക്‌ അനുഭവിക്കേണ്ടിവന്നു.

ഇതൊക്കെയാണെങ്കിലും ഒരു പുതിയ രാഷ്ട്രരൂപീകരണത്തിന്റെ പാതയിലേക്ക്‌ ഇവര്‍ മെല്ലെമെല്ലെ നീങ്ങുന്നതാണ്‌ പിന്നെ നാം കാണുന്നത്‌. ഭൂമിശാസ്ത്രപരമായും പരമ്പരാഗതപൈതൃകങ്ങളാലും ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളെ, അവ വിരലിലെണ്ണാവുന്നവയാണെങ്കില്‍തന്നെയും, ഒരു പൊതു ധാരണയുടെ കീഴില്‍ അണിനിരത്താനും ദേശരാഷ്ട്രമായി സംഘടിപ്പിക്കാനും വളരെ എളുപ്പത്തില്‍ ഇവര്‍ക്ക്‌ കഴിഞ്ഞു. ആയുധബലവും, ബാഹ്യമായ ഇടപെടലുകളുമൊന്നുമില്ലാതെതന്നെ.

എണ്ണപര്യവേക്ഷണത്തിനും അതിനോടനുബന്ധിച്ചുള്ള അടിസ്ഥാനസൗകര്യനിര്‍മ്മാണത്തിനുമായി മറ്റ്‌ ജനവിഭാഗങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവന്നതുമുതലാണ്‌ ഈ അന്യവത്‌ക്കരണത്തിന്റെ ആരംഭം. ആ പ്രാരംഭഘട്ടത്തിനെ സമയബന്ധിതമായി നിര്‍വ്വചിക്കാനോ നിയന്ത്രിക്കാനോ യു.എ.ഇ.ക്ക്‌(മറ്റ്‌ ഗള്‍ഫ്‌ നാടുകള്‍ക്കും) സാധിച്ചില്ല. ദേശനിര്‍മ്മാണം ആവശ്യപ്പെടുന്ന കനത്ത ബാദ്ധ്യതകള്‍ അവര്‍ ഏറ്റെടുത്തില്ല. മുപ്പത്തഞ്ചു കൊല്ലം എന്നത്‌ ഒരു പക്ഷേ അത്തരമൊരു ഏറ്റെടുക്കലിന്‌ മതിയായ കാലയളവല്ലെന്ന ന്യായം ഉയര്‍ന്നുവന്നേക്കാം. അത്‌ ശരിയുമാണ്‌. എങ്കിലും, തങ്ങളുടെ ആശ്രിതാവസ്ഥയെ ഇല്ലാതാക്കുന്നതിനുപകരം, അതിനെ കൂടുതല്‍ക്കൂടുതല്‍ വിപുലമാക്കുകയാണ്‌ ഇന്ന് യു.എ.ഇ. ചെയ്യുന്നത്‌.

പ്രാരംഭഘട്ടത്തിലെ തൊഴിലാളികുടിയേറ്റത്തിന്‌ അനുയോജ്യമായ ഒരു സമ്പദ്‌വ്യവസ്ഥ യു.എ.ഇ. വളര്‍ത്തിയെടുത്തു. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു പശ്ചാത്തലവികസനം. അടിസ്ഥാനനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഉപഭോഗം, വിദ്യാഭ്യാസ-ആരോഗ്യ രംഗം, എന്നിങ്ങനെ, തൊഴില്‍ കുടിയേറ്റക്കാരുടെ സൗകര്യങ്ങള്‍ക്കാണ്‌ പ്രാഥമിക പരിഗണന ലഭിച്ചത്‌. അവയുടെ അളവ്‌ ആരെയും അമ്പരപ്പിക്കുന്നതുമായിരുന്നു. ഈ കുടിയേറ്റക്കാരുടെ ജീവിതത്തിലും, അവരുടെ ജന്മനാടിന്റെ സാമ്പത്തിക-സാമൂഹ്യ വളര്‍ച്ചയിലും ഇത്‌ വളരെ വലിയ മാറ്റങ്ങളാണ്‌ ഉണ്ടാക്കിയത്‌. നല്ലതിനായാലും അല്ലെങ്കിലും. അത്‌ മറ്റൊരു വിഷയം.

കമ്പോളത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ഇത്‌ നിയന്ത്രിച്ചു. കമ്പോളത്തിന്‌, ലാഭമെന്ന ലക്ഷ്യമൊഴിച്ച്‌, സ്ഥായിയായ മറ്റൊരു സ്വത്വബോധവും ബാധകമല്ലാത്തതുകൊണ്ട്‌ അത്‌ വീണ്ടുംവീണ്ടും കുടിയേറ്റത്തെയും, അതിനോടനുബന്ധിച്ചുള്ള ഭീമമായി വളരുന്ന ആഗോളമാതൃകയിലുള്ള സമ്പദ്‌വ്യവസ്ഥയെയും നിര്‍മ്മിച്ചു.അപ്പോഴൊക്കെ, 60-ല്‍ നിന്ന് 30-ലേക്കും, 25-ലേക്കും ജനസംഖ്യയിലും രാജ്യത്തിന്റെ നിര്‍ണ്ണായകഘടകമെന്ന നിലയിലും തദ്ദേശീയര്‍ താഴുകയാണുണ്ടായത്‌.

ഈ പ്രക്രിയ ഇനിയും അവസാനിച്ചിട്ടില്ല എന്നുകൂടി വായിക്കുമ്പോഴാണ്‌ ഈ ദേശസ്വത്വത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങളുടെയും ചര്‍ച്ചകളുടെയും ഉപരിപ്ലവത്വം നമുക്ക് ബോദ്ധ്യമാവുക.

പുതിയ കണക്കനുസരിച്ച്‌, 2011- ആകുമ്പോഴേക്കും ഇവിടെ നിര്‍മ്മിതമാവുന്ന താമസകേന്ദ്രങ്ങളില്‍ 84 ശതമാനവും വിദേശീയരുടെ കയ്യിലായിരിക്കുമെന്ന് പുളകം കൊള്ളുന്നതിനോടൊപ്പമാണ്‌, നഷ്ടമാകുന്ന ദേശീയസ്വത്വത്തെക്കുറിച്ചുള്ള ഈ വിലാപങ്ങളും ഉയര്‍ന്നുവരുന്നത്‌. 42000 ദിര്‍ഹം മുന്‍കൂറായി കൊടുത്ത്‌ ‘ദുബായില്‍ ഒരു സാന്‍ഫ്രാന്‍സിസ്കോ സ്വന്തമാക്കൂ’ എന്നാണ്‌ ഒരു പരസ്യ ഏജന്‍സി, ഒരു ഉളിപ്പുമില്ലാതെ, ഈ മണ്ണില്‍നിന്നുകൊണ്ടുതന്നെ, ഈ സ്വത്വാന്വേഷികളെ ഉദ്‌ബോധിപ്പിക്കുന്നതും, ആ ഉദ്‌ബോധനത്തെ ബഹുവര്‍ണ്ണ പരസ്യ കവറില്‍ പൊതിഞ്ഞ്, ഇവിടുത്തെത്തന്നെ ഒരു പ്രമുഖ പത്രം വീട്ടുവരാന്തകളില്‍ നിക്ഷേപിക്കുന്നതും. ‍ഏഴു എമിറേറ്റുകളും ഇതില്‍ ഒന്നിനൊന്നു മെച്ചമായി മത്സരിക്കുകയും ചെയ്യുന്നു. അതിസമ്പന്നരെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള, അവര്‍ക്ക്‌ മാത്രം അതിജീവിക്കാനും പെറ്റുപെരുകാനുമുള്ള, ആഡംബര്‍പൂര്‍ണ്ണവും, കുമിളസദൃശവുമായ ഒരു സാമ്പത്തിക മേഖലയെയാണ്‌ ഈ രാജ്യം ഇന്ന് ലക്ഷ്യമാക്കുന്നത്‌. അതില്‍ തദ്ദേശീയരായ മദ്ധ്യവര്‍ഗ്ഗ സമൂഹത്തിനുപോലും സ്ഥനമില്ലാതായിക്കൊണ്ടിരിക്കുന്നു. സ്വന്തം മണ്ണും സാംസ്കാരികപരിസരവും വിദേശകമ്പോള ശക്തികള്‍ക്ക്‌ തീറെഴുതിക്കൊടുക്കുകയാണ്‌ യു.എ.ഇ.യും (ഗള്‍ഫ്‌ നാടുകള്‍ പൊതുവെയും) ചെയ്യുന്നത്‌. ഉപഭോഗത്തില്‍ മാത്രം അധിഷ്ഠിതമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയും, ആ സമൂഹത്തിനാവശ്യമായ വര്‍ദ്ധമാനമായ ഉപഭോഗ കമ്പോളം വീണ്ടും വീണ്ടും പുനസൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ദൂഷിതവലയത്തിനകത്താണ്‌ ഇന്ന് യു.എ.ഇ.

തങ്ങളുടെ ഭാഷയും സംസ്കാരവും പങ്കുവെക്കുന്ന മറ്റ്‌ അറബ്‌ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെയായിരിക്കണം കൂടുതലായും കൊണ്ടുവരേണ്ടതെന്ന് പറയുന്ന ഡോക്‍ടര്‍ ജമാല്‍ അല്‍ സുവൈദിയെപ്പോലുള്ളവര്‍പോലും വെറും ബാലിശമായ വാദഗതികളാണ്‌ ഉയര്‍ത്തുന്നത്‌. എമിറേറ്റ്‌സ്‌ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ്‌ ആന്‍ഡ്‌ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലാണദ്ദേഹം. അറബ്‌ ലോകം ഒരു ഏകശിലാരൂപമല്ലെന്ന സാമാന്യബോധമെങ്കിലും അദ്ദേഹത്തില്‍നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. അറബ് രാജ്യങ്ങള്‍ എന്നതുകൊണ്ട് ജി.സി.സി.യിലെ ആറു രാജ്യങ്ങളെയാണോ അല്‍ സുവൈദി ഉദ്ദേശിച്ചതെന്ന് വ്യക്തമാല്ല. അങ്ങിനെയാണെങ്കില്‍പ്പോലും മതവിശ്വാസത്തിലും വേഷധാരണത്തിലും, അതുപോലുള്ള ബാഹ്യമായ രീതികളിലും മാത്രമേ ഒരു പൊതു പാരമ്പര്യം ഈ ഗള്‍ഫ് നാടുകള്‍ പങ്കുവെക്കുന്നുള്ളു. (അറബികളെന്ന സംജ്ഞ ഈ ആറു ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല) അതില്‍പ്പോലും വ്യത്യാസങ്ങളും വൈജാത്യങ്ങളും ആവശ്യത്തിനുണ്ടുതാനും. എമിറേറ്റിലെ പുരുഷന്മാര്‍ വിദേശവനിതകളെ വിവാഹം ചെയ്യുന്ന പ്രവണതയെ വിലയിരുത്തുന്ന നജ്‌ല അവാധിയുടെ വീക്ഷണവും സസൂക്ഷ്മം പഠന-വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്‌. യു.എ.ഇ.യിലെയും (പൊതുവെ ഗള്‍ഫിലെയും) സ്ത്രീ-പുരുഷബന്ധങ്ങളുടെ സാമൂഹ്യതലത്തെ നജ്‌ല സ്പര്‍ശിക്കുന്നുണ്ടെന്നത്‌ ശ്രദ്ധേയമാണ്‌.

അന്യസമൂഹങ്ങളോടുള്ള സഹിഷ്ണുതയുടെ കാര്യത്തില്‍, യു.എ.ഇ.യിലെ തദ്ദേശീയസമൂഹം മറ്റു രാജ്യങ്ങളേക്കാള്‍ ഏറെ മുന്‍പിലാണ്‌. വളരെ വിശാലവും ബഹുസ്വരതയുമുള്ള ഒരു ലോകവുമായുള്ള അവരുടെ കഴിഞ്ഞ മുപ്പതുകൊല്ലത്തെ മുഖമുഖം അവരെ സാമൂഹ്യപരമായി ഏറെ പുരോഗമനോന്മുഖമാക്കിയിട്ടുണ്ട്‌. എങ്കിലും, തങ്ങളുടേതായ പാരമ്പര്യത്തില്‍നിന്ന് അവര്‍ ബഹുദൂരം അകന്നുപോയ്‌ക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അറബ്‌ ഭാഷയുടെ വ്യാപനത്തിലും വളര്‍ച്ചയിലും പ്രകടമാകുന്ന ഉദാസീനത ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌. സ്കൂള്‍ കരിക്കുലത്തിനകത്തും പുറത്തും ഇത്‌ ദൃശ്യവുമാണ്‌. അറബ്‌ ഭാഷ പഠനത്തെ നിര്‍ബന്ധമാക്കാനോ, അതിനുതകുന്ന പാഠ്യപദ്ധതിയോ അദ്ധ്യാപകരേയോ വാര്‍ത്തെടുക്കാനും കഴിയാതെപോകുന്നു.

കമ്പോളത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞ സ്വകാര്യ മേഖലയിലുള്ള തദ്ദേശീയരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനോ, അവരെ അതിനു സന്നദ്ധമാക്കാനോ പരിശീലിപ്പിക്കാനോ ഉള്ള പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നില്ലെന്നുവേണം പറയാന്‍. നാമമാത്രമായ പ്രവര്‍ത്തനങ്ങളാണ്‌ അധികവും കാണുന്നത്‌. തദ്ദേശവത്‌ക്കരണം അധികവും ഒതുങ്ങുന്നത്‌ സര്‍ക്കാര്‍ മേഖലയിലാണ്‌. ആ സര്‍ക്കാര്‍ മേഖലതന്നെ, ഭീമന്‍ സ്വകാര്യ കോര്‍പ്പറേറ്റുകളുടെ അനുബന്ധമായി തരംതാഴുകയും ചെയ്തിരിക്കുന്നു.

ഒരു രാജ്യത്തിന്റെ വ്യക്തിത്വം അഥവാ, സ്വത്വബോധമെന്നത്‌, അതിന്റെ സാമ്പത്തികവും, സാമൂഹ്യവും, സാംസ്കാരികവുമായ പരമാധികാരവുമായി ബന്ധപ്പെട്ടതാണെങ്കില്‍, യു.എ.ഇ. അത്‌ ഓരോന്നോരോന്നായി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടിവരുന്നു.

യു.എ.ഇ.യിലെ പുതിയ തലമുറയുടെ വളര്‍ച്ചയില്‍, രാജ്യത്തിലെ അന്യനാട്ടുകാരായ വീട്ടുജോലിക്കാരുടെ സ്വാധീനം,അറബിഭാഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലീഷിനോട്‌ പുതിയ തലമുറക്കുള്ള അഭിനിവേശം, ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി പുതിയ തലമുറ പാരമ്പര്യങ്ങളെ കയ്യൊഴിയുന്നത്‌, അങ്ങിനെയങ്ങിനെ വിവിധ കാരണങ്ങളിലേക്കാണ്‌ സ്വത്വബോധത്തിന്റെ അന്വേഷണം നീളുന്നത്‌. എങ്കിലും ഇതൊക്കെ രോഗത്തിന്റെ കാരണങ്ങളല്ലെന്നും രോഗലക്ഷണങ്ങള്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവ്‌ നഷ്ടമാകുന്നുമുണ്ട്‌ ഇത്തരം അന്വേഷണങ്ങളില്‍.

ഇന്നത്തെ രീതിയിലുള്ള വികസന സങ്കല്‍പ്പങ്ങളില്‍ നിന്ന് യു.എ.ഇ. വിടുതല്‍ നേടേണ്ടതുണ്ട്‌. ഉത്‌പാദനാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയാണ്‌ ഏതൊരു രാജ്യത്തിന്റെയും പിന്‍ബലമാകേണ്ടത്‌. പ്രകൃതിവിഭവങ്ങളുടെ അപര്യാപ്തത, പ്രതികൂലമായ കാലാവസ്ഥ, മറ്റു സാഹചര്യങ്ങള്‍ എന്നിവ മൂലം ചില രാജ്യങ്ങളില്‍ അതിനുള്ള സാദ്ധ്യതകള്‍ കണ്ടില്ലെന്നും വരാം. എങ്കിലും മിനിമം സാമൂഹ്യപ്രതിബദ്ധതയെങ്കിലുമുള്ള ഒരു വാണിജ്യരംഗത്തിന്റെ പ്രയോഗവും അവക്ക് സാ‍മ്പത്തികരംഗത്തുള്ള അധീശത്വവും കൊണ്ട്‌ അത്തരം പരിമിതികളെ അതിവര്‍ത്തിക്കാനും നല്ലൊരു പരിധിവരെ സാധിക്കും. ഇവിടെ നമ്മള്‍ കാണുന്നത്‌ അത്തരമൊരു വീണ്ടുവിചാരമല്ലതന്നെ. തികച്ചും ഊഹാപോഹത്തില്‍ അധിഷ്ഠിതമായ കമ്പോളവ്യവസ്ഥയും, അതിന്റെ ഉള്ളുറപ്പില്ലാത്ത തറക്കല്ലിന്മേല്‍ പടുത്തുയര്‍ത്തിയ റിയല്‍ എസ്റ്റേറ്റ്‌-വിനോദവ്യവസായങ്ങളുടെ അംബരചുംബികളുമാണ്‌ ഐക്യ അറബി നാടിന്റെ സ്വത്വബോധ അന്വേഷണങ്ങളുടെ ആകാശങ്ങളിലേക്ക്‌ ഇന്ന് ഭീഷണമായ വിരല്‍ചൂണ്ടുന്നത്‌.


* തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ച ലേഖനം.

Wednesday, June 4, 2008

പൂര്‍വ്വാശ്രമത്തില്‍നിന്ന് ഒരേട് - അവസാന ഭാഗം

ബിര്‍ളയുടെ ക്ഷേത്രങ്ങള്‍ മലയാളികളുടെ ക്ഷേത്രസങ്കല്‍പ്പത്തില്‍നിന്ന് എങ്ങിനെ വ്യത്യസ്തമായിരിക്കുന്നുവോ, അതുപോലെയായിരുന്നു രാഘവാനന്ദമഠം എന്ന ആശ്രമവും. പ്രശാന്തമായ പരിസരവും, തളിര്‍ത്തുലയുന്ന വൃക്ഷലതാദികളും തികഞ്ഞ പാരസ്പര്യത്തില്‍ കഴിയുന്ന ആശ്രമമൃഗങ്ങളും ഒന്നുമുണ്ടായിരുന്നില്ല അവിടെ. കല്‍ബാദേവി ക്ഷേത്രത്തിനടുത്തുള്ള, ഗുലാല്‍വാഡിയിലെ കിക്കാ സ്ട്രീറ്റില്‍ അത്‌ തിങ്ങി ഞെരുങ്ങിനിന്നു. ശ്വാസം വിടാന്‍പോലും പഴുതില്ലാത്തവിധം. ഗ്രാന്റ് റോഡിലെ ചുവന്ന തെരുവില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തില്‍.

താഴെ നിലയില്‍ ഒരു വലിയ ഹാള്‍. അതിന്റെ മദ്ധ്യത്തില്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത ആലിംഗനബദ്ധരായ ശിവപാര്‍വ്വതിമാര്‍. മുകളില്‍ രണ്ടു വലിയ ഹാളുകള്‍. നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള സന്ന്യാസിമാര്‍ അതില്‍ വിരുന്നു പാര്‍ത്തു വന്നു. ഒരാഴ്ചയില്‍ കൂടുതല്‍ കാലം ഒരു സന്ന്യാസിയും വിരുന്നുപാര്‍ക്കാന്‍ പാടില്ലെന്നുള്ളായിരുന്നു ആശ്രമത്തിലെ അലിഖിത നിയമം. രണ്ടു വലിയ ഹാളുകള്‍ കൂടാതെ, രണ്ടു ചെറിയ മുറികളുണ്ടായിരുന്നത്‌, തലമൂത്ത സന്ന്യാസിമാര്‍ക്കായി മാറ്റിവെച്ചിരുന്നു. ദ്വാരകയിലെ ഇളംകൂറും ഞാനും അവിടെക്കൂടി. രണ്ടുദിവസത്തിനുശേഷം അമ്മാവന്‍ ദ്വാരകയിലേക്ക്‌ മടങ്ങിയപ്പോള്‍ ഞാന്‍ എന്റെ താമസം ഹാളിലേക്ക്‌ മാറ്റി.

പ്രേമാനന്ദന്‍ ഒരു അപൂര്‍വ്വ ജന്മമായിരുന്നു. കോട്ടയം സ്വദേശി. പണ്ടത്തെ നിലക്കല്‍ സമരത്തിലൊക്കെ പങ്കെടുത്തിരുന്ന ദേഹം. ശാക്തേയനാണ്‌. വി.കെ.എന്‍ പറഞ്ഞതുപോലെ, "ഇന്നതേ ആകാവൂന്ന്‌‌ല്ല്യാ”ത്ത കൂട്ടര്‍. വൈഷ്ണവരാകട്ടെ പരമഭക്തരും സാത്വികാംശം കൂടുതലുള്ളവരും. ദ്വാരകയില്‍ നമ്മളത്‌ കണ്ടതാണല്ലോ.

അവിടെ കൂടി. രണ്ടു മാസത്തോളം. പ്രേമാനന്ദന്റെ ദിവസം തുടങ്ങുന്നത്‌ അതിരാവിലെ എട്ടൊന്‍പത്‌ മണിയോടെയാണ്‌. പാചകക്കാരന്‍ ഒരാളുണ്ട്‌. ലംബു എന്നായിരുന്നു വിളിച്ചിരുന്നത്‌. ഒരു ദീര്‍ഘാപാംഗന്‍. സാധു. പത്തുമണിയാകുമ്പോഴേക്കും കുളിയും തേവാരവുമൊക്കെ കഴിഞ്ഞ്‌, പ്രേമാനന്ദന്‍ മൂന്നാം നിലയിലെ സ്വീകരണമുറിയിലെത്തുമ്പോഴേക്കും ലംബു രണ്ടു മൂന്നു കിലോ ശിവമൂലിയുമായി വന്നിട്ടുണ്ടാകും. കല്‍ബാദേവി ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള പീടികയില്‍നിന്നാണ്‌ ജടയന്റെ വരവ്‌. അവിടെ എപ്പോഴും അത്‌ സുലഭം. താഴത്തെ ഹാളില്‍നിന്ന് 'ഭേദപ്പെട്ട വീടുക'ളിലെ സാധുക്കളൊക്കെ അപ്പോഴേക്കും സ്വീകരണമുറിയിലെത്തിയിട്ടുണ്ടാകും.

ഭാര്‍തിയെക്കുറിച്ച്‌ നമ്മളൊന്നും പറഞ്ഞില്ലല്ലോ. തെലുങ്കത്തിയാണ്‌. ചെറുപ്പം. നല്ല തന്റേടം. ഹിന്ദിയും, മറാത്തിയും, തെലുങ്കും, മലയാളവും, തമിഴും, തുളുവും, എല്ലാം ഭംഗിയായി വീശും. കാവിമുണ്ട്‌. നല്ല ഇറുക്കമുള്ള ഫുള്‍സ്ലീവ്‌സ്‌ കാവിജുബ്ബ. നെറ്റിയില്‍ നീളത്തില്‍ കളഭവര. അതില്‍ കറുത്ത വലിയ പൊട്ട്‌. കാണാന്‍ നന്ന്.തീരെ പ്രവചിക്കാനാവാത്ത സ്വഭാവം. ഇടക്കിടക്ക്‌ പൊട്ടിത്തെറിക്കും. മുറിയില്‍ചെന്നിരുന്ന് ഉച്ചത്തില്‍ കരയുന്നത്‌ കേള്‍ക്കാം മറ്റുചിലപ്പോള്‍. പ്രേമാനന്ദനോടും ഇടക്ക്‌ വല്ലാതെ കയര്‍ക്കും. മൂപ്പരാകട്ടെ, അത്‌ നല്ലവണ്ണമാസ്വദിച്ച്‌, പിന്നെയും പിന്നെയും ഭാര്‍തിയെ ചൂടുപിടിപ്പിക്കുകയും ചെയ്യും. അത്യപൂര്‍വ്വമായി അടുക്കളയില്‍ ലംബുവിനെ സഹായിക്കാനും നില്‍ക്കും ഭാര്‍തി.

സ്വീകരണമുറിയില്‍ പ്രേമാനന്ദന്റെ തൊട്ടടുത്ത്‌ അവരും ഇരുന്നമരും. മുറിയില്‍ നിറയുന്ന സന്ന്യാസിവര്യന്മാര്‍ പ്രേമാനന്ദനും ഭാര്‍തിയുമായി അല്‍പം ചില ആചാര-ഭംഗിവാക്കുകള്‍ പങ്കിടും. ശിവമൂലി കുത്തിനിറച്ച ഹുക്കയും സാമ്പ്രാണിതാലത്തിലെ കനലുകളുമായി ലംബു എത്തും. പ്രേമാനന്ദന്റെ മുന്‍പിലുള്ള പാത്രത്തില്‍ നിര്‍വ്വാണവും പ്രതീക്ഷിച്ച്‌ ധ്യാനനിമഗ്നമായി, അക്ഷമയോടെ ഹുക്ക കാത്തിരിക്കുന്നുണ്ടാകും. ഏറ്റവും പ്രായം ചെന്ന ഏതെങ്കിലുമൊരു കാഷായധാരി സാമ്പ്രാണിതാലത്തില്‍നിന്ന് ഒരു കനലെടുത്ത്‌ ഹുക്കയില്‍ വെക്കും. അതോടെ ശിവസ്തുതികള്‍ ഉയരുകയായി. ഹുങ്കാരശബ്ദത്തോടെ. ആദ്യത്തെ പുക പ്രേമാനന്ദന്‌. അടുത്തത്‌ ഭാര്‍തി. ഹുക്കയുടെ പ്രയാണം തുടങ്ങുകയായി. ഒരു ഹുക്ക തീരുമ്പോഴേക്കും ലംബു അടുത്തത്‌ നിറച്ചിട്ടുണ്ടാകും. ഈ പൂജ സമാപിക്കുക പന്ത്രണ്ടുമണിയോടെയാണ്‌. ചത്ത കണ്ണുകളും കഫം നിറഞ്ഞ ചുമയുമായി സന്ന്യാസിമാര്‍ പിരിഞ്ഞുപോകും താഴത്തെ നിലയിലേക്ക്‌.

ഇനിയാണ്‌ പ്രേമാനന്ദന്റെ കര്‍മ്മം ആരംഭിക്കുക. സുദര്‍ശനചക്രവും വിവിധ ചക്രങ്ങളും ഇരുന്ന് വരക്കും. ഒരു കലാകാരന്റെ അനുഷ്ഠാനധ്യാനത്തോടെ. അരികില്‍ പാര്‍വ്വതിയെപ്പോലെ, നല്ല മൊഴികളുമായി ഭാര്‍തി. ഇരുന്ന് കുറേ മുഷിയുമ്പോള്‍ താഴത്തെ നിലയിലെ ഹാളിലും, പ്രാര്‍ത്ഥനാമന്ദിരത്തിലുമൊക്കെ ചുറ്റി നടക്കും ഭാര്‍തി. താഴെയുള്ള പ്രാര്‍ത്ഥനാമന്ദിരത്തില്‍ ഘനനിതംബികളും അതിസുന്ദരികളുമായ ഗുജറാത്തി-മാര്‍വാഡി സ്ത്രീകള്‍ പൂജയും ആരതിയും ഉഴിയുന്നുണ്ടാകും.

ചക്രവ്യൂഹങ്ങള്‍ ചമച്ചതിനുശേഷം പ്രേമാനന്ദനും ഭാര്‍തിയുമിരുന്ന് കുറച്ചുനേരം ഹിന്ദി സിനിമകള്‍ കാണും. അമിതാഭും വിനോദ്ഖന്നയുമൊക്കെ ഉണ്ടാകും അക്കൂട്ടത്തില്‍. രണ്ടു രണ്ടരയാടെ വിശേഷാല്‍ പ്രതികളുമായി വിസ്തരിച്ചൊരൂണ്‌. പിന്നെ പള്ളിയറയിലേക്കു പോവുകയായി മാതാജിയും സ്വാമിജിയും. വൈകുന്നേരം അല്‍പ്പം ചെസ്സും, കാരംസുകളിയുമൊക്കെ കളിച്ച്‌, വീണ്ടും പ്രേമാനന്ദന്‍ ചക്രങ്ങളുമായി സഹവസിക്കും. സന്ധ്യക്ക്‌ താഴെ വിശാലമായ പൂജ. അപ്പോഴേക്കും വീണ്ടും സ്വീകരണമുറി തയ്യാറായിട്ടുണ്ടാകും. ഹുക്കയും സാമ്പ്രാണിതൈലവും വരും. പെരുമ്പറകൊട്ടുന്ന ശബ്ദത്തില്‍ വീണ്ടും സംഘം ചേര്‍ന്ന് ശിവസ്തുതി. ഹുക്കയുടെ ആത്മാഹുതി. അന്തരീക്ഷത്തില്‍ നീലനിറത്തിലുള്ള മാസ്മരികവലയങ്ങള്‍ തീര്‍ത്ത്‌ ശിവമൂലി കത്തിക്കയറി എരിഞ്ഞുതീരും. വീണ്ടും എന്തെങ്കിലും മൂന്നാംകിട സിനിമകള്‍. ഇടക്ക്‌ പ്രേമാനന്ദന്‍ താഴത്തെ ഹാളിലെ സന്ന്യാസികളുടെയിടയില്‍ ക്ഷേമാന്വേഷണവുമായി വരും. ആശ്രമത്തിനു വെളിയിലിറങ്ങി നാട്ടുകാരോടുള്ള കുശലപ്രശ്നങ്ങളും പ്രേമാനന്ദന്റെ രാത്രിയിലെ ദിനചര്യകളുടെ ഭാഗമാണ്‌.

ഇതൊക്കെയായിരുന്നു അവിടുത്തെ ദിനചര്യകള്‍. രാവിലത്തെ സംഘം ചേര്‍ന്നുള്ള ഗഞ്ചന്‍ പ്രയോഗത്തിനുശേഷം, ചക്രങ്ങളുമായി മല്ലിടുമ്പോഴാണ്‌ പ്രേമാനന്ദനെ കാണാന്‍ ആളുകള്‍ വരുക. പ്രേമാനന്ദന്‍ വെറും സ്വാമിജി മാത്രമല്ല. സ്ഥലത്തെ ഓണററി മജിസ്റ്റ്രേറ്റുകൂടിയായിരുന്നു മൂപ്പര്‍. ബോംബെ കോര്‍പ്പറേഷന്റെ ഒരു ചെറിയ കര്‍ത്തരി കര്‍മ്മണി പ്രയോഗം. നഗരസഭയുടെയും പോലീസിന്റെയും ജോലിഭാരം കുറക്കാനും, അവര്‍ക്ക്‌ ചെന്നെത്താന്‍ സാധിക്കാത്തതും അവര്‍ ചെയ്യാന്‍ ഭയപ്പെടുന്നതും മടിക്കുന്നതുമായ കാര്യങ്ങളില്‍ ഇടപെടാനും, വേണ്ടിവന്നാല്‍ പറഞ്ഞൊതുക്കാനും ഇനിയും വേണ്ടിവന്നാല്‍ കൈകാര്യം ചെയ്യാനുമാണ്‌ ഇത്തരം ഓണററി മജിസ്ത്രേറ്റുമാരെ വെച്ചിരിക്കുന്നത്‌. സ്ഥലത്തെ ഒരുമാതിരി അടിപിടികളും ലഹളകളുമൊക്കെ അവര്‍ നോക്കിക്കൊള്ളും. അധികാരവികേന്ദ്രീകരണസങ്കല്‍പ്പം കേരളത്തിലെത്തുന്നതിനും‌‌മുന്‍പാണ് ഇത്.

ബോളിവുഡില്‍ നിന്ന് ഇറങ്ങിവരുന്നവരെപ്പോലെ തോന്നിച്ചിരുന്നു സ്വാമിജിയുടെ ആ പകല്‍ സന്ദര്‍ശകര്‍. ചിലപ്പോള്‍ രാത്രിയിലും അവര്‍ വരുക പതിവായിരുന്നു. സന്ദര്‍ശനമുറിയുടെ വാതില്‍ അടച്ചിട്ടുണ്ടാകും അപ്പോള്‍. അതിനുള്ളില്‍നിന്ന് അടക്കിപ്പിടിച്ച സംസാരവും അട്ടഹാസച്ചിരികളും ഉയരും.താഴെയുള്ള ഹാളിലെ ജീവിതം മറ്റൊന്നായിരുന്നു. പകല്‍ മുഴുവന്‍ ആ ഹാളുകളില്‍ നിശ്ശബ്ദത തളം കെട്ടിക്കിടക്കും. ചിലര്‍ മുകളില്‍ പ്രേമാനന്ദന്റെ കൂടെ. ചിലര്‍ നഗരസഞ്ചാര യത്നങ്ങളില്‍. ചിലര്‍ ഉറക്കം. ചിലര്‍ അദൃശ്യരൂപങ്ങളുമായി നീണ്ട സംഭാഷണങ്ങളിലായിരിക്കും. ചിരിയും കരച്ചിലുമായി. രാത്രികളില്‍ ആ രണ്ടു വലിയ ഹാളുകളും സജീവമാകും. പല ഭാഗത്തുനിന്നുമെത്തിയവര്‍. ചെറുപ്പക്കാര്‍, പ്രായം ചെന്നവര്‍. ശാന്തശീലര്‍, അസ്വസ്ഥരായവര്‍, സദാ പ്രസന്നമായ മുഖത്തോടുകൂടിയവര്‍, വെറുപ്പും, ദേഷ്യവും മായാത്ത മുഖങ്ങള്‍, ഒച്ചവെക്കുന്നവര്‍, കൂനിപ്പിടിച്ച്‌ സംശയദൃഷ്ടികളോടെ ചുറ്റും നോക്കി മൗനികളായിരിക്കുന്നവര്‍. ചീട്ടുകളിയുടെ ഉസ്താദുകള്‍. വെടിപറച്ചിലുകാര്‍. നിഗൂഢത ഒളിപ്പിച്ചുവെച്ച പെരുമാറ്റങ്ങളോടെ, കാണുന്നവരില്‍ ഭയബഹുമാനങ്ങള്‍ ഉണര്‍ത്തുന്നവര്‍. വി.കെ.എന്നും, എം.ടിയും, ബഷീറും, തകഴിയും, ഒ.വി.വിജയനും, പത്മനാഭനും, അക്കിത്തവും, ആനന്ദും, ജോണ്‍ എബ്രഹാമും, കെ.പി.നാരായണപ്പിഷാരടിയും എല്ലാം ഒരുമിച്ചൊരു മുറിയിലെത്തിയതുപോലെ ഒരു വിചിത്രലോകം. പാട്ടും നൃത്തവും തെറിയും ഭജനയും, പഴങ്കഥകളും, ചര്‍ച്ചകളുമെല്ലാമായി മദോന്മത്തമാകുന്ന രാത്രികാലങ്ങള്‍.

നാടോടികളും അഗതികളും, അനാഥരും, അശാന്തപ്രകൃതികളും, ക്ഷിപ്രകോപ-പ്രസാദികളുമായ ആ സന്ന്യാസിമാരുടെ കൂടെ ആ വലിയ ഹാളില്‍, ഒരു കിടക്കവിരിയും വിരിച്ച്‌, രണ്ടുമാസം കഴിച്ചുകൂട്ടി. ഇടക്കൊക്കെ രാത്രിയില്‍ ഉച്ചത്തിലുള്ള ബഹളവും പോര്‍വിളികളും കേട്ട്‌ ഞെട്ടിയുണരും. എന്തെങ്കിലും ചെറിയ കാര്യങ്ങളെച്ചൊല്ലിയുള്ള വന്‍ബഹളങ്ങള്‍. മുകളിലെ നിലയില്‍നിന്ന് പ്രേമാനന്ദനും ഭാര്‍തിയും ഉറക്കച്ചടവോടെയെത്തും. ഒതുക്കിത്തീര്‍ക്കും. എന്റെ തൊട്ടടുത്തുണ്ടായിരുന്ന ഒരാള്‍ നാസിക്കില്‍ നിന്നുള്ള ഒരാളായിരുന്നു. പന്ത്രണ്ടു വര്‍ഷമായി ഒരിക്കലും ഇരിക്കാത്ത ഒരാളാണെന്ന് പറഞ്ഞുകേട്ടു. രണ്ടു കാലുകളും നീരുവന്നു വീര്‍ത്തിരുന്നു. ഹാളിന്റെ ഉത്തരത്തില്‍ ഒരു കയര്‍കെട്ടി, അതില്‍ കാലുകള്‍ കയറ്റിവെച്ച്‌, ചുമരില്‍ ചാരിനിന്നായിരുന്നു രാത്രിയില്‍ അയാള്‍ ഉറങ്ങാറുണ്ടായിരുന്നത്‌.

രണ്ടുമൂന്നുതവണ പ്രേമാനന്ദന്‍ എന്നെയും ക്ഷണിച്ചു രാവിലത്തെ സംഘം ചേരലില്‍. മുന്‍പരിചയമില്ലാത്ത വസ്തുവൊന്നുമായിരുന്നില്ല എനിക്കും ശിവമൂലി. പോരാത്തതിന്‌ പ്രേമാനന്ദനെന്ന ഗൃഹനാഥന്റെ സ്നേഹസാന്ദ്രമായ ക്ഷണവും, വിചാരിച്ചപോലെ കാര്യങ്ങളൊന്നും നീങ്ങാത്തതിന്റെ ഇരിപ്പുറക്കായ്കയും. ഹുക്കയെ ഭക്ത്യാദരങ്ങളോടെ ഞാന്‍ ആവാഹിക്കുന്നത്‌ ഇടംകണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു പ്രേമാനന്ദനും ഭാര്‍തിയും.

പ്രേമാനന്ദനാകുന്നതിനുമുന്‍പ്‌ പ്രേമാനന്ദന്‍ (മൂപ്പരുടെ പേരു വെളിപ്പെടുത്തുന്നത്‌ ശരിയാവില്ലെന്നതുകൊണ്ട്‌ അതൊഴിവാക്കുന്നു) ബോംബയിലെ സാമാന്യം തരക്കേടില്ലാത്ത ഒരു ചട്ടമ്പിയായിരുന്നുവത്രെ. കുത്തഴിഞ്ഞ ആ ജീവിതത്തിനിടയിലാണ്‌ മരണാസന്നനായി കിടക്കുന്ന ഒരാളെ കാണാനും പരിചയപ്പെടാനും, മരണം വരെ അയാളെ ശുശ്രൂഷിക്കാനും പ്രേമാനന്ദന്‌ ഇടവരുന്നത്‌. തന്നെ പരിചരിച്ച ദയാലുവായ ചട്ടമ്പിക്ക്‌ ആ വൃദ്ധന്‍ ദാനമായി നല്‍കിയതായിരുന്നു ആ കെട്ടിടം. അതിന്റെ ചുമതലക്കായി ഒരു ട്രസ്റ്റ്‌ രൂപീകരിക്കുകയും അതിന്റെ ചുമതലക്കാരനായി പ്രേമാനന്ദനെ അവരോധിക്കുകയും ചെയ്തിട്ടാണ്‌ രാഘവാനന്ദന്‍ സമാധിയാകുന്നത്‌.

അന്ന് അവിടെ ഒരു നിത്യമുക്താനന്ദനുമുണ്ടായിരുന്നു. തീരെ ചെറുപ്പം. സാക്ഷാല്‍ പറക്കും സ്വാമിയുടെ ശിഷ്യന്‍. യോഗയിലാണ്‌ സാമര്‍ത്ഥ്യം. രണ്ട്‌ മദാമ്മമാരുടെ ക്ഷണം കിട്ടിയതനുസരിച്ച്‌ ആസ്ത്രേലിയയിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പുമായി വന്നതായിരുന്നു നിത്യമുക്തന്‍. പരമസാത്വികന്‍. എന്നെപ്പോലെ, യാത്ര നീണ്ടു നീണ്ട്‌ അവിടെ അടിഞ്ഞതായിരുന്നു അയാളും. ഇടക്കിടക്ക്‌ ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ചര്‍ച്ചയില്‍ ഏര്‍പ്പെടും. ദൈവവും ഭക്തിയും വിശ്വാസവും ഒക്കെയാണ്‌ വിഷയങ്ങള്‍. രാഷ്ട്രീയവും ഇടക്ക്‌ കയറിവരും. എടോ നിത്യമുക്താ എന്നും, വേണമെങ്കില്‍ മറ്റുള്ളവര്‍ കേള്‍ക്കാതെ, അല്‍പ്പം കടന്നുള്ള വിശേഷണങ്ങളിലൂടെയും അഭിസംബോധന ചെയ്യാം. മുഷിയില്ല. അത്രക്ക്‌ അടുപ്പം. ഭവാസനത്തിലൂടെ ലെവിറ്റേഷന്‍ (വായുവില്‍ പൊങ്ങിനില്‍ക്കുക) സാദ്ധ്യമാകുമെന്ന് ഒരിക്കല്‍ വാദിച്ചു മൂപ്പര്‍. എങ്കില്‍ അതൊന്നു കാണണമെന്നായി. ഇരുന്ന ഇരുപ്പില്‍ ഉയര്‍ന്നു കാണിച്ചാല്‍ ഭക്തിമാര്‍ഗ്ഗം കൂടാമെന്ന് വെച്ചുകാച്ചുകയും ചെയ്തു. എന്നെപ്പോലുള്ള അവിശ്വാസികളുടെ മുന്നില്‍ വെച്ച്‌ കാണിച്ചാല്‍ സ്വായത്തമാക്കിയ വിദ്യക്ക്‌ ഗുണമല്ലെന്നുപറഞ്ഞ്‌ തടിയൂരി നിത്യമുക്തന്‍. പിന്നെ, അതും പറഞ്ഞ്‌ രാത്രി ഞങ്ങള്‍ ഏറെനേരം ചിരിച്ചു. എവിടെയാണാവോ ഇന്നയാള്‍.

ആശ്രമത്തിലെ പൂജയിലും മറ്റും പങ്കെടുക്കാതെ ഞാന്‍ ഒന്നൊന്നരമാസം രക്ഷപ്പെട്ടുനടന്നു. പിന്നെപ്പിന്നെ വൈകുന്നേരത്തെ പൂജയില്‍ പങ്കെടുക്കാന്‍ പ്രേമാനന്ദന്‍ നിര്‍ബന്ധിച്ചുതുടങ്ങി. ഞാന്‍ മറ്റൊരു താമസസ്ഥലം കണ്ടെത്തി പ്രേമാനന്ദനെ നയത്തില്‍ വിവരമറിയിച്ചു. ബോംബയിലെ ഏജന്റിനു മുഴുവന്‍ പൈസയും കൊടുത്തുകഴിഞ്ഞിരുന്നു. യാത്ര അടുത്തൊന്നും ശരിയാവുന്ന ലക്ഷണവുമില്ല. രാത്രി പ്രേമാനന്ദന്‍ മുറിയിലേക്ക്‌ വിളിപ്പിച്ചു."രാജുഭായ്‌, നിനക്കു താത്‌പര്യമില്ലെങ്കില്‍ പൂജയിലൊന്നും നീ പങ്കെടുക്കണമെന്ന് ഞാന്‍ നിര്‍ബന്ധിക്കില്ല. ആ ഒരു കാരണം കൊണ്ട്‌ നീ ഇവിടെനിന്ന് മാറുകയും വേണ്ട. പക്ഷേ നിന്റെ പൈസ ഏജന്റിന്റെ കയ്യിലാണ്‌. അതോര്‍മ്മവേണം. ഏതെങ്കിലുംവശാല്‍ നിന്റെ യാത്ര ശരിയായില്ലെങ്കില്‍, നീ ഏജന്റിനു കൊടുത്ത പൈസ ഞാന്‍ മേടിച്ചുതരും. പക്ഷേ നീ ഇവിടെനിന്ന് മാറിയാല്‍ പിന്നെ നീ എന്നെ പ്രതീക്ഷിക്കണ്ട. എന്റെ ഉത്തരവാദിത്ത്വം അതോടെ കഴിയും. ഇനിയൊക്കെ നിന്റെ ഇഷ്ടം".

ഉള്ളില്‍ പ്രേമാനന്ദനെ നമിച്ചു. തീരുമാനം മാറ്റി. പിന്നെയും ചില ദിവസങ്ങള്‍. സൗദിയിലേക്കുള്ള യാത്ര ശരിയായി. യാത്ര പുറപ്പെടുന്നതിനുമുന്‍പ്‌ പ്രേമാനന്ദനെ ചെന്നു കണ്ടു. കുംഭമേളക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലായിരുന്നു പ്രേമാനന്ദനും ഭാര്‍തിയും ലംബുവുമൊക്കെ. അവിടെ ചെന്നാല്‍ നീ ഞങ്ങള്‍ക്ക്‌ കത്തയക്കുമോടാ? നാട്ടില്‍ വരുമ്പോള്‍ ഇടക്ക്‌ വരണം.

പ്രേമാനന്ദന്റെയും പരിവാരത്തിന്റെയും കൂടെ ആ രാത്രി ആശ്രമത്തില്‍നിന്ന് ഇറങ്ങി. ഏജന്റിന്റെ ഓഫീസിലേക്കു പോകാതെ കുംഭമേളക്കു പോയാലോ എന്ന് ഒരുനിമിഷം ആലോചിച്ചു. അച്ഛനെയും അമ്മയെയും ഓര്‍മ്മവന്നു. അഭിനയിച്ചേടത്തോളമുള്ള ക്രമരഹിതമായ അവധൂതവേഷമൊക്കെത്തന്നെയും ആവശ്യത്തിലും ഏറെയും കസറിയിട്ടുണ്ടല്ലോ എന്ന് ഉള്ളില്‍തോന്നുകയും ചെയ്തു.

(അവസാനിച്ചു)

അനുബന്ധം

രണ്ട്‌ ഓര്‍മ്മകള്‍ കൂടി ബാക്കി.

ഒന്ന് ചിന്മയാനന്ദനുമായുള്ളത്. ഹൈസ്കൂള്‍ വിദ്യാഭ്യാസകാലത്ത്‌ സ്ഥിരമായി വര്‍ഷത്തിലൊരിക്കല്‍ ചിന്മയാനന്ദന്റെ ഗീതാ പ്രഭാഷണം കേള്‍ക്കാന്‍ എറണാകുളത്തുള്ള ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പോകുമായിരുന്നു. ഏഴു ദിവസവും മുടങ്ങാതെ പോകും. ഒന്നും വിടാതെ കേള്‍ക്കും. കഴിയാവുന്നത്ര കുറിച്ചെടുക്കും. കുറേക്കാലത്തിനുശേഷം, കല്‍ക്കത്തയിലെ ജീവിതത്തിനിടക്കും ഒരിക്കല്‍ അവസരം കിട്ടി. അന്ന് മൂപ്പര്‍ ഒരു സിംഘാനിയയുടെ വീട്ടിലായിരുന്നു താമസം. അക്കാലമാകുമ്പോഴേക്കും ഉള്ളില്‍നിന്ന് ദൈവവും വിശ്വാസവുമൊക്കെ, മുഴുവനായല്ലെങ്കില്‍തന്നെ, ഏതാണ്ട്‌, പുറത്തു കടന്നിരുന്നു. പരിചയക്കാരെ മാത്രമേ സിംഘാനിയയുടെ വീട്ടുകാവല്‍ക്കാരന്‍ ഉള്ളില്‍ കയറ്റിവിടുന്നുണ്ടായിരുന്നുള്ളു. എങ്ങിനെയോ കണ്ണുവെട്ടിച്ച്‌, ചന്ദ്രനും ഞാനും ഉള്ളില്‍ കടന്നു. അന്നവിടെ കണ്ടതുപോലുള്ള ഒരു ആഭാസരംഗം അതിനുമുന്‍പോ പിന്‍പോ കാണാനിടവന്നിട്ടില്ല. അകത്ത്‌, ഒരു സിംഹാസനത്തില്‍ സ്വാമിജി വാണരുളുന്നു. രണ്ടു ശിഷ്യന്മാര്‍ വെഞ്ചാമരം വീശുന്നു. അതിശയോക്തിയല്ല, ഒരു ശിഷ്യ നിലത്തിരുന്ന് സ്വാമിജിയുടെ പാദാരവിന്ദങ്ങള്‍ ഒരു താലത്തിലെടുത്ത്‌ കഴുകിക്കൊണ്ടിരിക്കുന്നു. മാര്‍വാഡികളും, തമിഴന്മാരുമടക്കമുള്ളവര്‍ വലിയ നോട്ടുകെട്ടുകള്‍ ചിന്മയാനന്ധന്റെ കയ്യിലും കാല്‍ക്കലും വെച്ച്‌ തൊഴുത്‌, അനുഗ്രഹം വാങ്ങി, കുശലാന്വേഷണങ്ങള്‍ നടത്തി, നിര്‍വ്വാണസുഖത്തോടെ ദര്‍ശിച്ച് മടങ്ങുന്നു. ചിന്മയചിത്തനായി അന്ന് അവിടെനിന്നിറങ്ങിയതില്‍പിന്നെയാണ്‌ ആനന്ദമെന്നത്‌ ശരിക്കുമറിയുന്നത്‌. സംശയം തോന്നിത്തുടങ്ങിയിരുന്ന വിഗ്രഹങ്ങള്‍ പൂര്‍ണ്ണമായും തച്ചുടയുന്നതിന്റെ പരമാനന്ദം. എല്ലാ ഹിന്ദുക്കളും അവരവുടെ വീടുകള്‍ക്കുമുകളില്‍ കാവിക്കൊടി കെട്ടണമെന്നൊക്കെയുള്ള ഒരു തിരഞ്ഞെടുപ്പുകാലത്തെ, മൂപ്പരുടെ പുലമ്പലുകള്‍ 'വെളിക്കിറ'ങ്ങുന്നത്‌ അതിനുംശേഷമായിരുന്നു.

രണ്ടാമത്തേത്‌ 96-ലാണ്‌. ഗള്‍ഫ്‌ ജീവിതത്തിനിടക്ക്‌ രണ്ടുവര്‍ഷം തൊഴിലില്ലാതെ നാട്ടില്‍ കഴിയുമ്പോള്‍ നിത്യചൈതന്യയതിയുടെ ബൃഹദാരണ്യകാപനിഷത്തിന്റെ ഒരു ഭാഗം കോഴിക്കോടുവെച്ച്‌ വായിക്കാനിടയായി. മറ്റൊരാളുടെ പുസ്തകം. മുഴുവനും വായിക്കണമെന്നു തോന്നി. തൃശ്ശൂരും പാലക്കാട്ടും അന്വേഷിച്ചു. അവിടെയൊന്നും കിട്ടാനുണ്ടായിരുന്നില്ല. യതിക്ക്‌ എഴുതി. വിലയെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. കൃത്യം ഒരാഴ്ചക്കുള്ളില്‍ പ്രീ-പെയ്‌ഡ്‌ തപാലില്‍ മൂന്നു ഭാഗങ്ങളും എത്തി. യതിയുടെ കുറിപ്പില്‍ പുസ്തകവില 850 ആണെന്നും എഴുതിയിരുന്നു. പുസ്തകം കിട്ടിയ വിവരവും പൈസയെത്തിക്കാന്‍ അല്‍പ്പം സാവകാശം വേണമെന്നും കാണിച്ച്‌ മറുപടിയെഴുതി. അതാ വരുന്നു അടുത്ത മറുപടി. പൈസയുടെ കാര്യം സൂചിപ്പിച്ചുവെന്നേയുള്ളു, സൗകര്യം പോലെ അയച്ചാല്‍ മതി, ഇനി അഥവാ സാധിച്ചില്ലെങ്കിലും കാര്യമാക്കേണ്ടതില്ല. പുസ്തകം വായിക്കുന്നതില്‍ പക്ഷേ അമാന്തം കാണിക്കരുതെന്നും അതില്‍ എഴുതിയിരുന്നു. ആദ്യത്തെ കത്തില്‍ എന്റെ കാഴ്ചപ്പാടുകളെക്കുറിച്ച്‌ ഞാന്‍ കുത്തിക്കുറിച്ച വിവരദോഷങ്ങള്‍ക്കും അജ്ഞതക്കും, സാമാന്യം ദീര്‍ഘമായി തന്നെ അദ്ദേഹം മൂന്നു പേജുവരുന്ന മറുപടിയും എഴുതിയിരുന്നു. തൊട്ടടുത്ത ആഴ്ചകളില്‍ "റൂമി പറഞ്ഞ കഥ'യും, 'യാത്ര'യും, 'ഭാരതീയ മനശ്ശാസ്ത്രത്തിനൊരാമുഖ'വും തപാലില്‍ പ്രീപെയ്‌ഡായിതന്നെ ഒന്നിനുപിറകെ ഒന്നായി ഫേണ്‍ഹില്ലില്‍നിന്നും വരുകയുമുണ്ടായി. അഞ്ചാറുമാസങ്ങള്‍ക്കുശേഷമാണ്‌ ആ കടം വീട്ടാന്‍ എനിക്ക്‌ കഴിഞ്ഞത്‌.

ഗുരുക്കന്മാരെയും ആനന്ദന്‍മാരെയുംകുറിച്ചൊക്കെ കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും ഇത്തരം ഗുരുലഘുത്വങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വിടാതെ പിന്തുടരുകയും ചെയ്യാറുണ്ട്‌. നിത്യവും.

ഐക്യദാര്‍ഢ്യം, സ്മരണാഞ്ജലി

യെമനിലെ സ്വതന്ത്ര പത്രപ്രവര്‍ത്തകനായ അബ്ദുള്‍ കരിം അല്‍ ഖൈവാനിയെ നിരവധി കുറ്റങ്ങള്‍ ചുമത്തി തടവിലാക്കിയിരിക്കുന്നു. യമധര്‍മ്മത്തെ സാധൂകരിക്കുന്ന വിധത്തില്‍, വധശിക്ഷതന്നെ ലഭിക്കാവുന്ന രീതിയിലാണ് യമനിലെ ഭരണകൂ‍ടം ഈ പത്രപ്രവര്‍ത്തകനെതിരെ നിയമം പ്രയോഗിക്കുന്നത്. അതിനെതിരെ പ്രതികരിക്കുക.

സൌദി അറേബ്യയിലെ പ്രമുഖ വനിതാ ബ്ലോഗ്ഗറായ ഹദീല്‍ അല്‍ ഹൊദെയ്‌‌ഫ് ഇക്കഴിഞ്ഞ മെയ് 16-ന്‍ അന്തരിച്ചു. ഈയിടെ അറസ്റ്റിലായ മറ്റൊരു സൌദി ബ്ലോഗ്ഗറായ ഫൌദ് അല്‍ ഫര്‍ഹാന്റേതുള്‍പ്പെടെ, സൌദിയിലെ മനുഷ്യാവകാശപ്രശ്നങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഹദീല്‍. Heaven's Steps എന്ന തന്റെ ബ്ലോഗ്ഗിലൂടെ സൌദി ഭരണകൂടത്തിനെതിരെ നിരന്തരം രൂക്ഷമായി പ്രതികരിച്ചിരുന്നു അവര്‍. അവരെയും ഇവിടെ ഓര്‍മ്മിക്കട്ടെ.

അധികവായനക്ക് ഇവിടെ

Tuesday, June 3, 2008

ഒരു സന്തോഷവര്‍ത്തമാനം

വൈറ്റ് ഹൌസിലും കോണ്‍ഗ്രസ്സിലുമിരിക്കുന്ന നപുംസകങ്ങളുടെ വാക്ക് വിശ്വസിച്ച്, അഫ്ഘാനിസ്ഥാനിലും ഇറാഖിലും ജനാധിപത്യവും സമാധാനവും ഇറക്കുമതിചെയ്യാന്‍ പോയവരാണവര്‍. അമേരിക്കന്‍ പട്ടാളക്കാര്‍. സ്വന്തം വീടിന്റെ തണലും തുണയും കൈവിട്ട്, വേണ്ടപ്പെട്ടവരെ വേര്‍പിരിഞ്ഞ്, അന്യനാട്ടില്‍ പോയി കൊല്ലും കൊലയും നടത്തിയവര്‍. കുട്ടികളെയും സ്ത്രീകളെയും നിരാലംബരായ ഗ്രാമീണരെയും ഒരു കാരണവുമില്ലാതെ കൊല്ലാക്കൊല ചെയ്തവര്‍. മാസാമാസ ശമ്പളത്തിനുവേണ്ടി. വെറ്ററന്‍സ് എന്നു വിളിക്കുന്നവര്‍. യുദ്ധനിപുണന്മാര്‍. ഇറാഖിലെയും അഫ്ഘാനിസ്ഥാനിലെയും കുട്ടികളുടെ കൂടെ തെരുവില്‍ പന്തു തട്ടിക്കളിക്കുകയും, അവരുടെ കൂടെ നിന്ന് ഫോട്ടോയെടുക്കുകയും, തൊട്ടടുത്ത നിമിഷം അവര്‍ക്കുമീതെ ക്ലസ്റ്റര്‍ മഴ പെയ്യിച്ച് അവരെ കൂട്ടത്തോടെ ഇല്ലാതാക്കുകയും ചെയ്ത്, ആനന്ദനൃത്തം ചവുട്ടുന്ന വെറ്ററന്‍സ്.

അവധിയില്‍ നാട്ടില്‍ വരുമ്പോള്‍ അവര്‍ അറിയുന്നു. തങ്ങള്‍ നിരാലംബരാണെന്ന്. കയറിക്കിടക്കാന്‍ ഒരു കൂരപോലും തങ്ങള്‍ക്കില്ലെന്ന്. കുടുംബം ച്ഛിന്നഭിന്നമായിപ്പോയിരിക്കുന്നുവെന്ന്. കടം കയറി മുടിഞ്ഞിരിക്കുന്നുവെന്ന്. പറയുന്നത് മിഡില്‍ ഈസ്റ്റ് ഓണ്‍ലൈന്‍

പട്ടാളക്കാരേ, ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു സഹതാപവും തോന്നുന്നില്ല. ഇത് നിങ്ങള്‍ അനുഭവിക്കുകതന്നെ വേണം. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട്. സംഘടിക്കുക, ഇന്നത്തെ ഈ അമേരിക്കയെ അട്ടിമറിക്കുക. . പുതിയ ഒരു അമേരിക്കയെ സൃഷ്ടിക്കുക. ജനാധിപത്യ മൂല്യങ്ങള്‍ക്കും, ലോകസമാധാനത്തിനും ആഗോളപാരസ്പര്യത്തിനും വിലകല്‍പ്പിക്കുന്ന ഒരു അമേരിക്കയെ.

ലോകത്തോട് മുഴുവന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന, ഒളിവിലും തെളിവിലുമുള്ള അട്ടിമറികളെയും അക്രമപരമ്പരകളെയും ദേശീയ അജണ്ടയായി പാസ്സാക്കി കൊണ്ടുനടക്കുന്ന ബുഷ്-ചെനി-റൈസ്-കോണ്‍ഗ്രസ്സ് പ്രഭൃതികളെ അധികാരത്തില്‍നിന്ന് ആട്ടിയോടിക്കുക. തെരുവിലിറക്കി വിചാരണചെയ്യുക.

ബ്രീട്ടീഷ് സൈനികര്‍ക്കും ഇത് ഒരു പാ‍ഠമായിരിക്കണം. ഇറാഖിലും ലോകത്തിന്റെ മറ്റിടങ്ങളിലും അമേരിക്ക നടത്തുന്ന നഗ്നമായ നരനായാട്ടില്‍ പങ്കെടുത്തതിന് നാളെ നിങ്ങളും സമാധാനം പറയേണ്ടിവരും. അവിടെ പൊലിഞ്ഞുപോയ ഓരോ ജീവിതവും നാളെ നിങ്ങളെ തിരിച്ചു വേട്ടയാടുന്ന ഒരു കാലം വരുകതന്നെ ചെയ്യും. സംശയം വേണ്ട. ബുഷിന്റെ പഴയ ആ വെപ്പാട്ടി, നിങ്ങളുടെ ആ ടോണി ബ്ലെയര്‍, അയാളെയും കാലം ചോദ്യം ചെയ്യും.

Wednesday, May 28, 2008

എല്ലാം കാണുന്ന കണ്ണ്

മുപ്പതുവർഷം മുൻപ്‌ ഷെങ്ങ്‌സെൻ (Shenzhen) എന്ന പേരിലൊരു നഗരം നിലവിലുണ്ടായിരുന്നില്ല. നിരനിരയായികിടക്കുന്ന മുക്കുവഗ്രാമങ്ങളും, കൂട്ടുകൃഷി നടന്നിരുന്ന നെൽവയലുകളും ചെളിപുതഞ്ഞ റോഡുകളും, പരമ്പരാഗത ക്ഷേത്രങ്ങളും മാത്രമേ അന്ന് അവിടെയുണ്ടായിരുന്നുള്ളു. പരീക്ഷണാടിസ്ഥാനത്തിൽ മുതലാളിത്തം നടപ്പിലാക്കിനോക്കുന്നതിനുവേണ്ടി നാലു പ്രത്യേകസാമ്പത്തിക മേഖലകളെ ചൈനീസ്‌ കമ്മ്യൂണിസ്റ്റു പാർട്ടി സൃഷ്ടിക്കുന്നതിനുംമുൻപായിരുന്നു അത്‌. തിരഞ്ഞെടുത്ത ആ നാലു സ്ഥലങ്ങളിലൊന്നായിരുന്നു ഷെങ്ങ്‌സെന്‍. ഹോംഗ്‌കോങ്ങ്‌ തുറമുഖത്തിനടുത്തായിരുന്നു ആ സ്ഥലമെന്നത്‌ കാര്യങ്ങൾ കൂടുതൽ ഭംഗിയാക്കി. ‘യഥാർത്ഥ‘ ചൈനയുടെ സോഷ്യലിസ്റ്റ്‌ ആത്മാവിനു കോട്ടമൊന്നും വരാതെ, സ്വകാര്യമേഖലയിലൂടെയും, വ്യവസായ വികസനത്തിലൂടെയും ലാഭം ഉറപ്പാക്കുക എന്നതായിരുന്നു ആ മുതലാളിത്ത പരീക്ഷണത്തിന്റെ പിന്നിലുള്ള സിദ്ധാന്തം. ചരിത്രത്തിന്റെയോ സംസ്കാരത്തിന്റെയോ യാതൊരു ഭാരവുമില്ലാത്ത ഒരു സമ്പൂർണ്ണവാണിജ്യനഗരമാണ് ആ പരീക്ഷണത്തിന്റെ ഫലമായി ഉയര്‍ന്നുവന്നത്. മുതലാളിത്തത്തിന്റെ കടഞ്ഞെടുത്ത സത്ത്. നിക്ഷേപകരെ അത്‌ വല്ലാതെയങ്ങ് വശീകരിച്ചുകളഞ്ഞു.

ഷെങ്ങ്‌സെൻ സ്ഥിതിചെയ്യുന്ന ചൈനയുടെ ദക്ഷിണഭാഗത്തുള്ള പേൾ നദീതടത്തിൽ (Pearl River Delta) മാത്രമല്ല, രാജ്യത്തൊട്ടാകെ ഈ പരീക്ഷണം വളരെവേഗത്തിൽ വ്യാപിച്ചു. ഷെങ്ങ്‌സെൻ നഗരത്തിൽ മാത്രം ഇന്ന്, ഒരു ലക്ഷത്തോളം ഫാക്റ്ററികളുണ്ട്‌. ജനസംഖ്യയാകട്ടെ 12.4 ദശലക്ഷവും. നിങ്ങളിന്നുപയോഗിക്കുന്ന സാധനങ്ങളിൽ ഭൂരിഭാഗവും വരുന്നത്‌ അവിടെനിന്നായിരിക്കും.



നവോമി ക്ലേന്‍ (Naomi Klein) എഴുതിയ ലേഖനം. ഇവിടെ. ജോര്‍ജ്ജ് ഓര്‍വ്വലിയന്‍ പ്രവചനത്തിന്റെ ആസന്ന സാദ്ധ്യതകളും പ്രയോഗവും നമ്മെ ഭയപ്പെടുത്തുകതന്നെ ചെയ്യും. നിര്‍ബന്ധമാ‍യും വായിച്ചിരിക്കേണ്ട ലേഖനമാണിത്. പക്ഷേ, പരിഭാഷപ്പെടുത്തി ആഘോഷിക്കാനുള്ള സൌകര്യവും, സമയവും, സാവകാശവും തത്‌ക്കാലം കയ്യിലില്ല. ക്ഷമിക്കുക.


Tuesday, May 27, 2008

പൂര്‍വ്വാശ്രമത്തില്‍നിന്ന് ഒരേട്

കേരളത്തിൽനിന്നുള്ള ഈ പത്രവാർത്തകളൊക്കെ പ്രേമാനന്ദനും പ്രേമാനന്ദന്റെ "ഭാർതി'യും വായിക്കുന്നുണ്ടാവുമോ എന്തോ.

അമൃതചൈതന്യമാരുടെയും വിഷ്ണുമായമാരുടെയും ലോകം. പൂർവ്വാശ്രമധർമ്മങ്ങളുടെയും പേരുകളുടെയും ബന്ധങ്ങളുടെയും പിരിയൻഗോവണികളിൽനിന്ന് കൗശലപൂർവ്വം ഇറങ്ങിപ്പോന്നവർ. ഇറക്കിവിടപ്പെട്ടവർ. മനോവിഭ്രമത്തിനെയും ഭക്തിയെയും പരസ്പരം തെറ്റിദ്ധരിച്ച്‌ ഉന്മാദികളായ സാധുക്കൾ. പ്രച്ഛന്നവേഷത്തിലും, പക്ഷേ, അവരെ പുതിയ ധർമ്മങ്ങളും പേരുകളും ബന്ധങ്ങളും നിരന്തരം വേട്ടയാടിക്കൊണ്ടേയിരുന്നു.

ഇടക്കൊക്കെ അവർ പഴയ കാലങ്ങൾ ഓർക്കുന്നുണ്ടാവണം. വിട്ടുപോന്ന അമ്മയെയും അച്ഛനെയും കൂടപ്പിറപ്പുകളെയും, സ്വസ്ഥതയോടെ ജീവിക്കാൻ സമ്മതിക്കാത്ത പിറന്ന നാടിനെയും, പാതിവഴിയിൽ കയ്യൊഴിയേണ്ടിവന്ന സ്നേഹിച്ച പെണ്ണിനെയും, കളഞ്ഞുകുളിച്ചതും കിട്ടാതെപോയതുമായ അവസരങ്ങളെയുമൊക്കെ അവർ ഇടക്കിടക്ക്‌ ഓർക്കുന്നുണ്ടാവണം. അതുകൊണ്ടായിരിക്കണം അവരിൽ പലരും ഉന്മാദികളാകുന്നത്‌. അവരുടെ ചിരിയിലും കരച്ചിലിലും വിദ്വേഷത്തിലും ഹിസ്റ്റീരിയ നിറയുന്നത്‌. നഷ്ടജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ആഭിചാരങ്ങളാണ്‌ ആ പ്രച്ഛന്നവേഷധാരികൾ ചെയ്യുന്നത്‌.

വണ്ടി ഈറോഡ്‌ വിട്ടാൽ, പിന്നെ അവരുടെ നാടായി. ടി.ടി.ആറിനെയും പോലീസുകാരനെയും ജടകാട്ടി ഭസ്മമെറിഞ്ഞ്‌ വിരൽചൂണ്ടി വിറപ്പിക്കും അവർ. ഗംഗയുടെയും കാവേരിയുടെയും നർമ്മദയുടെയും തീരങ്ങളിലെ വൈരാഗികളായ അനാഥജന്മങ്ങൾ. ചെറിയ മുഷ്ടിയുദ്ധത്തിനെപ്പോലും വലിയ ലഹളകളാക്കാൻ കരുത്തുള്ളവർ. അരാജകത്വത്തിന്റെയും അശാന്തിയുടെയും വെളിച്ചപ്പാടുകൾ.

മണ്ണിലും പെണ്ണിലും മനസ്സിലുമൊക്കെ ഈ അരാജകത്വവും അശാന്തിയുമാണ്‌ അവർ വിതക്കുന്നത്‌. ആശ്രമങ്ങളും അരമനകളും അവയുടെ വിളനിലമാണ്‌. പാഠശാലകളും. അവരുടെ മുന്നില്‍ നമ്മുടെ ആള്‍ദൈവങ്ങള്‍ ഒന്നുമല്ല. നീലച്ചിത്രം പിടിക്കുകയും കണ്‍കെട്ടു നടത്തുകയും ചെയ്യുന്ന അശ്ലീല ജോക്കറുകള്‍.

കാലം തൊണ്ണൂറ്റൊന്നിന്റെ നടുഭാഗം. സൗദിയിലേക്കുള്ള യാത്രക്കു തയ്യാറായി ബോംബയിലെത്തിയ സമയം. പ്രതീക്ഷിച്ചത്ര എളുപ്പത്തിൽ സൗദിയിലേക്കുള്ള യാത്ര തരമാകില്ല എന്നു കണ്ടപ്പോൾ, ചുരുങ്ങിയ വാടകക്ക്‌, കഴിയുമെങ്കിൽ സൗജന്യമായിത്തന്നെ ഒരു താമസസൗകര്യം തരപ്പെടുത്തണമെന്നു തോന്നി. അങ്ങിനെയാണ്‌ ബോംബയിലെ ഗുലാൽവാഡി ഭാഗത്തുള്ള രാഘവാനന്ദമഠത്തിലെത്തുന്നത്‌. പ്രേമാനന്ദനെ അന്വേഷിച്ച്‌. പക്ഷേ പ്രേമാനന്ദനും ഭാർതിയും അന്ന് ഒരു യാത്രയിലായിരുന്നു. അതുകൊണ്ട്‌ കാണാൻ കഴിഞ്ഞില്ല. അവരുമായി പരിചയമാകുന്നതിനുമുൻപ്‌ അവിടെ തങ്ങാൻ മനസ്സനുവദിച്ചതുമില്ല.

അവരെ ചെന്നുകാണാൻ ആവശ്യപ്പെട്ട്‌ കത്തെഴുതിയത്‌ അമ്മാവനായിരുന്നു. അമ്മയുടെ ഏറ്റവും ചെറിയ അനിയൻ. എന്നേക്കാൾ നാലുവയസ്സു മാത്രം മീതെ. പത്താം ക്ലാസ്സ്‌ എന്ന ഉപരിവിദ്യാഭ്യാസത്തിന്റെ കടമ്പയോട്‌ മല്ലിട്ട്‌ തോറ്റ്‌ തൊപ്പിയിട്ട്‌ ഗുജറാത്തിലേക്ക്‌ കടന്നതിൽപ്പിന്നെ നാലോ അഞ്ചോ വർഷങ്ങൾ അമ്മാവനെക്കുറിച്ച്‌ യാതൊരു വിവരവുമില്ലായിരുന്നു.

ഇളയ മകന്‍ ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാതെ അമ്മമ്മയും മുത്തച്ഛനും വല്ലാതെ മനസ്സുനൊന്തിരിക്കുമ്പോഴാണ്‌ ഭിക്ഷ മേടിക്കാൻ വരുന്നുണ്ടെന്നറിയിച്ചുകൊണ്ടുള്ള അമ്മാവന്റെ കത്ത്‌, ഒരു നാടോടിയെപ്പോലെ, മേൽവിലാസം എഴുതാതെ, ഗുജറാത്തിൽനിന്നും വരുന്നത്‌. സന്ന്യാസജീവിതം ആരംഭിക്കുന്നതിന്റെ പ്രാരംഭമായിരുന്നു ആ ഭിക്ഷമേടിക്കൽ ചടങ്ങ്‌.

താടിയും മുടിയും നീട്ടിവളർത്തിയ, കൃശഗാത്രനായ ഒരു സന്ന്യാസിയെ പ്രതീക്ഷിച്ചിരുന്ന ഞങ്ങളെയൊക്കെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച്‌, അച്യുതാനന്ദനായി ജ്ഞാനസ്നാനം ചെയ്ത വെള്ളിനേഴിയിലെ പഴയ ഗോപൻ, വിലകൂടിയ സിൽക്കിന്റെ കാവിമുണ്ടും കാവിജുബ്ബയുമിട്ട്‌, കയ്യിൽ വിലകൂടിയ വാച്ചും, ഭംഗിയുള്ളൊരു തോൾസഞ്ചി ചുമലിലും തൂക്കി, മെതിയടികളിൽ പദമളന്ന്, പ്രത്യക്ഷനായി. നീണ്ടുവളർന്ന മിനുസമുള്ള തലമുടി ഭംഗിയായി കെട്ടിവെച്ചിരുന്നു. കഴുത്തിൽ രുദ്രാക്ഷമാലകളുടെ ഒരു മഹാസമ്മേളനം. മനുഷ്യന്റെ നശ്വരതയെയും വേഷപ്പകർച്ചകളെയും നോക്കി കളിയാക്കിച്ചിരിച്ച്‌ നെറ്റിയിലും കയ്യിലും നിറയെ ഭസ്മം.

മകനെക്കുറിച്ചുള്ള വിവരങ്ങളൊന്നുമില്ലാതെ, നാട്ടിൽ മുത്തച്ചനും അമ്മമ്മയും തീ തിന്നുകഴിയുമ്പോൾ അമ്മാവൻ പുഴുവിൽനിന്ന് ഷഡ്പദത്തിലേക്കുള്ള തപസ്സിലായിരുന്നുവത്രെ. ഗുജറാത്തിന്റെ പശ്ചിമതീരത്തിലുള്ള ദ്വാരകയിലെ സനാതൻ സേവാമണ്ഡലിൽ.

അവിടുത്തെ പ്രധാന സ്വാമിജിയുടെ ആദ്യശിഷ്യനായി ദീക്ഷ സ്വീകരിച്ചതിനുശേഷമായിരുന്നു ഭിക്ഷ മേടിക്കാനുള്ള അമ്മാവന്റെ ആ വരവ്‌. ജീവദാതാക്കളുടെ കയ്യിൽനിന്ന് ഒരുരുള. ഒരു കുടന്ന വെള്ളം. ഭിക്ഷ കിട്ടിയ ജന്മമാണെന്നുള്ള ക്രൂരമായ ഒരു ഓർമ്മപ്പെടുത്തൽ.

ഒന്നുരണ്ടാഴ്ചകൾ ചില ഹോട്ടൽമുറികളിലായി കഴിച്ചുകൂട്ടി. പകലൊക്കെ എവിടെയെങ്കിലും ചുറ്റിക്കറങ്ങും. ചൗപ്പാത്തിയിലും, ഗ്രാന്റ്‌ റോഡിന്റെ ഇരുവശങ്ങളിലുമുള്ള നിർഭാഗ്യജാതകങ്ങളുടെ സർറിയലിസ്റ്റ്‌ പരിസരങ്ങളിലും, നരിമാൻ പോയന്റിലും, ഫ്ലോറ ഫൗണ്ടനിലും, ധാരാവിയിലുമൊക്കെ. പേടിപ്പെടുത്തുന്ന കാമാഠിപുരയും ചെന്നുകണ്ടു. പിന്നെ, ഒരു ദിവസം, വല്ലാത്ത മടുപ്പ്‌ തോന്നിയപ്പോൾ ദ്വാരകയിലേക്ക്‌ രാത്രിവണ്ടി കയറി. പിറ്റേന്ന് പുലർച്ചക്ക്‌ അവിടെയെത്തി.

സ്കൂളും അനാഥാലയങ്ങളും, വൃദ്ധസദനങ്ങളുമൊക്കെയായി ആശ്രമത്തിന്‌ ധാരാളം സ്വത്തുവകകൾ ഉണ്ടായിരുന്നു. അതിന്റെയൊക്കെ മേൽനോട്ടം അമ്മാവനായിരുന്നു. ഇരുന്നൂറിലധികം കുട്ടികളും, അൻപതിലേറെ അദ്ധ്യാപകരുമുള്ള സ്കൂൾ. ദിവസത്തിൽ മൂന്നുനേരവും അവർക്കും, അഗതികളായെത്തുന്ന നൂറുകണക്കിനാളുകൾക്കും സുഭിക്ഷമായ ശാപ്പാട്‌. കൃഷിയിടങ്ങൾ, തൊഴിൽപരിശീലനകേന്ദ്രങ്ങൾ, അടുത്തും അകലെയുമുള്ള ഗ്രാമങ്ങളിലെ സൗജന്യ നേത്രപരിശോധനാകേന്ദ്രങ്ങൾ, ഗോശാലകൾ, അങ്ങിനെയങ്ങിനെ ആശ്രമം വലിയൊരു സാമ്രാജ്യമായിരുന്നു.

പ്രധാന സ്വാമിജി രണ്ടുമാസമായി വിദേശപര്യടനത്തിലായിരുന്നു. സാധുക്കൾക്കുള്ള വസ്ത്രങ്ങൾ സംഘടിപ്പിക്കാനായി വർഷാവർഷം നടത്താറുള്ള യാത്ര. ഒരു മാസം കഴിഞ്ഞാണ്‌ സ്വാമിജിയെത്തിയത്‌. രണ്ടു കണ്ടൈനർ സാധനങ്ങൾ സ്വാമിയുടെകൂടെ ബോംബെ തുറമുഖത്തെത്തി. അതിൽ വസ്ത്രങ്ങൾക്കുപുറമെ, ടാറ്റായുടെ ഒരു ആംബുലൻസും നിരവധി ഫാക്സ്‌ മെഷീനുകളും, കമ്പ്യൂട്ടറുകളും, ഫോട്ടൊകോപ്പിയറുകളും, ഫോണുകളും എല്ലാമുണ്ടായിരുന്നു. ജാംനഗറിലെ എ.സി.സി കമ്പനിക്കുവേണ്ടി സ്വാമിജി കഷ്ടപ്പെട്ടു സംഘടിപ്പിച്ച സനാതനധർമ്മത്തിന്റെ ഭൗതികസാമഗ്രികൾ. വെറും രണ്ടായിരം രൂപ അടച്ച്‌, തുറമുഖപരിശോധനകളെ സമർത്ഥമായി വെട്ടിച്ച്‌, അവയൊക്കെ സ്വാമിജിയുടെകൂടെ ദ്വാരകയിലെത്തി.

ഉത്തർപ്രദേശുകാരനായിരുന്നു സ്വാമിജി. ആജാനബാഹു. പഴയ ബാസ്ക്കറ്റ്ബാൾ കളിക്കാരൻ. നല്ല ചുറുചുറുക്ക്‌. അതിസുന്ദരികളായ രണ്ട്‌ ഊന്നുവടികൾ സദാസമയവും നിഴൽപോലെ കൂടെ. ആകെയൊരു പന്തിയില്ലായ്മ. തമ്മിൽ വലിയ പ്രായവ്യത്യാസമില്ലാത്തതിന്റെ സ്വാതന്ത്ര്യമുള്ളതുകൊണ്ട്‌ അമ്മാവനോട്‌ എന്തും ചോദിക്കാം. പറയാം. സൂചിപ്പിക്കുകയും ചെയ്തു.

"നമ്മൾ കാണുന്നതുപോലെയല്ല വലിയ സ്വാമിജി സ്ത്രീകളെ കാണുന്നത്‌. ആദ്യം നിന്റെ ഉള്ള്‌ വൃത്തിയാക്ക്‌", അച്ച്യുതാനന്ദനെന്ന പഴയ ഗോപകുമാരന്റെ ഗീതോപദേശം അതിൽ ഒതുങ്ങി. മറുപടിയൊന്നും പറയാൻ പോയില്ല.

മൂപ്പർ പറഞ്ഞത്‌ ശരിയാണെന്ന് ബോദ്ധ്യപ്പെടാൻ ദ്വാരകയിലെ ഒന്നരമാസത്തെയും, ബോംബയിലെ രണ്ടു മാസത്തെയും താമസം കഴിഞ്ഞ്‌, സൗദിയിലെത്തി, പിന്നെയും രണ്ടു മാസം കഴിയേണ്ടിവന്നു. ദ്വാരക മഠാധിപനെ അഴിക്കകത്താക്കിയ വാർത്ത റിയാദ്‌ ടൈംസിൽ മുൻപേജിൽതന്നെ കൊടുത്തിരുന്നു. സ്ത്രീകളെ മാത്രമല്ല, കൗമാരം വിടാത്ത കൊച്ചുപെൺകുട്ടികളെപോലും സ്വാമിജി കണ്ടിരുന്നത്‌, ഞാനും നിങ്ങളുമൊന്നും കാണുന്ന രീതിയിലല്ലായിരുന്നുവെന്ന് മനസ്സിലായി. ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഒന്നിനുപിന്നാലെ ഒന്നായി രണ്ടുപെൺകുട്ടികൾ മരിച്ചപ്പോഴാണ്‌ പുറംലോകം സനാതനസേവയുടെ കാര്യങ്ങൾ അറിഞ്ഞതത്രെ. ആശ്രമത്തിലെ നിരവധി ചെറിയ പേൺകുട്ടികൾക്കും ഏറെക്കുറെ സമാനമായ കഥകൾ സാക്ഷ്യപ്പെടുത്താനുണ്ടായിരുന്നുവെന്നും പിന്നീട്‌ അറിഞ്ഞു.

ആശ്രമത്തിലെ ഒരു രാത്രി ഓർമ്മയിൽ വന്നു.

ആരോ വിങ്ങിവിങ്ങിക്കരയുന്ന ശബ്ദം കേട്ട്‌ ഉറക്കം മുറിഞ്ഞ ഒരു രാത്രി. ഉണർന്നുനോക്കുമ്പോൾ തൊട്ടടുത്ത കിടക്കയിൽ അമ്മാവനില്ല. ജനലിനു തൊട്ടപ്പുറത്ത്‌ സ്കൂളിന്റെ വരാന്തയിൽ കുറച്ചുപേർ കൂടിനിൽക്കുന്നു. അടക്കിപ്പിടിച്ച വർത്തമാനം. ഒരു സ്ത്രീ സങ്കടത്തിന്റെ കെട്ടുകൾ പൊട്ടിക്കുന്നു. ആശ്രമത്തിന്റെ സ്കൂളിലെ അദ്ധ്യാപികയായിരുന്നു അവർ. ചുറ്റുമുള്ളവർ എന്തൊക്കെയോ പറഞ്ഞ്‌ അവരെ ആശ്വസിപ്പിക്കുന്നുണ്ട്‌. മുഖം കനപ്പിച്ച്‌, ഒരു ന്യായാധിപന്റെ മുഖഭാവത്തോടെ അമ്മാവൻ എല്ലാം കേട്ടിരിക്കുന്നു.

മുറിയിൽതന്നെയിരുന്നു. അപരിചിതമായ വായ്‌മൊഴിയുടെ മതിലുകളിലെ വിള്ളലുകളിലൂടെ കാര്യങ്ങൾ ഏതാണ്ടൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നു. മുഖ്യസ്വാമിജിയാണ്‌ കഥാപാത്രം.

ഗസ്റ്റ്‌ ഹസിന്റെ പിന്നാമ്പുറത്തേക്കിറങ്ങി ഒരു സിഗരറ്റിനു തീപിടിപ്പിച്ചു. അൽപം ദൂരെ മാറി ദ്വാരകാക്ഷേത്രത്തിന്റെ ഇളംചാരനിറമുള്ള വലിയ താഴികക്കുടങ്ങൾ തിളങ്ങിനിന്നിരുന്നു.

സിമന്റുകമ്പനികളുടെയും, സ്വയം തിരഞ്ഞെടുത്ത ബ്രഹ്‌മചര്യത്തിന്റെ വേലിപൊളിച്ചെത്തുന്ന നിഗൂഢമായ തൃഷ്ണകളുടെയും ദാഹശമനത്തിനുവേണ്ടി അവതാരങ്ങളെടുക്കുന്നവരുടെ മുന്നിൽ, ധിക്കാരിയും വിഷയലമ്പടനും, അതിസാമർത്ഥ്യശാലിയും മഹായുദ്ധത്തിന്റെ സൂത്രധാരനുമായ പഴയ ആ യാദവ അവതാരം എത്രയോ നിസ്സാരനും നിർദ്ദോഷിയുമായി തോന്നി.

ഏറെ സമയത്തിനുശേഷമാണ്‌ അമ്മാവൻ വന്നത്‌. മൂപ്പർ ഒന്നും പറഞ്ഞില്ല. ഞാനൊന്നും ചോദിച്ചതുമില്ല.

പ്രേമാനന്ദനും ഭാർതിയും തിരിച്ചുവന്നുവെന്ന് കമ്പി കിട്ടി. തൊട്ടടുത്തൊരു ദിവസം അച്യുതാനന്ദൻ മരുമകനെയും കൂട്ടി ഗുലാൽവാഡിയിലെത്തി.

പ്രേമാനന്ദന്റെയും പ്രേമാനന്ദന്റെ ഭാർതിയുടെയും ആസ്ഥാനം.

തിരക്കുകൊണ്ട്‌ വിങ്ങിപ്പൊട്ടുന്ന ഗുലാൽവാഡിയിലെ കിക്കാ തെരുവിലെ മൂന്നുനിലയുള്ള ആശ്രമത്തിന്റെ വാതിലിൽ ഉഗ്രലഹള. സൗന്ദര്യത്തേക്കാളേറെ മാദകത്വമുള്ള ഒരു ചെറുപ്പക്കാരി ഒരുത്തന്റെ കഴുത്തിനു കുത്തിപ്പിടിച്ച്‌ ഇടക്കിടക്ക്‌ അയാളുടെ കരണത്ത്‌ ഓരോന്ന് പൊട്ടിക്കുകയും മറാത്തിയിലും ഹിന്ദിയിലും ശുദ്ധമായ തെറിയഭിഷേകം നടത്തുന്നുമുണ്ടായിരുന്നു. ആളുകൾ തടിച്ചുകൂടിയിരുന്നു. അതെല്ലാം കണ്ടാസ്വദിച്ച്‌, കാവിമുണ്ടുമാത്രം ധരിച്ച്‌, വിയർത്തൊലിച്ച ഒരു ചെറുപ്പക്കാരൻ സ്വാമിജി, തന്റെ അലസമായ നീണ്ട താടിരോമങ്ങളി‌ല്‍ വിരലിട്ട് പിരിച്ച്, കക്ഷമുഴിഞ്ഞ്, വാതിലിൽ ചാരിനിന്ന് "മാരോ ഭാർതി, മാരോ"എന്ന് ഇടക്കിടക്ക്‌ ആക്രോശിച്ചുകൊണ്ടിരുന്നു.

അമ്മാവനും ഞാനും അകത്തേക്കുകയറി. വാതിൽക്കൽ നിൽക്കുന്ന സ്വാമിജിയുടെ മുഖം പ്രസന്നമായി. അമ്മാവനെ കെട്ടിപ്പിടിച്ചു അയാൾ. പുറത്തെ ലഹള ഒതുങ്ങിയിരുന്നു. ആളുകൾ പിരിഞ്ഞുതുടങ്ങി. മറ്റയാളെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ബോംബയിൽ അങ്ങിനെയാണ്‌. നമ്മൾ തുടങ്ങിവെക്കുക മാത്രം ചെയ്താൽ മതി. ആളുകൾ ഏറ്റെടുത്തുകൊള്ളും. ലഹളകൾ പൊതുസ്വത്താണ്‌. ചെറുപ്പക്കാരിയും അകത്തേക്കുവന്നു. പരസ്പരമുള്ള പ്രണാമത്തിന്റെ ഉപചാരങ്ങൾക്കുശേഷം അമ്മാവൻ അവരെ എനിക്ക്‌ പരിചയപ്പെടുത്തി.

"ഇത്‌ പ്രേമാനന്ദൻ"

"ഇത്‌ മാതാജി"

"ഇതെന്റെ മരുമകൻ"

"നമസ്കരിക്കെടാ" എന്ന് അമ്മാവൻ കണ്ണുകള്‍കൊണ്ട് രഹസ്യമായി പറഞ്ഞത്‌ ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു.

ദ്വാരകയിൽവെച്ച്‌ പ്രധാന സ്വാമിജിയെ ആദ്യമായി പരിചയപ്പെടുത്തിയപ്പോഴും അമ്മാവൻ ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു. മലയാളത്തില്‍. അന്നും ഞാനത്‌ കേൾക്കാത്ത മട്ടിൽ അഭിനയിച്ച്, സമര്‍ത്ഥമായി രക്ഷപ്പെടുകയാണുണ്ടായത്.


(തുടരും)

Wednesday, May 21, 2008

ഇങ്ങിനെവേണം പഠിപ്പിക്കാന്‍

സെക്കൻഡറി, ഹയർ സെക്കൻഡറി, ജൂനിയർ കോളേജുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കുള്ള ഒരു മാർഗ്ഗനിർദ്ദേശരേഖ മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്‌. സംസ്ഥാനത്തിലെ കൂട്ടുകക്ഷി സർക്കാരിന്റെ ഒരു മഹാരാഷ്ട്ര നവനിർമ്മാണമെന്ന് അതിനെ വിളിച്ചാലും തരക്കേടില്ല.കുപ്രസിദ്ധനായ ബൽതാക്കറെയുടെ അത്രതന്നെ (കു)പ്രസിദ്ധിയായിട്ടില്ലാത്ത മരുമകൻ രാജ്‌ താക്കറെ ആ വാക്കുപയോഗിക്കുന്നതുകൊണ്ട്‌, മഹാരാഷ്ട്ര നിർമ്മാണമെന്ന് ആ രേഖയെ വിളിക്കുന്നില്ലെന്നു മാത്രമേയുള്ളു. എങ്കിലും, അതിൽ കുറഞ്ഞൊന്നുമല്ല ആ രേഖയും.

അധ്യാപകർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അക്കമിട്ടുനിരത്തുന്ന ആ രേഖയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്‌, പൂന സർവ്വകലാശാലയിലെ പരഞ്ച്‌പൈയാണ്‌. ലോകസത്ത എന്ന പത്രത്തിലൂടെ. ഈ പെരുമാറ്റച്ചട്ടങ്ങൾ അദ്ധ്യാപകർ പിന്തുടരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. ഇവ നിർബന്ധമാണോ അല്ലയോ എന്നത്‌ വ്യക്തമാക്കിയിട്ടില്ലതാനും.

പെരുമാറ്റച്ചട്ടങ്ങൾ

അദ്ധ്യാപകർ സ്റ്റോക്ക്‌ മാർക്കറ്റിൽ പണം നിക്ഷേപിക്കരുത്‌. പകരം സഹകരണബാങ്കുകളിൽ നിക്ഷേപിക്കുക. ഓഹരികളിൽ കൈകടത്തുന്നത്‌ ചൂതാട്ടമാണെന്നതുകൊണ്ട്‌, അദ്ധ്യാപകരുടെ കുടുംബാംഗങ്ങളും അതിൽനിന്ന് അകന്നുനിൽക്കണം.ഇതിൽ വലിയ കുഴപ്പമൊന്നും ഒറ്റനോട്ടത്തിൽ കാണാൻ കഴിഞ്ഞുവെന്നു വരില്ല. എങ്കിലും, ഈ ചൂതാട്ടം (ഗാംബ്ലിംഗ്‌) എന്ന വാക്കിനെയാണ്‌ ഇവിടെ സർക്കാർ തങ്ങളുടെ സൗകര്യംപോലെ ഉപയോഗിക്കുന്നത്‌. മധ്യവർഗ്ഗ മറാത്തിക്ക്‌ ചൂതാട്ടമെന്നത്‌ അത്ര വലിയ തെറ്റുള്ള ഒരു കാര്യമല്ല. അത്‌ അവരെ ഞെട്ടിക്കുകയൊന്നുമില്ല. ജുഗാർ എന്ന വാക്കാകട്ടെ സദാചാരപരമായ അർത്ഥവിവക്ഷകളുള്ള വാക്കാണ്‌. അതുകൊണ്ടുതന്നെ, നഗരങ്ങളിലെ മറാത്തി വ്യവഹാര ഭാഷയിൽ ചൂതാട്ടമെന്നത്‌ സാധാരണമായ ഒരു വാക്കാണ്‌. എന്നാൽ ഗുജാർ എന്ന മറാത്തിപദത്തെ അങ്ങേയറ്റത്തെ അവജ്ഞയോടെയാണ്‌ അവർ കാണുന്നതും. വാക്കുകളുടെ സദാചാരപരമായ അംഗീകാരത്തിന്റെ കാര്യമാണത്‌. അതുകൊണ്ട്‌ ഈ മാർഗ്ഗനിർദ്ദേശത്തെ സദുദ്ദേശപരമായി ആളുകൾ തെറ്റിദ്ധരിക്കാനിടയുണ്ട്‌.

വിവാഹത്തിന്റെ കാര്യത്തിലുള്ള മാർഗ്ഗനിർദ്ദേശമാണ്‌ ഏറ്റവും രസകരമായത്‌. അതിനെ ‘ശാസന‘ എന്നു പേരിട്ടാലും കുഴപ്പമില്ല. അതിൽ പറയുന്നത്‌. വിവാഹമോചനം നേടിയ പുരുഷന്റെയോ സ്ത്രീയുടെയോ മുന്‍‌ജീവിതപങ്കാളി ജീവിച്ചിരിപ്പുണ്ടെങ്കിൽ, അദ്ധ്യാപകർ അവരെ വിവാഹം കഴിക്കരുതെന്നാണ്‌ സർക്കാരിന്റെ നിര്‍ദ്ദേശത്തിലുള്ളത്. വിവാഹമോചിതരെ വിവാഹം കഴിക്കണമെങ്കിൽ, മുൻഭാര്യയോ, മുൻഭർത്താവോ ജീവിച്ചിരിക്കാൻ പാടില്ല എന്ന് ചുരുക്കം. വിവാഹിതരാകാൻ ആഗ്രഹിക്കുന്ന അദ്ധ്യാപകർ വിവാഹമോചിതരിൽനിന്ന് അകലം പാലിക്കണം എന്നാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്. വിവാഹമോചനവും, വിവാഹമോചനം നേടിയവരെ പുനർവിവാഹം ചെയ്യലുമൊക്കെ അധാർമ്മികമായി കണക്കാക്കിയിരുന്ന, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃതമായ സാമൂഹ്യധാരണകളുടെ പുനരവതാരമാണ്‌ ഇത്‌.

എഴുതരുത്‌, സംസാരിക്കരുത്‌

മനസ്സിലാക്കാൻ ഏറ്റവും പ്രയാസമുള്ള നിർദ്ദേശമാണ്‌ ഇനി പറയാൻ പോകുന്നത്‌. അദ്ധ്യാപകർ കവിതയോ കഥയോ എഴുതാന്‍ പാടുള്ളതല്ല. ഇനി അഥവാ, എഴുതുകയാണെങ്കിൽതന്നെ, അത്‌ ഒരു കാരണവശാലും പ്രസിദ്ധീകരിക്കുകയുമരുത്‌. ഇതിൽ നാടകരചന ഉൾപ്പെടുമോ എന്നറിയില്ല. അദ്ധ്യാപകനായ ഒരു നാടകരചയിതാവിനോട്‌, അദ്ദേഹത്തിന്റെ സർഗ്ഗവ്യാപാരം ഈ ഫത്‌വയിൽ ഉൾപ്പെടുമോ എന്നു ചോദിച്ചപ്പോൾ അറിയില്ലെന്നാണ്‌ പറഞ്ഞത്‌. ലോകസത്ത ഏതായാലും ഇതിനെക്കുറിച്ച്‌ അധികം പരാമർശിക്കുന്നുമില്ല.

ഇനി മറ്റൊന്ന്. അദ്ധ്യാപകർ പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്നാണ്‌. സെക്കൻഡറി സ്കൂളുകളിലോ ജൂനിയർ കോളേജുകളിലോ പഠിപ്പിക്കുന്ന അദ്ധ്യാപകരാണ്‌ നിങ്ങളെങ്കിൽ, പൊതുസമ്മേളനങ്ങൾ നിങ്ങൾക്കുള്ളതല്ല. ഈ നിർദ്ദേശം രാജ്യത്തിന്റെ രാഷ്ട്രീയ, തിരഞ്ഞെടുപ്പ്‌ പ്രക്രിയകൾക്ക്‌ തീർത്തും വിരുദ്ധമാണെന്നു കാണാൻ കഴിയും. അതിന്റെ ഭരണഘടനാസാധുതപോലും ചോദ്യം ചെയ്യപ്പെടാവുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്‌. അതുകൊണ്ടും തൃപ്തിവരാതെ, മറ്റൊരു പെരുമാറ്റച്ചട്ടംകൂടി ഈ മാർഗ്ഗനിർദ്ദേശരേഖ മുന്നിൽ വെക്കുന്നു. കൂടുതൽ വിചിത്രമായ മറ്റൊന്ന്. തന്റെ ഏതെങ്കിലും ബന്ധു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി അറിഞ്ഞാൽ അദ്ധ്യാപകർ അവരവരുടെ സ്കൂളുകളെയോ കോളേജുകളെയോ ആ വിവരം അറിയിക്കണമെന്നാണ്‌ അത് ആവശ്യപ്പെടുന്നത്‌.

ഇതൊക്കെ തമാശയായോ അസംബന്ധമായോ തള്ളിക്കളയാമായിരുന്നു. എങ്കിലും, ഇതൊന്നും നമ്മൾ വിചാരിക്കുമ്പോലെ, അത്രക്ക്‌ നിർദ്ദോഷമല്ലതന്നെ. ഒരു ജനാധിപത്യരാഷ്ട്രത്തിലെ ഉത്തരവാദിത്ത്വമുള്ള സമ്പൂർണ്ണ പൗരന്മാരായി അദ്ധ്യാപകരെ കാണാൻ വിസമ്മതിക്കലാണിത്‌. അതിനേക്കാൾ ഗുരുതരമായ കാര്യം, ഇത്‌, അദ്ധ്യാപകരുടെ ക്രിയാത്മകമായ ഊർജ്ജത്തിനെതിരെയുള്ള ഒരു പ്രഹരമാണെന്നതാണ്‌. ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ അടിച്ചമർത്തുന്നത്‌ ഗൂഢാലോചനയുടെ മാർഗ്ഗമുപയോഗിച്ചാണെന്ന് പറഞ്ഞത്‌ 19-ം നൂറ്റാണ്ടിലെ യാഥാസ്ഥിതിക ചിന്തകനായ വിഷ്ണുശാസ്ത്രി ചിപ്‌ലുങ്കരായിരുന്നു. കാവ്യഖലി എന്നായിരുന്നു ബ്രിട്ടീഷുകാരുടെ ഗൂഢാലോചനയെ ദ്യോതിപ്പിക്കാൻ വിഷ്ണുശാസ്ത്രി ഉപയോഗിച്ച പദം. പേർഷ്യൻ-മറാത്തി ഭാഷയിലെ 'കവ'യിൽനിന്നാണ്‌ ആ കാവ്യഖലി എന്ന വാക്ക് വരുന്നത്‌. എന്നാൽ ഒരു ആധുനിക ഇന്ത്യൻ ചരിത്രപണ്ഡിതൻ അതിനെ (സംസ്‌കൃതത്തിലെ) കാവ്യമെന്ന് തെറ്റിദ്ധരിക്കുകയുമുണ്ടായിട്ടുണ്ട്‌. വിഷ്ണുശാസ്ത്രിയും കാവ്യത്തെയായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന്, ഈ മാർഗ്ഗനിർദ്ദേശരേഖയുടെ ഉപജ്ഞാതാക്കൾ കരുതിയിട്ടുണ്ടാകണം. അങ്ങിനെയായിരിക്കണം, കവിതയെയും കഥയെയുമൊക്കെ അവർ പടിയിറക്കാൻ തീരുമാനിച്ചത്‌. കാലഹരണപ്പെട്ട ആശയങ്ങളുടെ പിൻബലത്തിലാണ്‌ അവരത്‌ ചെയ്യുന്നത്‌. കുറച്ചുകാലം മുൻപ്‌ ബാറിൽ ജോലിചെയ്തിരുന്ന പെൺകുട്ടികളുടെ കാര്യത്തിൽ അവരത്‌ പ്രവർത്തികമാക്കിയത്‌ ഓർമ്മയില്ലേ? അന്ന്, അശ്ലീലതയുടെ പേരിലായിരുന്നുവെങ്കിൽ, ഇന്ന്, കവിതയുടെ പേരിലാണെന്നു മാത്രം. അതുകൊണ്ട്‌ ഒരുകാരണവശാലും കവിതയെഴുതരുതേ. നമ്മൾ അദ്ധ്യാപകരാണെന്ന് എപ്പോഴും ഓർമ്മവേണം.

തമാശയായി തോന്നുന്നുണ്ടാകാം. പക്ഷേ, ഇതൊക്കെ വരുന്നത്‌ ഒരു കൂടുതൽ വലിയ കര്‍മ്മപദ്ധതിയുടെ ഭാഗമെന്ന നിലക്കാണ്‌. അടിസ്ഥാനപരമായ ജനാധിപത്യസങ്കൽപ്പങ്ങളെയാണ്‌ അത്‌ ലക്ഷ്യവേധിയാക്കുന്നത്‌. അല്ലെങ്കിൽ പിന്നെയെങ്ങിനെയാണ്‌, അദ്ധ്യാപകർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്ന മട്ടിലുള്ള ഫത്‌വകളെ വിശദീകരിക്കാൻ കഴിയുക? അടിയന്തിരാവസ്ഥയുടെ ഭീകരനാളുകളിൽപ്പോലും അത്തരമൊരു നിയമം നിലവിലുണ്ടായിരുന്നില്ല. കോൺഗ്രസ്സിന്റെ എതിരാളികളായിരുന്നു അടിയന്തിരാവസ്ഥയുടെ ഇരകൾ. ആ പ്രക്രിയയാ‍കട്ടെ, അടിയന്തിരാവസ്ഥക്കുമുൻപ്‌ തുടങ്ങിവെച്ച ഒന്നായിരുന്നുതാനും. അടിയന്തിരാവസ്ഥയുടെ ഒരു മുന്നൊരുക്കമായിരുന്നു പശ്ചിമബംഗാളിലെ സിദ്ധാർത്ഥശങ്കർ റേയുടെ ഭരണനാളുകൾ. ഇത്തരം പെരുമാറ്റച്ചട്ടങ്ങളും ആ കറുത്ത നാളുകളുടെ മുന്നോടിയാണെന്നുവരുമോ?

ഇതൊക്കെ വേറും ശുപാർശകളാണെന്നും വരാം. പക്ഷേ അതൊട്ടും ആശ്വാസം തരുന്നില്ല. ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ധൈര്യപ്പെടുന്നവരുടെ ചിന്താഗതിയാണ്‌ നമ്മെ ശരിക്കും ഭയപ്പെടുത്തുന്നത്‌. ജനങ്ങളെ ഭയപ്പെടുകയും അവിശ്വസിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമാണ്‌ ഈയടുത്തകാലത്തായി മഹാരാഷ്ട്രയിൽ പ്രാമുഖ്യം നേടുന്നത്‌. രാജ്‌താക്കറെയിലേക്കെത്തുമ്പോൾ അത്‌, വടക്കേ ഇന്ത്യക്കാരോടുള്ള അവിശ്വാസമായിമാറുന്നു. ഹിന്ദുക്കളുടെ ഹൃദയസ‌മ്രാട്ട് എന്നാണ്‌ അയാളുടെ അമ്മാവൻ സ്വയം വിശേഷിപ്പിച്ചിരുന്നതെങ്കിൽ, രാജ്‌താക്കറെ സ്വയം വിശേഷിപ്പിക്കുന്നത്‌, മറാത്തിഹൃദയങ്ങളുടെ സമ്രാട്ടെന്നാണ്‌. ഈ സർക്കാരാകട്ടെ, സന്മാർഗ്ഗികളുടെ ഹൃദയചക്രവർത്തിയായി അറിയപ്പെടാനായിരിക്കും ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. എന്തായാലും, അർദ്ധ-ഫാസിസ്റ്റ്‌ പ്രവണതകളുടെ അടയാളങ്ങളാണ്‌ പശ്ചിമേന്ത്യയിൽ ഇന്ന് പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്‌.

ഒട്ടുമിക്ക രാഷ്ട്രീയകക്ഷികളും സംഘടനകളും ഈയൊരു പ്രവണതക്ക്‌ കീഴ്‌പ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്നത്‌ ആശ്ചര്യമുളവാക്കുന്ന കാര്യമാണ്‌. പാർട്ടികളും അവയുടെ ആശയസംഹിതകളും എന്നും സഹവർത്തിത്വത്തോടെ പോകാനിടയില്ലെന്ന് അത്‌ നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യണം. ഈ പ്രവണതകൾക്കൊക്കെ സംഘപരിവാറിനെ മാത്രം പഴിചാരുന്നത്‌ വിവേകമായിരിക്കില്ല. പരസ്പരം മത്സരിക്കുന്ന വിവിധ സംഘങ്ങളെയാണ്‌ ഇതിന്റെയൊക്കെ പിന്നിൽ കാണാൻ കഴിയുക. ഒരുകൂട്ടർക്കത്‌ സിഖ്‌-വിരുദ്ധലഹളകളാണെങ്കിൽ, മറ്റു ചിലർക്കത്‌ ഗുജറാത്താണ്‌. സെക്കൻഡറിതലങ്ങളിൽ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളെയാണ്‌ സംഘപരിവാർ ഭയപ്പെടുന്നതെങ്കിൽ, മഹാരാഷ്ട്ര സർക്കാർ ഭയപ്പെടുന്നത്‌, അദ്ധ്യാപകരുടെ രാഷ്ട്രീയവത്‌ക്കരണത്തെയാണ്‌. ഇനിയും മറ്റു ചിലരാകട്ടെ വിദ്യാർത്ഥികളുടെ രാഷ്ട്രീയവത്‌ക്കരണത്തെയാണ്‌ ഭയപ്പെടുന്നത്‌.

യു.പി.എ.യുടെ സദാചാരകാവൽഭടനായ അൻപുമണി രാംദാസ്‌ മറ്റൊരു വിചിത്രമായ മാർഗ്ഗനിർദ്ദേശവുമായി ചാടിപ്പുറപ്പെട്ടിട്ടുണ്ട്‌. സിനിമയിൽ പുകവലിക്കുന്ന രംഗങ്ങൾ പ്രദർശിപ്പിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പഴയ ഒരു കൽപ്പന. ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്, സിനിമകളിൽ മദ്യപാനരംഗങ്ങൾ പാടില്ലെന്നതാണ്‌. എന്തിനാണ്‌ നമുക്കിത്തരം സദാചാര പോലീസുകൾ? മറ്റൊരു ദേവദാസിൽനിന്ന് നമ്മെ രക്ഷിക്കാനാണെങ്കിൽ, അൻപുമണിയുടെ ബുദ്ധിയെ നമുക്ക്‌ ന്യായീകരിക്കാമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പെരുമാറ്റച്ചട്ടം ഇനിയൊരുപക്ഷേ നിയമമായി നിലവിൽ വന്നാൽപ്പോലും, ശരത്ചന്ദ്രയുടെ ആ കാലഹരണപ്പെട്ട ദർശ്ശനം, അത്രപെട്ടെന്നൊന്നും ഈ സമൂഹത്തിൽനിന്ന് ഈല്ലാത്താകാന്‍ പോകുന്നില്ല എന്ന് നമുക്കറിയാം.

അതേസമയം, 'സത്യസന്ധരും സന്മാർഗ്ഗികളുമായിരിക്കണ"മെന്ന് അദ്ധ്യാപകരെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു നമ്മൾ.




*2008 മെയ്‌ 10-ലെ Economic & Political Weekly-യില്‍, ജി.പി.ദേശ്‌ എഴുതിയ ലേഖനത്തിന്റെ പരിഭാഷ

Saturday, May 17, 2008

കുടിയൊഴിക്കൽ



ഓഫീസിലേക്കുള്ള യാത്രാമദ്ധ്യേ എന്നും കാണാറുള്ള ഒരു സ്ഥലമാണ്‌ ഷാർക്കിയ. എങ്ങിനെയാണ്‌ ഇത്തരത്തിലൊരു സ്ഥലം ഷാർജയിലെ റിയൽ എസ്റ്റേറ്റ്‌ പ്രഭുക്കന്മാരുടെയും അവരുടെ സിൽബന്തികളായ മുനിസിപ്പാലിറ്റിയുടെയും കണ്ണിൽപ്പെടാതെ, ഇപ്പോഴും നിലനിൽക്കുന്നതെന്ന്, കാണുമ്പോഴൊക്കെ അത്ഭുതപ്പെടുകയും ചെയ്തിട്ടുണ്ട്‌. നമ്മുടെ ഇന്ത്യന്‍ ധാരാവിയുടെ ഒരു ചെറിയ പതിപ്പ്‌.

ഏതായാലും പ്രതീക്ഷ തെറ്റിയില്ല.

ഷർക്കിയ ഭാഗത്തുള്ള പത്ത്‌ കുടുംബങ്ങളെ ഷാർജ മുനിസിപ്പാലിറ്റി അധികൃതർ ഒഴിപ്പിച്ചിരിക്കുന്നതായി ഇന്ന് വാർത്ത വന്നിരിക്കുന്നു.

തങ്ങളുടെ വീട്ടുസാമഗ്രികൾ എടുക്കാൻ പോലും അവരെ അനുവദിച്ചില്ലെന്നും വാർത്തയിലുണ്ട്‌. ഈ മഹാനഗരത്തിലെ മുനിസിപ്പൽ അധികൃതരുടെ വകതിരിവിനെക്കുറിച്ച്‌ ബോദ്ധ്യമുള്ളവർക്ക്‌ അത്‌ വിശ്വസിക്കാതിരിക്കാനാവില്ല. വർഷങ്ങളായി അവിടെ താമസിച്ചുവരുന്ന ഇരുന്നോറോളം കുടുംബങ്ങളിൽ ഭൂരിഭാഗവും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്‌, അഫ്ഘാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ്‌. ടാക്സിഡ്രൈവർമാരും, തുച്ഛവരുമാനക്കാരായ മറ്റു ജോലിക്കാരും അതിൽ പെടുന്നു. അവരെയൊക്കെയാണ്‌ ഒരു സുപ്രഭാതത്തിൽ കുടിയിറക്കിവിട്ടിരിക്കുന്നത്‌.

ഷാർജയിലെ സ്വാതിതിരുനാൾ തിരുമനസ്സും, തിരുമനസ്സിന്റെ മുനിസിപ്പൽ പ്രഭൃതികളും ഈ തെറ്റ്‌ തിരുത്തണം. ഒന്നുകിൽ, ഈ സാധുക്കളെ അവരുടെ രാജ്യങ്ങളിലെ സ്ഥാനപതികാര്യാലയങ്ങളിൽ ഏൽപ്പിക്കുകയോ, അതല്ലെങ്കിൽ, അവർക്ക്‌ ജീവിക്കാൻ ആവശ്യമായ എന്തെങ്കിലുമൊരു സംവിധാനം ചെയ്തുകൊടുക്കകയോ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്‌. അതുണ്ടായില്ല. അതിനുപകരം, ഇന്ത്യൻ മഹാനഗരങ്ങളിലെ പകൽക്കൊള്ളക്കാരായ നഗരസഭാപ്രഭുക്കന്മാരുടെ അതേ പാത പിന്തുടരുകയാണ്‌ ഇവരും ചെയ്യുന്നതും ഇപ്പോള്‍ ചെയ്തിരിക്കുന്നതും.

വളരെ ഉയർന്ന വരുമാനക്കാരല്ലാത്തവരാരും ഇവിടെ ജീവിക്കരുതെന്നാണെങ്കിൽ, അത്‌ തുറന്നുപറഞ്ഞ്‌, അതിനുള്ള നടപടികളെടുക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ നാട്ടുകാരുടെയും പ്രവാസികളുടെയും നിത്യജീവിതം ദുഷ്ക്കരമാക്കി, അവരെ പുകച്ചുപുറത്തുചാടിക്കുകയല്ല ശരിയായ മാർഗ്ഗമെന്ന് ഭരണാധികാരികൾ ഇനിയെങ്കിലും തിരിച്ചറിയണം.

റിയൽ എസ്റ്റേറ്റ്‌ ശക്തികളുടെ കമ്പോളമത്സരങ്ങൾക്ക്‌ അടിയറവുപറയുമ്പോൾ, ഭൂമിയെ പണയപ്പെടുത്തി ചൂതുകളിക്കുകയാണ്‌ ഭരണാധികാരികൾ ചെയ്യുന്നത്‌. അതിന്റെ ദൂഷ്യഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്. അതിനിയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയേയുള്ളു. ദുബായുടെ ചുവടുപിടിച്ച് ഷാര്‍ജയും, അജ്‌മാനും, ഫുജൈറയുമൊക്കെ ഈ നിരന്തരമായ ചൂതുകളിയിലൂടെ ഇന്നു ചെയ്യുന്നത്, തങ്ങളുടെ സ്വതന്ത്ര പരമാധികാര രാജ്യത്തെ ഏതാനും സ്വാര്‍ത്ഥമോഹികളായ കച്ചവടക്കാര്‍ക്ക് വിറ്റുതുലക്കുകയാണ്.

ഒരു നല്ല ജീവിതം സ്വപ്നം കണ്ട് ഇത്രനാളും ഈ നല്ല നാട്ടില്‍ മല്ലിട്ടു ജീവിച്ച, തങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്കിടയിലും ഈ ഐക്യ അറബി നാടിനെ സ്നേഹിച്ചവരെയാണ് ഇന്ന്, ഇന്നലത്തെ മഴക്ക് പൊട്ടിമുളച്ച ഈ റിയല്‍ എസ്റ്റേറ്റ് തകരകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കുടിയിറക്കുന്നത്. അനീതിയല്ലാ‍തെ മറ്റൊന്നുമല്ല ഇത്.

കുടിയിറക്കപ്പെടുന്നവന്റെ വേദന, അത്‌ പാലസ്തീനിലായാലും, മൂലമ്പള്ളിയിലായാലും, കൊച്ചമ്പാമ്പയിലായാലും, ഷാർക്കയിലായാലും ഒരുപോലെയാണെന്ന് തിരുമനസ്സുകൾ ഇനിയെങ്കിലും ഓർക്കണം. അതിനെ കണ്ടില്ലെന്നു നടിക്കരുത്‌.

Wednesday, May 14, 2008

1968




ഒരു വലിയ മുന്നേറ്റത്തിലെ ആവേശോജ്ജ്വലമായ അദ്ധ്യായമായിരുന്നു ആയിരത്തിത്തൊള്ളായിരത്തി അറുപത്തെട്ട്‌. ഒട്ടനവനധി മറ്റു മുന്നേറ്റങ്ങൾക്ക്‌ അത്‌ കാരണമാവുകയും ചെയ്തു. 1968-എന്നൊന്നില്ലായിരുന്നുവെങ്കിൽ, ഇന്നു കാണുന്നവിധത്തിലുള്ള ഒരു ആഗോള അന്‌താരാഷ്ട്ര സഖ്യംതന്നെ ഉണ്ടാവുമായിരുന്നോ എന്നും സംശയമാണ്‌. മനുഷ്യാവകാശത്തിന്റെ മാത്രമല്ല, വംശീയ, പാരിസ്ഥിതിക ഉത്‌കണ്ഠകളുടെയും ഒരു വലിയ തരംഗമായിരുന്നു അത്‌.


പെന്റഗൺ രേഖകൾ (വിയറ്റ്‌നാം യുദ്ധത്തിനെക്കുറിച്ചുള്ള 7000 പേജ്‌ വരുന്ന അതീവരഹസ്യ സർക്കാർ രേഖകൾ) ഇതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്‌. ടെറ്റ്‌ ഉപരോധത്തിനുശേഷം വ്യവസായ സമൂഹം ഒന്നടങ്കം യുദ്ധത്തിനെതിരായി തിരിഞ്ഞു. എങ്കിലും കൂടുതൽ സൈന്യത്തെ വിയറ്റ്‌നാമിലേക്കയക്കാൻ സർക്കാരിനകത്തുതന്നെ കടുത്ത സമ്മർദ്ദം അപ്പോഴും ഉണ്ടായിരുന്നു. എങ്കിലും ലിൻഡൺ ജോൺസണ്‌ അതിനുകൂട്ടാക്കിയില്ല.

രാജ്യത്തിനകത്ത്‌ വർദ്ധിച്ചുവരുന്ന പൊതുവായ അസ്വാസ്ഥ്യത്തെ കണക്കിലെടുത്ത്‌ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നുവെന്ന് പെന്റഗൺ രേഖകൾ വ്യക്തമാക്കുന്നു. ഒരേസമയം, രാജ്യത്തിനകത്തെ ബഹളങ്ങളെയും വിയറ്റ്‌നാം യുദ്ധമുഖത്തെ ആവശ്യങ്ങളെയും നേരിടാനുള്ള സേനാബലം തങ്ങൾക്കില്ലെന്ന് അമേരിക്ക തിരിച്ചറിയുകയായിരുന്നു.


1968-നെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ ഒരു പ്രതികരണം പുറത്തുവന്നത്‌, ത്രികക്ഷി കമ്മീഷന്‍(Trilateral Commission)പുറത്തിറക്കിയ പ്രസിദ്ധീകരണത്തിലാണ്‌. പൊതുജനപങ്കാളിത്തത്തിന്റെ ആധിക്യം കൊണ്ട്‌ ഒരു 'ജനാധിപത്യപ്രതിസന്ധി' നിലവിലുണ്ടെന്നായിരുന്നു ആ പ്രസിദ്ധീകരണത്തിന്റെ വെളിപ്പെടുത്തൽ. പൊതുസമൂഹം എപ്പോഴും, നിഷ്ക്രിയവും, നിശ്ശബ്ദവുമായിരിക്കണമെന്നായിരുന്നു, 1960-വരെ നിലനിന്നുപോന്നിരുന്ന സങ്കൽപ്പം. ആ സങ്കൽപ്പത്തിനെ പൊതുസമൂഹം തകർത്തപ്പോഴാണ്‌ ഈ പറഞ്ഞ "ജനാധിപത്യത്തിന്റെ അമിതപ്രസരം' എന്ന വ്യാഖ്യാനം വന്നത്‌. അതാകട്ടെ, വ്യവസ്ഥിതിയിൽ വളരെ വലിയ സമ്മർദ്ദമാണ്‌ ഉളവാക്കിയത്‌. അതേസമയം, അമേരിക്കയിലെ കോർപ്പറേറ്റുകളാകട്ടെ, വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കിയതുമില്ല. കാരണം, രാഷ്ട്രീയത്തിലെ അവരുടെ ഇടപെടലിനെ സർക്കാർ പൊതുവെ അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്തുപോന്നിരുന്നു.

ജനാധിപത്യത്തിൽ കൂടുതൽ മിതത്വം സൂക്ഷിക്കാനും, അടങ്ങിയൊതുങ്ങിയിരിക്കാനും ആഹ്വാനം ചെയ്യാൻ ത്രികക്ഷി കമ്മീഷൻ മറന്നില്ല. മാത്രമല്ല, അരാഷ്ട്രീയവത്‌ക്കരണത്തിന്റെ മുഖ്യ ആയുധങ്ങളായ വിദ്യാലയങ്ങളും പള്ളികളും തങ്ങളുടെ കർത്തവ്യത്തിൽനിന്ന് വ്യതിചലിക്കുന്നുവെന്നും, കൂടുതൽ കർശനമായ അച്ചടക്കം അവർ പൊതുസമൂഹത്തിൽ അടിച്ചേൽപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

1968-ലെ സംഭവങ്ങളോടുള്ള സർക്കാരിന്റെ പ്രതികരണം കൂടുതൽ പ്രതിലോമപരമായിരുന്നു. കാരണം, അത്‌ ജനാധിപത്യത്തിന്റെ അടിച്ചമർത്തലായിരുന്നു ലക്ഷ്യമാക്കിയിരുന്നത്‌. ജനാധിപത്യമാകട്ടെ, പൂർണ്ണമായും വിജയിച്ചിരുന്നില്ലെങ്കിലും, അതിലേക്കുള്ള പാതയിലായിരുന്നു. ഉദാഹരണത്തിന്‌ 1968-ൽ നമുക്ക്‌ സങ്കൽപ്പിക്കാൻ പോലുമാകുമായിരുന്നില്ല, അന്താരാഷ്ട്ര ഐക്യദാർഢ്യദിനം പോലെ ഒരു പ്രസ്ഥാനം 1980-കളോടെ ലോകത്ത്‌ നിലവിൽ വരുമെന്ന്.
പക്ഷേ, എല്ലാ വിലക്കുകളെയും ഭേദിച്ച്‌, ജനാധിപത്യം 1968-ലെ സ്ഥിതിയിൽനിന്നുപോലും ഇന്ന് വളരെ മുന്നോട്ട്‌ പോയിരിക്കുന്നു. വിയറ്റ്‌നാം യുദ്ധത്തിന്റെ ആദ്യവർഷങ്ങളിൽപ്പോലും, അതിനെതിരെയുള്ള ഒരു മുന്നേറ്റവും നിലവിൽ വന്നിരുന്നില്ല. പിന്നെയും ആറു വർഷങ്ങൾ കഴിഞ്ഞ്‌, കെന്നഡി ദക്ഷിണ വിയറ്റ്‌നാമിനെ ആക്രമിക്കുകയും, കൂടുതൽ സേനാനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തപ്പോഴാണ്‌ ആ യുദ്ധവിരുദ്ധ മുന്നേറ്റങ്ങൾ പതുക്കെ ഉയരാൻ തുടങ്ങിയത്‌.

ഇന്നാകട്ടെ, ഇറാഖ്‌ യുദ്ധം തുടങ്ങുന്നതിനുമുൻപുതന്നെ, അത്തരത്തിലുള്ള പ്രതിഷേധപ്രക്ഷോഭങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി നമുക്ക്‌ കാണാൻ കഴിഞ്ഞു. പടിഞ്ഞാറൻ ചരിത്രത്തിൽത്തന്നെ ആദ്യമായി, ഒരു സാമ്രാജ്യത്വയുദ്ധം ആരംഭിക്കുന്നതിനുംമുൻപുതന്നെ അതിനെതിരെയുള്ള ജനകീയപ്രക്ഷോഭങ്ങൾ പുറത്തുവന്നത്‌, ഇറാഖ്‌ യുദ്ധത്തിൽ മാത്രമായിരുന്നുവെന്നതും നമ്മൾ കാണാതിരിക്കരുത്‌.

മറ്റൊന്നുള്ളത്‌, 1968-ൽ, വിയറ്റ്‌നാമിൽനിന്ന് പിന്മാറുന്ന കാര്യം സമൂഹത്തിന്റെ പൊതുധാരക്കു പുറത്തുള്ള ഒരു കാര്യം മാത്രമായിരുന്നുവെങ്കിൽ, ഇന്ന്, എല്ലാ പ്രസിഡന്റുസ്ഥാനാർത്ഥിക്കും, ഇറാഖിൽനിന്നുള്ള സേനാപിന്മാറ്റം ഒഴിച്ചുകൂടാനാവാത്ത ഒരു വിഷയമാണെന്നതാണ്‌.

അടിച്ചമർത്തിലുകൾക്കെതിരെ പണ്ടത്തേക്കാളേറെയായി പ്രതിഷേധങ്ങൾ രൂപപ്പെടുന്നുണ്ട്‌. ഉദാഹരണത്തിന്‌ ഒരു കാലത്ത്‌, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിത്യേനയെന്നോണം അമേരിക്ക സൈനിക അട്ടിമറികൾ സംഘടിപ്പിച്ചിരുന്നു. പക്ഷേ അടുത്തകാലത്തായി അമേരിക്ക ഇത്തരത്തിലുള്ള ഒരു നടപടിക്ക്‌ തുനിഞ്ഞത്‌, 2002-ൽ വെനീസ്വലക്കെതിരെമാത്രമായിരുന്നു. അതിനെതിരെ ഉയർന്നുവന്ന ജനരോഷം ഭയന്ന് ഉടനടി അവർക്ക്‌ അതിൽനിന്ന് പിന്മാറേണ്ടിയുംവന്നു.


പണ്ട്‌ ചെയ്തിരുന്ന പോലെ എളുപ്പത്തിലൊന്നും അവർക്ക്‌ കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത ഒരു അവസ്ഥയാണിന്ന്.






മേൽപ്പറഞ്ഞ കാരണങ്ങൾകൊണ്ട്‌, 1968-ന്റെ പ്രസക്തിയെന്നത്‌, ദീർഘകാലം നിലനിൽക്കുന്നതും, ആശാവഹവുമായ ഒന്നാണെന്ന് എനിക്ക്‌ തോന്നുന്നു.















Sunday, May 11, 2008

അമ്മയെന്നാൽ.....

ഒരു അമ്മയായിരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ്‌ ഒരു ആഗോള സർവ്വെ ഫലം കണ്ടെത്തിയിരിക്കുന്നത്‌. വാർത്ത ടൈംസ്‌ ഓഫ്‌ ഇന്ത്യയിൽ. കണക്കുകൾ ഉദ്ധരിച്ചാണ്‌ ആ കണ്ടെത്തൽ. 77 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം, സ്വാസിലാന്റ്‌, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുടേതിൽനിന്നും അൽപ്പം ഭേദപ്പെട്ട്‌ അറുപത്താറാം സ്ഥാനത്തുമാത്രമാണത്രെ.

ഈ പോസ്റ്റ് ആ വിഷയവുമായി നേരിട്ട് ബന്ധപ്പെട്ടതല്ല. ആ വാർത്തക്കു കിട്ടിയ കമന്റുകൾ വായിച്ചപ്പോൾ ഉള്ളിൽതോന്നിയ ചില കാര്യങ്ങൾ മാത്രമാണിത്.

(കമന്റുകളിൽ) അമേരിക്കയിൽനിന്ന് ഒരു മാധവി എഴുതിയിരിക്കുന്നത്‌, ഇന്ത്യൻ അമ്മ (?)സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മൂർത്തിയാണെന്നാണ്‌. സ്വയം പട്ടിണികിടന്നിട്ടായാൽപ്പോലും തന്റെ മക്കളെ വയറുനിറച്ചൂട്ടുന്ന, സ്വയം അക്ഷരാഭ്യാസമില്ലെങ്കിലും മക്കൾക്ക്‌ വിദ്യ ലഭിക്കണമെന്ന നിർബന്ധബുദ്ധി കാണിക്കുന്ന അമ്മയെയാണ്‌ മാധവി കാണുന്നത്‌. ലോകത്തിലെ ഒരു അമ്മയുടെ സ്നേഹത്തിനും ഒരു ഇന്ത്യൻ അമ്മയുടെ സ്നേഹത്തെ വെല്ലാൻ കഴിയില്ലെന്ന് മാധവി ആണയിട്ടു പറയുന്നു.

മറ്റൊരാൾ പറയുന്നത്‌, ഏതാണ്ട് ഇതുതന്നെയാണ്. ഇന്ത്യൻ അമ്മയാണ്‌ (?) ലോകത്തിലേക്കുംവെച്ച്‌ ഏറ്റവും നല്ല അമ്മയെന്ന്. മെയ്‌ഡ്‌ ഇൻ ഇന്ത്യ?

അമ്മ എന്നത്‌ അത്ര വലിയ ഒരു വാക്കാണോ? ഈ പറയുന്ന ഗുണങ്ങളൊക്കെ അമ്മമാർക്കുള്ളതുതന്നെയാണോ? എല്ലാ മക്കളും അമ്മമാരെ ഇങ്ങനെതന്നെയാണോ കാണുന്നത്‌? അല്ലെങ്കിൽ, അമ്മമാരെ ഇങ്ങിനെയൊക്കെതന്നെയാണോ കാണേണ്ടത്‌?

കാമുകിയെ സ്വന്തമാക്കാനായി, അവളുടെ ആവശ്യപ്രകാരം സ്വന്തം അമ്മയുടെ തലയറുത്ത്‌ ഓടിവരുന്ന മകൻ വഴിയിൽ കാലിടറി വീണപ്പോൾ, 'മകനേ നിനക്കെന്തെങ്കിലും പറ്റിയോ?" എന്ന് വേവലാതിപ്പെട്ട അമ്മസ്നേഹത്തെക്കുറിച്ച്‌ ഒരു ഇ-മെയിൽ വായിച്ചത്‌ അൽപ്പനാളുകൾക്കുമുൻപാണ്‌.

ലോകത്തിലെ ഏറ്റവും മനോഹരമായ പദമാണ്‌ അമ്മ എന്നൊക്കെ നമ്മൾ എത്രയോ തവണ കേൾക്കുകയും വായിക്കുകയും സ്വയം ബോദ്ധ്യപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്‌. ആരെയും ബോദ്ധ്യപ്പെടുത്തേണ്ടതില്ലാത്ത ഒരു സാർവ്വലൗകിക സത്യമാണത്‌ എന്നും നമ്മൾ മക്കൾ ഉള്ളിൽ കരുതുന്നു. എങ്കിലും ഈ തരത്തിലുള്ള വാദങ്ങളിൽ ധാരാളം അതിശയോക്തികൾ കടന്നുകൂടിയിട്ടില്ലേ?

സർവ്വംസഹയും മക്കളുടെ ഏതു തെറ്റിനെയും കണ്ടില്ലെന്നു നടിക്കുകയും, സ്വയം സഹിച്ചും മക്കളുടെ ഉന്നതിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുകയുമൊക്കെ ചെയ്യുന്ന ഒരു വിഗ്രഹമായി മാറ്റുമ്പോൾ, അമ്മയെന്ന ആ പാവം സ്ത്രീയെ നമ്മൾ മറ്റെന്തൊക്കെയോ ആക്കി മാറ്റുകയല്ലേ ശരിക്കും ചെയ്യുന്നത്‌? മജ്ജയും മാംസവും അവരിൽനിന്ന് നമ്മൾ ഊറ്റിയെടുക്കുന്നതായി തോന്നുന്നില്ലേ? അവരിൽനിന്ന് എന്താണ്‌ നമ്മൾ പ്രതീക്ഷിക്കുന്നത്‌?

ആത്മസുഖം മാത്രമാണ്‌ ഓരോ ജീവിയും ആഗ്രഹിക്കുന്നത്‌. ഞാൻ നിന്നെ സ്നേഹിക്കുന്നത്‌ എന്റെയും നീ എന്നെ സ്നേഹിക്കുന്നത്‌ നിന്റെയും സുഖത്തിനുവേണ്ടിതന്നെയാണ്‌. അതിനുവേണ്ടിയാണ്‌ ഓരോരുത്തരും ജീവിക്കുന്നത്‌. മരിക്കുന്നതുപോലും അതിനുവേണ്ടിയാണ്‌. ജീവിക്കാൻവേണ്ടി മരിക്കാനും തയ്യാറാണെന്നു പറയുന്നത്‌ ഒരു കേവലഫലിതമല്ല.

അമ്മയും, അതേ സുഖവും ആഗ്രഹങ്ങളുമുള്ള ഒരു വ്യക്തിമാത്രമാണ്‌. മാതൃത്വത്തിനെക്കുറിച്ചുള്ള നമ്മുടെ അതിഭാവുകത്വ സങ്കൽപ്പനത്തിനുള്ളിൽ നമ്മളവരെ തളച്ചിടാൻ തുടങ്ങിയിട്ട്‌ കാലമേറെയായി. സ്വതന്ത്രമായ അസ്തിത്വമുള്ള വ്യക്തിയെന്ന നിലക്ക്‌ അവരെ കാണാൻ നമ്മൾ വിസമ്മതിച്ചതുമുതൽക്കായിരിക്കണം ഇത്തരം പരികൽപ്പനകൾ തുടങ്ങിയിട്ടുണ്ടാവുക. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗമായിരുന്നു അവർക്ക്‌ നമ്മൾ വെച്ചുനീട്ടിയ ഈ മാതൃപദവി. അവരെ ഒതുക്കാനുള്ള ഒരു വഴി.

അച്ഛനമ്മമാരും മക്കളുമായിട്ടുള്ള സവിശേഷബന്ധവും ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ അഴിച്ചുപണിയേണ്ടിവരും. തങ്ങൾക്കൊരിക്കലും സന്തോഷവും സമാധാനവും തരാത്ത, ഒരു ഗുണവുമില്ലാത്ത ഒരു മുതിർന്ന മകനെയോ മകളെയോ സ്നേഹിക്കാൻ ഏതെങ്കില്ലും അച്ഛനോ അമ്മക്കോ സാധിക്കുമൊ? സംശയമാണ്. കുട്ടികളാവുമ്പോൾ അവർ തരുന്ന സ്നേഹം പോലും, ഒരു വ്യക്തി മറ്റൊരു വ്യക്തിക്കു നൽകുന്ന സ്നേഹവും പരിഗണനയും മാത്രമാണ്. നിർപാധികമായ സ്നേഹം അവരിൽനിന്ന് പ്രതീക്ഷിക്കുന്നത്‌ ഒരുതരത്തിൽ പറഞ്ഞാൽ അവരെ തരംതാഴ്ത്തലുകൂടിയാണെന്നും വരും. വ്യക്തിയെന്ന നിലക്ക്‌ അവർക്ക്‌ അവകാശപ്പെട്ട അവകാശങ്ങളെ നിഷേധിക്കുകയാണ്‌ അതുവഴി നമ്മൾ ചെയ്യുന്നത്‌. മക്കളെന്ന നിലക്ക്‌, നമ്മൾ ചെയ്യുന്ന എല്ലാ തെറ്റും അച്ഛനമ്മമാർ സഹിക്കണമെന്നാണ്‌ നമ്മൾ മക്കൾ അവരിൽനിന്നും പ്രതീക്ഷിക്കുന്നത്‌.

തിരിച്ചും ഇതുതന്നെയാണ്‌ ശരി. സ്നേഹവും സമാധാനവും തരാത്ത അച്ഛനമ്മമാരെ, അവർ അച്ഛനമ്മമാരായതിന്റെ മാത്രം പേരിൽ എങ്ങിനെയാണ്‌ മക്കൾക്ക്‌ സ്നേഹിക്കാനാവുക? അത്രക്കുമാത്രം ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലെങ്കിൽ?

വ്യക്തികളെന്നനിലക്ക്‌ ഒരേസമയം പരസ്പരാശ്രിതിത്വവും സ്വാതന്ത്ര്യവുമുള്ള ഒരു ബന്ധത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ ഈ വിശുദ്ധ സങ്കൽപ്പങ്ങൾക്കും അതിന്റെ അർത്ഥതലങ്ങൾക്കും നിലനിൽപ്പുള്ളുവെന്ന് ചുരുക്കം. വിശിഷ്ടപദവികൾ കൊടുക്കുമ്പോൾ അതിനുപിന്നിലെ കുബുദ്ധിയെ തിരിച്ചറിയാൻ അച്ഛനമ്മമാരും മക്കളും സ്വയം പരിശീലിക്കേണ്ടിയിരിക്കുന്നു.

അമ്മമാർക്ക്‌ മക്കളും, മക്കൾക്ക്‌ അമ്മമാരും ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കുന്നത്‌ വസ്തുനിഷ്ഠമായ ഭൗതികകാരണങ്ങൾകൊണ്ടുതന്നെയാണ്‌. കവിത്വവും കുബുദ്ധിയുമുള്ളവർ അവരെ തരംപോലെ ഉപയോഗിക്കുന്നു. നമുക്കും (അവർക്കും) ലഭിച്ച സ്നേഹത്തിന്റെയും പരിചരണത്തിന്റെയും, സംരക്ഷണത്തിന്റെയും പേരിലാണ്‌ നിഷ്കാമമായ സ്നേഹമെന്നൊക്കെ പറയുന്ന സാധനം പിന്നീടെപ്പോഴോ ഉള്ളിൽ രൂഢമൂലമാകുന്നത്‌. അതില്ലാതെ വരുമ്പോഴാണ്‌ വൃദ്ധസദനങ്ങളും അമ്മത്തൊട്ടിലുമൊക്കെ നമ്മൾ നിർമ്മിക്കുന്നതും തിരഞ്ഞെടുക്കുന്നതും.

ഇവിടെ സൂചിപ്പിച്ച സർവ്വെഫലങ്ങളെക്കുറിച്ചുള്ള കമന്റുകളിൽ, ചിക്കാഗോയിൽനിന്നുള്ള തരുൺ ദത്താനിയും കാനഡയിൽനിന്നുള്ള നെൽസണും, അമ്മമാരുടെ പ്രശ്നങ്ങളെ സമീപിച്ചിരിക്കുന്നത്‌ സ്ത്രീ എന്ന കൂടുതൽ വലിയ പശ്ചാത്തലത്തിന്റെ, യാഥാർത്ഥ്യത്തിന്റെ ഭാഗമെന്ന നിലക്കാണ്‌.

അതുതന്നെയാണതിന്റെ ശരിയും.

Wednesday, May 7, 2008

സുവിശേഷ ഞരമ്പുരോഗം

ശശികലയെ മറന്നുകാണില്ലെന്നു കരുതുന്നു. ഇതാ ആ ഗണത്തില്‍പ്പെട്ട മറ്റൊരു സുവിശേഷപ്പെട്ട ഞരമ്പുരോഗി. ക്രിസ്തു എത്ര ഭാഗ്യവാന്‍. അസൂയ തോന്നുന്നു. ഇതൊന്നും കാണേണ്ടിവന്നില്ലല്ലോ. ഇല്ലെങ്കില്‍ ആ മനുഷ്യപുത്രന്‍ സ്വയം കുരിശിലേറുമായിരുന്നു. ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയുമില്ല്ലായിരുന്നു. എനിക്കുറപ്പുണ്ട്.

ഹല്ലേലൂയാ...ഗ്ലോറി ഗ്ലോറി...ജയ് ശ്രീറാം..അല്ലാഹു അക്‍ബര്‍.

Tuesday, May 6, 2008

നകുലന്റെ ആകുലതകള്‍

നകുലന്റെ പോസ്റ്റില്‍ ഇട്ട കമന്റ് വെളിച്ചം കാണുമോ എന്ന് അറിയാത്തതുകൊണ്ട് പൊതുജനസമക്ഷം ഇത് ഇവിടെ എടുത്തിടുന്നു.


പ്രിയപ്പെട്ട നകുലന്‍,

വലിയ എന്തോ ഒരു കണ്ടെത്തല്‍ എന്ന നിലക്ക് താങ്കള്‍ അവതരിപ്പിച്ച ഇതിലെ ഒട്ടുമിക്ക കാര്യങ്ങളും ശുദ്ധമായ അസംബന്ധമാണ്. പക്ഷേ അതൊന്നും ഈ കമന്റു കൊണ്ട് മാറ്റിമറിക്കാമെന്ന ധാരണയും ഇതെഴുതുന്നയാള്‍ക്കില്ല. കമന്റുകളും മറുകമന്റുകളുമായും, വിഷയത്തില്‍നിന്നുള്ള വ്യതിചലനമായും അതങ്ങിനെ നീണ്ടുപോവുകയും ചെയ്യും. അത്രമാത്രം. അതുകൊണ്ട് അതിനൊന്നും മുതിരുന്നില്ല. താങ്കളുടെ കണ്ടെത്തലുകളെ ഒന്ന് ക്രോഡീകരിച്ചുനോക്കുന്നു എന്നുമാത്രം.

താങ്കളുടെ വാദങ്ങളുടെ ചുരുക്കം ഇതാണ്.

1. പാര്‍ട്ടിയില്‍നിന്നും ധാരാളം കൊഴിഞ്ഞുപോക്കുകള്‍ ഉണ്ടാവുന്നുണ്ട്. അതിന്റെ ഫലമായാണ് കൂടുതലും അക്രമങ്ങളും പച്ചക്കു കൊല്ലലും, വെട്ടലും നടക്കുന്നത്.

2. അതൊക്കെ അവസാനിപ്പിക്കാനുള്ള ഒരു തന്ത്രമെന്ന നിലക്കാണ് സി.പി.എം.ഇത്തരം സൌഹൃദസദസ്സുകള്‍ സംഘടിപ്പിക്കുന്നത് (അതൊന്നും സഫലമാകാന്‍ പോകുന്നില്ല എന്ന ആശ്വാസവും താങ്കളില്‍ കാണുന്നുണ്ട്. സന്തോഷം).

3. അത്തരം സദസ്സുകളില്‍ നടക്കുന്നത് അഭിപ്രായസ്വാതന്ത്ര്യങ്ങളെ നിഷേധിക്കലാണ് (ചിന്താസ്വാതന്ത്ര്യം വിലക്കപ്പെട്ട കൊച്ചുകൊച്ച് ജനസമൂഹങ്ങള്‍!!). സംഘപരിവാറില്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കും എല്ലാ അഭിപ്രായങ്ങളും വെച്ചുപുലര്‍ത്താനും ശീലിക്കാനും, പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ബെസ്റ്റ് കണ്ണാ..

4. അത്തരം ജനസമൂഹങ്ങളില്‍ അഭിപ്രായസ്വാതന്ത്ര്യമോ ചിന്താശക്തിയോ ഉണ്ടാകില്ല (ഈ 3, 4 വാദങ്ങളുടെ പരസ്പരാശ്ലേഷമോ വെച്ചുമാറലോ മാത്രം മതി താങ്കളുടെ യുക്തിരാഹിത്യത്തിന്റെ തെളിവായി കാണിക്കാന്‍. അതു പോട്ടെ). സംഘപരിവാരികള്‍ക്ക് യുക്തി പ്രതീക്ഷിച്ചുകൂടല്ലോ‍.

5. ഇനിയുള്ളത്, സംഘത്തിന്റെ അഖണ്ഡതയും, ദേശസങ്കല്‍പ്പവും, നമസ്തേ സദാ വത്സലയും, മീനാക്ഷീയുമൊക്കെയാണ് . പഴയ വാദമുഖങ്ങള്‍. നിങ്ങള്‍ക്കൊന്നും ദേശസ്നേഹം എന്തെന്ന് അറിയില്ല, ഞങ്ങളതില്‍ ഡോക്ടറേറ്റ് എടുത്തതാണ്, എന്നൊക്കെയുള്ള പതിവു സാധനങ്ങള്‍.

6. പിന്നെ, വര്‍ഗ്ഗീയതയും സവര്‍ണ്ണ പ്രത്യയശാസ്ത്രവുമൊക്കെ സംഘത്തെക്കുറിച്ചുള്ള വികട-കപട ധാരണകളാണ് എന്നത്.

അപ്പോള്‍ ഇതൊക്കെയാണ് കാണാപ്പുറങ്ങള്‍. നല്ലത്. ഇതുപോലെ എത്രയോ കാണാപ്പുറങ്ങള്‍ ഇനിയും കിടക്കുന്നു സംഘപരിവാറിന്റെ ദൃഷ്ടിയില്‍നിന്നും മറഞ്ഞ്. വക്രദൃഷ്ടി എന്ന ദോഷം മാത്രമല്ല അതിനുള്ളതെന്നും എനിക്കറിയാം. (ഈ ഖണ്ഡിക കമന്റില്‍ കാണില്ല. ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തതാണ്).

പക്ഷേ ചിരി വന്നത് അപ്പോഴൊന്നുമല്ല. ഇതാ താങ്കളുടെ ചില വാക്യങ്ങള്‍, അതു വായിച്ചപ്പോഴാണ്.

“നാം ഇത്ര ബൃഹത്തും ശക്തവുമായ ഒരു രാഷ്ട്രമായിരുന്നിട്ടുകൂടി നൂറ്റാണ്ടുകളോളം വിദേശികളുടെ അടിമകളായി കഴിഞ്ഞുകൂടേണ്ടി വന്നതെന്തുകൊണ്ട്‌ എന്നും - വിദൂരദേശത്തുള്ള ചെറുരാഷ്ട്രങ്ങള്‍ക്കുപോലും നമ്മെ അനായാസം നിയന്ത്രിക്കാന്‍ കഴിഞ്ഞതെങ്ങനെ എന്നുമുള്ള ചിന്തകളില്‍നിന്നാണ്‌..” - എങ്ങിനെയെന്ന് ഒന്നു പറഞ്ഞുതരൂ സര്‍.

“ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായ - പ്രായോഗികമായ - കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്‌ സംഘമാണ്‌. തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നില്ലാത്തതിന്റെ പേരില്‍ അവരതൊന്നും പരസ്യത്തിനു വയ്ക്കുന്നില്ല എന്നേയുള്ളൂ“..ഇതിനെയാണ് വിനയം എന്നു പറയുന്നത്.

'തെക്കോട്ടു പോകുക' എന്ന ശൈലീപ്രയോഗത്തിനര്‍ത്ഥം 'അവസാനിക്കുക' എന്നാണ്‌. - അപ്പോല്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ അക്കൌണ്ട് ഇപ്പോ തുറക്കുമെന്നൊക്കെ പറഞ്ഞതിന്റെ അര്‍ത്ഥം ഇതായിരുന്നുവല്ലേ പരം‌പൊരുളേ. കഷ്ടം. എന്നിട്ടാണ് ഈ നശിച്ച കമ്മ്യൂണിസ്റ്റുകാര്‍ ഈ അക്കൌ‍ണ്ടിനെ ഇത്രയുംകാലം പേടിച്ചുനടന്നത്.


അപ്പോള്‍ ശരി. കാണാം.

അഭിവാദ്യങ്ങളോടെ

Monday, May 5, 2008

ഹിരോഷിമ - ചില പുതിയ ചിത്രങ്ങള്‍

ഹിരോഷിമയിലെ ദുരന്തത്തിന്റെ ചില പുതിയ ചിത്രങ്ങള്‍ ഈയടുത്ത ദിവസം പുറത്തുവന്നിട്ടുണ്ട്.
1945-ല്‍ ഹിരോഷിമക്കുപുറത്തുള്ള ഒരു സ്ഥലത്തെ ഒരു ഗുഹയില്‍നിന്ന് അമേരിക്കന്‍ അധിനിവേശസേനയിലെതന്നെ റോബര്‍ട്ട് .എല്‍. കാപ്പ് എന്ന സൈനികന്‍ വീണ്ടെടുത്ത ഡെവലപ്പ് ചെയ്യാത്ത ചില ഫിലിം‌റോളുകളില്‍നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. 998-ല്‍ റോബര്‍ട്ട് ഈ ചിത്രങ്ങള്‍ ഹൂവര്‍ ഇന്‍സ്റ്റിട്ട്യൂഷന്‍ ആര്‍ക്കൈവ്‌സിനു കൊടുത്തു. 2008-നു ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന നിബന്ധനയില്‍. അതിനുള്ള കാരണം, ഏതായാലും വ്യക്തമല്ല. എന്നു മാത്രമല്ല, ഈ ചിത്രങ്ങള്‍ എടുത്തതാരാണെന്നതും അജ്ഞാതമാണ്. ഫോട്ടോഗ്രാഫറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു.


കടപ്പാട് - Huffington Post

Sunday, May 4, 2008

ഞങ്ങളുടെ ‘ഐക്കിയ’ ജീവിതങ്ങള്‍

എന്റെ കിടപ്പുമുറിയിലെ നിലത്ത്‌ കുന്തിച്ചിരുന്ന് അച്ഛന്‍ ശ്രദ്ധയോടെ ജോലി തുടര്‍ന്നു. ജീന്‍സും, നീളന്‍കൈയ്യുള്ള ഷര്‍ട്ടും ധരിച്ചിരുന്നു അദ്ദേഹം. വലത്തെ കയ്യില്‍ ഒരു ചുറ്റികയും. ഏകാഗ്രമായ മുഖഭാവത്തോടെ കണ്ണുകള്‍ താഴ്ത്തി അദ്ദേഹം തന്റെ സാധനസാമഗ്രികള്‍ നിറച്ച ചെറിയ സഞ്ചിയില്‍ തിരയുന്നുണ്ടായിരുന്നു. സഞ്ചിയിലുണ്ടായിരുന്ന സ്ക്രൂവും മറ്റു സാധനങ്ങളുമൊക്കെ നിത്യപരിചിതങ്ങളായ വസ്തുക്കളായിരുന്നു അച്ഛന്‌. സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ ഉപയോഗിച്ചുപോന്നിരുന്നവ. ഒന്നുമില്ലായ്മയില്‍നിന്ന് ഒരിക്കല്‍ ഒരു കട്ടില്‍ നിര്‍മ്മിക്കുകപോലുമുണ്ടായിട്ടുണ്ട്‌ അദ്ദേഹം. ഓരോ ചെറിയ സാമഗ്രിപോലും എളുപ്പത്തില്‍ തിരിച്ചറിയാന്‍ അദ്ദേഹത്തിനാവും. പക്ഷേ ഇന്നദ്ദേഹം ചിന്താക്കുഴപ്പത്തിലായിരിക്കുന്നു. ആകെയൊരു പന്തിയില്ലായ്മപോലെ.

എന്റെ 'ഐക്കിയ' കിടക്ക കൂട്ടിയോജിപ്പിക്കുന്ന പണിയിലായിരുന്നു അദ്ദേഹം.

തന്റെ പ്ലാസ്റ്റിക്ക്‌ സഞ്ചി തുറന്ന് എല്ലാ ലൊട്ടുലൊടുക്കു സാധനങ്ങളും അദ്ദേഹം പുറത്തിട്ടു. ഞാനും എന്റെ സ്നേഹിതനും അദ്ദേഹത്തിന്റെ കൂടെചേര്‍ന്നു. കട്ടിലിന്റെ എല്ലാ ഭാഗങ്ങളും അച്ഛന്റെ ചുറ്റും നിരത്തിവെച്ചുകൊടുത്തു. ഇതേ മോഡലിലുള്ള മറ്റു ഐക്കിയ കിടക്കകള്‍ കണ്ടതുകൊണ്ട്‌ ഒരു ഏകദേശധാരണയൊക്കെ ഞങ്ങള്‍ക്കുണ്ടെന്ന് ഞാനും എന്റെ സ്നേഹിതനും അല്‍പ്പം അഹങ്കരിച്ചിരുന്നു. എങ്കിലും അത്ര ഉറപ്പുണ്ടായിരുന്നില്ലതാനും.

രണ്ടു ചെറിയ ചീളുകളെടുത്ത്‌ കട്ടിലിന്റെ അടിഭാഗത്ത്‌ അദ്ദേഹം ചേര്‍ത്തുവെക്കാന്‍ നോക്കി. ഐക്കിയയുടെ ഇന്‍സ്ട്രക്‍ഷന്‍ പുസ്തകമൊന്നും നോക്കാന്‍ ഞങ്ങള്‍ മിനക്കെട്ടില്ല. അതൊന്നും പക്ഷേ അദ്ദേഹത്തിനൊരു പ്രശ്നമായിരുന്നില്ല. ആ ചെറിയ മരക്കഷണങ്ങള്‍ അദ്ദേഹം കട്ടില്‍ക്കാലുകളുടെ അടിഭാഗത്തുള്ള തുളകള്‍ക്കകത്തേക്ക്‌ കടത്തി, എന്നിട്ട്‌, കട്ടില്‍ക്കാലുകള്‍, സ്വന്തം കാലുകള്‍കൊണ്ട്‌ താങ്ങി ആ മരക്കഷണങ്ങള്‍ മെല്ലെ അമര്‍ത്തി. ഇതാ ഞാനുണ്ട്‌ സഹായിക്കാന്‍ എന്ന മട്ടില്‍ ഞാന്‍ ഓടിച്ചെന്നു. ഞാന്‍ ആ മരക്കഷണം ബലമായി പിടിച്ചുകൊടുത്തു.

എനിക്ക്‌ കുറ്റബോധം തോന്നുന്നുണ്ടായിരുന്നു.

താഴെനിലയില്‍, ഒരു നല്ല ഷെല്‍ഫുണ്ടായിരുന്നു എനിക്ക്‌. കിടക്കതലക്കല്‍ വെക്കാവുന്ന തരത്തിലുള്ള ഒന്ന്. നല്ല മരത്തില്‍ തീര്‍ത്തത്‌. കുറേ ആളുകളുടെ ശ്രമഫലമായി തീര്‍ത്തിരിക്കാവുന്ന ഒരു ഷെല്‍ഫ്‌. രണ്ടാഴ്ചമുന്‍പാണ്‌ അച്ഛന്‍ എനിക്കത്‌ സമ്മാനിച്ചത്‌. ഞാന്‍ തന്നെ തിരഞ്ഞെടുത്ത ഭംഗിയുള്ള ഒരു ബെഡ്‌റൂം സെറ്റിലേക്ക്‌ അച്ഛന്‍ സംഭാവന ചെയ്തതായിരുന്നു അത്‌. എനിക്ക്‌ വളരെ ഇഷ്ടവുമായിരുന്നു ആ ചെറിയ ഷെല്‍ഫ്‌. എങ്കിലും അതിനെ ഒരു ഉപയോഗശൂന്യമായ വെറും മരക്കഷണമെന്നതിലപ്പുറമായി എനിക്കൊട്ടു കാണാന്‍ കഴിഞ്ഞതുമില്ല. മാത്രവുമല്ല, ഫര്‍ണിച്ചര്‍ വാങ്ങലൊക്കെ മുതിര്‍ന്നവര്‍ക്ക്‌ മാത്രം അവകാശപ്പെട്ട സാധനങ്ങളാണല്ലോ, നികുതി അടക്കലും മറ്റും പോലെ. ഈ ഷെല്‍ഫിനാണെങ്കില്‍ മറ്റു അലങ്കാരങ്ങളൊന്നുമുണ്ടായിരുന്നതുമില്ല. അതുകൊണ്ട്‌ ഞാനത്‌ നിരസിച്ചു.

ഇതിനേക്കാള്‍ നല്ലതും, കാണാന്‍ ഭംഗിയും, വിലകുറവും, ഐക്കിയയുടെ കട്ടിലായിരിക്കുമെന്ന് എനിക്ക്‌ തോന്നി. പരമ്പരാഗത കട്ടിലുകളൊന്നും ഐക്കിയ ഉണ്ടാക്കാറില്ല. അലങ്കാരങ്ങളും കുറവാണ്‌. കിടക്ക വിരിക്കാനുള്ള ഒരു പലകപ്പുറം. ലോഹത്തിന്റെ ഫ്രെയിമോ സ്പ്രിങ്ങുകളോ കള്ളികളുള്ള ഷെല്‍ഫുകളോ ഒന്നുമില്ലാത്ത വെറും കട്ടിലുകള്‍.അങ്ങിനെ ഞങ്ങള്‍ പണി തുടര്‍ന്നു.

എന്റെ സ്നേഹിതന്‍ കട്ടിലിന്റെ അരികുകളില്‍ സ്ക്രൂകള്‍ തിരുകിക്കയറ്റാന്‍ തുടങ്ങി. ഞാനും അച്ഛനും മറ്റു ഭാഗങ്ങള്‍ യോജിപ്പിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടു. എനിക്ക്‌ അല്‍പ്പം ആശങ്കയുണ്ടായിരുന്നു. കോളേജ്‌ വിട്ടതിനുശേഷം ഐക്കിയയുടെ വീട്ടുസാമഗ്രികള്‍ പലപ്പോഴായി ഞാന്‍ ശരിയാക്കിയിട്ടുണ്ടായിരുന്നു. ഐക്കിയ മേശ, ഐക്കിയയുടെ പുസ്തക ഷെല്‍ഫ്‌, കസേര, അങ്ങിനെ ചിലത്‌. ഐക്കിയപോലുള്ള ആധുനിക സാമഗ്രികള്‍ കൈകാര്യം ചെയ്തു ശീലമുള്ള പുതിയ തലമുറക്കാരെപ്പോലെ, എനിക്കും അല്‍പ്പസ്വല്‍പ്പം ആത്മവിശ്വാസമൊക്കെയുണ്ടായിരുന്നു. ഏതു ഭാഗം എവിടെയാണ്‌, എങ്ങിനെയാണ്‌ പിടിപ്പിക്കേണ്ടതെന്നൊക്കെ ഞാന്‍ മനസ്സിലാക്കിവെച്ചിരുന്നു. അച്ഛനാകട്ടെ, ഇത്തരം സാധനങ്ങളൊന്നും അത്ര പരിചയമുണ്ടായിരുന്നില്ല. വളരെ സംശയിച്ച്‌ അദ്ദേഹം ഓരോ സ്ക്രൂവും കയറ്റുന്നത്‌ കണ്ടപ്പോള്‍ എനിക്ക്‌ വിഷമം തോന്നി.

മരം അച്ഛന്റെ രക്തവുമായി അത്രമേല്‍ ഇഴുകിച്ചേര്‍ന്നതായിരുന്നു. 1958-ലാണ്‌ അദ്ദേഹത്തിന്റെ അച്ഛന്‍ -ഒരു ഫ്രഞ്ച്‌ കനേഡിയന്‍ കുടിയേറ്റക്കാരന്‍- സ്വന്തമായി ഒരു തടിമില്ല് സ്ഥാപിച്ചത്‌. പതിന്നാലു വയസ്സുള്ളപ്പോള്‍ ജോലിചെയ്യാന്‍ തുടങ്ങിയതാണ്‌ അച്ഛനവിടെ. പിന്നീട്‌ അദ്ദേഹം ജോലി നിര്‍ത്തി കോളേജില്‍ ചേര്‍ന്നു പഠിച്ചു. സിവില്‍ എഞ്ചിനീയറായി. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ജോലികളഞ്ഞ്‌, വീണ്ടും, തന്റെ അച്ഛന്റെ തടിമില്‍ ഏറ്റെടുത്തുനടത്തി. ചെറിയ കസേര മുതല്‍ വലിയ ഫര്‍ണിച്ചര്‍ വരെ, എന്തിന്‌, മരം വളക്കുന്ന ഒരു സങ്കീര്‍ണ്ണമായ യന്ത്രം വരെ, അദ്ദേഹം സ്വന്തമായി ഉണ്ടാക്കി. ആ ആളാണ്‌ ഇന്ന് ഒരു സ്ക്രൂ പോലും സംശയിച്ച്‌ സംശയിച്ച്‌ തിരുപ്പിടിപ്പിക്കുന്നത്‌.

ഒടുവില്‍ എങ്ങിനെയോ ആ കട്ടില്‍ ഞങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തലഭാഗത്തുള്ള ചെറിയ ഷെല്‍ഫ്‌ അല്‍പ്പം മുന്നോട്ടാഞ്ഞു നിന്നിരുന്നു. കിടക്കുമ്പോള്‍ അതെന്റെ തലയില്‍ മുട്ടുന്ന വിധത്തില്‍.

'ഇതിങ്ങനെത്തന്നെയാണോ വേണ്ടത്‌?" എനിക്ക്‌ സംശയമായി.

അച്ഛന്‍ അതിലേക്ക്‌ കുറേ നേരം നോക്കിനിന്നു. എന്നിട്ടു പറഞ്ഞു. "എനിക്കറിയില്ല"

ഇന്‍സ്ട്രക്‍ഷന്‍ എഴുതിയ കൊച്ചുപുസ്തകം ഞാന്‍ മറിച്ചുനോക്കി. "ഇതിങ്ങനെയല്ല വേണ്ടത്‌. ശരിയായിട്ടില്ല".

ഞാന്‍ സ്ക്രൂകള്‍ അഴിച്ചുമാറ്റി. അച്ഛനും എന്റെകൂടെ ചേര്‍ന്നു. ഞാനും എന്റെ സ്നേഹിതനും മറ്റൊരു ലോഹത്തകിടുകൂടി കട്ടിലിന്റെ അരികുകളില്‍ പിടിപ്പിച്ചു. അച്ഛന്‍ സ്ക്രൂ കയറ്റി. കട്ടിലിനെ വേദനിപ്പിക്കാനെന്നപോലെ ശക്തിയായിട്ടാണ്‌ അദ്ദേഹം അത്‌ ചെയ്തത്‌.

അതെ, ഈ സാധനമാണ്‌ 2002-ല്‍ തന്റെ തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ എടുത്തുമാറ്റാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. ഈ ഫര്‍ണിച്ചറാണ്‌ തടിമില്ലില്‍ ഇടക്കിടക്ക്‌ സ്തംഭനാവസ്ഥയുണ്ടാക്കിയതും, 2005-ല്‍ അതിന്റെ പൂട്ടിച്ചതും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇത്തരം ഐക്കിയ ഫര്‍ണിച്ചറുകള്‍ വാങ്ങിയ എന്നെപ്പോലുള്ളവരാണ്‌ അച്ഛനെയും നൂറുകണക്കിന്‌ സ്ത്രീ-പുരുഷ തൊഴിലാളികളെയും അവരുടെ ഈ തൊഴിലില്‍നിന്ന് ആട്ടിപ്പുറത്താക്കിയത്‌.

ഐക്കിയയുടെ പെട്ടിയില്‍ നിന്ന്, ഗുണനചിഹ്നത്തിന്റെ രൂപം നിര്‍മ്മിക്കുന്ന രണ്ടു ലോഹത്തകിടുകള്‍ അച്ഛനെടുത്ത്‌ കൂട്ടിയോജിപ്പിച്ചു. കട്ടിലിന്റെ നടുക്ക്‌, മെത്തയെ താങ്ങിനിര്‍ത്താനുള്ള രണ്ട്‌ ദുര്‍ബ്ബലമായ ലോഹക്കഷണങ്ങള്‍. പുറത്തെവിടെയെങ്കിലുംവെച്ചായിരുന്നു ഈ ലോഹക്കഷണങ്ങള്‍ ഞാന്‍ കണ്ടിരുന്നതെങ്കില്‍, അവ എന്നെ എത്രതന്നെ സ്നേഹത്തോടെ ക്ഷണിച്ചാല്‍പ്പോലും ഞാനവയെ ഉപയോഗിക്കുമായിരുന്നില്ല. വിശ്വസിക്കുമായിരുന്നില്ല. പക്ഷേ ഇന്ന് അവ ഐക്കിയയുടേതാണ്‌. അതുകൊണ്ട്‌ എനിക്ക്‌ വിശ്വസിക്കാതിരിക്കാനാവില്ല.

തീരെ വിശ്വാസം വരാത്ത മട്ടില്‍ അച്ഛന്‍ ആ രണ്ടു കഷണങ്ങളെ വീണ്ടും വീണ്ടും നോക്കിനിന്നു. "സാരമില്ല, ഒന്നും നോക്കണ്ട. ആ സ്ക്രൂ വെച്ച്‌ അതിനെ യോജിപ്പിച്ചാല്‍ മതി" എന്റെ സ്നേഹിതന്‍ പറഞ്ഞു.

അച്ഛന്‍ സ്ക്രൂ കയറ്റി. തീരെ തൃപ്തി വരാതെ അതഴിച്ച്‌ വീണ്ടും കയറ്റാന്‍ തുടങ്ങി. എന്റെ സ്നേഹിതന്‍ അച്ഛനെ സഹായിച്ചു. എനിക്ക്‌ സങ്കടം വരുന്നുണ്ടായിരുന്നു. ഒടുവില്‍ അവര്‍ അത്‌ ശരിയാക്കി. കട്ടിലിന്റെ ഒത്തനടുക്ക്‌ ആ വലിയ ഗുണനചിഹ്നം നെഞ്ചുവിരിച്ച്‌ കിടന്നു. അച്ഛനും എന്റെ സ്നേഹിതനും ഒരു ദീര്‍ഘനിശ്വാസം പൊഴിച്ചു.


തടിമില്ല് പൂട്ടാനുള്ള തീരുമാനമെടുത്തപ്പോള്‍ എന്റെ അച്ഛന്റെയും അമ്മയുടെയും ഉള്ളില്‍നിന്നും ഇതുപോലെ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ന്നുവീണിട്ടുണ്ടാകണം. പല ഫര്‍ണിച്ചര്‍ സ്ഥാപനങ്ങളില്‍നിന്നുമായി പിരിഞ്ഞു കിട്ടാനുള്ള പണത്തിനുവേണ്ടി അവര്‍ കുറേ അലയുകയും ചെയ്തു. പലരേയും സമീപിച്ചു. ഞങ്ങളില്‍നിന്ന് ഫര്‍ണിച്ചര്‍ വാങ്ങിയ സ്ഥാപനങ്ങളും വളരെ വലിയൊരു പ്രതിസന്ധിയിലായിരുന്നു. പലരുടെയും കയ്യില്‍ കാശുണ്ടായിരുന്നില്ല. ഫര്‍ണിച്ചറുകള്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു അവരുടെ പക്കല്‍. ചിലരൊക്കെ പൈസ തന്നു. മറ്റുചിലര്‍ തന്നതുമില്ല. ഒരു കൂട്ടര്‍ക്ക്‌ അച്ഛന്‍ ഒരു ഇളവു ചെയ്തുകൊടുത്തു. തരാനുള്ള പൈസക്കുപകരം ഒരു ബെഡ്‌റൂം സെറ്റ്‌ മതിയെന്നു പറഞ്ഞു. അങ്ങിനെയാണ്‌ ആ ബെഡ്‌റൂം സെറ്റും, അതിന്റെ തലഭാഗത്ത്‌ വെച്ചുപിടിപ്പിക്കാവുന്ന, അച്ഛന്‍ സംഭാവന ചെയ്ത ഷെല്‍ഫും എനിക്ക്‌ കിട്ടിയത്‌.

ഞാന്‍ വാങ്ങാന്‍ വിസമ്മതിച്ച ഷെല്‍ഫ്‌. അന്നത്‌ വാങ്ങാതിരുന്നതില്‍ എനിക്ക്‌ മനസ്താപം തോന്നി.

പക്ഷേ എന്നെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. കാതലുള്ള മരത്തിന്റെ ലോകത്തല്ല ഞാനും എന്റെ തലമുറയും ജീവിക്കുന്നത്‌. വിദ്യാഭ്യാസത്തിന്‌ വായ്പ വാങ്ങേണ്ടിവരുകയും, എന്നെങ്കിലുമൊരിക്കല്‍ മറ്റിടങ്ങളിലേക്ക്‌ മാറിപ്പോകേണ്ടിവരുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല കാതലുള്ള, നല്ല മരം. വിലകുറഞ്ഞ ബീറും നുണഞ്ഞു നടക്കുന്ന സാധാരണക്കാര്‍ക്കുള്ളതല്ല അത്തരം മരങ്ങളൊന്നും. അവയെ നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്യാം. പക്ഷേ സ്വപ്നം കാണുക, അതുമാത്രം വയ്യ. ഒറ്റത്തടിയിലുള്ള ജീവിതമല്ല എന്റെയും എന്റെ തലമുറയുടേതും. ഉറക്കുത്തിയ ചെറിയ ചെറിയ മരക്കഷണങ്ങള്‍ ചേര്‍ത്തുവെച്ച ജീവിതമാണ്‌ ഞങ്ങളുടേത്‌.

അച്ഛന്‌ അതറിയാമായിരുന്നുവെന്ന് എനിക്ക്‌ തോന്നി. കട്ടില്‍ ശരിയാക്കിക്കഴിഞ്ഞപ്പോള്‍, ഒന്നും മിണ്ടാതെ, അദ്ദേഹം താഴത്തേക്കു പോയി. ഞാന്‍ കിടക്ക നിവര്‍ത്തി. അതിന്മേല്‍ ഭംഗിയുള്ള വിരിപ്പ്‌ വിരിച്ചു. കമ്പിളി നിവര്‍ത്തി. ഞാന്‍ ഉണ്ടതും, ഉടുത്തതും, വളര്‍ന്നതും, ജീവന്‍ നിലനിര്‍ത്തിയതുമെല്ലാം പഴയ നല്ല മരങ്ങളുടെ ഉള്‍ബലത്തിലായിരുന്നു.

പക്ഷേ ഇന്ന്, ഈ രാത്രി ഞാന്‍ കിടക്കുമ്പോള്‍ എന്നെ താങ്ങുന്നത്‌ ഈ ദുര്‍ബ്ബലമായ ഐക്കിയയാണ്‌.




Alternet-ല്‍ Meg Fevreau എഴുതിയ ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷ.

* ഐക്കിയ (IKEA)- സ്വീഡനിലെ പ്രശസ്തമായ ബഹുരാഷ്ട്ര ഫര്‍ണിച്ചര്‍ നിര്‍മ്മാണ-വില്‍പ്പന സ്ഥാപനം.

Saturday, May 3, 2008

അനുരാധ ഘാണ്ടി

വ്യവസ്ഥാപിതമായ രീതിയില്‍, ആര്‍ഭാടപൂര്‍വ്വം അനുഭവിച്ചുതീര്‍ക്കാവുന്ന ഒരു ജീവിതം മുന്നിലുണ്ടായിട്ടും, അതുപേക്ഷിച്ച്‌, മറ്റൊരു വഴി തിരഞ്ഞെടുക്കുന്നവരെക്കുറിച്ച്‌ നമ്മള്‍ പലപ്പോഴും കേള്‍ക്കുകയും വായിച്ചറിയുകയും ചെയ്തിട്ടുണ്ട്.

മസ്തിഷ്ക മലമ്പനി പിടിപെട്ട്‌ ഏപ്രില്‍ 11-ന്‌ അന്തരിച്ച അനുരാധ ഘാണ്ടിയെക്കുറിച്ചുള്ള ഹൃദയസ്പൃക്കായ ഒരു ഓര്‍മ്മക്കുറിപ്പ്‌ ഇതാ ഇവിടെ.

എല്ലാ നക്സലൈറ്റുകാരെയും/മാര്‍ക്സിസ്റ്റുകാരെയും/ കമ്മ്യൂണിസ്റ്റുകാരെയും "തീര്‍ത്തും വൃത്തികെട്ടവരായി'കാണുന്നവരും, ഏതൊരു മനുഷ്യജീവിയിലും നന്മയുടെ ഒരംശമെങ്കിലും കണ്ടേക്കാനിടയുണ്ടെന്ന സമാന്യയുക്തിയെപോലും നിഷേധിക്കുന്നവരും നമ്മുടെയിടയില്‍ ജീവിക്കുന്നു.

അത്ഭുതപ്പെടുകയോ വ്യസനിക്കുകയോ ചെയ്തിട്ട്‌ കാര്യമില്ല. അവരോട്‌ സഹതപിക്കുക. ബിനായക്‌ സെന്നുകള്‍ക്കും, ശങ്കര്‍ ഗുഹാ നിയോഗിമാര്‍ക്കും, അനുരാധാ ഘാണ്ടിക്കും മാത്രമുള്ളതല്ലല്ലോ ഈ ലോകം. ത്യാഗത്തിന്റെയും മനുഷ്യത്വത്തിന്റെയും, അര്‍ത്ഥവും വിലയുമറിയാത്ത ബുദ്ധിശൂന്യര്‍ക്കുംകൂടി അവകാശപ്പെട്ടതല്ലേ അത്‌?