Sunday, July 3, 2011

കാലത്തിന്റെ പുഴ



കടപ്പാട്: റോബർട്ട് ഫിസ്ക്കിന്റെ The Age of Warrior എന്ന പുസ്തകത്തിലെ A river through time എന്ന ലേഖനത്തിന്റെ പരിഭാഷ

സാഹിത്യത്തെയും ചരിത്രത്തെയും സിനിമയെയും വികലമാക്കാനുള്ള ശ്രമങ്ങൾ, എന്നെ സംബന്ധിച്ചിടത്തോളം അശ്ളീലമല്ലാതെ മറ്റൊന്നുമല്ല. ആരൊക്കെയോ, എവിടെയൊക്കെയോ, അവരുടെ വീക്ഷണങ്ങൾ കൊണ്ട് നമ്മെ സംരക്ഷിക്കുകയോ വിഷലിപ്തമാക്കുകയോ ആണ്‌ അതുകൊണ്ട് ചെയ്യുന്നത്. 1934-ൽ ഹിറ്റ്ലർ ബ്രൗൺ ഷർട്ടുകാർക്കെതിരെ നടത്തിയ കശാപ്പിനെക്കുറിച്ച് എഴുതി എന്ന ഒരൊറ്റ കാരണം കൊണ്ട്, വില്ല്യം ഷിററുടെ ‘മൂന്നാം റൈഷിന്റെ ഉദയവും പതനവും’ (The Rise and Fall of the Third Reich) എന്ന പുസ്തകം പിൻവലിക്കാൻ ദക്ഷിണ ലണ്ടൻ ലൈബ്രറി നടത്തിയ ശ്രമമാണ്‌ ഓർമ്മവരുന്നത്. ഹിറ്റ്ലറിന്റെ സൈനികരാൽ കശാപ്പുചെയ്യപ്പെട്ട ബ്രൌൺ ഷർട്ടുകാരിൽ ഒരാൾ ‘സ്ത്രൈണ മുഖഭാവമുള്ള കുപ്രശസ്തനായ ഒരു സ്വവർഗ്ഗസംഭോഗി’യാണെന്നും, അയാളുടെ സുഹൃത്തും നേതാവുമായിരുന്ന ഏണസ്റ്റ് റോഹ്‌മും മറ്റു സഖാക്കളും ‘ലൈംഗികവൈകൃത’മുള്ളവരാണെന്നുമുള്ള പുസ്തകത്തിലെ സൂചനകളായിരുന്നു എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയത്. നാസി കാലഘട്ടത്തിനെക്കുറിച്ച് 1959-ൽ ഷിറർ എഴുതുമ്പോൾ ‘ഗേ’ എന്നത് ‘സന്തോഷം’ ‘ലാഘവത്വം’ തുടങ്ങിയവയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദവും, സ്വവർഗ്ഗാനുരാഗമെന്നത്‌ ഇന്നത്തെപ്പോലെ അന്നും നിയമവിരുദ്ധവും സമൂഹത്തിന്റെ (ഇത്തരം എല്ലാ വൈജാത്യങ്ങളെയും ഒരു സമൂഹം ഉൾക്കൊള്ളേണ്ടതുണ്ട് എന്നു വിശ്വസിച്ച സ്വതന്ത്രവാദികളൊഴിച്ചുള്ളവരുടെ) വെറുപ്പിന്‌ കാരണഭൂതമാവുകയും ചെയ്തിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നമ്മുടെ ഇന്നത്തെ സാമൂഹ്യമായ ശരികളും സദാചാരവുമായി ഷിററിന്റെ രചന യോജിക്കാത്തതുകൊണ്ട് ഒന്നുകിൽ അത്‌ നിരോധിക്കുകയോ, അഥവാ, സ്റ്റാലിൻ കാലഘട്ടത്തിലെ റഷ്യൻ എൻസൈക്ളോപ്പീഡിയകളെപ്പോലെ മാറ്റിയെഴുതപ്പെടുകയോ ചെയ്യണമെന്ന് ചുരുക്കം.

സെമിറ്റിക്ക് വിരോധത്തെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് ഷേക്സ്പ്രിയറും, ‘വെനീസിലെ വ്യാപാരി’യും, മാർലോവിന്റെ ‘മാൾട്ടയിലെ ജൂതനും’ നിരോധിക്കപ്പെടേണ്ടതാണെന്ന്‌ ഇന്നും കരുതുന്ന ജൂത സുഹൃത്തുക്കളുണ്ട്. ടി.എസ്. എലിയറ്റിന്റെ ‘ജെറോൻഷ’നിലെ ജൂതനെക്കുറിച്ചുള്ള വിവരണം ഓരോ തവണ  വായിക്കുമ്പോഴും ഞാനും ചൂളിപ്പോവുന്നുണ്ട്. ശരിയാണ്‌, തന്റെ കാലഘട്ടത്തിലെ സെമിറ്റിക് വിരോധം എലിയറ്റിന്റെ കൃതികളിലും വെളിവാകുന്നുണ്ട്. പക്ഷേ അതുകൊണ്ടുമാത്രം അത് നിഷേധിക്കേണ്ട ആവശ്യവുമില്ല. എത്രമാത്രം അരോചകമായി തോന്നാമെങ്കിലും, ജോർജ്ജ് ഓർവ്വലിന്റെ വിൻസ്റ്റൺ സ്മിത്തിനെപ്പൊലെ, ഇന്നലെയുടെ ഗദ്യത്തെയും പദ്യത്തെയും ശുദ്ധീകരിക്കുന്നതിനുപകരം, അതുമായി ജീവിച്ചുപോകാനാണ്‌ ചരിത്രം നമ്മോട് ആവശ്യപ്പെടുന്നത്. ഹിറ്റ്ലറുടെ ആത്മകഥ - അതിന്റെ ദുഷ്ടതകളെ യുക്തിഭദ്രമായി വിമർശിക്കുന്ന അവതാരികകളോടെ -നാസിസത്തിന്റെ ദുഷ്ടതകളെ വരും തലമുറകൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഇന്നും വിൽക്കപ്പെടുന്നുണ്ട് എന്നും ഓർക്കുക.


എന്നാലും സാംസ്ക്കാരിക സെൻസർഷിപ്പ് അപ്രത്യക്ഷമായിട്ടില്ല. ശേഖർ കപൂറിന്റെ 1998-ലെ ‘എലിസബത്ത്’ എന്ന സിനിമ, ‘കന്യാരാജ്ഞി‘യെ പുനസ്സൃഷ്ടിക്കാനുള്ള ഒരു അസുലഭാവസരമാണ് കേറ്റ് ബ്ലാൻ‌ചെറ്റിന് നൽകിയത്.  പക്ഷേ ആ സിനിമയുടെ ശേഷഭാഗമായ ‘എലിസബത്ത്: ദി ഗോൾഡൻ ഏജ്’ (Elizabeth: The Golden Age) നിരാശപ്പെടുത്തുന്ന ഒരു സിനിമയായിരുനു. 1588-ൽ സ്പാനിഷ് സൈന്യത്തിന്റെ വരവിനു തൊട്ടുമുൻപ് തന്റെ പരമാധികാരത്തിന്റെ പിന്തുണ സൈനികർക്ക് സമർപ്പിച്ച് ടിൽബറിയിൽ വെച്ച് എലിസബത്ത് നടത്തിയ, ബ്രിട്ടനിലെ എല്ലാ സ്ക്കൂൾ കുട്ടികൾക്കും കാണാപ്പാഠം അറിയുന്ന ആ സുപ്രധാനമായ പ്രസ്താവന -“അശക്തവും ദുർബ്ബലവുമായ ഒരു സ്ത്രീ ശരീരമാണ്‌ എന്റേതെങ്കിലും എന്റെഹൃദയവും ചങ്കൂറ്റവും ഒരു രാജാവിന്റേതാണ്‌” -അത്, ആ സിനിമയിൽനിന്ന് നിർദ്ദാക്ഷിണ്യം നീക്കം ചെയ്യപ്പെട്ടു. എന്റെ അച്ഛൻ എപ്പോഴും ആ വാക്യം ഉദ്ധരിക്കുകയും ഒരിക്കൽ ടിൽബറിയിലെ ആ കോട്ട കാണിക്കാൻ -ഇപ്പോഴും അത് അവിടെയുണ്ട്-എന്നെ കൊണ്ടുപോവുകയുമുണ്ടായിട്ടുണ്ട്.


പക്ഷേ, കഷ്ടമെന്നു പറയട്ടെ, ശേഖർ കപൂറിന്‌ ആ വാക്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫെമിനിസത്തിന്റെ കാലത്ത് അത്തരം പ്രസ്താവനകൾ നിഷിദ്ധവും, അസ്വീകാര്യവും, യോജിച്ചുപോകാത്തതും, പ്രകോപനപരവുമായ് അനുഭവപ്പെട്ടിരിക്കാം. അതല്ലെങ്കിൽ എങ്ങിനെയാണ്‌, ചരിത്രപ്രസിദ്ധമായ ആ വാക്കുകൾ സിനിമയിൽ എലിസബത്ത് ഉച്ചരിക്കാൻ വിട്ടുപോയത്? ദശലക്ഷക്കണക്കിന്‌ പ്രേക്ഷകർ ഒരുപക്ഷേ ആ വാക്കുകൾ കേൾക്കാനായിരിക്കാം കാത്തുനിന്നത്. പക്ഷേ അത് അവരിൽനിന്ന് എടുത്തുമാറ്റി. പുരുഷമേധാവിത്വത്തിന്റെ കാലത്ത് തന്റെ രാജ്യത്തെ നയിച്ച അസാധാരണക്കാരിയായ ഒരു സ്ത്രീ എന്നതിനേക്കാൾ നല്ലത്, അശക്തയും ദുർബ്ബലയുമല്ലാത്ത, കന്യകയായ ഒരു ഫെമിനിസ്റ്റ് രാജ്ഞിയാണെന്നായിരിക്കാം കപൂറിന്റെ നിലപാട്.


പക്ഷേ ഇതിലും ദുഷിച്ച തെറ്റിദ്ധരിപ്പിക്കലുകൾ നടത്താൻ സിനിമകൾക്ക് സാധിക്കും. ഉദാഹരണത്തിന്‌, പുരസ്ക്കാരം നേടിയ ഇംഗ്ളീഷ് പേഷ്യന്റ് എന്ന സിനിമയിൽ ഡേവിഡ് കരവാഗിയോ എന്ന ചാരന്റെ തള്ളവിരലുകൾ ഫാസിസ്റ്റ് സൈന്യം വെട്ടിക്കളയുന്ന രംഗം. ഒരു മുസ്ലിമിനു മാത്രമേ അതിനു സാധിക്കൂ എന്ന്‌ കരവാഗിയോയുടെ മർദ്ദകൻ വിശദീകരിക്കുമ്പോൾ ആ ക്രൂര കൃത്യം ചെയ്യൻ കത്തിയുമായി മുന്നോട്ട് വരുന്നത് പർദ്ദയിട്ട ഒരു സ്ത്രീയാണ്‌. നവോത്ഥാന കാലത്തിലെ ഇറ്റലിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയിൽ ഇസ്ളാമിനെ വലിച്ചിഴക്കുന്നതിന്റെ സാംഗത്യം എന്താണെന്ന്, ഈ ഭീകരദൃശ്യം കണ്ടപ്പോൾ എനിക്ക് തീരെ മനസ്സിലായില്ല. തിരക്കഥാകൃത്തും സംവിധായകനുമായ ആന്തണി മിംഗേല എന്തിനാണ്‌ മുസ്ലിങ്ങളെ ഈ കൃത്യവുമായി കൂട്ടിക്കെട്ടിയത്? ഇംഗ്ലേഷ് പേഷ്യന്റിന്‌ ആധാരമായ മൈക്കൽ ഒന്താജെയുടെ നോവൽ ഞാൻ വാങ്ങി വായിച്ചു. കരവാഗിയോയുടെ തന്നെ വാക്കുകളിൽ ആ രംഗം വിവരിക്കുന്നത് ഇപ്രകാരമാണ്‌ “അത് ചെയ്യാൻ അവർ ഒരു സ്ത്രീയെ കണ്ടെത്തി. അതായിരിക്കും കൂടുതൽ നല്ലതെന്ന് അവർക്കു കരുതി. അവർ ഒരു നഴ്സിനെ കൊണ്ടുവന്നു. അവൾ ഒരു നിഷ്ക്കളങ്കയായിരുന്നു. എന്റെ പേരോ, ദേശീയതയോ, എന്നെക്കുറിച്ച് മറ്റെന്തെങ്കിലുമോ അവൾക്ക് അറിയില്ലായിരുന്നു..” മുസ്ലിമിനെക്കുറിച്ച് ഒരു സൂചനയുമില്ല. സിനിമയിലെ അത്യന്തം വംശീയമായ ആ രംഗത്തിന്‌ യഥാർത്ഥ കഥാഭാഗവുമായി തട്ടിച്ചുനോക്കുമ്പോൾ ഒരു അടിസ്ഥാനവുമില്ല. എന്നിട്ടുംഎന്തുകൊണ്ടാണതവിടെ?


ഒരു ആശ്വാസം കിട്ടിയത്, ജോ റൈറ്റിന്റെ ‘അറ്റോൺമെന്റ്’ എന്ന അസാദ്ധ്യ സിനിമ കാണാനായപ്പോഴാണ്‌. 1930-കളിലെ ഇംഗ്ളണ്ടിലെ ഉപരിവർഗ്ഗത്തിന്റെ വഞ്ചനയും കാപട്യവും വിഷയമാക്കിയ ഒരു സൃഷ്ടി. ചെറിയ ബഡ്ജറ്റിൽ നിമ്മിച്ച ഒരു സാധാരണ ആർട്ട് സിനിമ എന്നതിൽനിന്ന് ഡൺകിർക്കിന്റെ ഇതിഹാസമായി മാറിയ സിനിമ. ഇതുവരെ അത് കണ്ടിട്ടില്ലാത്തവർക്കുവേണ്ടി ആ സിനിമയുടെ കഥ സൂചിപ്പിക്കാം. തീരെ ഭാവനാശൂന്യമായ ഒരു ഇതിവൃത്തം.  തന്റെ ബന്ധുവായ ലോലയെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച്, ജ്യേഷ്ഠത്തി സിസിലിയുടെ കാമുകൻ റോബിയെ (കുടുംബത്തിലെ ഒരു വേലക്കാരന്റെ മകനായ റോബി. സ്കോളർഷിപ്പ് നേടി വൈദ്യപഠനത്തിനു പോയി ഇടത്തരക്കാരനാവുന്നുണ്ട് പിന്നീട്) ബ്രയണി എന്ന പതിമൂന്നുകാരി അറസ്റ്റ് ചെയ്യിപ്പിക്കുന്നു. സിസിലിക്ക് റോബിയുടെ നിരപരാധിത്വത്തിൽ വിശ്വാസമുണ്ട്. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ സൈന്യത്തിൽ ചേരുന്നതിന്റെ ആനുകൂല്യത്തിൽ റോബി ജയിൽമോചിതനാവുകയും കഥയുടെ രണ്ടാം പകുതിയിൽ അയാൾ കൂട്ടം തെറ്റിയ തന്റെ രണ്ട് മേലുദ്യോഗസ്ഥരെ ഫ്രഞ്ചു തീരത്തേക്ക് നയിക്കുകയും ചെയ്യുന്നു. 


ഈ രംഗത്തിന്‌ നിഗൂഢമായ ഒരു സാമ്യത കാണാൻ കഴിയും.1957-ലെ ഡൺകിർക്ക് (Dunkirk) എന്ന സിനിമയിൽ ജോൺ മിൽസ് എന്ന കഥാപാത്രം, ഇതുപോലെ കൂട്ടം തെറ്റിയ മറ്റൊരു സംഘത്തെ രക്ഷപ്പെടുത്തുന്നുണ്ട്. പക്ഷേ, അറ്റോൺ‌മെന്റിൽ, ഒരു കനാലിനെ പിന്തുടർന്നുപോകുന്ന റോബി, തനിക്ക് സമുദ്രത്തിന്റെ ഗന്ധം കിട്ടുന്നതായി പറയുന്നു. മണൽക്കുന്നിന്റെ മുകളിൽ നിന്ന് നിന്ന് നോക്കുന്ന അയാളുടെ കണ്ണിൽ തെളിയുന്നത്, കടൽത്തീരത്ത് നില്ക്കുന്ന ഇരുപതിനായിരമോ മുപ്പതിനായിരമോ വരുന്ന വലിയ ബ്രിട്ടീഷ് സൈന്യത്തെയാണ്. വളരെ പെട്ടെന്നും അപ്രതീക്ഷിതവുമായിട്ടാണ് ആ ഐതിഹാസിക രംഗം വരുന്നത്. അത് കണ്ടപ്പോൾ ശ്വാസമടക്കിപ്പിടിച്ച്,‘ ഫക്ക് മി’ എന്ന് ഞാൻ അറിയാതെ പറഞ്ഞുപോയി. കാണികളും സിനിമയും തമ്മിലുള്ള ഒരു മനോഹരമായ സംഗമമായിരുന്നു അത്. ഇതേ ദൃശ്യം കാണാനിടവരുന്ന റോബിയുടെ മേലുദ്യോഗസ്ഥന്മാരിൽ ഒരാളും, എന്റെ വാക്കുകൾ കടമെടുത്ത് ആവേശമടക്കാനാവാതെ പറയുന്നു, ‘ഫക്ക് മി’.


ആ ഡൺകിർക്ക് രംഗം അഞ്ചുമിനുട്ട് ദൈർഘ്യം മാത്രമുള്ളതാണെങ്കിലും അത് തലച്ചോറിനെ ഉലയ്ക്കുന്ന  ഒന്നാണ്‌. ഫ്രഞ്ച് ഉദ്യോഗസ്ഥർ തങ്ങളുടെ കുതിരകളെ വെടിവെച്ച് വീഴ്ത്തുന്നു. മദ്യപിച്ച ബ്രിട്ടീഷ് സൈനികർ ശാപവാക്കുകളുമായി ഓടകളിൽ കിടക്കുന്നു. ഒരു സെൻസർഷിപ്പുമില്ല അവിടെ. പക്ഷേ റോബിയുടെ ഉദ്യോഗസ്ഥൻ പിന്നെയും മുന്നോട്ട് നടക്കുകയാണ്. ഈ സിനിമയുടെ ആധാരമായ ഇയാൻ മൿവാന്റെ പുസ്തകത്തിലാകട്ടെ, ഒരു ചെറിയ സൂചന മാത്രമേ ഉള്ളു. “താഴ്ന്ന സ്വരത്തിൽ, സംഘമായി പാടുന്ന ഒരു കീർത്തനം.. പിന്നീട് അത് നേർത്തുനേർത്തില്ലാതാകുന്നു” എന്ന ഒരു ചെറിയ വാചകം. പക്ഷേ ജോ റൈറ്റിന്റെ സിനിമയിൽ ആ സൈനികോദ്യോഗസ്ഥൻ തകർന്നു തരിപ്പണമായ ഒരു കടൽത്തീരത്തെത്തുന്നുണ്ട്. മുറിവേറ്റ് ചോരപുരണ്ട യൂണിഫോമണിഞ്ഞ ബ്രിട്ടീഷ് സൈനികർ അപ്പോൾ ”മനുഷ്യകുലത്തിന്റെ നാഥനും പിതാവുമായോനേ, ഞങ്ങളുടെ പിഴവുകൾ ക്ഷമിക്കേണമേ“ എന്ന ആ മനോഹരമായ ക്വാക്കർ സംഗീതം ആലപിക്കുന്നു.  ധീരന്മാരായ ആ സൈനികരെ പ്രദക്ഷിണം വെക്കുന്ന ക്യാമറ. തരിപ്പിച്ചിരുത്താൻ പോന്ന ഒരു രംഗം. .ധീരതയെയും എന്നാൽ യുദ്ധത്തിന്റെ നിഷ്ഫലതയെയും ഒരേസമയം ഓർമ്മിപ്പിക്കുന്നു എന്നതാണ്‌, അത്ര മഹത്ത്വമൊന്നും അവകാശപ്പെടാനില്ലാത്തെ ഈ സിനിമയെ മറ്റൊരു തരത്തിൽ സ്മരണീയമാക്കുന്നത്.


ഒരു ചെറിയ കപ്പലിൽ റോബി ഇംഗ്ളണ്ടിലേക്ക് തിരിച്ചെത്തി സിസിലിയുമായി ഒരുമിക്കുന്നുവെന്നും, ദക്ഷിണ ലണ്ടനിലെ അവരുടെ ചേരിയിൽ എത്തി മാപ്പു ചോദിക്കുന്ന ബ്രയണി നുണ പറഞ്ഞതിന്‌ കോടതിയിൽ പോകാൻ സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നുവെന്ന സൂചനയും സിനിമ തരുന്നുണ്ട്. പക്ഷേ സിനിമയുടെ അവസാനം കഥ വീണ്ടും മാറിമറയുന്നു. റോബിയും സിസിലിയും വീണ്ടും ഒരുമിക്കുന്നുവെന്നത്, എഴുതിക്കൊണ്ടിരിക്കുന്ന തന്റെ അവസാനത്തെ നോവലിൽ, ഒരു പ്രായശ്ചിത്തം പോലെ താൻ നെയ്തുവെച്ച വെറും ഭാവനായണെന്നും, റോബി 1940 ജൂൺ 1-ന്‌ ഡുൺകിർക്കിൽ വെച്ച് രോഗാതുരനായി മരിക്കുകയും  നാലുമാസത്തിനുശേഷം, ബൽഹാം മെട്രോവിലെ ഒരു ബോംബിംഗിൽസിസിലിയ കൊല്ലപ്പെടുകയും ചെയ്തുവെന്നും വൃദ്ധയും മരണാസന്നയുമായ ബ്രയണി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.


“കൃത്യമായ ഉത്തരങ്ങളുടെ പ്രായം കഴിഞ്ഞു പോയിരുന്നു‘ എന്ന് വൃദ്ധയായ ബ്രയണി, പുസ്തകത്തിൽ ഒരിടത്ത് തന്നെക്കുറിച്ചുതന്നെ പറയുന്നുണ്ട്. ’അതുപോലെത്തന്നെ ഇതിവൃത്തങ്ങളുടെയും കഥാപാത്രങ്ങളുടെയും പ്രായവും...ഇനിയുമൊരിക്കലും ചലിക്കാൻ കഴിയാത്ത ചക്രങ്ങളുള്ള തുരുമ്പിച്ച യന്ത്രങ്ങളെപ്പോലെ ആയിരിക്കുന്നു ഇതിവൃത്തങ്ങളും..ചിന്തയും ധാരണയും സംവേദനവുമായിരുന്നു അവരെ ആകർഷിച്ചത്..ബോധമനസ്സാകട്ടെ, പുഴയെപ്പോലെ, കാലത്തിലൂടെ..‘. ഈയൊരു സങ്കൽപ്പമാണ്‌ ’അറ്റോൺ‘മെന്റിനെ, കാപട്യത്തെയും യുദ്ധത്തെയും പ്രണയത്തെയും സത്യസന്ധമായി ചിത്രീകരിക്കാൻ ശ്രമിച്ച മറ്റു സിനിമകളുടെ കൂട്ടത്തിൽ നിന്ന് വേറിട്ടു നിർത്തുന്നത്.



Thursday, June 23, 2011

വാക്കുകൾ, അടയാളങ്ങൾ


യാത്രതീർന്നിറങ്ങുമ്പോൾ
കളമൊഴി ചോദിക്കുന്നൂ
ഓർത്തുനോക്കുക, ഒന്നും
മറന്നുവെച്ചിട്ടില്ലല്ലോ
ഭവാൻ?

ഇത്തിരിദൂരം, അല്പ്പനേരമീ
ചെറുയാത്ര,
കൈമോശം വന്നിട്ടില്ല
മറന്നിട്ടുമി,ല്ലൊന്നും

എങ്കിലുമൊരുവേള
കണ്ടേക്കാം വഴിയിൽ ഞാൻ
കയ്യൊഴിഞ്ഞ വാക്കുകൾ
സ്നേഹ, ദ്വേഷപ്പൊട്ടുകൾ

സാരമാക്കേണ്ടതില്ലീ
കാഴ്ചശ്ശീവേലിയിൽ
വഴി തിരിച്ചറിയുവാൻ
വിട്ടുപോന്നതാണവയെ ഞാൻ


(ടാക്സിയിൽനിന്ന് ഇറങ്ങുമ്പോൾ കേൾക്കുന്ന Have you left anything behind? എന്ന വേട്ടയാടുന്ന ആ ചോദ്യത്തോട്)

Wednesday, June 15, 2011

പുരുഷാർത്ഥം


ഒളിക്യാമറയും മാധ്യമങ്ങളും ഈശ്വരന്റെ ലീലാവിലാസവുമുണ്ടെങ്കിൽ എന്താണ് അസാധ്യമായിട്ടുള്ളത്. എത്ര വലിയ കള്ളനെയും കൊലപാതകിയെയും കയ്യോടെ പിടിക്കാം. അത് യൂട്യൂബിലിട്ട് പോലീസിനെ ഏൽപ്പിക്കുക. പോലീസിന്റെ ഭാഗ്യമാണ് ഭാഗ്യം. കള്ളന്റെ വീഡിയോചിത്രം തന്നെ കയ്യിൽ വരുന്നു. അയാൾ മോഷ്ടിച്ച മൊബൈലിൽനിന്നുതന്നെ അയാളെ ‘സമർത്ഥമായി’ വേട്ടയാടി വലയിൽ കുരുക്കുന്നു.

പോലീസ് കള്ളനെ പിടിച്ചതുകൊണ്ട് മാത്രം ഉത്തരവാദിത്ത്വം അവസാനിക്കുന്നില്ല. അതിന്റെ മുഴുനീള വിവരണം കൊടുക്കാൻ ഡെയ്ലി മലയാള മാധ്യമങ്ങളും ആവശ്യാനുസരണം വേണം. അതില്ലാതെ പിന്നെ എന്തു പഞ്ച്? മേമ്പൊടിക്ക് പിന്നെ, കള്ളന്റെ പഴയ കാല വീരപരാക്രമങ്ങളും, കള്ളനാവാൻ അയാളെ പ്രചോദിപ്പിച്ച സിനിമയെക്കുറിച്ചും നായകന്മാരെയുംകുറിച്ചും, മർമ്മത്തും അല്ലാതെയും അയാൾക്കു കിട്ടിയ ചവുട്ടുകളെക്കുറിച്ചും ചുരുങ്ങിയത് രണ്ടുപുറത്തിൽ കവിയാതെയുള്ള ഉപന്യാസജീർണ്ണലിസവും.

ദൈവത്തിന്റെ സ്വന്തം പുന്നാരമക്കൾക്ക് അത്രയെങ്കിലുമൊക്കെ ആസ്വദിക്കാനും രസിക്കാനും അവകാശമുണ്ട്. അതുകൊണ്ട് കണ്ടുരസിക്കുക. ലിങ്ക് തന്ന് ഒരു കള്ളനെക്കൂടി നിങ്ങൾക്ക് ചൂണ്ടിക്കാട്ടി വിളമ്പിത്തരാൻ തത്ക്കാലം മനസ്സില്ല. വേണമെങ്കിൽ സ്വയം ആയിക്കൊള്ളുക.

പുരുഷുവിനെപ്പോലുള്ള കള്ളന്മാരെ സ്നേഹിക്കാതിരിക്കുന്നതെങ്ങിനെ? വലിയ വലിയ കള്ളന്മാർ നമുക്കിടയിൽ തന്നെ എത്രയെണ്ണമുണ്ട്? പൊതുമുതൽ കട്ടുമുടിക്കുകയും കൈയ്യിട്ടുവാരുകയും ചെയ്യുന്ന ഇതിലും കൂടിയ വലിയ കള്ളന്മാർ. അവരെയൊന്നും കുടുക്കാൻ പറ്റിയ ഒളിക്യാമറകളും യൂട്യൂബുകളും നമുക്കില്ലാതെ പോയത് എത്ര ഭാഗ്യമായി!!

ഗ്രാമിന് 2075 രൂപ നിരക്കിൽ വിലയുയരുമ്പോഴും അക്ഷയതൃതീയക്കും, മക്കളുടെ മംഗല്യമാമാങ്കങ്ങൾക്കും, സ്വന്തം പൊങ്ങച്ചത്തിനും വേണ്ടി സ്വർണ്ണം വാരിക്കൂട്ടുന്ന മന്ദബുദ്ധികളായ മലയാളികൾക്കുവേണ്ടി, പതിനാലു ജില്ലകളിലും ചുരുങ്ങിയത് ഒരു പുരുഷുവെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കിലോക്കണക്കിനു സ്വർണ്ണം വാങ്ങിച്ചു കുമിച്ചുകൂട്ടുന്ന വീടുകൾക്കും, പൊന്നിനും പണത്തിനുമൊപ്പം പരസ്പരം തട്ടിച്ചുനോക്കി വിലയിടുന്ന മക്കൾക്കും തന്തതള്ളമാർക്കും പേടിസ്വപ്നമായി ഇനിയും പുതിയ പുരുഷുമാർ ഉണ്ടാകട്ടെ.

ഒളിക്യാമറകളുടെ സാധ്യതകളെയും നമ്മൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. സാധുക്കളും നിരുപദ്രവികളുമായ ചെറിയ പുരുഷുമാരെ പിടിക്കാനും, നീരാടുകയും മൂത്രമൊഴിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ ഗുഹ്യഭാഗങ്ങൾ കണ്ടാനന്ദിക്കാനും മാത്രമാവരുത് ആ ഒളികണ്ണുകൾ. അരമനകളിലും ആശ്രമങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ജനാബുമാരുടെ കോട്ടകൊത്തളങ്ങളിലും, പൊതുജനത്തിന്റെ പണം കക്കാനും, ഇടനിലപ്പണം ഉറപ്പിക്കാനും കൈമാറാനും ഇടയുള്ള ഇടങ്ങളിലും, കാരാഗൃഹങ്ങളിലും, നേരമ്പോക്കിനുള്ള റിസോർട്ടുകളിലും എല്ലാം വേണം ഒളിക്യാമറകൾ.

അപ്പോൾ വിവരമറിയും. പ്രഭാതസവാരിക്കിടയിൽ മണൽ ലോറി കയറിയും, നീന്തിക്കുളിക്കുമ്പോൾ പുഴയിൽ മുങ്ങിത്താണും, തൊടിയിലോ തോട്ടത്തിലോ കിണറ്റിലോ തീവണ്ടിപ്പാളത്തിലോ ചത്തു പുഴുവരിച്ചോ കിടക്കാനും ഭാഗ്യമുണ്ടെങ്കിൽ യോഗമുണ്ടാകും.

അതുകൊണ്ട് നമുക്ക് രസമുള്ള ചെറിയ ചെറിയ കളികൾ മതി. കള്ളനും പോലീസോ, സാറ്റോ, ഓടിത്തൊട്ടോ അങ്ങിനെ എന്തെങ്കിലും ചെറിയ കളികൾ.

Monday, June 13, 2011

ഞരമ്പിലെ കലയും ഞരമ്പുരോഗികളും


വർഷങ്ങൾക്കുമുൻപാണ് എം.എഫ്.ഹുസൈൻ എന്ന ചിത്രകാരനെ നേരിൽ കാണുന്നത്. കൽക്കത്തയിൽ വെച്ച്. താൻ വരച്ച ചിത്രങ്ങൾ എടുത്താൽ പൊന്താത്ത വിലയ്ക്ക് വിറ്റഴിക്കുന്ന ഒരു ചിത്രകാരൻ എന്നേ അന്ന് തോന്നിയിരുന്നുള്ളൂ. അധികവും, കുതിരകളുടെയും ലളിതമായ ബാഹ്യരേഖകളിലൂടെ വരച്ച മനുഷ്യമുഖങ്ങളുടെയും ചിത്രങ്ങളായിരുന്നു അവ. ചിത്രങ്ങളിൽ അയാൾ തന്റെ കയ്യൊപ്പ് ചാർത്തുമ്പോൾ വില പിന്നെയും പിന്നെയും ഇരട്ടിക്കുന്നുണ്ടായിരുന്നു.

ബൊംബെയിലെ തെരുവുകളിൽ ഹിന്ദിസിനിമക്കുവേണ്ടി ബാനറുകൾ വരച്ച് കാലക്ഷേപം കഴിച്ചിരുന്ന പാവപ്പെട്ട കലാകാരനിൽനിന്ന്, ടാറ്റാ സെന്ററിലെ ചിത്രകലാപവലിയനിൽ നിൽക്കുന്ന ഹുസൈനിലേക്കുള്ള ദൂരം എത്രയോ വലുതായി തോന്നുകയും ചെയ്തിരുന്നു. 

ഇന്ത്യൻ സ്ത്രീത്വത്തിന്റെ മാതൃകയായി മാധുരി ദീക്ഷിതിനെ കൊട്ടിഘോഷിച്ച് വാർത്തകളിൽ വിവാദപുരുഷനായപ്പോഴും  ഹുസൈൻ കൂടുതൽ കൂടുതൽ ബാലിശനാവുകയാണല്ലോ എന്ന് തോന്നാതിരുന്നില്ല. ഏറെക്കുറെ ആ തോന്നലുകളൊന്നും ഇപ്പോഴും വിട്ടുപിരിഞ്ഞിട്ടുമില്ല. ചിത്രകലയെക്കുറിച്ച് വലിയ പിടിപാടുകളൊന്നും അന്നും ഇന്നും ഇല്ലാത്തതുകൊണ്ടാകാം, ഹുസൈൻ ചിത്രങ്ങളെ വിലയിരുത്താനും ഞാനാളല്ല.

പക്ഷേ എം.എഫ്.ഹുസൈൻ എന്ന കലാകാരനെ ഇത്തരം സ്വകാര്യ ആസ്വാദന രീതികളും രുചികളും വെച്ച് മാത്രം അളക്കുന്നതെങ്ങിനെ? അറുപതിനായിരത്തോളം ചിത്രങ്ങൾ എം.എഫ്.ഹുസൈന്റേതായിട്ടുണ്ട്. വീണ വായിക്കുന്ന തുണിയുടുത്ത ഗണപതിയും, കുട്ടിയുമായി തെരുവിലുറങ്ങുന്ന അർദ്ധനഗ്നയായ ദരിദ്രയുവതിയും, അശ്വവേഗങ്ങളിലൂടെ ചിത്രീകൃതമാകുന്ന അശോകന്റെ കീർത്തിസ്തംഭവും, ഒരുപോലെ അതിൽ പെടും. മനുഷ്യരും പ്രകൃതിയും മൃഗങ്ങളും മനുഷ്യമൃഗങ്ങളും മൃഗമനുഷ്യരും എല്ലാവർക്കും ഹുസൈന്റെ ചിത്രത്തിൽ ഒരുപോലെ ഇടമുണ്ടായിരുന്നു. ഹിന്ദുക്കളുടെ ദൈവങ്ങളിൽ ആ മനുഷ്യൻ ഒരു അമിത സ്വാതന്ത്യമെടുത്തിട്ടുണ്ടെങ്കിൽ, അത് ഒരു കലാകാരന്റെ സ്വാതന്ത്ര്യം എന്നതിലുപരി, കലയുടെ സെക്കുലർ സ്വഭാവവുമായി അയാൾ നടത്തിയ ഉദാരമായ കൊടുക്കൽ വാങ്ങലിന്റെ ഭാഗമായിരുന്നു. വയസ്സറിയിച്ചിട്ട് ഒരു നൂറ്റാണ്ടുപോലും തികഞ്ഞിട്ടില്ലാത്ത ഇന്ത്യൻ ദേശീയതയെയല്ല, മറിച്ച്, കണ്ണുനീർ പൊഴിക്കുന്ന സർവ്വംസഹയായ ഇന്ത്യൻ ഭൂമികയെയാണ് ഹുസൈൻ തന്റെ ‘നഗ്നയായ ഭാരതമാതാവിന്റെ‘ ചിത്രത്തിൽ അർത്ഥഗർഭമായി എഴുതിയത്. ഒരു ഭാഗത്ത് ഇന്ത്യൻ യോഗാത്മക്തയും, മറുഭാഗത്ത് കൊളോണിയലിസത്തിന്റെ വരവും, നഗ്നരൂപത്തിന്റെ പിന്നിൽ, കറുത്ത നിഴലായി മറ്റെന്തൊക്കെയോ അപായസൂചനകളും ഹുസൈൻ അതിസമർത്ഥമായി അതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. സർവ്വാഭരണവിഭൂഷിതയായി, ഉടുത്തൊരുങ്ങി, ശൂലവുമേന്തി പുലിപ്പുറത്തേറിവരുന്ന സുന്ദരിയായ ഭാരതമാതാവിനെ ശിവകാശിക്കാരന് സങ്കൽ‌പ്പിക്കാമെങ്കിൽ, തന്റേതായ രൂപത്തിൽ ഭാരതമാതാവിനെ സങ്കൽ‌പ്പിക്കാൻ ഹുസൈനും നിസ്സംശയം അവകാശമുണ്ട്. ശിവകാശിക്കാരനെപ്പോലും വെല്ലുന്ന സ്റ്റൈലിൽ പരമ്പരാഗതസങ്കൽ‌പ്പത്തോടിണങ്ങുന്ന ഹൈന്ദവ ദേവീദേവന്മാരുടെ ആയിരക്കണക്കിന് ചിത്രങ്ങൾ വരച്ച്, ഒരു പക്ഷേ അത് മടുത്തിട്ടാകാം, ആ ഭാവനാലോകത്തിന്റെ അതിരില്ലാത്ത മറുദേശങ്ങളിലേക്ക് കുതിക്കാൻ ചങ്കൂറ്റം കാണിച്ചവനെയാണ്, ചിത്രകലയുടെ നൈതികതയും ബാലപാഠങ്ങളും അറിയാത്ത തുണിയുടുത്ത ആഞ്ജനേയന്മാർ ഇവിടെനിന്ന് തുരത്തിയോടിച്ചത്. അവർക്കുമേൽ ചരിത്രം വിധിയെഴുതട്ടെ.

അറുപതിനായിരം ചിത്രങ്ങളിൽനിന്ന് വെറും ഏഴോ എട്ടോ ചിത്രങ്ങൾ പൊക്കിക്കാട്ടിയാണ് ഹിന്ദുകോമരങ്ങൾ ഉറഞ്ഞുതുള്ളിയത്. ആ ചിത്രങ്ങൾക്ക് ഹുസൈൻ നൽകിയ തലക്കെട്ട് വായിച്ചിരുന്നുവോ ഈ ഹിന്ദു കോമരങ്ങളിലാരെങ്കിലും? പുലിപ്പുറത്തേറിയ ദുർഗ്ഗയെന്ന യഥാർത്ഥ ചിത്രശീഷകത്തിന്, പുലിയുമായി സംഭോഗത്തിലേർപ്പെടുന്നവളെന്ന ചെല്ലപ്പേരിട്ടത് ആരാണ്, ഹുസൈനോ, മറ്റാരാനോ? പുറം തിരിഞ്ഞുനിൽക്കുന്ന നഗ്നസന്ന്യാസിയെയും, വാളൂരുന്ന തുണിയുടുത്ത മുസൽമാനെയും ഒരുപോലെ പൊളിച്ചെഴുതുന്ന ഹുസൈൻ വരകളെ എന്തുകൊണ്ടാണ് വിശ്വജന്തുപ്പരിഷകൾ കാണാൻ വിസമ്മതിച്ചത്? പ്രാചീനരും ആധുനികരുമായ എത്രയെത്രപേർ ദേവീദേവന്മാരുടെ നഗ്നതയെ ചിത്രങ്ങളിലും ശിൽ‌പ്പങ്ങളിലും കാവ്യങ്ങളിലും ആഘോഷിച്ചിട്ടുണ്ട്. അതിലൊന്നും ആരും അശ്ലീലത കാണുകയോ അതിനെതിരെ ആരും വാളിളക്കിയതായോ കേട്ടിട്ടില്ല. എന്നിട്ടെന്തേ ഹുസൈൻ മാത്രം? ഹുസൈനായതുകൊണ്ടോ?

കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ എന്തുകൊണ്ട് ഹുസൈൻ ഇസ്ലാം ബിംബങ്ങളിൽ തന്റെ ആവിഷ്ക്കാരങ്ങൾ പരീക്ഷിക്കാൻ ധൈര്യം കാണിച്ചില്ല എന്ന മറുചോദ്യക്കാർ നിരവധിയാണ്. തെറ്റ്. “മീനാക്ഷി, മൂന്നു നഗരങ്ങളുടെ കഥ“ എന്ന സിനിമയിൽ ഖുറാൻ വചനങ്ങൾ ഉപയോഗിച്ച ഹുസൈനെതിരെ വാളോങ്ങിയ അസഹിഷ്ണുക്കളായ മുസ്ലിം വർഗ്ഗീയ കോമരങ്ങളും ഇവിടെയുണ്ടായിരുന്നു. ഒരിക്കലും ഒരുമിക്കാത്ത എല്ലാ ഉലമകളും ഒരുമിച്ചാണ് അപ്പോൾ ആ സിനിമക്കെതിരെ പടവാളിളക്കിയത്. ഹിന്ദുക്കളുടെ വികാരങ്ങൾ മുറിപ്പെട്ടപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ മാപ്പു പറഞ്ഞ ആ കലാകാരന് തന്റെ സമുദായത്തിന്റെ ഭീഷണി ഭയന്ന് ആ സിനിമയും പിന്നീട് പിൻ‌വലിക്കേണ്ടിവന്നു.

നഗ്നപാദങ്ങളിൽനിന്ന് ഫെരാരിയുടെ സുഖശീതളിമയിലേക്കും, തെരുവിലെ കൂറ്റൻ സിനിമാപരസ്യങ്ങളുടെ ആപൽക്കരവും അരക്ഷിതവുമായ ഉയരങ്ങളിൽനിന്ന് പഞ്ചനക്ഷത്രപ്രദർശനശാലകളിലേക്കും കൂടു മാറിയപ്പോഴും, ഇന്ത്യയെ നൂറു ശതമാനവും സ്നേഹിച്ച ഒരു കലാകാരനായിരുന്നു എം.എഫ്.ഹുസൈൻ. ദൈവത്തന്മാരെ പട്ടുകുപ്പായമണിയിച്ച മുഗളന്മാരുടെയും വിക്ടോറിയന്മാരുടെയും കലാസങ്കൽ‌പ്പങ്ങളുമായി അബോധപരമായി കലഹിച്ച്, അവരെ അവരുടെ പ്രാചീനമായ നഗ്നതയിലേക്ക് പറിച്ചുനട്ടവനായിരുന്നു അയാൾ. സുന്ദരികളെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത സാധാരണക്കാരിൽ സാധാരണക്കാരനായ ഒരുവൻ. സ്വന്തം സർഗ്ഗാത്മകതയിലുള്ള വിശ്വാസത്തേക്കാളേറെയായി സ്വന്തം ജീവനുനേരെയുള്ള ഭീഷണികളെ ഭയപ്പെട്ടിരുന്ന ഒരു പാവം വൃദ്ധൻ.

അങ്ങിനെയുള്ള മനുഷ്യനെയാണ് നമ്മൾ ആട്ടിയോടിച്ചതും, ഞരമ്പുരോഗിയെന്ന് മറ്റുചിലർ മുദ്രകുത്തുന്നതും. വാർദ്ധക്യത്തിൽ ഞരമ്പുകൾ ക്ഷയിച്ചേക്കാം, ദുർബ്ബലമായേക്കാം. പക്ഷേ അതൊരു രോഗമല്ല. മരിച്ചവരെ പോലും ഭയക്കുന്ന, വരകളെയും വരികളെയും വാക്കുകളെയും സംഗീതത്തെയും ഉറക്കത്തിലും ഉണർവ്വിലും, ബോധത്തിലും അബോധത്തിലും ഒരുപോലെ ഭയപ്പെടുന്ന, സ്വന്തം വിശ്വാസസംഹിതകളുടെ ഉള്ളുറപ്പിൽ വിശ്വാസമില്ലാത്തവരുടേതാണ് യഥാർത്ഥ ഞരമ്പുരോഗം.

രോഗം സർവ്വസാധാരണമാണെങ്കിലും അതിനുള്ള മരുന്നാകട്ടെ, ഇന്നുവരെ ആരും കണ്ടെത്തിയിട്ടുമില്ല.

Thursday, May 26, 2011

സഹായത്തിന്റെ നീരാളിക്കൈയ്യുകൾ




നിങ്ങൾ ഒരു ഹിന്ദുവാണോ?

ഷോപ്പിംഗിനോ തീർത്ഥാടനത്തിനോ പോകുമ്പോൾ, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ, ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ, പ്രകൃതിദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ, സന്തുബന്ധുക്കളായ നിങ്ങളുടെ സ്വന്തം പെൺ‌കുട്ടികൾ ലവ്‌ ജിഹാദുകളിൽ പെട്ട് വഞ്ചിക്കപ്പെടുമ്പോൾ, നിങ്ങൾക്ക് സഹായം ആവശ്യമാണോ?

എങ്കിൽ ഉടനടി താഴെക്കാണുന്ന ഈ നമ്പറുകളിൽ ഏതെങ്കിലുമൊന്നിൽ വിളിക്കുക

02066803300 അഥവാ 07588682181.

യാത്രാവശ്യങ്ങൾക്ക് വാഹനം വേണ്ടി വരുമ്പോഴും, വാഹനത്തിന്റെ തകരാറുകൾ കൊണ്ട് വഴിയിൽ കുടുങ്ങുമ്പോഴും, നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും കിട്ടാതെ നിങ്ങൾ വലയുമ്പോഴും ജ്യോതിഷ-നിയമ-ആരോഗ്യ പ്രശ്നങ്ങളിൽ പെട്ട് ഉഴലുമ്പോഴും, എന്തിനും എപ്പോഴും, മുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.

നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഏതെങ്കിലും ഒരു ഹിന്ദു വോളന്റിയർ ഉടനടി നിങ്ങളുടെ സഹായത്തിനെത്തുന്നതായിരിക്കും. ഇനി, നിങ്ങൾക്കും ഒരു വോളന്റിയറായി ഇതിൽ സേവനം അനുഷ്ഠിക്കണമെന്നുണ്ടോ, എങ്കിൽ മടിച്ചുനിൽക്കാതെ വരൂ, പങ്കാളികളാകൂ..

ഏതെങ്കിലും അന്യമതസ്ഥരോട് ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം നിങ്ങൾക്കുണ്ടോ? അവരെക്കൊണ്ട് കണക്കുപറയിക്കണോ? അവരുടെ കുടുംബത്തെ ഉന്മൂലനം ചെയ്യണോ? ആട്ടിപ്പായിക്കണോ? അവരുടെ പെണ്ണുങ്ങളുടെ മാനാഭിമാനങ്ങൾ തകർക്കണോ? എത്ര എളുപ്പം. വേഗമാകട്ടെ, വിളിക്കൂ ഞങ്ങളെ.

ഇത്, ആഗോള ഹിന്ദുക്കൾക്കുവേണ്ടി, ആഗോള ഹിന്ദുക്കളാൽ നടത്തുന്ന, ആഗോള ഹിന്ദുക്കളുടെ ഒരു സഹായഹസ്തം. ഹിന്ദു ഹെൽ‌പ്പ്‌ലൈൻ (HHL).

എന്ന്, നിങ്ങളുടെ സ്വന്തം

തൊഗാഡിയ

Monday, May 23, 2011

വിശുദ്ധരോമം


ആർക്കെങ്കിലും വേണോ ഒരു പിടി തിരുകേശം? എങ്കിലിതാ എടുത്തുകൊള്ളുക.

എന്റെ താടിയിൽനിന്ന് ഒരു തിരുകേശം. സൌജന്യമായിട്ട് തരുന്നതാണിത്..വേണമെങ്കിൽ മതി.

1979 മുതൽ താലോലിച്ചുവളർത്തി തുടങ്ങിയതാണിവയെ. അന്നത്തെ ഒരു കോളേജുകുമാരന്റെ മുഖപത്മത്തെ അലങ്കരിച്ച്, അവന്റെ ഹൃദയത്തുടിപ്പുകളെയും വ്യഥകളെയും കനവുകളെയും താടിയിലേറ്റി, അമ്പതിന്റെ നിറവിലേക്ക് ഇനി രണ്ടുവർഷം ദൂരം മാത്രമുള്ള പഴയൊരു വിശുദ്ധരോമരാജിയുടെ ഏറ്റവും പുതിയ തലമുറയിലെ ഒരു വിശുദ്ധരോമം.

ചെവി ചേർത്തുപിടിക്കൂ..സൂക്ഷിച്ചുനോക്കൂ..കാണാനും കേൾക്കാനും കഴിയുന്നില്ലേ പോയ്‌പ്പോയ ഒരു കാലഘട്ടത്തിന്റെ ശബ്ദം, മൌനം...പരുപരുപ്പ്, മിനുസം...ജട, നര...ഗന്ധം?

തൃക്കാക്കരെ എൻ.ജി.ഒ.ക്വാർട്ടേഴ്സിലിറങ്ങി ഭാരതമാതയുടെ മുന്നിലേക്ക് നീങ്ങുന്ന താഴ്വരയിലെ നടത്തങ്ങളിലെ പൊടിപുരണ്ടതാണവ..എൻ.ജി.ഒ. എന്നത് അത്ര കറപുരണ്ട വാക്കായിരുന്നില്ല അന്ന്. ഭാരതമാതാവ് ഇന്നത്തെപ്പോലെ അഴിഞ്ഞാടാനും തുടങ്ങിയിരുന്നില്ല.

70-കളുടെ അവസാനത്തിന്റെയും 80-കളുടെ ആരംഭത്തിന്റെയും കേരളത്തിലെ കലാലയങ്ങളുടെ സ്വർഗ്ഗീയ സുഗന്ധം ഇപ്പോഴുമുണ്ട് ഈ താടിരോമങ്ങളിൽ. ആ വളമാണ് ഈ തിരുരോമത്തിന്റെ ബലം.  ‘ചുണ്ടിന്റെ കോണിലൊരു പരിഹാസമുദ്ര‘യോടെ ചുള്ളിക്കാടിന്റെയും അയ്യപ്പപ്പണിക്കരുടെയും കടമ്മനിട്ടയുടെയും കവിതകൾ തൊണ്ടപൊട്ടുമാറുറക്കെ ചൊല്ലി വോക്കൽ കോർഡുകൾ തകർന്ന ഒരു കദനകഥ ഇപ്പോഴും ഈ തിരുരോമത്തിന്റെ ഉള്ളുകളിൽ ചെവിയോർത്താൽ നിങ്ങൾക്ക് കേൾക്കാനാകും.

പഴയൊരു ഇംഗ്ലീഷ് ബീയേ ലിറ്ററേച്ചർ ക്ലാസ്സിന്റെ മുറിയിൽ തുടങ്ങി അവിടെത്തന്നെ ഒടുങ്ങിയിട്ടും ഇന്നും ജരാനരകൾ ബാധിക്കാതെ തുടരുന്ന ഒരു പഴയ പ്രണയസുഗന്ധത്തിന്റെ ചൂടുണ്ട് മുപ്പത്തൊന്നു കൊല്ലം പഴക്കമുള്ള ഈ തിരുകേശത്തിന്..സംശയമുണ്ടെങ്കിൽ, ഇതാ, ഒന്നു തൊട്ടുനോക്കൂ..

ജീവിതവൃത്തി തിരഞ്ഞ് കൽക്കത്തയിൽ, ദില്ലിയിൽ, മീററ്റിൽ, സഹറാൻപൂരിൽ, ആഗ്രയിൽ, ലൿനോവിൽ, അലഹബാദിൽ, ഹരിയാനയിൽ, കട്ടക്കിൽ, ഹുബ്ലിയിൽ, ദാവൻ‌ഗരെയിൽ, ചിൿമഗളൂരിൽ, ബാംഗ്ലൂരിൽ മൈസൂരിൽ, ഹസ്സനിൽ, വാറങ്കലിൽ, ഹൈദരാബാദിൽ, മദിരാശിയിൽ, മധുരയിൽ, ബോംബയിൽ, നാഗപൂരിൽ, ഗുജറാത്തിൽ, ജാം‌നഗറിൽ..പിന്നെ, സൌദിയിൽ, അബുദാബിയിൽ, ഫ്യുജറയിൽ..എവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ കേശമാണിത്..

ഉറക്കമൊഴിഞ്ഞിരുന്ന് രാത്രികളെ പകലാക്കിയ എന്റെ വായനാദിനങ്ങളുടെ മൂന്നു പതിറ്റാണ്ടുകൾക്ക് നിത്യസാക്ഷിയായിരുന്നതാണ് ഈ തിരുരോമം. ഓരോ നെടുവീർപ്പുകളുടെയും കൂടെ എത്രയോ തവണ ഉഴിയപ്പെട്ട് മിനുസം വന്ന ഒരു ചരിത്രമുണ്ട് അതിന്.

അതിനെയാണ് ഞാൻ നിങ്ങൾക്ക് തരുന്നത്. അതിനെ വേണ്ടെന്നു വെക്കാം നിങ്ങൾക്ക്. പക്ഷേ, അത് വ്യാജമാണെന്നോ, അതിന്റെ ഉറവിടം സംശയാസ്പദമാണെന്നോ പറയാനാണ് ഭാവമെങ്കിൽ, നിങ്ങൾ എന്റെ ശത്രുവാണെന്ന് പറയേണ്ടിവരും എനിക്ക്. എന്റെ പ്രണയമതത്തിന്റെ, എന്റെ രാഷ്ട്രീയവിശ്വാസങ്ങളുടെ, എന്റെ യാത്രകളുടെ, എന്റെ അന്വേഷണങ്ങളുടെ, എന്റെ കാലഘട്ടത്തിന്റെ, ആ കാലഘട്ടത്തിലൂടെ നടന്നുപോയ എന്റെ നാടിന്റെ സത്യത്തെയാണ് നിങ്ങൾ സംശയിക്കുന്നത് എന്ന് ഞാൻ പറയും.

നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട. ഏതെങ്കിലും ഒരു മെഡിക്കൽ കോളേജിലെ ജിജ്ഞാസുക്കളായ കുട്ടികളുടെ മുന്നിൽ എന്റെ ഈ ശരീരവും ഈ തിരുകേശവും എന്നെങ്കിലുമൊരിക്കൽ എത്തിച്ചേരും.

അതിനുമുൻപ്, ഒരു തിരുകേശം ഞാൻ മുറിച്ച് മാറ്റിവെക്കും.

പാമുക്കിന്റെ ‘നിഷ്ക്കളങ്കതയുടെ കാഴ്ചബംഗ്ലാ‘വിനെക്കുറിച്ച് കേട്ടിട്ടില്ലേ..അതുപോലൊന്നിൽ ഞാനീ തിരുരോമം കാഴ്ചക്കുവെക്കും. ഒരു കണ്ണാടിക്കൂട്ടിൽ. ‘ഒരു തിരുമേനിയിലെ വിശുദ്ധരോമം‘ എന്ന് അതിനുതാഴെ വടിവൊത്ത അക്ഷരത്തിൽ എഴുതിവെക്കുകയും ചെയ്യും.

Sunday, May 15, 2011

3 ഇഡിയറ്റ്സ്

പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു.

പ്രത്യേകിച്ച് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ, കേരളത്തിന്റെ അടുത്ത അഞ്ചുകൊല്ലത്തെ ഭാവി ഈ മൂന്നു ഇഡിയറ്റുകൾക്ക് നമ്മൾ കാഴ്ചവെച്ചിരിക്കുന്നു.


ഏണിയുടെ ചിഹ്നത്തിൽ മത്സരിക്കുന്ന ഏത് നികൃഷ്ടജീവിയെയും മൃഗീയഭൂരിപക്ഷം കൊടുത്ത് വിജയിപ്പിക്കുമെന്ന് നിശ്ചയിച്ചുറച്ച മുസ്ലിം ലീഗിലെ മാപ്പിളകൾ.


പള്ളിക്കും പട്ടക്കാരനും വേണ്ടി ഏതു വലിയ കള്ളനെയും എത്രനാൾ വേണമെങ്കിലും ചുമക്കുമെന്ന് ആജീവനാന്തം ശപഥം ചെയ്ത കേരള കോൺഗ്രസ്സിലെ നസ്രാണികൾ.

നാലണക്കുവേണ്ടി ആർക്കും എന്തു വിടുവേലയും എപ്പോൾ വേണമെങ്കിലും ചെയ്തുകൊടുക്കുമെന്ന് തെളിയിച്ച പെരുന്നയിലെ നായന്മാർ.

അണിയറയിൽ ഗംഭീരന്മാർ വേറെയുമുണ്ട്..വെള്ളാപ്പള്ളികൾ കാന്തപുരങ്ങൾ, കുമ്മനങ്ങൾ, വീരവയനാടൻ തമ്പാന്മാർ..അങ്ങിനെയങ്ങിനെ നിരവധി പേർ..

കട്ടും, മുടിച്ചും, കൈ വെട്ടിയും, മുക്കിക്കൊന്നും, അമ്മപെങ്ങന്മാരുടെ മടിക്കുത്തഴിച്ചും ആഘോഷിക്കാൻ.. ആർമ്മാദിക്കാൻ..

ഒരു അഞ്ചുവർഷം നമുക്കിനി വീണ്ടും സ്വന്തം.

Wednesday, May 11, 2011

ഇടതിന്റെ ഇടങ്ങള്‍



എൽ.ഡി.എഫിന്റെ ഔപചാരികമായ വിജയാഘോഷത്തിന് ഇനി കേവലം ഒരു ദിവസം കൂടി കാത്തിരിക്കുക.

ഇടതുകയ്യിലെ ചൂണ്ടുവിരലിൽ മഷിമുക്കി മലയാളികൾ ഏപ്രിൽ 13-ന് വിധിനിർണ്ണയിച്ചതിനും ഏറെ മുൻപുതന്നെ എൽ.ഡി.എഫിന്റെ വിജയം സുനിശ്ചിതമായിരുന്നു.

നായന്മാരും ധർമ്മപരിപാലനക്കാരും സനാതനക്കാരും സഭയും, തങ്ങളുപ്പാപ്പമാരും, സ്വാശ്രയക്കാരും, പൊതുഭൂമി കയ്യേറി കൈവശം വെച്ച് നുണഞ്ഞിരിക്കുന്ന ഭൂമാഫിയകളും, സർക്കാരാപ്പീസുകളിൽ സമയബന്ധിതമായി പണിയെടുക്കാൻ നിർബന്ധിതരായ ഉദ്യോഗസ്ഥവൃന്ദങ്ങളും, ഭാഷാസാഹിത്യങ്ങളിൽ മാത്രം ഇത്രനാളും രമിച്ചിരുന്ന്, ഒരു സുപ്രഭാതത്തിൽ തൊട്ടടുത്ത അങ്ങാടിയിൽനിന്ന് രാഷ്ട്രീയകാൽ‌പ്പനികബോധം വിലക്കുവാങ്ങിക്കുന്ന സാംസ്ക്കാരിക കൊമ്പനാനകളും, താത്ക്കാലികമായ വെടിനിർത്തലിൽ ഒപ്പുവെച്ച് ഇടതിനെതിരെ ഒരുമിച്ച് പടക്കിറങ്ങിയ മാധ്യമ-ചാനലുകളും എല്ലാം ഒരേ അക്ഷൌഹിണിയുടെ വിവിധമുഖങ്ങളിൽ സർവ്വായുധങ്ങളുമായി സജ്ജരായി നിൽക്കുമ്പോൾ, അവർക്കെതിരെ
ഒറ്റക്കു നിന്ന് പൊരുതാനിറങ്ങുന്നവനെ തോൽ‌പ്പിക്കാൻ ഒരു തിരഞ്ഞെടുപ്പുവിധിക്കും കഴിയില്ല.

വിദ്യാഭ്യാസ-ആരോഗ്യ-ധനവിനിയോഗ രംഗങ്ങളിൽ, ഇക്കഴിഞ്ഞ അഞ്ചുകൊല്ലക്കാലയളവിൽ, കേരളത്തിലെ ഇടതുപക്ഷത്തിന് ചെറുതല്ലാത്ത കാൽ‌വെപ്പുകൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. ലക്ഷ്യങ്ങളെല്ലാം സഫലമായി എന്നല്ല പറഞ്ഞുവരുന്നത്. വിട്ടുവീഴ്ചകളും നീക്കുപോക്കുകളും ഉണ്ടായിട്ടുമുണ്ട്. എങ്കിലും ലക്ഷ്യങ്ങൾ സഫലമാവുകയോ അല്ലാതാവുകയോ ചെയ്യുന്നതിന്റെ ഉത്തരവാദിത്ത്വം പൂർണ്ണമായി പാ‍ർട്ടികളിൽ കെട്ടിവെക്കുന്ന ഒരു സമൂഹത്തിന് ഒരു മാപ്പുസാക്ഷിയുടെ അതേ സ്വഭാവമാണ്. തെറ്റുകള്‍ക്ക് കൂട്ടുനിന്ന് ഒടുവിൽ കൂടെ നിന്നവനെ ബലികൊടുത്ത് സ്വന്തം തടി രക്ഷിക്കുന്ന മാപ്പുസാക്ഷിയുടെ സ്വഭാവം. 59 മുതൽ ഇന്നുവരെ, ഇടതുപക്ഷം ഭരണത്തിലിരുന്നപ്പോഴെല്ലാം മലയാളി സമൂഹം പുലർത്തിയിരുന്ന മനോഭാവവും അത്തരത്തിലുള്ള ഒന്നായിരുന്നു. വിമോചനസമരം മുതലിങ്ങോട്ട് മലയാളിയുടെ ‘രാഷ്ട്രീയപ്രബുദ്ധത‘യുടെ ആ കൊടിയടയാളങ്ങൾ ഒന്നൊന്നായി കാണാൻ കഴിയും. അടിയന്തിരാവസ്ഥക്കുശേഷം 77-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിലായിരുന്നു അതിന്റെ കലാശക്കൊട്ട്.

പത്തുകൊല്ലത്തിലൊരിക്കല്‍ മാത്രം തങ്ങളെ ഭരിക്കാന്‍ ഇടതിനു ജനസമ്മതി ദാനം ചെയ്ത് പ്രബുദ്ധനാകുന്ന മലയാളിക്ക് തൊലിപ്പുറമേയുള്ള പരിഷ്ക്കാരങ്ങളെ മാത്രമേ വേണ്ടൂ. എസ്റ്റാബ്ലിഷ്മെന്റിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന, അതിന്റെ അധികാരസമവാക്യങ്ങളെ മാറ്റാന്‍ മുതിരുന്ന ശ്രമങ്ങളെ അവനു പേടിയാണ്. ഇടതിന്റെ ഓരോ അഞ്ചുകൊല്ലത്തെയും വലതിന്റെ അടുത്ത അഞ്ചുകൊല്ലം കൊണ്ട്  മായ്ക്കാന്‍ അവന്‍ ജാഗരൂകനാണ്. മറ്റെന്തില്‍ ഉപേക്ഷ കാണിച്ചാലും ഇക്കാര്യത്തിലവന്‍ അലംഭാവം കാണിക്കില്ല.

മലയാളിയുടെ ഈ മനശ്ശാസ്ത്രം മനസ്സിലാക്കി, അതിനൊത്ത് ചിലപ്പോഴെങ്കിലും താളം തുള്ളിയെന്ന, പൊറുക്കാനാകാത്ത, ചെറുതല്ലാത്ത പാകപ്പിഴ ഇടതുപക്ഷത്തിനും സംഭവിച്ചു. പ്രത്യേകിച്ചും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, വ്യവസായ തൊഴില്‍  രംഗങ്ങളിലും, മുന്നണിയില്‍ തങ്ങളുടെ രാഷ്ട്രീയ ബാന്ധവങ്ങള്‍ നിര്‍വ്വചിക്കുന്നതിലും. സോവിയറ്റ് റഷ്യയുടെയും കിഴക്കന്‍ യൂറോപ്പിന്റെയും തകര്‍ച്ചയോടെ വന്ന ആഗോളസാഹചര്യങ്ങളോടൊപ്പം, ഇടതുപക്ഷത്തിന്റെ ഈ പാകപ്പിഴകളും, മലയാളി സമൂഹത്തിലെ പുതിയ തലമുറയുടെ അരാഷ്ട്രീയവത്ക്കരണത്തിനു കാരണമായിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ്, കൂടുതല്‍ ശക്തമായ, പ്രായോഗികമായ ഇടതുനിലപാടുകളിലേക്ക് കേരളത്തിലെ ഇന്നത്തെ ഇടതുപക്ഷം നീങ്ങിയത്  ഈയടുത്തകാലത്താണ്. ആ നിലപാടുകള്‍ക്കാകട്ടെ, ഏറെക്കുറെ സുസ്ഥിരമായ ഒരു സ്വഭാവവും കാണാനാകുന്നുണ്ട്. ഒരു കലങ്ങിത്തെളിയല്‍. ഇതുവരെയില്ലാത്ത ഒരു തെളിമ, വ്യക്തത.

അടുത്ത അഞ്ചുകൊല്ലം അതിനെ ഇല്ലാതാക്കാനാണ് ആഗോള-പ്രാദേശിക മലയാളികള്‍ കഴിഞ്ഞ മാസം വിരലില്‍ മഷി ചാര്‍ത്തിയത്. അവരെഴുതിയ വിധി എന്തെന്നറിയാന്‍ ഇനിയും ഒരു ദിവസം കൂടി കാത്തിരിക്കുക.

വിജയവും പരാജയവുമെല്ലാം, തിരഞ്ഞെടുപ്പ് സീസണില്‍ മാത്രം വിളയുന്ന വലതുപക്ഷ തകരകള്‍ക്കുള്ളത്.

ഇടതുപക്ഷത്തിനാകട്ടെ, ആ വിധി എന്തുതന്നെയായാലും  അതൊരു വിജയം തന്നെയായിരിക്കും. തീര്‍ച്ച. കാരണം, മേല്‍പ്പറഞ്ഞ ഒരു സമൂഹത്തിലെ ഒറ്റതിരിഞ്ഞ നിലനില്‍പ്പുതന്നെ ഇടതുപക്ഷത്തിന്റെ വിജയത്തിന്റെ സൂചനയാണ്. എതിര്‍പക്ഷത്തിന്റെ ആള്‍ബലം തന്നെ, ഇടതിന്റെ അജയ്യമായ ശക്തിയുടെ തെളിവാണ്. ഇടതിനെ സംബന്ധിച്ചിടത്തോളം ഓരോ തിരഞ്ഞെടുപ്പിലെ വിജയവും വെല്ലുവിളികളാണ്; പരാജയങ്ങള്‍ വിജയങ്ങളും. 

Wednesday, May 4, 2011

മഹാരഥന്മാരുടെ മാനവികസന്ദേശം

ജോൺസന്റെ ഭാര്യ ഷാജിയും, ജോമിയുടെ അമ്മ ഓമനയുമൊന്നും മഹാരഥന്മാരല്ല. ലോകത്തിനു നൽകാൻ അവരുടെ കയ്യിൽ റെഡിമെയ്ഡ് മാനവികസന്ദേശവുമില്ല

ജോൺസണും ജോമിയുമൊക്കെ കേവലം സാധാരണക്കാരായ വൃക്കരോഗികൾ. അനേകരിൽ ചിലർ മാത്രം. ഓമനയും ഷാജിയുമാകട്ടെ സാദാ വൃക്കദാതാക്കളും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, തന്റെ കെട്ടിയോൻ ജോൺസണ് വൃക്ക കൊടുത്ത സ്ത്രീയുടെ മകന് ഷാജി തന്റെ വൃക്ക കൊടുത്തു. തന്റെ മകൻ ജോമിക്ക് വൃക്ക കൊടുത്ത സ്ത്രീയുടെ കെട്ടിയോന് ഓമന തന്റെ വൃക്കയും കൊടുത്തു. സിമ്പിൾ.

തന്റെ മകന്റെയും തന്റെ കെട്ടിയോന്റെയും ശരീരത്തിനുള്ളിൽ കത്തോലിക്കാ കിഡ്‌നിയാണോ, ഹിന്ദു കിഡ്‌നിയാണോ എന്നൊന്നും ഓമനയുടെയും ഷാജിയുടെയും ചിലവിൽ ഒരു മായാകൃഷ്ണനും വ്യാകുലപ്പെട്ടതുമില്ല.

വലിയ ലോകത്തിലെ ഈ ചെറിയ മനുഷ്യർക്കിനി മഹാരഥങ്ങളാകണമെങ്കിലോ, അവരുടെ അതിസാധാരണമായ അതിജീവനകലകൾ മാനവികസന്ദേശങ്ങളാകണമെങ്കിലോ, അവർക്ക് അവരുടെ സ്വന്തം വ്യവസായശൃംഖലയും അവർ സ്ഥാപകമേലാളന്മാരായ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും വേണ്ടിവരും.

അന്ന്, ആ സുദിനത്തിൽ, ഷാജിയും ഓമനയുമൊക്കെ മഹാരഥന്മാരായി തൃശൂർ റൌണ്ടിൽ വിലസും. അന്ന് അവർക്ക് പൌരസ്വീകരണം നൽകാനും പൊന്നാടയണിയിക്കാനും ലയണുകളും, റൊട്ടേറിയനുകളും, മർച്ചന്റ്സ് ഓഫ് വെനീസുകളും, ഐയെമ്മേ മാടമ്പികളും മുന്നോട്ട് വരും. “അസാമാന്യമായ ധീരതയുടെയും ഉത്‌ക്കൃഷ്ടമായ മാനവിക അവബോധത്തിന്റെയും യഥാർത്ഥ മനുഷ്യസ്നേഹത്തിന്റെയും ഉദാത്ത വ്യക്തിത്വങ്ങളായി“ അവരെ പാടിപ്പുകഴ്ത്താൻ മനോരമയുടെയും മാതൃഭൂമിയുടെയും വൻ‌കിട ആനയമ്പാരികൾ തേക്കിൻ‌കാട്ടിൽ അണിനിരക്കും.

അതുവരെ, അവർ വൃക്കരോഗികളും വൃക്കദാതാക്കളുമായി, ആരോരുമറിയാതെ ആശുപത്രികളിലും വീടുകളിലും കഴിയും. ചിലർ ഒരു നിവൃത്തിയുമില്ലാതെ വന്നാൽ വൃക്ക വിൽക്കും, ചിലർ പൊന്നും വില കൊടുത്ത് അത് മേടിക്കും, ചിലരുടെ വൃക്കയും അവയവങ്ങളും അവരവർ പോലുമറിയാതെ മറ്റേതെങ്കിലും ശരീരത്തിലേക്ക് കൂടുമാറിയിട്ടുണ്ടാകും. ചിലർ ചത്തുപോയെന്നുമിരിക്കും. അവരുടെ ജീവിതവും അവർ നൽകിയ മാനവികസന്ദേശങ്ങളും അനാഥപ്രേതങ്ങളായി ഇവിടെയൊക്കെ ചുറ്റിത്തിരിയും.

Tuesday, May 3, 2011

ഗൃഹാതുരം



എന്റെയും എന്റെ ചുറ്റുമുള്ളവരുടെയും ഉൾത്തുടിപ്പുകളിൽ നിന്ന് കടമെടുത്ത് പ്രവാസത്തെക്കുറിച്ച് ഞാൻ കുറേയേറെ എഴുതിയിട്ടുണ്ട്. കൈകാര്യം ചെയ്യാനും, നേരിടാനും, ചിന്തിക്കാനും, നോക്കിക്കാണാനും ബുദ്ധിമുട്ടുള്ള ഒരു വിഷയമായിരുന്നു അത്.

ദിവസവും ജീവിച്ചുതീർക്കുന്ന, പൊള്ളുന്ന യാഥാർത്ഥ്യമായിരുന്നിട്ടും ആ ചിന്തകളെ എങ്ങിനെയൊക്കെയോ ഞാൻ എന്റെ മനസ്സിന്റെ പിന്നമ്പുറത്തേക്ക് തള്ളിനീക്കാറുണ്ടായിരുന്നു. ഏതെങ്കിലുമൊരു കോണിലേക്ക് മാറ്റിവെച്ച്, അത് സ്വയമേവ അപ്രത്യക്ഷമായിത്തീരുമെന്ന് ഞാൻ ആശിച്ചു. അതുണ്ടായില്ല. അങ്ങിനെയങ്ങു പോകാൻ അത് തയ്യാറില്ലായിരുന്നു.

ഈയടുത്ത കാലത്തായി ആ പ്രവാസാനുഭവം എന്നെ വല്ലാതെ അലട്ടുണ്ടായിരുന്നു. പ്രവാസാനുഭവം എന്ന് അതിനെ വിളിക്കുന്നത് അത്രകണ്ട് ശരിയല്ല എന്നു തോന്നുന്നു. ശരിയായ വാക്ക് ഗൃഹാതുരം എന്നാണ്. അതെ, ഗൃഹാതുരം വീടിനുവേണ്ടിയുള്ള ദാഹം.

അതെന്നെ അലട്ടാൻ തുടങ്ങുമ്പോൾത്തന്നെ, ഞാനതിനെ നേരിടാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും. അതുമായി ഒളിച്ചുകളിക്കുക, തീവ്രത കുറയ്ക്കാൻ നോക്കുക, മറക്കാൻ ശ്രമിക്കുക, അങ്ങിനെയൊന്ന് അവിടെയില്ലെന്ന് വെറുതെ ഭാവിക്കുക...പക്ഷേ, എന്തുതന്നെ ചെയ്താലും കൂടുതൽ ശക്തിയോടെ അതെന്റെ വാതിലിൽ വന്നുമുട്ടി വിളിക്കും. വീണ്ടും ഞാൻ അടവുമാറ്റിയെന്നിരിക്കട്ടെ, അപ്പോൾ പൂർവ്വാധികം ബലത്തോടെ അതെന്റെ വീടിനകത്തേക്ക് അണപൊട്ടിയൊഴുകിയ ജലം പോലെ വന്നു നിറയും. വികാരങ്ങളുടെ ഒരു പെരുമഴ. ഒരു ശക്തിക്കും തടയാനോ, നിയന്ത്രിക്കാനോ കഴിയാത്ത വികാരവിക്ഷോഭത്തിന്റെ ഒരു പ്രവാഹം.

ഇനിയും എനിക്ക് ഒളിച്ചുകളിക്കാനാവില്ലെന്ന് അപ്പോൾ ഞാൻ തിരിച്ചറിയും. തിരിച്ചറിയുകയും, അംഗീകരിക്കുകയും, സാധൂകരിക്കുകയും ചെയ്യേണ്ടുന്ന ഒരു ബിന്ദുവിലേക്ക് ആ പ്രവാഹം എത്തിച്ചേർന്നിരിക്കുന്നു എന്ന്‌ അപ്പോൾ എനിക്ക് ബോദ്ധ്യപ്പെടും. അതിന് ഒരു പേര് ആവശ്യമാണ്. അതിന് ഒരു വ്യക്തിത്വം ആവശ്യമാണ്. അതിന്റേതായ ഒരു സ്ഥലവും. എന്തിന്റെയെങ്കിലും-ഒരുപക്ഷേ ഒരു സ്ഥലത്തിന്റെയെങ്കിലും- സ്വന്തമായിരിക്കാൻ ആ ഗൃഹാതുരത എന്നോട് ആവശ്യപ്പെടുന്നതുപോലെ. ആത്മബന്ധം എന്ന് നിങ്ങൾ വിളിക്കുന്നത് ഇതിനെയൊക്കെയായിരിക്കും, അല്ലേ?

അങ്ങിനെ ആ പ്രവാഹത്തെ നേരിടേണ്ടിവരുമ്പോൾ, സുരക്ഷിതത്വത്തിന്റെ വിഭ്രമതീരങ്ങളിൽ ആ തിരകൾ ഉയരുന്നത് കണ്ടിരിക്കുന്നതിനുപകരം, ആ ജലത്തിൽ നീന്താൻ ഞാൻ ഒടുവിൽ തീരുമാനിക്കുന്നു. അങ്ങിനെ തീരുമാനിക്കുന്നതിന് ഒരു കാരണമുണ്ട്.  കണ്ടില്ലെന്നു നടിക്കുന്ന സാഗരഗർജ്ജനം എന്നെങ്കിലുമൊരിക്കൽ സുനാമിയായി വളരുമെന്ന് അനുഭവത്തിൽനിന്ന് എനിക്കറിയാം എന്നതുതന്നെ. വികാരങ്ങൾക്കും സംവേദനങ്ങൾക്കും ആ ഒരു സ്വഭാവമുണ്ട്. ദ്രവത്വം.

അതിനെ-ഗൃഹാതുരതയെ-അകറ്റിനിർത്താൻ വേണ്ടി ഞാൻ കാണിച്ച ചെറിയ ചെറിയ സൂത്രങ്ങൾ, ചെയ്യാതെ ഒഴിവാക്കിയതും, കൃത്യമായ ദൂരത്തിൽ നിർത്തിയതുമായ കാര്യങ്ങൾ, അതൊക്കെ ഇന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. ഉദാഹരണത്തിന്, ബാഗ്ദാദിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും കഴിവതും കാണാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പാചകം വളരെയധികം ഇഷ്ടമായിരുന്നിട്ടും, ഇറാഖിന്റെ സ്വന്തം വിഭവങ്ങൾ, നിവൃത്തിയുള്ളിടത്തോളം ഞാൻ ഒഴിവാക്കി. പകരം, എന്റെ ഗൃഹാതുരതയിൽനിന്ന്, ഏറെ ദൂരമകലെ മറ്റേതോ സ്ഥലത്തേക്ക് എന്നെ വിമോചിപ്പിക്കുന്ന രുചിശീലങ്ങളിലേക്ക് ഞാൻ കൂടുമാറി. ഇറാഖി സംഗീതം കേൾക്കുന്നതും, എന്നെക്കൊണ്ടാവുന്നതുപോലെ, ഞാൻ ഒഴിവാക്കി. സുഹൃത്തുക്കളോടും, വീട്ടുകാരോടും, അപരിചിതരോടും സംസാരിക്കുമ്പോൾ ഒരിക്കൽ പോലും ‘അത്’ കടന്നുവരാതിരിക്കാൻ ഞാൻ സൂക്ഷിച്ചു. എങ്ങിനെയെങ്കിലും ‘അത്’ വന്നാലാകട്ടെ, ഞാനതിനെ വഴിതിരിച്ചുവിടും. അല്ലെങ്കിൽ കേട്ടില്ലെന്നു നടിക്കും. മറ്റു ഇറാഖികളെ കണ്ടുമുട്ടാനുള്ള അവസരങ്ങളും ഞാൻ പരമാവധി കുറച്ചു. ഇറാഖികളുടെ കടകൾ, ഭക്ഷണശാലകൾ, അങ്ങിനെ എല്ലാം, എല്ലാം..പക്ഷേ, ചിത്രങ്ങളും, ഓർമ്മകളും, വാക്യങ്ങളും, സ്ഥലങ്ങളും മനസ്സിൽനിന്ന് മായ്ക്കാനായിരുന്നു ഏറെ ക്ലേശം.

എന്റെ ആ തന്ത്രങ്ങളൊന്നും ഫലിച്ചില്ല. അതുകൊണ്ടാണ് ഇന്ന് ഇവിടെ ‘അതി’നെക്കുറിച്ച് എനിക്ക് എഴുതേണ്ടിവരുന്നത്.

എനിക്കിനിയെന്റെ വീട്ടിലേക്ക് തിരിച്ചുപോകാൻ കഴിയില്ല എന്ന സത്യത്തിനുനേരെയാണ് ഞാൻ ഇത്രനാളും മുഖം തിരിച്ചിരുന്നത്. 2003 മുതൽ ശബ്ദിക്കാതെ കഴിഞ്ഞിരുന്നെങ്കിൽ എനിക്കൊരുപക്ഷേ അതിനു കഴിയുമായിരുന്നു. എന്നാൽ, ഇനി ഒരിക്കലും അതിനു പറ്റില്ല. ബാഗ്ദാദിൽ കാലുകുത്തുന്ന മാത്രയിൽ, മറ്റുപലരെയും പോലെ, ഞാനും ഏതെങ്കിലുമൊരു ജനാധിപത്യകൽത്തുറുങ്കിനകത്ത് പെട്ടുപോകും. എന്റെ മാത്രമല്ല, എന്റെ കുടുംബത്തിന്റെ ജീവനും ഞാൻ അപകടത്തിലാക്കും. അതൊരു വലിയ ഉത്തരവാദിത്ത്വമാണ്. ആളുകൾക്ക് അതൊന്നും മനസ്സിലാവില്ല. മൂഢന്മാർ. മൂഢതക്കും അപ്പുറമാണവർ. വെറുതെ ഇരുന്ന് എന്റെ ബ്ലോഗ്ഗുകൾ വായിച്ച് ഗീർവ്വാണം നടത്തുന്നവർ. അവർക്ക് യാതൊന്നും മനസ്സിലാവില്ല. കാരണം, അധിനിവേശത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കണമെന്ന് അവർക്ക് ഒരാഗ്രഹവുമില്ല. അവർ കാണാൻ മടിക്കുന്നു. സ്വന്തം ജീവൻ കൊണ്ട് ഞാനും മറ്റു ചിലരും കളിക്കുന്നത് എങ്ങിനെയാണെന്ന സത്യം കാണാൻ അവർ മടിക്കുന്നു. അവിശ്വാസം, ധാർഷ്ട്യം, അചഞ്ചലത്വം, തിമിരം..വെറുതെയിരുന്ന്, എഴുതിയതെല്ലാം വായിച്ച് ഇക്കിളിയാകുന്നു അവർക്ക്..ഒന്നുകിൽ ആ എഴുതിയതിനെയൊക്കെ അവർ സ്നേഹിക്കുന്നു..അല്ലെങ്കിൽ വെറുക്കുന്നു.. കഴിഞ്ഞു...രണ്ടാമതൊരാലോചനയോ, യുക്തിപരമായി ചിന്തിക്കലോ, ഒന്നുമില്ല. ഭാവനയും യാഥാർത്ഥ്യവുമില്ല..മനുഷ്യന്മാർ മൂഢന്മാരാണ്..

ഈയൊരു കാരണംകൊണ്ടായിരിക്കണം, ഇറാഖിനെക്കുറിച്ച് ഞാൻ അധികമൊന്നും എഴുതാതിരുന്നത്..കാരണം, ഒരുപക്ഷേ എന്റെ ഉള്ളിന്റെ ഉള്ളിലെവിടെയോ നഷ്ടപ്പെട്ട ലക്ഷ്യമായിത്തീർന്നിട്ടുണ്ടായിരിക്കാം അത്. എല്ലാവരും ഉറങ്ങുമ്പോൾ, എന്നെ കാർന്നുതിന്നുന്ന, അസ്ഥികളും, ഓർമ്മകളും മാത്രം ബാക്കിയായ ഒരു ഗൃഹാതുരത.

ഇതാണ് സംഗതി, ഇതാണ് വസ്തുത എന്നു കാണുമ്പോഴാണ്, ഞാനതിനെ അടച്ചുവെക്കുന്നത്, മാറ്റിനിർത്തുന്നത്, മൂടിവെക്കുന്നത്. എങ്ങിനെ അതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകും, ഒരിക്കലും തിരിച്ചുപോകാനാവില്ല എന്ന സാധ്യതയെ എങ്ങിനെ എനിക്ക് സഹിക്കാനാകും..ആ വിചാരം തന്നെ എന്നെ കൊല്ലുന്നു.

അതിനെ നേരിടാമെന്നു വെക്കുക. എനിക്കിന്ന് പതിനാറോ, പതിനെട്ടോ, ഇരുപത്തിനാലോ, മുപ്പതു പോലുമോ അല്ല..‘ജീവിതത്തിന്റെ മദ്ധ്യ‘ത്തിലാണ് ഞാനിന്ന്..ആ വാക്കിന്റെ അർത്ഥം എന്തുതന്നെയായിക്കൊള്ളട്ടെ..അപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്, അങ്ങിനെയെങ്കിൽ എന്ന് എനിക്കതിനു കഴിയും? എന്നേക്കാൾ പ്രായമായവർക്ക് ഈ ചോദ്യം കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. കാരണം, അവർക്കറിയാം, സമയം അതിവേഗം കഴിയുകയാണെന്ന്. അതുകൊണ്ട്, നിശ്ശബ്ദതയുടെ മതിൽക്കെട്ടിനകത്ത്, അവർ ആ ചിന്തയെ നിരോധിക്കുന്നു..എനിക്കത് മനസ്സിലാക്കാൻ കഴിയും..തീർച്ചയായും കഴിയും..ആ വേദന സഹിക്കാവുന്നതിനും അപ്പുറമാണ്. ചില സമയങ്ങളിൽ ചിന്തയെ നിരോധിക്കുന്നത് നല്ലതാണെന്നും വരാം.

അപ്പോൾ, നമ്മുടെ മോഹങ്ങളെയും പ്രതീക്ഷകളെയും കൊണ്ട് നമ്മളെന്തു ചെയ്യും? ഒരിക്കലും തിരിച്ചുപോകാനാവില്ലെന്ന ചിന്തയെ നമ്മളെന്തു ചെയ്യും? എവിടെയാണതിനെ ഒളിപ്പിക്കുക..എങ്ങിനെ..എത്ര നാൾ?

ബാഗ്ദാദിലേക്ക് പോകുന്നു എന്ന് ഏതെങ്കിലുമൊരു വിദേശി പറയുമ്പോൾ എന്നിൽ അസൂയയുടെയും രോഷത്തിന്റെയും വികാരങ്ങൾ നിറയുന്നു. ഞാൻ എന്നോടുതന്നെ പറയും..ആ വൃത്തികെട്ടവൻ എവിടേക്കുവേണമെങ്കിലും പൊയ്ക്കൊള്ളട്ടെ. ഇതാ, ഞാൻ ഇവിടെ, എന്റെ സ്വന്തം നാട്ടിൽ കാലുകുത്താൻ പോലുമാകാതെ..ഓരോ തവണയും, ഉള്ളിൽ അൽ‌പ്പാൽ‌പ്പമായി മരിച്ചുകൊണ്ട്..

കഴിഞ്ഞ പ്രാവശ്യം ഒരു പരിചയക്കാരൻ ബാഗ്ദാദിൽ പോകുന്നതിനുമുൻപ് എന്നോട് ചോദിച്ചു, എന്തെങ്കിലും കൊണ്ടുവരേണ്ടതുണ്ടോ എന്ന്..ഞാൻ പറഞ്ഞു, എനിക്ക് വേണം..അൽ‌പ്പം മണ്ണ്, പുഴക്കടവിൽനിന്ന് അൽ‌പ്പം ചെളി, ഒരു പ്ലാസ്റ്റിക്ക് ബാഗിൽ..എനിക്കത് വാസനിക്കണം..ആ ഒരു കൈപ്പിടി മണ്ണ് എനിക്കൊരിക്കലും കാണാൻ കഴിഞ്ഞില്ല..വാസനിക്കാനായില്ല.അത് എവിടെയോ നഷ്ടമായി, മറ്റു പലതിന്റെയും കൂടെ..

അതിന്റെ കൂടെ, എന്റെ വീടും, എന്റെ ഗൃഹാതുരതയും....


(ലൈലാ അൻ‌വറിന്റെ Homesick എന്ന ലേഖനത്തിന്റെ പരിഭാഷ)


പിൻ‌കുറിപ്പ്: മനുഷ്യന്മാരോടുള്ള ലൈല അൻ‌വറിന്റെ ദേഷ്യവും പരിഹാസവും, അവരുടെ നിർദ്ദയമായ ഭാഷയുമൊക്കെ മനസ്സിലാക്കാനോ, ഉൾക്കൊള്ളാനോ നമുക്ക് കഴിഞ്ഞില്ലെന്നു വരാം. പുറം ലോകത്തിലെ മനുഷ്യരുടെ പൊള്ളവർത്തമാനങ്ങളും അവരുടെ ‘സുജന‘മര്യാദയുമൊന്നും, അധിനിവേശത്തിന്റെ ഇരകളിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുകയേ അരുത്. ലോകത്തെയും തങ്ങളെത്തന്നെയും രോഷത്തോടെയും, സംശയത്തോടെയും ദ്വേഷത്തോടെയും വെറുപ്പോടെയും മാത്രമേ അവർക്ക് കാണാനാകൂ.. വാക്കും, വ്യാകരണവും, പ്രവൃത്തിയുംകൊണ്ട് തങ്ങളെയും മറ്റുള്ളവരെയും അവർ പീഡിപ്പിക്കുകയും മുറിവേൽ‌പ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ അതിന് നമ്മൾ സ്വയം പഴിക്കുക.

തൊട്ടുമുൻപിൽ, ലക്ഷക്കണക്കിനു കുട്ടികൾ ഉപരോധങ്ങളിലും സ്ഫോടനങ്ങളിലും പെട്ട് നിത്യേനയെന്നവണ്ണം മരിക്കുകയും, കൂട്ട പലായനത്തിലൂടെ അഭയാർത്ഥികളായി കഴിയാൻ ഒരു ജനത ഒന്നാകെ വിധിക്കപ്പെടുകയും ചെയ്യുമ്പോൾ, ആയുധവും പണവും ജനാധിപത്യവും കയറ്റുമതിചെയ്ത്, വിരലിലെണ്ണാവുന്ന തെമ്മാടികൾ ലോകത്തെയൊന്നാകെ തങ്ങളുടെ യുദ്ധവിനോദത്തിനുള്ള ഭൂമിയായി മാറ്റുകയും ചെയ്യുമ്പോൾ, ജനാധിപത്യ-പൌരാവകാശത്തിന്റെ ശബ്ദങ്ങൾ കൽത്തുറുങ്കുകളിൽ ആർത്തലച്ചുതീരുമ്പോൾ, രാജകുമാരീകുമാരന്മാരുടെ വിവാഹാഘോഷങ്ങളും നിലക്കാത്ത എറുപന്തുകളികളും ഫോർമുല കാറുകളുടെ പരക്കം പാച്ചിലും, ടെറിഫോക്സ് കൂട്ടയോട്ടങ്ങളും ലൈവ് കണ്ട്, അന്താരാഷ്ട്രദിനാചരണങ്ങൾ അനുഷ്ഠാനപൂർവ്വം ആചരിച്ച് നിർവ്വാണമടയുന്ന നമ്മളോട് അവർക്ക് ഇങ്ങനെയൊക്കെയേ സംസാരിക്കാനാവൂ..

അവരുടെ ഭാഷ എന്തുമായിക്കൊള്ളട്ടെ, ഒന്നുമില്ലെങ്കിലും അവർ ലോകത്തോട് ഇപ്പോഴും നിരന്തരം സംസാരിക്കുകയും, ബഹളം വെക്കുകയും കലഹിക്കുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ.

പക്ഷേ, ബ്രദേഴ്സ് ആന്റ് സിസ്റ്റേഴ്സ്, നമ്മളോ?

Thursday, April 21, 2011

കൌശികം



“എന്തുകൊണ്ട് ചില പ്രത്യേകവർഗ്ഗത്തിലുള്ള കൈക്കൂലികളിൽ, കൈക്കൂലി കൊടുക്കുന്ന പ്രവൃത്തിയെ നിയമവിധേയമാക്കിക്കൂടാ?”.

വിഷദാരിദ്ര്യം കൊണ്ട്, ഏതെങ്കിലുമൊരു വിദ്യാർത്ഥി തന്റെ പി.എച്ച്.ഡി തീസ്സീസ്സിനു കണ്ടുപിടിച്ച തലവാചകമാണ് ഇത് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഭാരതസർക്കാരിന്റെ സാമ്പത്തിക മന്ത്രാലയത്തിലെ മുഖ്യസാമ്പത്തികോപദേഷ്ടാവിന്റെ പ്രബന്ധത്തിന്റെ ശീഷകമാണ് മുകളിൽ. പ്രബന്ധം രചിച്ച കൌശിക്, തന്റെ ഈ സംഭാവനയെ, ‘ചെറിയതെങ്കിലും നൂതനമായ ആശയ’മെന്നു വിശേഷിപ്പിക്കുന്നുണ്ട്. അവിടം കൊണ്ടും നിൽക്കുന്നില്ല. തന്റെ ആശയം, ‘ഹ്രസ്വമെങ്കിലും വിപ്ലവകര’മെന്ന്,  ആവർത്തിക്കുകയും ചെയ്യുന്നു അദ്ദേഹം.

ആ ആശയങ്ങളുടെ സംഗ്രഹം ഇതാണ്.

  1. കൈക്കൂലികൾ രണ്ടുതരമുണ്ട്. ‘ഉപദ്രവ’മെന്നും ‘നിരുപദ്രവ’മെന്നും.
  2. കൈക്കൂലി കൊടുക്കുന്നവന്റെ പ്രവൃത്തിയെ നിയമവിധേയമാക്കുക.
  3. കൈക്കൂലി കൊടുക്കുന്നവർ, സാധാരണയായി, തങ്ങൾ കൈക്കൂലി കൊടുത്ത വിവരം, അധികാരികളെ അറിയിക്കാൻ മുന്നോട്ട് വരും.
  4. ചില പ്രത്യേകവർഗ്ഗത്തിലുള്ള കൈക്കൂലികളെയല്ല, കൈക്കൂലി കൊടുക്കുന്ന ചില  പ്രത്യേകവർഗ്ഗക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വിപ്ലവകരമായ നൂതനാശയം.
  5. കൈക്കൂലി കൊടുക്കുന്നവരെ പൂർണ്ണമായും കുറ്റവിമുക്തരാക്കേണ്ടതില്ല. അത്തരം കേസുകളെക്കുറിച്ച് സാവകാശത്തിൽ തീരുമാനിക്കാവുന്നതാണ്.
ഈ വർഷത്തെ സാമ്പത്തിക സർവ്വെ അവതരിപ്പിച്ചപ്പോൾ കൌശികൻ മുന്നോട്ടുവെച്ച മറ്റു ഒരു നൂതനാശയം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

“പാവപ്പെട്ടവരെക്കൂടി കണക്കിലെടുക്കേണ്ടിവരുന്നതുകൊണ്ടാണ് പണപ്പെരുപ്പം കൂടാൻ ഇടവരുന്നത്. (എന്നുവെച്ച്, പാവപ്പെട്ടവരെ കണക്കിലെടുക്കേണ്ടെന്നല്ല കേട്ടോ..അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നമുക്ക് ഓർമ്മവേണമെന്ന്)...“

1994-ൽ, കൌശികൻ, ന്യൂയോർക്ക് ടൈംസിന് ഒരു കുറിപ്പെഴുതിയിരു ‘ദരിദ്രർക്ക് ബാലവേല ആവശ്യമാണ്’ എന്നായിരുന്നു. വീട്ടിൽ 13-വയസ്സുകാരിയെ ജോലിക്കുവെച്ചതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു കൌശിക് ആ ലേഖനത്തിൽ.

കൈക്കൂലിയെക്കുറിച്ചുള്ള കൌശികചൂഡാമണിയുടെ വിപ്ലവകരമായ നൂതനാശയങ്ങൾ വായിക്കാൻ, ദാ, ഇവിടെ ഞെക്കുക

Tuesday, April 19, 2011

പാഴ്ച്ചിലവുകൾ


കുട്ടികളെ വളർത്തിയെടുക്കുക എന്നത് യു.എ.ഇ.യിൽ, ചിലവേറിയ ഒരു സംഗതിയാണെന്ന 
മഹത്തരമായ കണ്ടെത്തലാണ് ഗൾഫ് ന്യൂസിലെ സുനിതാമേനോന്റേത്.

കുട്ടികളെ ലക്ഷ്യമിടുന്ന ആധുനിക മാർക്കറ്റിംഗ് തന്ത്രങ്ങളും, കുട്ടികളിലൂടെ തങ്ങളുടെ പൊങ്ങച്ചം പ്രദർശിപ്പിക്കുന്നതിൽ മത്സരിക്കുന്ന രക്ഷകർത്താക്കളുമാണ് ഈ ചിലവിനെ ഇത്ര ഭാരിച്ചതാക്കുന്നത് എന്ന കണ്ടുപിടുത്തത്തിൽ കൊണ്ടാടപ്പെടേണ്ട വലിയ
‘കണ്ടുപിടുത്ത’മൊന്നുമില്ലെങ്കിലും, അതും ശരിയാണെന്ന്‌ വേണമെങ്കിൽ നമുക്ക്
സമ്മതിച്ചുകൊടുക്കാം.

ഗൾഫ് ന്യൂസ് സാമ്പിളെടുക്കുന്നത്, വർഷത്തിൽ 12,000 ദിർഹം സ്കൂൾ ഫീസിനും, 6,000 ദിർഹം കലാ-കായികപഠനങ്ങൾക്കും, 16,000 ദിർഹം ഇതര പഠനങ്ങൾക്കും വേണ്ടി ചിലവഴിക്കുന്ന, ഉപരിവർഗ്ഗത്തിലെ ഒരു മാതൃകാ കുടുംബത്തിനെയാണ്. യു.എ.ഇ.യിലെ സാധാരണക്കാർക്ക് അപ്രാപ്യമായ സ്കൂളുകളിലാണ് അവരെപ്പോലുള്ളവരുടെ കുട്ടികൾ പഠിക്കുന്നത്. കുതിരസവാരിയും, ഷൂട്ടിംഗും, സ്വിമ്മിംഗും, ഗോൾഫും, ഡിബേറ്റിംഗും പരിശീലിപ്പിക്കുകയും, സ്ക്കൂളുകളേക്കാൾ, ബിസിനസ്സ് സ്ഥാപനങ്ങളെ ഓർമ്മിപ്പിക്കുന്ന ക്യാമ്പസ്സുകളുമുള്ള സ്ക്കൂളുകൾ. മാസത്തിൽ 2000-ത്തിനും, 3000-ത്തിനും മീതെ ഫീസിനത്തിൽ മാത്രം ഈടാക്കുന്ന സ്ക്കൂളൂകൾ. അമിതവണ്ണത്തെക്കുറിച്ച് ബോധവത്ക്കരണം നടക്കുമ്പോഴും, കോളയും, പെപ്സിയും ഫാസ്റ്റ് ഫുഡും കാന്റീനുകളിൽ മാന്യമായ ഇടം കണ്ടെത്തുന്ന സ്ക്കൂളുകൾ. അത്തരം സ്ക്കൂളുകളിൽ ചേർത്താൽ തങ്ങളുടെ കുട്ടികളുടെ പഠന-പൊതുബോധ നിലവാരം മികച്ചതായിമാറും എന്ന മൂഢസ്വർഗ്ഗത്തിൽ അഭിരമിക്കുന്ന ഉപരിവർഗ്ഗക്കാരുടെ ‘ഭാരിച്ച‘ (staggering എന്നാണ് ജി.എൻ.വിലപിക്കുന്നത്) ചിലവിന്റെ കാര്യത്തിലാണ് ഗൾഫ് ന്യൂസിന് ആശങ്ക.

ഇനി അതല്ല, അവർക്കത് താങ്ങാനാവുമെങ്കിൽ നമുക്കെന്തിനാണ് അങ്കലാപ്പ് എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, ഗൾഫ് ന്യൂസിനോടും നമുക്ക് അതേ ചോദ്യം ചോദിക്കേണ്ടിവരും.

വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കുന്നതിൽ യു.എ.ഇ.യിൽ മുൻപിൽ നിൽകുന്നത്
ഇന്ത്യൻ സമൂഹത്തിലെ സ്ക്കൂളുകൾ തന്നെയാണ്. പ്രത്യേകിച്ചും നമ്മുടെ
സ്വന്തം  GEMS സ്ക്കൂളുകൾ. ഫീസ് നിരക്കുകൾ എത്ര വർദ്ധിപ്പിക്കണമെന്നും, എങ്ങിനെ
അത് നടപ്പാക്കണമെന്നും തീരുമാനിക്കുന്നത് അവരാണ്. വിദ്യാഭ്യാസവകുപ്പിന്റെ
നിയമങ്ങളെ സമർത്ഥമായി മറികടക്കാൻപോലും അവർക്കു നിഷ്പ്രയാസം കഴിയുന്നു. കമ്പോളത്തിന്റെ എല്ലാ സ്വഭാവവും ഉൾക്കൊള്ളുന്ന കച്ചവടസ്ഥാപനങ്ങളായിരിക്കുന്നു ഈ വിദ്യാഭ്യാസ ഹൈപ്പർ മാർക്കറ്റുകൾ. 2009-2010, 2010-2011 കാലത്ത് 110% ശതമാനമാണ് അവർ ഫീസിനത്തിൽ ഉയർത്തിയത്. യൂണിഫോം, പുസ്തകങ്ങൾ, എന്നിവക്കു പുറമെയാണത്. ഇക്കഴിഞ്ഞ സാമ്പത്തികമാന്ദ്യകാലത്ത്, നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെടുകയും അവരുടെ ജീവിതം പ്രതിസന്ധിയിലായപ്പോഴും ഒന്നും തങ്ങളുടെ അനുബന്ധസ്ക്കൂളുകളിൽ ഫീസ് നിരക്കു വർദ്ധിപ്പിക്കാൻ  ‘ജെം’സിനും മറ്റു ചിലർക്കും ഒരു മടിയുമുണ്ടായില്ല. ഇന്ധനവിലയുടെ ന്യായം പറഞ്ഞ് സ്ക്കൂൾ ബസ്സിലെ യാത്രാനിരക്ക് 300 ശതമാനം വർദ്ധിപ്പിച്ചപ്പോൾ മാത്രമാണ് മക്കൾക്ക് ‘മുന്തിയ വിദ്യാഭ്യാസം‘ ഉറപ്പുവരുത്താൻ പെടാപ്പാടുപെടുന്ന സൂപ്പർ ഡാഡിമമ്മിമാർക്ക് ധാർമ്മിക രോഷം അണപൊട്ടിയൊഴുകിയത്.

മിതമായ ഫീസ് ചുമത്തി, നല്ല നിലവാരം പുലർത്തുന്ന സ്ക്കൂളുകൾ ധാരാളമുണ്ട്. എന്നിട്ടും, ആ സ്ക്കൂളുകളിലൊന്നും മക്കളെ ചേർക്കാതെ, വിദ്യാഭ്യാസമെന്നാൽ സ്വിമ്മിംഗും, ഷൂട്ടിംഗും, ഗോൾഫും, ഡിബേറ്റിംഗും, കുതിരസ്സവാരിയും, ഫാസ്റ്റ് ഫുഡും അല്ലെന്ന് മനസ്സിലാക്കാൻ കൂട്ടാക്കാതെ, കുട്ടികളെ തങ്ങളുടെ സ്നോബ്ബിസത്തിന്റെ പിന്തുടർച്ചാവകാശികളാക്കുന്ന മാതാപിതാക്കൾക്കുവേണ്ടി എന്തിനാണ് ഗൾഫ് ന്യൂസ് വാചാലമാകുന്നത്? കുട്ടികളുടെ വിദ്യാഭ്യാസചിലവുകൾ വർദ്ധിക്കുന്നതിന് കാരണക്കാരായ ശക്തികളെ തുറന്നുകാണിക്കാനും, അവരെ നിയന്ത്രിക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ മേൽ സമ്മർദ്ദം ചെലുത്താനും ഗൾഫ് ന്യൂസിനും മറ്റു പത്രമാധ്യമങ്ങൾക്കും സാധിക്കുമായിരുന്നില്ലേ?

രണ്ടുതരം പൌരന്മാരെ വാർത്തെടുക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെ ഇല്ലാതാക്കാനൊന്നും ഗൾഫ് ന്യൂസോ ഏതെങ്കിലും പത്രങ്ങളോ ശ്രമിച്ചാൽ വിജയിക്കില്ലെന്ന് നമുക്കറിയാം. അത്രയൊന്നും അവരിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നുമില്ല. എങ്കിലും, ഒരു പ്രവാസി സമൂഹത്തിന്റെ ചില അടിസ്ഥാന പ്രശ്നങ്ങളിലെങ്കിലും ന്യായമായ ഇടപെടലുകൾ നടത്താൻ, ആ പ്രവാസി സമൂഹത്തിന്റെ വരിസംഖ്യയെ മുഖ്യമായും ആശ്രയിച്ച് ജീവിതവൃത്തി നടത്തുന്ന ഒരു മാധ്യമത്തിന് ധാർമ്മികമായ ബാദ്ധ്യതയുണ്ട്. കണ്ടില്ലെന്നു നടിക്കുന്ന കാഴ്ചകളെയും ചിലപ്പോൾ കണേണ്ടിവരും.

മറുപുറം

വയസ്സുകാലത്ത് മക്കൾ തങ്ങളെ നോക്കുമെന്നും നോക്കണമെന്നും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കേവലമനുഷ്യരായ അച്ഛനമ്മമാരെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഉയർന്ന വിദ്യാഭ്യാസം കൊടുത്തു മക്കളെ വളർത്തി, തങ്ങളുടെ വാർദ്ധക്യകാല സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന രക്ഷിതാക്കളുടെ അജണ്ടക്ക്, പക്ഷേ, കൃത്യമായി പ്രീമിയമടക്കുന്ന ഇൻഷുറൻസിനോടാണ് കൂടുതൽ ബന്ധം. പരസ്പരമുള്ള വിശ്വാസം പോലും അധികപ്പറ്റാകാൻ ഇടയുള്ള, കുടുംബം തന്നെ ഒരു വലിയ പാഴ്ച്ചിലവാകുന്ന വർത്തമാനകാലത്താണ് ഇന്നു നമ്മൾ ജീവിക്കുന്നത് എന്നതുകൊണ്ട്, ആരെയും അതിൽ തെറ്റു പറയാനും നമ്മളാളല്ല.

നീരൊഴുക്ക് താഴത്തേക്കുതന്നെയാണ്. ഒരിക്കൽ മക്കളായിരുന്ന ഇന്നത്തെ അച്ഛനമ്മമാരും, നാളെ അച്ഛനമ്മാരാകേണ്ട ഇന്നത്തെ മക്കളും അതൊക്കെ ഓർക്കുന്നതും നന്നായിരിക്കും.

Sunday, April 10, 2011

ലോകപാലകരേ ഇതിലേ ഇതിലേ



ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു ശുദ്ധബ്രത. എന്തുകൊണ്ടാണ് ഇറോം ശാർമ്മിളയുടെ പത്തുകൊല്ല്ലത്തെ നിരാഹാരത്തിൽ കുലുങ്ങാത്ത സർക്കാരും ജനങ്ങളും, വന്ദ്യവയോധികനായ അന്നാ ഹസാരെയുടെ മൂന്നുദിവസത്തെ നിരാഹാരത്തെ ഈവിധത്തിൽ ആഘോഷിച്ചത്? ഇന്ത്യൻ വംശജരായ നോബൽ ജേതാക്കളും, ഭാരതരത്നങ്ങളും, അടുത്തൂൺ പറ്റിയ ജഡ്ജിമാരുമാണോ ജനത്തിന്റെ ആശയാഭിലാഷങ്ങളെ ലോക്പാലിൽ പ്രതിനിധീകരിക്കേണ്ടത്? ഉണ്ടിരിക്കുമ്പോൾ തോന്നിയ വിളികൊണ്ടാണോ, ഇത്രനാളും മിണ്ടാതിരുന്ന അന്നാ ഹസാരെ, ഇപ്പോൾ മൂന്നുദിവസം ഉണ്ണാതിരുന്നത്?

നമുക്കുമുണ്ട് ഒരു തഹ്‌രീർ ചത്വരമെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാനായിരുന്നുവോ ഈ പൊറാട്ടുനാടകം? അഴിമതിയിൽ മുങ്ങിക്കുളിച്ച മന്മോഹനനും കൂട്ടാളികൾക്കും നല്ല സ്വഭാവസർട്ടിഫിക്കറ്റ് കൊടുക്കുന്നതല്ലേ ഈ നാടകത്തിന്റെ ഭരതവാക്യം. എന്നിട്ട്, ആ കപിൽ സിബൽ ഒടുവിൽ എന്താണ് പറഞ്ഞത്? ഒറ്റദിവസം കൊണ്ടൊന്നും രാത്രി വെളുക്കില്ല എന്ന്, അല്ലേ?

ഇനി, അന്നാ ഹസാരെയുടെ മാനസസ്വപ്നമായ ലോകപാൽ ബില്ലിന്റെ കരടുരൂപം തയ്യാറാക്കാൻ നിയുക്തമായ കമ്മിറ്റിയിൽ ആരൊക്കെയാണ് ഉള്ളത് ? കമ്മിറ്റിയുടെ നായകൻ പ്രണബ് മുഖർജി (അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ വലംകൈയ്യായിരിക്കുകയും, ഷാ കമ്മീഷന്റെ മുമ്പാകെ തെളിവെടുപ്പിനു വിസമ്മതിക്കുകയും, പിന്നീട്, അതേ ഇന്ദിരാഗാന്ധിയാൽ കുറ്റവിമുക്തനാക്കപ്പെട്ട് വിശുദ്ധപദവിയിലേക്കെത്തുകയും ചെയ്ത അതേ പഴയ പ്രണബ്) വീരപ്പ മൊയ്‌ലി (പഴയ ജെ.എം.എം.കോഴക്കേസ് ഫെയിം മൊയ്ലി, വിക്കിപ്പീഡിയയെയും വിക്കിലീക്സിനെയും വേർതിരിച്ചറിയാത്ത മൊയ്ലി), ചിദംബരം (എൻ‌റോണിന്റെയും വേദാന്ത റിസോസഴ്സിന്റെയും വീരനായകൻ, ആദായനികുതി അടക്കാതെ രക്ഷപ്പെടുന്ന കോർപ്പറേറ്റ് വമ്പന്മാരെ V.D.I.S എന്ന മാന്ത്രികദണ്ഡുപയോഗിച്ച് രക്ഷപ്പെടുത്താൻ അഹോരാത്രം അദ്ധ്വാനിക്കുകയും, അതിന് സി.എ.ജി.യുടെ പഴി കേൾക്കുകയും ചെയ്ത മാന്യദേഹം), കപിൽ സിബൽ (രണ്ട്-ജി.സ്പെക്ട്രത്തിൽ രാജ്യത്തിന് ഒരു ചില്ലിക്കാശുപോലും നഷ്ടപ്പെട്ടിട്ടില്ല എന്ന് ആണയിട്ടവൻ) അങ്ങിനെ ചിലരൊക്കെയല്ലേ ആ കമ്മിറ്റിയിലുള്ളത്. പേരിന് സന്തോഷ് ഹെഗ്‌ഡയെയും പ്രശാന്ത്-ശാന്തി ഭൂഷണുമാരൊക്കെയുണ്ട് എന്നു മാത്രം.

ഗുജറാത്ത്-ഒറീസ്സാ കലാപകലത്തും, കർഷക ആത്മഹത്യകൾ തുടർക്കഥകളാവുന്ന വർത്തമാനകാലത്തും, കള്ളക്കഥകളിൽ കുടുങ്ങി ബിനായക് സെന്നിനെ ജയിലിലടച്ചപ്പോഴും 2-ജിയും, ആദർശും, കോമൺ‌വെൽത്തും അരങ്ങുതകർത്തപ്പോഴും ഒന്നും അന്നാ ഹസാരെയ്ക്ക് നിരാഹാരമിരിക്കാൻ തോന്നിയില്ലല്ലോ? അതെന്തുകൊണ്ടാണ്? ഒരു ബോയ്‌ലിങ്ങ് പോയിന്റിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവോ അദ്ദേഹം?

സർവ്വാധിപത്യത്തിന്റെ എല്ലാ ധാർഷ്ട്യവും വെളിവാക്കിക്കൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിനെതിരെ ഉയർന്നുവന്നേക്കാവുന്ന പ്രക്ഷോഭങ്ങളെ കൌശലപൂർവ്വം, തടകെട്ടി, ദിശമാറ്റി, ഒരു നിരാഹാരസമരപ്പന്തലിന്റെ നിശ്ചലതടാകത്തിലേക്ക് എത്തിച്ചത് എന്തിനായിരുന്നു അണ്ണാജീ?

Wednesday, March 30, 2011

ടീ പാർട്ടികളിലെ ഇടങ്ങൾ




ഇന്ത്യൻ ഇടതുപക്ഷം നാളിതുവരെയായി ഇന്ത്യൻ-അമേരിക്കൻ ബന്ധത്തെക്കുറിച്ച് ഉയർത്തിയ ആശങ്കകളെ വിക്കിലീക്ക്സ് ശരിവെക്കുന്നുവെന്ന ബാദ്രി റൈനയുടെ കണ്ടെത്തൽ ശരിയാണ്. എങ്കിലും ഇന്ത്യൻ ഇടതുപക്ഷവും അമേരിക്കയും യോജിക്കുന്ന (അഥവാ യോജിക്കാവുന്ന) ചില ഇടങ്ങളെക്കുറിച്ചുള്ള അദേഹത്തിന്റെ നിലപാടുകൾ അത്ര ശരിയാണെന്നു പറയാനാവില്ല.

ഇന്ത്യയിലെ മാവോയിസ്റ്റ് പ്രശ്നത്തിൽ ഇന്ത്യൻ ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും അമേരിക്കയുടെയും നിലപാടുകൾ ഒന്നാവുന്നതാണ് ബദ്രിയെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത്. മറ്റു പല കാര്യങ്ങളിലുമെന്നപോലെ, മാവോയിസ്റ്റുകളുടെ കാര്യത്തിലും ഇന്ത്യ, അമേരിക്കൻ ഉപദേശങ്ങൾ പിന്തുടരുന്ന പക്ഷം, ഹാർദ്ദമായ ഒരു ചായസൽക്കാരത്തിനും ഹസ്തദാനത്തിനുമുള്ള അവസരമുണ്ടാകുമെന്ന് മനപ്പായസമുണ്ണുന്നുമുണ്ട് ബദ്രി റൈന. അവിടെയാണ്, സ്വതവേ പുരോഗമനാശയക്കാരനായ ബദ്രിയുമായി വിയോജിക്കേണ്ടിവരുന്നത്.

ഗോത്രമേഖലയിലെ ഫ്യൂഡൽ കാർഷിക ബന്ധങ്ങളെ തകർത്ത്, അവയെ കാലോചിതമായി പരിഷ്ക്കരിക്കാൻ ഇന്ത്യയോടുള്ള അമേരിക്കയുടെ ഉപദേശത്തിൽ ഒറ്റനോട്ടത്തിൽ തെറ്റൊന്നും കാണാൻ ഇടയില്ല. എങ്കിലും അമേരിക്കയുടെ ഉദ്ദേശ്യം എന്തായിരിക്കണം? അധികാരത്തിന്റെ ഫ്യൂഡൽ ബന്ധങ്ങളെ വികസനത്തിനുള്ള പ്രധാന പ്രതിബന്ധമായി അമേരിക്ക കണക്കാക്കുന്നുണ്ടാവണം. മുതലാളിത്തത്തിന്റെ വരവുതന്നെ അത്തരം ബന്ധങ്ങളെ തകർത്തും മാറ്റിയെഴുതിയുമാണെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും, അതിനെ തകർത്ത്, അതിന്റെ സ്ഥാനത്ത് അമേരിക്കയും ഇന്ത്യൻ ഭരണകൂടവും ഏതുതരം ഭൂബന്ധങ്ങളെയാണ് മാറ്റിപ്രതിഷ്ഠിക്കാൻ ഉദ്ദേശിക്കുന്നത് എന്നെങ്കിലും ബദ്രിയെപ്പോലുള്ളവർ ചിന്തിക്കേണ്ടതായിരുന്നില്ലേ? ഏതായിരിക്കും ആ ഫ്യൂഡൽ അധികാര(ഭൂ)ബന്ധങ്ങൾ?

സ്വകാര്യമൂലധനത്തിന്റെ അപാരമായ സാധ്യതകൾ തന്നെയായിരിക്കണം ഈ സദുപദേശത്തിന്റെ ഉള്ളിൽ. വികസനത്തിന്റെ പേരിൽ അടിസ്ഥാനസൌകര്യങ്ങളുടെ ചില എച്ചിൽ‌ക്കഷണങ്ങൾ നൽകി, ഇന്ത്യയിലെ പ്രകൃതി-ധാതുസമ്പന്നമായ സംസ്ഥാനങ്ങളെ മുഴുവൻ, തങ്ങളുടെയും, ഇന്ത്യയെന്ന തങ്ങളുടെ വിനീതവിധേയസാമന്തന്റെയും കോപ്പറേറ്റുകളുടെയും കീഴിലാക്കുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യവും അമേരിക്കൻ സദുപദേശത്തിന്റെ ഉള്ളിൽ ഉണ്ടാവാനിടയില്ല. റെഡ് ഇന്ത്യക്കാരോടും, പിന്നീട് കോൺഫഡറേറ്റുകളോടും അമേരിക്ക സ്വീകരിച്ചിരുന്ന നിലപാടുകൾ നമ്മുടെ മുന്നിലുണ്ട്. അതിനെയൊക്കെ പഴയകാല ചരിത്രമെന്നോ, പഴയ തെറ്റുകളെന്നോ പറഞ്ഞ് എഴുതിത്തള്ളാനും കഴിയില്ല. കാരണം, ആ നിലപാടുകൾ തന്നെയാണ് അമേരിക്കയടക്കമുള്ള സാമ്രാജ്യത്വശക്തികളും ഇന്ത്യയടക്കമുള്ള അവരുടെ സഖ്യരാജ്യങ്ങളും ഇന്നും ആഗോളമായി പിന്തുടരുന്നത്. ഭൂബന്ധങ്ങളും, ഉടമസ്ഥവകാശങ്ങളും ആഗോളമായി, ഏകപക്ഷീയമായി തീരുമാനിച്ചുകൊണ്ടിരിക്കുന്ന ആ അമേരിക്കയാണ് ഇന്ത്യയിൽ നടത്തേണ്ടുന്ന അധികാരപുന:സ്സംഘടനയെക്കുറിച്ച് ഇന്ത്യക്ക് സ്റ്റഡിക്ലാസ്സുകൾ എടുക്കുന്നത്. മാവോയിസ്റ്റ് അസ്വസ്ഥതകൾക്കുള്ള പരിഹാരത്തിന്റെ കുറിപ്പടികൾ തരുന്നത്. നല്ലബുദ്ധി എവിടെനിന്നായാലും സ്വീകരിക്കുന്നതിൽ തെറ്റില്ല. പക്ഷേ നല്ലബുദ്ധിയെന്ന പേരിൽ ഇന്ന് ഇവിടെ അരങ്ങേറുന്നത്, ഗോത്രവർഗ്ഗമേഖലകളെ ചുളുവിൽ തട്ടിയെടുക്കാനും വീതം വെക്കാനും, അതുവഴി, അവിടങ്ങളിലുള്ള ഭൂസമരങ്ങളെയും പ്രസ്ഥാനങ്ങളെയും ഒതുക്കാനുമുള്ള അജണ്ടകളാണ്. ഒറ്റവെടിക്ക് ഒന്നിലേറെ പക്ഷികൾ. പ്രത്യേകസാമ്പത്തികമേഖലകളുടെയും സ്വതന്ത്രസാമ്പത്തികമേഖലകളുടെയും പിന്നിലുള്ളത് ഇതേ ലക്ഷ്യങ്ങൾതന്നെയാണ്. അതിന്റെ പ്രായോജകരുടെ ഉപദേശത്തിനു ചെവികൊടുക്കാനാണ്, അതിന്റെ നടത്തിപ്പുകാരോട് ബദ്രി റൈന ആവശ്യപ്പെടുന്നത്.

മാവോയിസ്റ്റു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അമേരിക്കൻ കുറിപ്പടിയിലെ വാചകങ്ങൾ നോക്കൂ...dismantle feudal structures of power..give up the police / militarist approach..return what belongs to the tribals, and encourage the politics of inclusive control and participation in good faith... അമേരിക്ക ഇതൊക്കെ എന്നേ നടപ്പാക്കിക്കഴിഞ്ഞു. ജന്മിത്ത്വത്തിന്റെ അധികാര ഘടനകക്കുപകരം സാമ്രാജ്യത്വത്തിന്റെ പുതിയ ഘടന സ്ഥാപിച്ചു. പൊതുജീവിതത്തിന്റെ സമസ്തമേഖലയിൽനിന്നും പോലീസിനെയും സൈന്യത്തെയും നിർമ്മാർജ്ജനം ചെയ്തുകഴിഞ്ഞു. കയ്യേറിയ രാജ്യങ്ങളിലെല്ലാം ജനാധിപത്യം പുനസ്ഥാപിച്ചു തദ്ദേശീയർക്ക് തിരിച്ചുകൊടുത്തു. പണ്ടത്തെ റെഡ് ഇന്ത്യക്കാരനെയും അവന്റെ കാട്ടുപോത്തുകളെയും അവർക്കവകാശപ്പെട്ട മണ്ണിലേക്ക് തിരിച്ചയച്ചു. വിയറ്റ്‌നാം മുതൽ ഇങ്ങ് ലിബിയ വരെയുള്ള നിരവധി രാജ്യങ്ങളിലെ പാവപ്പെട്ട സിവിലിയന്മാർക്കും അവർക്കവകാശപ്പെട്ട മണ്ണ് തിരിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ സ്വന്തം ഇന്ത്യയും ഏറെക്കുറെ ഇതേ പാതയിൽത്തന്നെയാണ്. ബിനായക് സെന്നിനെപ്പോലുള്ള മനുഷ്യാവകാശപ്രവർത്തകരെ സുരക്ഷിതമായി ജയിലിൽ പാർപ്പിക്കുന്നു. ഗോത്രമേഖലയിലെ അസ്വസ്ഥതകൾക്ക് കാരണക്കാരായ ഗ്രാമങ്ങളെയും, അതിലെ മനുഷ്യജീവികളെയും മുഴുവൻ അഗ്നിശുദ്ധിചെയ്ത് മോചിപ്പിക്കുന്നു. അന്താരാഷ്ട്ര കായികമാമാങ്കങ്ങളുടെ പേരിൽ പതിനായിരക്കണക്കിനാളുകളെ കുടിയിറക്കി അവർക്കവകാശപ്പെട്ട തെരുവുകൾ നൽകുന്നു. ഒരേതൂവൽ‌പ്പക്ഷികൾ.. എന്തൊരു മുടിഞ്ഞ രാഷ്ട്രനൈതികത!! 

അവർക്കിടയിൽ ഹസ്തദാനത്തിനും ചായസൽക്കാരത്തിനും ധാരാളം ഇടം ബാക്കിയുണ്ട്.  അവർക്കും നമുക്കുമിടയിൽ അതിനുള്ള സമയമായിട്ടില്ല ബദ്രി സാബ്.

Thursday, March 24, 2011

ഞങ്ങളുടെ വലിയ പിഴ




അതെ സർ. ഇന്നു നിങ്ങൾ കാണുന്ന ഇന്ത്യ, സത്യമായിട്ടും, ഇങ്ങനെയൊന്നുമാകേണ്ടിയിരുന്ന ഒരു രാജ്യമല്ല. സാറു ചോദിച്ചില്ലേ എന്താ ഞങ്ങളുടെ വളർച്ചാനിരക്ക് ഇങ്ങനെ അധപ്പതിച്ചതെന്ന്? തിരുവുള്ളക്കേടു തോന്നരുത് അങ്ങുന്നേ. ഇന്നു ഞങ്ങളുടെ വളർച്ചാ നിരക്ക് രണ്ടക്കത്തിനു താഴെയാണെങ്കിൽ, അത് ഞങ്ങളുടെ ഈ അഖണ്ഡഭാരതത്തിന്റെ കുഴപ്പമാണ്‌. പടിഞ്ഞാറും ദക്ഷിണവും മാത്രമുള്ള ഒരു ഇന്ത്യയായിരുന്നെങ്കിൽ, ഞങ്ങളുടെ വളർച്ചാ നിരക്ക് എവിടെ എത്തിയേനേ എന്ന് വല്ല നിശ്ചയവുമുണ്ടോ സർ... സത്യമായിട്ടും സർ..

 ഈ നശിച്ച ഉത്തര-മദ്ധ്യ-പൂർവ്വ സംസ്ഥാനങ്ങൾ, അവയാണ്‌ ഞങ്ങളുടെ ഇന്നത്തെ ദു:സ്ഥിതിക്ക് കാരണം. ഇതൊനൊക്കെ ആ പട്ടേലിനെയും, നെഹ്രുവിനെയും, പിന്നെ ആ പങ്കുണ്ണിമേനോനെയും പറഞ്ഞാൽ മതി.

എന്തായിരുന്നു അവന്മാരുടെ ഒരു അത്യാഗ്രഹം. അങ്ങോട്ടും ഇങ്ങോട്ടും പാരവെക്കുന്ന കുറേ മാടമ്പികളായിരുന്നവരെ ഒക്കെ കൂട്ടിപ്പിടിച്ച്, അനുനയിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, ചന്തിക്ക് ചുട്ട പെട കൊടുത്തും ഇന്നു കാണുന്ന ഒന്നിനും കൊള്ളാത്ത ഒരു രാജ്യമാക്കിയത് ആ പഹയന്മാരാണ്‌.

അല്ലെങ്കിൽ ആ ഫിസോയെപ്പോലെയുള്ള നാഗന്മാരെയൊക്കെ ബോധമുള്ള ആരെങ്കിലും കൂടെനിർത്തുമായിരുന്നോ? അവനെയൊക്കെ അന്നേ അവന്റെ പാട്ടിനുവിട്ടിരുന്നെങ്കിൽ ശല്യക്കാരായ ആ പഴയ NEFA ക്കാരെ മുഴുവൻ ഒറ്റയടിക്ക് ചൈനക്കോ ബർമ്മക്കോ കൊടുത്ത് കയ്യും കെട്ടി സുഖമായി ഇരിക്കാമായിരുന്നില്ലേ? കൊല്ലങ്ങളായി പട്ടിണികിടക്കുന്ന ആ അറുവാണിച്ചികളെയും, പാവപ്പെട്ട ആദിവാസി-ഗോത്രവർഗ്ഗക്കാരെആയുധമെടുപ്പിക്കുന്ന ആ കള്ളവൈദ്യപ്പരിഷകളെയുമൊക്കെ ഒറ്റയടിക്ക് ഒതുക്കി ഞങ്ങൾ ഈ രാജ്യത്തെ സ്വർഗ്ഗമാക്കിയേനേ..സർ വിഷമിക്കണ്ട..ഞങ്ങളുടെ കലിപ്പ് തീർക്കാൻ ഞങ്ങൾക്ക് നന്നായറിയാം. ശല്യക്കാരെയൊക്കെ പതുക്കെപ്പതുക്കെ ഞങ്ങൾ ഒതുക്കുന്നുണ്ട്. ഇന്നലെ മാത്രം മൂന്നു ഗ്രാമങ്ങളെയാണ്‌ ഞങ്ങൾ നല്ലൊരു പാഠം പഠിപ്പിച്ചത്. ചുട്ടുകളഞ്ഞു ഞങ്ങൾ..വെറുതെയല്ല സാൽവാ ജുദൂമിനെയൊക്കെ ഞങ്ങൾ തീറ്റിപ്പോറ്റുന്നത്? ഞങ്ങളോടാ കളി?

ഇക്കാണുന്ന ആ മുംബയിലും ഗുജറാത്തിലും, എന്റെ പാണ്ടിനാട്ടിലും, അത്യാവശ്യമാണെങ്കിൽ മാത്രം ആ കേരനാട്ടിലും കന്നടനാട്ടിലും മാത്രമായി ഈ മഹാരാജ്യം ഒതുങ്ങിയിരുന്നെങ്ങിൽ സ്വർഗ്ഗമാകുമായിരുന്നില്ലേ ഈ രാജ്യം..സ്വർഗ്ഗം..

എന്തു ചെയ്യാം...ആ നശിച്ച കാശ്മീരിനെയും, ഉത്തരപ്രദേശത്തെയും, കാട്ടുകള്ളന്മാരുടെ ബീഹാറിനെയും ഝാർഖണ്ടിനെയും, നസ്രാണികളെക്കൊണ്ട് സ്വൈര്യം കിട്ടാത്ത ഒറീസ്സയെയും, മുഷ്ക്കന്മാരുടെ ബംഗാളിനെയും, ഹരിയാനയെയും, ചൊമപ്പന്മാരുടെ ബംഗാളിനെയും,സർവ്വഭൂലോകർക്കും ചിരിക്കാൻ മാത്രം വകനല്കുന്ന നൊസ്സൻ സർദാർജികളെയുമൊക്കെ തലയിലേറ്റാനാണ്‌ ഞങ്ങളുടെ വിധി.

ഒന്നും പറയണ്ട..എല്ലാം നശിച്ചു, അങ്ങുന്നേ..എല്ലാം നശിച്ചു.

Wednesday, March 23, 2011

കൊലകൊമ്പന്മാരുടെ ചിത്രങ്ങൾ




ന്യൂയോർക്കർ മാസികയിൽ പ്രസിദ്ധീകരിച്ച സെയ്‌മൂർ ഹർഷിന്റെ ലേഖനത്തിന്റെ പരിഭാഷ

ആ ചിരി ശ്രദ്ധിക്കുക. Der Spiegel എന്ന ജർമ്മൻ മാസിക പുറത്തുവിട്ട ആ ചിത്രത്തിൽ ഒരു അമേരിക്കൻ പട്ടാളക്കാരൻ ക്യാമറക്കുനേരെ നോക്കി വലിയ വായിൽ ചിരിക്കുന്ന കാഴ്ച കാണാം. കുറച്ചു നിമിഷങ്ങൾക്കു മുൻപു മാത്രം അയാളും കൂട്ടാളികളും ഒരു തമാശക്കുവേണ്ടി കൊന്നിരിക്കാൻ ഇടയുള്ള ഒരു അഫ്ഘാനിയുടെ ശവശരീരത്തിലാണ്‌ അയാളുടെ കൈകൾ. ഒരുതരത്തിൽ ഈ ചിരി നമ്മൾ ഇതിനുമുൻപും കണ്ടിട്ടുണ്ട്. എട്ടുവർഷങ്ങൾക്കുമുൻപ്, അബു ഗ്രയിബ് തടവറിയിൽ നഗ്നരായ ഇറാഖി തടവുകാരെ ഒന്നിനുമീതെ ഒന്നായി കൂട്ടിയിട്ട് ക്യാമറക്ക് പോസ് ചെയ്തു ചിരിക്കുന്ന അമേരിക്കൻ സ്ത്രീ പുരുഷ സൈനികരുടെ മുഖത്തും നമ്മൾ ഈ ചിരി കണ്ടിട്ടുണ്ട്.

‘കൊലയാളിസംഘം‘ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ സൈനികർ എടുത്ത നാലായിരം ഫോട്ടോകളും വീഡിയോകളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് Der Spiegel എന്ന ജർമ്മൻ മാസിക ഈയാഴ്ച റിപ്പോർട്ട് ചെയ്തു. ആ ചിത്രങ്ങളും വീഡിയോകളും അമേരിക്കൻ സൈനിക പ്രോസിക്യൂട്ടർമാരുടെ കൈവശമാണിന്ന്. ഈ ചിത്രത്തിൽ കാണുന്ന ജെർമി മോർലോക്ക് എന്ന ഇരുപത്തിരണ്ടുകാരൻ അടക്കമുള്ള അഞ്ചുപേർ മൂന്ന് അഫ്ഘാൻ പൌരന്മാരെ കൊന്ന കുറ്റത്തിന്‌ പട്ടാള നടപടി കാത്തിരിക്കുകയാണ്‌. മയക്കുമരുന്ന് ഉപയോഗിച്ചതടക്കമുള്ള താരതമ്യേന ചെറിയ കുറ്റകൃത്യങ്ങൾ ചെയ്ത വേറെ ഏഴു സൈനികരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്. 

മി ലൈ യിലും നമ്മൾ ഈ ചിത്രങ്ങൾ കണ്ടതാണ്‌. നാലു പതിറ്റാണ്ടുമുൻപ്, ഒരു ഡസൻ അമേരിക്കൻ പട്ടാളക്കാർ ചേർന്ന് ദക്ഷിണ വിയറ്റ്നാമിൽ, സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം അഞ്ഞൂറോളം ആളുകളെ നിർദ്ദയമായി കൊന്നൊടുക്കിയപ്പോൾ റൊണാൾഡ് ഹെബർലി എന്ന ഒരു സൈനിക ഫോട്ടോഗ്രാഫർ തന്റെ രണ്ടു ക്യാമറകളുമായി അന്നവിടെയുണ്ടായിരുന്നു. ബ്ളാക്ക് ആൻഡ് വൈറ്റ് ഫിലിം നിറച്ച ഔദ്യോഗിക ക്യാമറയിൽ ദുരന്തചിത്രങ്ങളൊന്നും പതിയാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു. നേരിയ പുഞ്ചിരിയുമായി വിശ്രമിക്കുന്ന ചില പട്ടാളക്കാരുടെ ചിത്രങ്ങൾ മാത്രമായിരുന്നു റൊണാൾഡിന്റെ ഔദ്യോഗിക ക്യാമറയിൽ. സ്വന്തം ക്യാമറയിലെ കളർ ഫോട്ടോയിലാകട്ടെ, കാര്യങ്ങൾ വ്യക്തമായിരുന്നു. ചിതറിത്തെറിച്ച കുട്ടികളുടെ ചിത്രങ്ങളായിരുന്നു അതിൽ. നിരർത്ഥകമായ ഒരു നീണ്ട യുദ്ധത്തിലെ മറക്കാനാവാത്ത ചിത്രങ്ങളായി പില്ക്കാലത്ത് ഇവ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. കോടതി നടപടികൾക്കിടയിലും, അഭിമുഖവേളയിലുമൊക്കെ ആ സൈനികരെ പിന്നീട് കണ്ടപ്പോൾ  മിടുക്കന്മാരും, നല്ലവരുമായ അമേരിക്കൻ കുട്ടികളായിട്ടായിരുന്നു അവർ ചിത്രീകരിക്കപ്പെട്ടിരുന്നത്.

അതിക്രമങ്ങളെ ചിത്രങ്ങളിലാക്കാനും നാട്ടിലും സ്വന്തം യൂണിറ്റിലുമുള്ള സുഹൃത്തുക്കൾക്കും പ്രണയികൾക്കുമൊക്കെ കൈമാറാനും ഈ സൈനികരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത ക്രൂരതകളെക്കുറിച്ചുള്ള ഒരു സൈനികന്റെ നൈതികബോധം ഇത്ര എളുപ്പത്തിൽ നഷ്ടമാകുന്നതെങ്ങിനെയാണ്‌? പുറത്തുള്ളവർക്ക് ഈ ചോദ്യത്തിന്‌ പൂർണ്ണമായി മറുപടി പറയാനാകില്ല. മൈ ലായ് മുതലിങ്ങോട്ട് യുദ്ധകുറ്റകൃതങ്ങളെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ വ്യക്തിപരമായ എന്റെ തോന്നൽ, സിവിലിയന്മാരെ കൊന്നൊടുക്കുക എന്നത് പരമ്പരാഗതമല്ലാത്ത ഒരു ആധുനിക യുദ്ധമുറയായി ഈ ചെറുപ്പക്കാർ അംഗീകരിച്ചിരിക്കുന്നു എന്നാണ്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കൊല്ലുക എന്നത് - അത്, താലിബാനുമായുള്ള യുദ്ധത്തിലായാലും ശരി, അപരിചിതമായ ഭാഷയും ആചാരങ്ങളുമുള്ള അപരിചിതമായ രാജ്യത്തിലെ നിർദ്ദോഷികളായ പൌരന്മാരെയായാലും ശരി - ഒരു സാധാരണ കർമ്മമായി ഈ പട്ടാളക്കാർ കണ്ടുതുടങ്ങിയിരിക്കുന്നു. പരാജയപ്പെടുന്ന നീണ്ട യുദ്ധങ്ങളിൽ, സൈനികർക്ക് എല്ലാവിധത്തിലുള്ള നൈതികതയും മര്യാദകളും നഷ്ടമാവുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ ഭയാനകമാണ്‌. നമുക്കു വേണ്ടി കൊല്ലാൻ നമ്മളയക്കുന്ന ഈ ചെറുപ്പക്കാരിൽ യുദ്ധം വരുത്തിത്തീർക്കുന്ന കെടുതികളിൽ ഇതും പെടുന്നു. അഫ്ഘാനിസ്ഥാനിലെ അമേരിക്കൻ സൈനികരുടെ പ്രവൃത്തികൾക്ക് അവർതന്നെയാണ്‌ കാരണക്കാർ. എങ്കിലും, വിയറ്റ്നാമിലെപ്പോലെ, ചില സന്ദർഭങ്ങളിലെങ്കിലും ഈ പട്ടാളക്കാരും ഇരകളാകുന്നുണ്ട് എന്നത് കാണാതിരിക്കരുത്

വിയറ്റ്നാമിലെപ്പോലെ, അഫ്ഘാനിസ്ഥാനിലെ അമേരിക്കൻ യുദ്ധത്തിനും ഒരിക്കലും വിജയിക്കാനാവില്ലെന്ന് തെളിയിക്കുന്നവയാണ്‌ Der Spiegel ചിത്രങ്ങൾ എന്ന് എനിക്കു തോന്നുന്നു. യുദ്ധത്തിൽ സംഭവിക്കുന്നത് ഭീകരമായ കാര്യങ്ങളാണ്‌. അഫ്ഘാനിസ്ഥാനിൽ രാത്രികാലങ്ങളിൽ അമേരിക്ക നടപ്പാക്കുന്ന കൊലപാതകപരമ്പരകളും ബോംബിംഗ് അഭ്യാസങ്ങളും ഭീകരതയല്ലാതെ മറ്റൊന്നുമല്ല. താലിബാൻ അനുഭാവികളെന്നു സംശയിക്കുന്നവരെ അഫ്ഘാൻ പോലീസിനു കൈമാറുന്നതും സൈനികരെ പീഡിപ്പിക്കുന്നതൊമൊക്കെ നിത്യേനയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ അധിനിവേശം ഇനിയും തുടർന്നേക്കാം. അഫ്ഘാനിസ്ഥാന്റെ പ്രതികാരം ഉടനടിയൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. എങ്കിലും, ഒന്നോ രണ്ടോ ദശാബ്ദം കഴിഞ്ഞാൽ, ആരാണ്‌ നമ്മെ ആക്രമിക്കുന്നതെന്നോ, എന്തിനുവേണ്ടിയാണ് ആക്രമിക്കുന്നതെന്നോ അറിയാൻ നമുക്കും ഒരുപക്ഷേ കഴിയാതെവരും.


പരിഭാഷകക്കുറിപ്പ്: ഇതെഴുതുമ്പോൾ, അമേരിക്കയുടെയും അതിന്റെ കൂട്ടിക്കൊടുപ്പുകാരുടെയും നേതൃത്വത്തിൽ വീണ്ടും മറ്റൊരു യുദ്ധത്തിന്റെ തിരശ്ശീല ഉയർന്നുകഴിഞ്ഞിരിക്കുന്നു. ഇത്തവണ, ലിബിയൻ മണ്ണിലാണത് അരങ്ങേറുന്നത്. ഐക്യരാഷ്ട്രസഭയുടെ കള്ളപ്പേരിൽ ലോകത്തെ നാലാമത്തെ എണ്ണപ്പാടം കയ്യടക്കാനുള്ള അമേരിക്കയുടെയും പാശ്ചാത്യറൌഡികളുടെയും മറ്റൊരു അവിശുദ്ധയുദ്ധം. സിറിയയിലേക്കും, യെമനിലേക്കുമൊക്കെ വ്യാപിക്കുകയാണ് പതുക്കെപ്പതുക്കെ അത്. പ്രതികരണശൂന്യമായ, നാണം കെട്ട ലോകജനതയാകട്ടെ നിശ്ശബ്ദമായി അതിനു സാക്ഷികളാവുകയും ചെയ്യുന്നു.


Thursday, February 24, 2011

സ്കാവഞ്ചേര്‍സ്

കണ്ടിട്ടുണ്ടോ ആ ആളുകളെ നിങ്ങൾ?

അതിരാവിലെ നിങ്ങൾ ഓഫീസിലേക്കു പോകുമ്പോൾ, സായാഹ്നങ്ങളിലും അവധി ദിനത്തിലും സകുടുംബം തിന്നും കുടിച്ചും തെരുവിൽ നിങ്ങൾ ചുറ്റിനടന്ന് തിമർക്കുമ്പോൾ, രാത്രികളിൽ വൈകി വീടുകളിലേക്ക് മടങ്ങുമ്പോൾ ഒക്കെ, തെരുവിൽ നിങ്ങൾ കണ്ടുമുട്ടുന്ന ആ അവരെ?. വഴിവക്കിലെ മാലിന്യക്കൊട്ടകളിൽനിന്ന് ലൊട്ടുലൊടുക്ക് സാധനങ്ങൾ തപ്പിയെടുക്കുന്ന ആളുകളെ.

ഒരുകാലത്ത് സമ്പത്തിൽ ആറാടുകയും, ഇപ്പൊൾ പ്രതികൂലാവസ്ഥകളിലും അതിന്റെ ഹാങ്കോവറിൽ നിന്ന് വിടുതിനേടുകയും ചെയ്തിട്ടില്ലാത്ത ഒരു രാജ്യം, ദിവസേന പുറന്തള്ളുന്ന ചപ്പുചവറുകളിൽനിന്ന് അന്നന്നത്തെ നിത്യവൃത്തിക്കുള്ള ചെറുകിട സമ്പാദ്യങ്ങൾ തപ്പിയെടുക്കുന്നവരെ. ഒഴിഞ്ഞ പെപ്സി, കോള കുപ്പികളാകാം അത്. കാർഡ്ബോർഡ് പെട്ടികളാകാം, പൊട്ടിയ, പഴകിയ പ്ളാസ്റ്റിക് സാമാനങ്ങളാകാം, എന്തുമാകാം. ഒരു വളഞ്ഞ കമ്പികൊണ്ട് മാലിന്യക്കൊട്ടകൾ ചിക്കിച്ചിനക്കി, നമ്മൾ ഉറക്കമെഴുന്നേല്ക്കും മുൻപും, നാളെ ചെയ്യേണ്ടുന്ന അതിജീവനതന്ത്രങ്ങളും അഭ്യാസങ്ങളും മനസ്സിൽ ഉരുക്കഴിച്ച് ദീർഘസുഷുപ്തിയിലേക്ക് നമ്മൾ മടങ്ങുമ്പോഴും അവർ തെരുവിലുണ്ടാകും. ചിലപ്പോൾ ഒരുനേരത്തേക്കുള്ള ഭക്ഷണം പോലും അതിൽനിന്ന് കണ്ടെടുക്കുന്ന (നിർ)ഭാഗ്യശാലികളും അവർക്കിടയിലുണ്ട്‌.

അവർ ജീവിക്കുന്നത് അങ്ങിനെയൊക്കെയാണ്‌. പിസ്സയും കെ.എഫ്.സി.യും, ഷോപ്പിംഗ് മാളുകളും, ടച്ച്സ്ക്രീൻ ഫോണുകളും, ഒന്നര കക്കൂസിന്റെ പൊങ്ങച്ചമുള്ള ഫ്ലാറ്റുകളും, സ്പ്ളാഷും കാൽവിൻ ക്ളീനും, ക്രിസ്ത്യൻ ഡിയോറും, ആഴ്ചതോറുമുള്ള താരനിശകളും, സാംസ്ക്കാരിക സമ്മേളനങ്ങളും, ജുഗല്‍ബന്ദികളുമൊന്നും അവരുടെ ജീവിതത്തിൽ പറഞ്ഞിട്ടില്ല.

എന്തൊക്കെയോ ചെയ്ത്, എങ്ങിനെയൊക്കെയോ അവരങ്ങ് കഴിഞ്ഞുപോകുന്നു. അവർക്കെതിരെ എന്തു ചെയ്താലും ഒരു തഹ്റീർ ചതുരവും ഉണ്ടാകാൻ പോകുന്നുമില്ല.

അവരിൽ ഇന്ത്യക്കാരുണ്ട്, ബംഗാളികളുണ്ട്, പാക്കിസ്ഥാനികളുണ്ട്, ശ്രീലങ്കക്കാരുണ്ട്, അഫ്ഘാനികളുണ്ട്.

ഒരു ഉളിപ്പുമില്ലാതെ, മനസ്സാക്ഷിയുടെ ഒരു നേരിയ സൂചിക്കുത്തുപോലുമില്ലാതെ shabbily clad scavengers എന്ന്‌ ഖലീജ് ടൈംസ് വിളിച്ചത് ഇവരെയാണ്‌. ഇവരെക്കുറിച്ചാണ്‌ ഇപ്പോഴും ദുബായ്-ഷാർജ സർക്കാരുകളുടെ പുലപ്പേടികള്‍

നാടുചുറ്റാൻ വരുന്ന വിദേശികളുടെയും വിനോദസഞ്ചാരക്കാരുടെയും കണ്ണിലെ കരടാവുമെന്ന ഭയം. രോഗവും, പകർച്ചവ്യാധികളും പകർത്തുമെന്ന ഭയം. അതുകൊണ്ട് ഇനി അവരെ ‘ഇറാഡിക്കേറ്റ്’ ചെയ്യാനാണത്രെ പദ്ധതി. ഒരു ചെറിയ എലിമിനേഷൻ റൌണ്ട്.

എണ്ണവിറ്റ് കിട്ടിയ പച്ചനോട്ടുകൾകൊണ്ടും, പച്ചനോട്ടുകളെ കൺകെട്ടുവിദ്യകൊണ്ട് ഇരട്ടിപ്പിക്കുന്ന വ്യാജവിദ്യകൊണ്ടും പടുത്തുയർത്തിയ കുമിളസമ്പദ് വ്യവസ്ഥയിൽ എങ്ങിനെ ഈ അഴുക്കുപുരണ്ട വസ്ത്രധാരികൾ ഉണ്ടായി എന്നോ, എന്തുകൊണ്ടാണ്‌ അവർക്ക് ഇത്തരമൊരു തൊഴിലില്‍ ഏര്‍പ്പെടേണ്ടിവന്നുവെന്നോ ഒരുവട്ടമെങ്കിലും ആലോചിച്ചിട്ടുണ്ടോ ഭരണാധികാരികള്‍? ഇവരെ കൊണ്ടുവരികയും, വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും കൊടുക്കാതെ അവരെ തെരുവിലേക്ക് ഇറക്കിവിടുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെയല്ലേ ആദ്യം നടപടി ഉണ്ടാകേണ്ടിയിരുന്നത്? ഇവരുടെ അദ്ധ്വാനവും ദുരിതവും ചൂഷണം ചെയ്ത് ആക്രിക്കടകൾ നടത്തുന്ന വമ്പന്മാരില്ലേ ഇവിടെ? അവരെയല്ലേ നിലക്ക് നിർത്തേണ്ടത്? നിയമം കൊണ്ട് കർശനമായി നിയന്ത്രിക്കേണ്ടത്?

ഇക്കൂട്ടർ നേരിടുന്ന തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനും, മാന്യമായ തൊഴിലുകളിലേക്ക് മാറാനുള്ള സാഹചര്യം അവർക്ക് ഉറപ്പുവരുത്തുകയുമാണ്‌ നാട് ഭരിക്കുന്നവർ ചെയ്യേണ്ടത്. ആ കടമകളെക്കുറിച്ച് നിരന്തരം അധികാരികളെ ഓര്‍മ്മിപ്പിക്കാന്‍ മാധ്യമങ്ങൾക്കും നിസ്സാരമല്ലാത്ത ഉത്തരവാദിത്ത്വമുണ്ട്. അതിനുപകരം, ഈ തൊഴിൽ ചെയ്യുന്നവരെയൊക്കെ സമൂഹത്തിലെ പുഴുക്കുത്തുകളായി വായനക്കാർക്കുമുന്നിൽ അവതരിപ്പിക്കുന്നതില്‍  മത്സരിക്കുകയാണ്‌ ഈ മാധ്യമശിങ്കങ്ങൾ.

ആരാണ്‌ ശരിക്കുള്ള സ്കാവഞ്ചേർസ്?

Tuesday, February 22, 2011

ഇന്ത്യൻ പവലിയണിലെ ദൈവം

ദൈവമേ
ഇന്ത്യാ പവലിയണിലെ*
ഒരു കടക്കുള്ളിൽവെച്ച്
നിന്നേക്കാൾ വലിയ കരകൌശലക്കാരനെ ഞാനിന്നു കണ്ടു

അരിമണികളിൽ
പേരെഴുതിക്കൊടുക്കുന്ന
ഒരാളെ.
ചെയ്യുന്ന കൂലിക്ക്
കൃത്യമായി പണം വാങ്ങി
അരി വാങ്ങുന്നവനെ.

അരിയേക്കാൾ വലുതായി
ഇഹപരത്തിൽ
മറ്റൊന്നുമില്ലെന്ന
തിരിച്ചറിവിന്റെ
വെളിച്ചം ഉള്ളിൽ നിറഞ്ഞവനെ

അരിയില്ലാതെ
അന്തരിച്ചവര്‍ക്കുവേണ്ടി**
നിന്നോട്
തന്നാലാവും വിധം
പകരം ചോദിപ്പോനെ

നിന്റെ ക്രൂരമായ
മുൻവിധികളൊന്നുമില്ലാതെ,
നിന്റെ അസമമായ
നീതിബോധമൊന്നുമില്ലാതെ,
സൃഷ്ടിക്കുശേഷം
നീയനുഭവിക്കുന്ന
സബാത്തൊന്നുമില്ലാതെ
അരിക്കാശിനു വേണ്ടി
പണിയെടുക്കുന്നവനെ

എത്ര വലിയ പേരും
അവന്റെ അരിമണിയിലൊതുങ്ങുന്നു
ഒതുങ്ങാത്ത
എല്ലാ വലിയ പേരുകളെയും
അവൻ കത്രിച്ചൊതുക്കുന്നു
പേരുകളിൽനിന്ന്
എല്ലാ വകഭേദങ്ങളും എടുത്തുമാറ്റുന്നു
നിറഭേദമുള്ള എല്ലാ പേരുകളെയും
ഒരേ കറുത്ത ചായം മുക്കി എഴുതുന്നു.
കത്രിച്ച, ചുരുക്കിയ,
ഒരേ നിറത്തിലുള്ള പേരുകളെ
നാനാവർണ്ണത്തിലുള്ളവർക്കായി
വിട്ടുകൊടുക്കുന്നു

എഴുതിയ പേരുകളെ
വിധിദിനത്തിൽ
വിളിച്ചുവരുത്തി
കണക്കെടുക്കുന്ന വിനോദമൊക്കെ
നിനക്കുമാത്രമുള്ളത്.

അവൻ പണിയെടുക്കുന്നു
അരിമണികളിൽ പേരുകൊത്തി
അരി മേടിക്കുന്നു
വാങ്ങിയ പണത്തിന്‌
അവിടെവെച്ചുതന്നെ
അരിയും കൊടുത്തുതീർക്കുന്നു

ദൈവമേ
അവന്റെ കരകൌശലത്തിനുമുൻപിൽ
നീയാര്‌?



* ഒരു ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അനുഭവം
**വള്ളത്തോള്‍ കവിതയില്‍നിന്ന്

Wednesday, February 16, 2011

*മിസ്റിക്കും കാറ്റു വേണം





പേരിനുമാത്രമായിട്ടാണെങ്കിൽപ്പോലും, ഒരു ഏകാധിപത്യത്തിൻകീഴിൽനിന്ന് ഒരു വലിയ രാജ്യം മോചിതമായിരിക്കുന്നു. നമ്മുടെ കണ്മുന്നിൽ വെച്ച്.

ഇറാഖിനെ സദ്ദാമിൽനിന്ന് അമേരിക്ക ‘മോചിപ്പിച്ച’തു പോലെയല്ല. അഫ്ഘാനിസ്ഥാനെയും, ഇറാനെയും വടക്കൻ കൊറിയയെയും, ക്യൂബയെയും, വെനീസ്വലയെയും ‘മോചിപ്പിക്കാൻ’ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ പോലെയുമല്ല ഇത്.

സ്വന്തം ശക്തി മാത്രം ഉപയോഗിച്ച് ഒരു നാട്ടിലെ ജനങ്ങൾ അവിടുത്തെ ഏകാധിപതിയെ അധികാരത്തിൽനിന്ന് ആട്ടിപ്പായിക്കുന്ന മനോഹരമായ ഒരു കാഴ്ച. ടുണീഷ്യയിൽനിന്നു തുടങ്ങിയ ഒരു വിമോചന കാറ്റ്. അതിന്റെ അലയൊലികൾ എല്ലായിടത്തേക്കും വീശിക്കൊണ്ടിരിക്കുന്നു. അൾജീരിയയുടെ പടിവാതിൽക്കലെത്തിക്കഴിഞ്ഞു. യെമനിലും. ചോദിക്കാതെതന്നെ തദ്ദേശീയ ജനവിഭാഗത്തിന്‌ നാമമാത്രമായതെങ്കിലും ചില ജീവിത സൌകര്യങ്ങൾ വാഗ്ദാനം നൽകാൻ മദ്ധ്യപൌരസ്ത്യ ദേശങ്ങളിലെ ഭരണാധികാരികൾ നിർബന്ധിതമായിരിക്കുന്നു.

ഈജിപ്ഷ്യൻ വിപ്ളവത്തിൽ ജയിച്ചത് ജനങ്ങളാണെങ്കിലും, ആത്യന്തികമായ ജയം അമേരിക്കയുടേതുതന്നെയാണ്‌. മുപ്പതു വർഷമായി തങ്ങൾ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പാവക്കു പകരം, മറ്റൊരു പാവയെ അവർ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങുകയാണ്‌. ഈജിപ്തിലെ ജനങ്ങൾക്ക് അവരുടെ മുൻപിൽ രണ്ടേ രണ്ട് സാധ്യതകൾ മാത്രമാണുള്ളത്. ഒന്നുകിൽ, ഒരിക്കൽ അമേരിക്കയുടെ കണ്ണിലെ കരടായിരിരുന്ന, ഇപ്പോൾ അമേരിക്കയുടെ ഭാഗത്തേക്ക് ഏറെക്കുറെ എത്തിയ എൽ ബരാദി. അല്ലാത്തപക്ഷം, ഏതു സമയവും അപകടകരമായേക്കാവുന്ന മുസ്ലിം ബ്രദർഹുഡ്. കൂടുതൽ സാധ്യത ആദ്യത്തേതിനുതന്നെയാണ്‌. പൌരാവകാശങ്ങളും സ്വാതന്ത്യവുമൊക്കെ മുബാറക്കിന്റെ കാലത്തേക്കാൾ ഭേദപ്പെട്ടേക്കാം. ഉദാരമായ സാമ്പത്തികസഹായങ്ങളും കിട്ടിയേക്കാം. എങ്കിലും, ആത്യന്തികമായി മറ്റൊരു വൈദേശികഭരണത്തിലേക്കുതന്നെയാണ്‌ അവരുടെ യാത്ര. ഇറാന്റെയും ഇറാഖിന്റെയും കാര്യത്തിൽ വ്യക്തവും സ്വതന്ത്രവുമായ നിലപാടുകളെടുത്ത എൽ ബറാദിക്ക് പക്ഷേ, അമേരിക്കയുടെ താത്പര്യങ്ങളെ അവഗണിക്കാൻ അധികമൊന്നും ആവുകയുമില്ല. ഗമാൽ അബ്ദുൾ നാസ്സറിന്റെ പരമാധികാര രാജ്യസങ്കൽപ്പത്തെയും, പാൻ-അറബ് ദേശീയതയെയുമാണ്‌ ഒരു പരിധിവരെ അൻവർ സാദത്തും, പൂർണ്ണമായും മുബാറക്കും പണയം വെച്ചത്. അത് തിരിച്ചെടുക്കാൻ ഈജിപ്തിനു ഇനിയും മറ്റൊരു ശുഭ്രവിപ്ളവം വേണ്ടിവരും. പക്ഷേ അതത്ര എളുപ്പമായിരിക്കില്ല.

ഈജിപ്തിലെ വിപ്ളവം ക്യൂബയിലേക്കും ചൈനയിലേക്കും പടരുന്നത് സ്വപ്നം കാണുന്ന മറ്റൊരു വലിയ വിഭാഗമുണ്ട്. പ്രത്യേകിച്ചും ക്യൂബയിലേക്ക്. ഫിദൽ കാസ്ട്രോയുടെ കാലശേഷം അത് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നതും സത്യമാണ്‌. അതുകൊണ്ടുതന്നെ ആ സാധ്യതയെ സ്വപ്നം കാണുന്നവരെയും കുറ്റം പറയാനാവില്ല.

എങ്കിലും എന്താണ്‌ ആ സ്വപ്നത്തിന്റെ കാതൽ? സോഷ്യലിസം എന്ന ആശയത്തിന്റെ തകർച്ച. കമ്മ്യൂണിസം എന്ന വ്യവസ്ഥിതിയോടുള്ള ഭയം. പാശ്ചാത്യജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങളെയും പരാജയങ്ങളെയും സൌകര്യപൂർവ്വം കാണാതിരിക്കുക എന്ന തന്ത്രം. അതിൽ കവിഞ്ഞൊന്നുമല്ല ആ സ്വപ്നത്തിന്റെ അടിത്തറ. ഫിദൽ എന്ന യുദ്ധവിരുദ്ധ സോഷ്യലിസ്റ്റിനേക്കാൾ അവർ ആഗ്രഹിക്കുന്നത്, ബുഷിനെയും , ബ്ളെയറിനേയും, ഒബാമയേയും, സർക്കോസിയെയും പോലുള്ള യുദ്ധവെറിയന്മാരെയും കപടജനാധിപത്യവാദികളെയുമാണ്‌. അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും നടന്ന, ഇപ്പോഴും നടക്കുന്ന യുദ്ധവിരുദ്ധ, ജനാധിപത്യ പ്രക്ഷോഭങ്ങളൊന്നും അവരുടെ തൊലിപ്പുറമെ പോലും സ്പർശിക്കുന്നില്ല. അതൊക്കെ ഏതോ നാട്ടിൽ നടക്കുന്ന ‘ബഹളങ്ങൾ’ മാത്രമാണ്‌ ഈ സ്വപ്നാടകർക്ക്. ഈജിപ്തു പോലും ഒരു ആഫ്രിക്കൻ വാർത്ത മാത്രമായിരുന്നു ഇവര്‍ക്ക്, ഫെബ്രുവരി പതിനൊന്നു വരെ.

ജനങ്ങളുടെ വിപ്ളവമെന്നതിനേക്കാൾ, സാങ്കേതികയുഗത്തിന്റെ വിജയമെന്ന നിലക്കാണ്‌ ഈ കാൽപ്പനിക സ്വപ്നജീവികൾ ഈജിപ്തിലെ വിജയത്തെ കൊണ്ടാടുന്നത്. ഒരു ജനുവരി 25-ന്റെ പ്രഭാതത്തിൽ ഒരു അസ്മാ മഹ്ഫൂസിന്റെ വീഡിയോ ബ്ലോഗ്ഗിൽ നിന്നോ,  ഒരു ഗൂഗിള്‍ എക്സിക്യൂട്ടീവിന്റെ ഇന്റര്‍നെറ്റ് ക്യാമ്പയിനില്‍ നിന്നോ തുടങ്ങിയ ഒരു വിസ്മയം.. അങ്ങിനെയൊരു വിസ്മയം ഉണ്ടാകാണമെങ്കിൽ അതിന്റെ പിന്നിൽ വലിയൊരു രാഷ്ട്രീയ സമരത്തിന്റെ കാറ്റു വീശണം എന്ന യാഥാര്‍ത്ഥ്യം മാത്രമാണ്‍് അവര്‍ക്ക് പുരിയാത്തത്. മിസ്റിയുടെ വിജയത്തിന്റെ പിന്നിലും  രാഷ്ട്രീയത്തിന്റെ, വിശേഷിച്ചും ഇടതുരാഷ്ട്രീയത്തിന്റെ ആ കാറ്റുണ്ടായിരുന്നു.

2004 മുതൽ തന്നെ ഈജിപ്തിലെ തൊഴിലാളികൾ നിരന്തരമായ സമരത്തിലാണ്‌. ഇന്നും അത് തുടരുകയും ചെയ്യുന്നു. കഴിഞ്ഞ ആറു വർഷത്തിനിടക്ക് 1900 സമരങ്ങൾ ഈജിപ്തിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നര ദശലക്ഷം തൊഴിലാളികൾ ഇതിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. ടെക്സ്റ്റൈൽ, ഗതാഗത, നിർമ്മാണ, ഭക്ഷ്യോത്പ്പാദന മേഖലകളിൽനിന്നു തുടങ്ങിയ സമരം 2006 ആകുമ്പോഴേക്കും സർക്കാരിന്റെ തന്നെ നികുതിപിരിവ് ഉദ്യോഗസ്ഥരിലേക്ക് എത്തിയിരുന്നു. 10,000 വരുന്ന മുനിസിപ്പൽ നികുതി ജീവനക്കാർ മൂന്നു ദിവസമാണ്‌ തുടർച്ചയായ സമരം നടത്തിയത്. സമ്മർദ്ദത്തിലായ സർക്കാരിന്‌ ഒരു സ്വതന്ത്ര തൊഴിലാളി സംഘടനക്ക് അനുവാദം കൊടുക്കേണ്ട അവസ്ഥയും ഉണ്ടായി. രാജ്യത്തിനകത്ത് വളർന്ന തൊഴിൽ സമരങ്ങളിൽ ഔദ്യോഗിക ഇടതുപക്ഷത്തിനോടൊപ്പം, ഇടതും വലതുമായ എൻ.ജി.ഒ.കളും പങ്കെടുക്കുകയുണ്ടായി. വിദേശരാജ്യങ്ങളിൽ നിന്നുപോലും അവർക്ക് സഹായങ്ങളും ലഭിച്ചു. വാഷിംഗ്ടണിലെ മണ്ണിൽനിന്നുതന്നെ, ലേബർ സ്റ്റാർട്ട് എന്ന വെബ്സൈറ്റ് ഉപയോഗിച്ച് തൊഴിലാളി സംഘടനകൾ ആഗോളതലത്തിൽ ആശയപ്രചരണം സംഘടിപ്പിച്ചു.

1977-ൽ എന്ത് സൈബറും ഫേസ്ബുക്കും ട്വിറ്ററുമാണുണ്ടായിരുന്നത്? അന്നും ഈജിപ്തിൽ വലിയൊരു സമരം നടന്നു. പ്രശസ്തമായ ബ്രഡ് സമരം. ഈജിപ്തിന്റെ എല്ലാ ഭാഗങ്ങളിലും അന്ന് തൊഴിൽ സമരങ്ങൾ നടന്നു. തങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, കൂടുതൽ മാന്യമായ കൂലിക്കും വേണ്ടി നടന്ന സമരമായിരുന്നു അത്. എങ്കിലും, കൊച്ചുകുട്ടികൾ പോലും അതിൽ പങ്കാളികളാവുകയും പട്ടാളത്തിനെ നേരിടുകയും ചെയ്യുന്ന കാഴ്ചയും ആ സമരത്തിൽ നമ്മൾ കാണുന്നുണ്ട്.

ഇത്തരം കൂട്ടായ രാഷ്ട്രീയ സമരങ്ങളാണ്‌ ഏതൊരു വിപ്ളവത്തിന്റെയും ജനകീയപ്രക്ഷോഭങ്ങളുടെയും അടിത്തറയായി വർത്തിക്കുന്നത്. ഏതുകാലത്തും അതങ്ങിനെത്തന്നെയായിരുന്നു. എല്ലാ വിപ്ലവങ്ങളുടെയും കൊടുങ്കാറ്റുകളുടെയും പിന്നില്‍, ജനേച്ഛയുടെ, അവരുടെ അപരിമേയമായ ശക്തിയുടെ കേവലമല്ലാത്ത ബൃഹദാഖ്യാനങ്ങളുണ്ട്. ആധുനിക കാലത്ത്, അതിനെ സ്വിച്ച്-ഓൺ ചെയ്യാൻ സാങ്കേതികവിദ്യ ഒരു നിമിത്തമാവുന്നു എന്നു മാത്രം. അതു കാണാതെ, ഒരു മുറിയിലിരുന്ന് ഒരാൾ അല്ലെങ്കിൽ ഒരുവൾ നടത്തുന്ന ആഹ്വാനം കേട്ട് ഒരു ജനത മുഴുവൻ 18 ദിവസത്തോളം, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് പ്രക്ഷോഭത്തിന്റെ പാതയിലേക്കെടുത്തു ചാടും എന്നു കരുതാനും വിശ്വസിക്കാനും അതിനെ കൊണ്ടാടാനും വിഡ്ഢികൾക്കു മാത്രമേ കഴിയൂ.

ക്യൂബയിലേക്ക് തിരിച്ചുവരാം. 60-കൾ മുതൽ തുടരുന്ന അമേരിക്കയുടെ പ്രത്യക്ഷവും, അമേരിക്കയുടെ സമ്മർദ്ദത്തിനു വഴിപ്പെട്ട യൂറോപ്പ്യൻ രാജ്യങ്ങളുടെ അപ്രഖ്യാപിത ഉപരോധവുമുണ്ടായിട്ടും ഇന്നും ക്യൂബൻ സമ്പദ്വ്യവസ്ഥ താരതമേന ഭേദമാണ്‌. വിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും, ജനങ്ങളുടെ പാർപ്പിടങ്ങളുടെ കാര്യത്തിലും ക്യൂബ കാര്യമായ പുരോഗതിയാണ്‌ നേടിയത്. അഴിമതി ഏറ്റവും കുറവുള്ള രാജ്യമെന്ന പദവിയും ക്യൂബക്ക് സ്വന്തമാണ്‌. 1989-93 കാലത്തെ തകർച്ചയിൽനിന്നും വളരെ ആസൂത്രിതമായ ചുവടുവെയ്പുകളിലൂടെ സാമ്പത്തികമായി കരകയറുന്ന ഒരു ക്യൂബയെയാണ്‌ പിന്നീട് നമ്മൾ കണ്ടത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സർക്കാരിന്റെ പരിപൂർണ്ണ നിയന്ത്രണത്തിലാകുന്നത് മഹാപാതകമോ ദുരന്തമോ ഒന്നും അല്ലെന്ന് പഠിപ്പിക്കുന്നുണ്ട് ക്യൂബയുടെ വളർച്ച. അവിടെ നമ്മുടെ സ്വപ്നാടകർക്ക് ആകെയുള്ള അസ്വസ്ഥത, അവിടുത്തെ മനുഷ്യാവകാശ-പൌരാവകാശ-സ്വതന്ത്ര വിപണികളുടെ കാര്യത്തിൽ മാത്രമാണ്‌. അതാകട്ടെ, ഒട്ടുമിക്കതും പാശ്ചാത്യ മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതുമാണ്‌. ഒരു സോഷ്യലിസ്റ്റ് ഭരണസമ്പ്രദായത്തിൽ എല്ലാവർക്കും എന്തും ചെയ്യാമെന്ന വ്യവസ്ഥിതിക്കും വെള്ളിയാഴ്ചക്കുമൊന്നും സ്ഥാനമില്ല. ജനത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ വളർച്ച ഒന്നുതന്നെയാണ്‌ (അഥവാ ആയിരിക്കണം)ഏതൊരു ജനാധിപത്യ രാഷ്ട്രത്തിന്റെയും പ്രമുഖ ലക്ഷ്യം. ആ നിലക്ക് ക്യൂബ ഇന്നും ഒരു വിജയഗാഥ തന്നെയാണ്‌. അതിനെ ആ നിലയിലേക്ക് നയിക്കുന്നത് സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും പ്രതിബദ്ധതയുള്ള ഭരണകർത്താക്കളാണ്‌ എന്നതാണ്‌ നമ്മുടെ സൈബർ സ്വപ്നാടക ആക്ടിവിസ്റ്റുകളുടെ ദു:ഖം. ക്യൂബയിലേക്ക് ഈജിപ്ഷ്യൻ വിപ്ളവത്തെ വലിച്ചുനീട്ടുന്നതിന്റെ മനശ്ശാസ്ത്രവും ഇതല്ലാതെ മറ്റൊന്നല്ല.

ഇന്ത്യയിലെ അവസ്ഥയിലേക്കൊന്നും ഈ സ്വപ്നാടകരുടെ കണ്ണുകൾ എത്തുന്നില്ല എന്നതാണ്‌ കൂടുതൽ വിചിത്രം. ഈജിപ്തിൽ നടന്നതുപോലുള്ള ഒരു ജനകീയപ്രക്ഷോഭത്തിനുള്ള വിളനിലമൊന്നും ഇന്ത്യയിലായിട്ടില്ലായിരിക്കാം. എങ്കിലും സാധാരണക്കാരനായ ഇന്ത്യക്കാരന്റെ ജീവിതം ദിനംപ്രതി ദുസ്സഹമാവുന്ന ഒരു അവസ്ഥയാണ്‌ ഇന്ന് ഇവിടെയുള്ളത്. പൌരന്റെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഒരു വിലയുമില്ലാത്ത, ഭീമമായ അഴിമതിയും കരിനിയമങ്ങളും ഭരണത്തിന്റെ സമസ്ത മേഖലകളെയും വിഴുങ്ങുന്ന, സ്വാതന്ത്യത്തിനുമുൻപുള്ള പതിനഞ്ചുവർഷത്തേക്കാൾ കൂടുതൽ അസമത്വം നിലനില്ക്കുന്ന ഒരു ഇന്ത്യയിലാണിന്ന് നമ്മൾ ജീവിക്കുന്നത്. പ്രകൃതിസമ്പത്ത് കൊള്ളയടിക്കാനും, കായിക മാമാങ്കങ്ങൾക്കായി ലക്ഷക്കണക്കിനാളുകളെ നിത്യവും കുടിയിറക്കി തെരുവാധാരമാക്കുകയും, അതിനെ ഏതിർക്കുന്നവരെയൊക്കെ കരിനിയമങ്ങളുപയോഗിച്ച് വേട്ടയാടാൻ സ്വകാര്യസേനകളെ പാലൂട്ടി വളർത്തുവാനും ധൈര്യപ്പെടുന്ന ഒരു ജനാധിപത്യവസ്ഥിതിയെയാണ്‌ നമ്മളിന്ന് താങ്ങിനിർത്തുന്നത്. അത്തരമൊരു കപടജനാധിപത്യത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങളിൽപ്പോലും പങ്കെടുക്കാൻ കൂട്ടാക്കാതിരിക്കുകയും, പകരം, അതിന്റെ സ്ഥാനത്ത്, സ്വത്വപരമായി വിഭജിച്ചും വിഘടിച്ചും നിൽക്കുന്ന സമരങ്ങളെ ഏറ്റെടുക്കാനും തറ്റുടുത്തു നിൽക്കുന്ന മധ്യവർഗ്ഗ രാഷ്ട്രീയത്തിന്റെ ചതുരക്കള്ളികളിൽ നിന്നുകൊണ്ടാണ്‌ നമ്മൾ സൈബർ ആക്ടിവിസത്തിന്റെ അപ്പോസ്തലന്മാർ ചമയുന്നത്. കാറ്റാടികൾക്കെതിരെ പടനയിക്കുന്ന ഡോൺ ക്വിൿസോട്ടുമാരായി വീരസ്യം പറയുന്നത്.

ലൈംഗിക അരാജകവാദികളും മുഷ്ക്കന്മാരും സംസ്കാരശൂന്യന്മാരുമായി മുദ്രയടിക്കപ്പെട്ട മിസ്രികളുടെ ചരിത്രബോധത്തിൽനിന്ന് ലോകത്തിനും, മലയാള സൈബർ സ്പേസിലെ ബസ്സുടമകൾക്കും ഏറെ പഠിക്കാനുണ്ട്. പഠിക്കണമെന്നു വെച്ചാൽ. അതല്ല, ഈജിപ്തിന്റെ കാര്യം പറഞ്ഞുപറഞ്ഞ്, “വിപ്ളവമോ, അതൊക്കെ നിങ്ങളുടെ ഏർപ്പാടല്ലേ” “കാസ്ട്രൊയേക്കാള്‍ ഭേദമായിരുന്നു മുബാറക്ക്”  “പ്രശ്നം എന്താന്നു വെച്ചാല്‍ ഈ 77 കോടി ജനങ്ങള്‍ ബസ്സ് വായിക്കില്ല. പ്രക്ഷോഭം നടത്തില്ല. അല്ലെങ്കില്‍ത്തന്നെ സമരം വിളിച്ചാല്‍ ചൂഷണം മാറുമോ “ എന്ന മട്ടിലൊക്കെയുള്ള കൊച്ചുവർത്തമാനത്തിലേക്കാണെങ്കിൽ, അതിഷ്ടപ്പെടുന്ന ‘ആക്ടിവിസ്റ്റുകൾ’ക്ക് അതുമാവാം.

ഈജിപ്ഷ്യൻ ജനതക്ക്, അൽപ്പം വൈകിയതെങ്കിലും ഊഷ്മളമായ സമരാഭിവാദ്യങ്ങൾ.



* മിസ്രി (മിസ്റി - ഈജിപ്ഷ്യന്‍)

Tuesday, February 1, 2011

വിധിവൈപരീത്യങ്ങള്‍




(ഇക്കോണമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിലെ Staines Verdict എന്ന ലേഖനത്തിന്റെ പരിഭാഷ)

22 ജനുവരി 1999-ന്‌ ഒറീസ്സയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ വെച്ച് ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസിലെ പ്രതിയായ ധാരാസിംഗിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ട് സുപ്രീം കോടതി ഇക്കഴിഞ്ഞ 21 ജനുവരിയിൽ വിധി പുറപ്പെടുവിച്ചു. “പാവപ്പെട്ട ഗോത്രവർഗ്ഗക്കാരെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന സ്റ്റെയിൻസിനെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു, ധാരാസിംഗിന്റെ ഉദ്ദേശ്യമെന്ന്” രേഖപ്പെടുത്താനും കോടതി മടിച്ചില്ല. ഈ പരമാർശം പിന്നീട് രേഖകളിൽനിന്ന് കോടതി തന്നെ സ്വമേധയാ നീക്കം ചെയ്തുവെങ്കിലും.

ഒറീസ്സയിലെ കിയോഞ്ചാര്‍ ജില്ലയിലെ കുഷ്ഠരോഗികൾക്കിടയിൽ 34 വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന ഒരാളായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. സ്റ്റെയിൻസിന്റെയും മക്കളുടെയും ദാരുണവധം ആളുകളെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെങ്കിലും, “നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഉയർന്ന ഗോത്രവിഭാഗത്തിന്റെ രോഷം‘ എന്ന മട്ടിലാണ്‌ ഹിന്ദുത്വശക്തികൾ അതിനെ ന്യായീകരിച്ചത്.. അങ്ങിനെയെങ്കിൽ, എന്തുകൊണ്ടാണ്‌ ക്രിസ്ത്യൻ വിരുദ്ധ പ്രചരണം സംസ്ഥാനത്തു ശക്തിപ്രാപിക്കുകയും, ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതുവരെയും, ഈ സൂചിപ്പിച്ച ഗോത്രവർഗ്ഗ രോഷം ദൃശ്യമാകാതിരുന്നത് എന്ന ചോദ്യത്തിനുമാത്രം ഒരു വിശദീകരണവും ഉണ്ടായില്ല.

ധാരാസിംഗിനെ ശിക്ഷിച്ചുവെങ്കിലും, ധാരാസിംഗിന്റെ ക്രിസ്ത്യൻ-മുസ്ലിം വിരുദ്ധ നിലപാടുകളെ തങ്ങളോ തങ്ങളുടെ പോഷകസംഘടനകളോ ഒരുതരത്തിലും പിന്തുണക്കുന്നില്ലെന്ന ഒരു ധാരണ നിലനിർത്തുന്നതിൽ സംഘപരിവാർ വിജയിച്ചിട്ടുണ്ട്. സ്റ്റെയിൻസിനെപ്പോലുള്ള മിഷണറിമാരുടെ നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ ഉയരുന്ന ജനരോഷം എന്ന പ്രചരണവും പച്ചപിടിക്കുന്നുണ്ട്. ഈ ധാരണയെ ബലപ്പെടുത്തുന്നതിനുമാത്രമേ സുപ്രീം കോടതിയുടെ വിധി സഹായിക്കുന്നുള്ളു.

1998-ൽ ഗുജറാത്തിലെ ഡാംഗ് ജില്ലയിൽ ക്രിസ്ത്യൻ ഗോത്രവർഗ്ഗക്കാർക്കെതിരെ രണ്ടാഴ്ചയോളം നടന്ന അക്രമത്തിനെയും ’നിർബന്ധിത മതപരിവർത്തനത്തിനെതിരെയുള്ള ജനരോഷം‘ എന്ന ന്യായം കൊണ്ടായിരുന്നു സംഘപരിവാർ നേതാക്കൾ സാധൂകരിച്ചത്. അക്രമം തുടങ്ങുന്നതിനും ഏറെ മുൻപുതൊട്ടേ, ഔദ്യോഗിക സംവിധാനങ്ങളുടെ സഹായത്തോടെ, സവിശേഷമായ രീതിയിൽ, വിദ്വേഷപ്രചരണവും, ക്രിസ്ത്യാനികളെ മനപ്പൂർവ്വം പ്രകോപിപ്പിക്കലും നടന്നിരുന്നു.

ഒറീസ്സയിലെ കാന്ധമൽ ജില്ലയിൽ 2008-ൽ നടന്ന ക്രിസ്ത്യൻ വിരുദ്ധ ലഹളയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നില്ല. ’സംഘപരിവാറിന്റെ ‘ഘർ വാപസി’ (വീട്ടിലേക്ക് മടങ്ങിപ്പോരൽ-അഥവാ,ക്രിസ്ത്യൻ ഗോത്രവിഭാഗങ്ങളെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുപോകൽ)പരിപാടികളും തുടർച്ചയായ ക്രിസ്ത്യൻ-വിരുദ്ധ പ്രചരണവും ആ പ്രദേശത്തെ സംഘർഷാവസ്ഥയെ മൂർച്ഛിപ്പിച്ചിരുന്നു. സ്വാഭാവികമായും, ബി.ജെ.പി.-ജനതാദൾ സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ജില്ലാഭരണകൂടവും ഈ അപായസൂചനകൾക്കെതിരെ കണ്ണടക്കുകയും ചെയ്തു. സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തിന്റെ ഉത്തരവാദിത്ത്വം മാവോയിസ്റ്റുകൾ ഏറ്റെടുത്തുവെങ്കിലും, വിശ്വഹിന്ദുപരിഷത്ത് ക്രിസ്ത്യാനികളെ ഉന്നം വെക്കുകയും, പ്രവീൺ തൊഗാഡിയുടെ നേതൃത്വത്തിൽ, ലക്ഷ്മണാനന്ദയുടെ മൃതദേഹവും വഹിച്ചുള്ള യാത്ര ഒരു തടസ്സവും കൂടാതെ, സംഘർഷഭരിതമായ സ്ഥലങ്ങളിലൂടെ കടന്നുപോവുകയും ചെയ്തു. ആയിരക്കണക്കിന് ക്രിസ്ത്യാനികൾക്കാണ്‌ തങ്ങളുടെ വീടുവിട്ടുപോകേണ്ടിവരുകയും, ഒരുവർഷത്തോളം സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവരുകയും ചെയ്തത്. ഇന്നും അവിടുത്തെ ക്രിസ്ത്യൻ ഗോത്രവർഗ്ഗക്കാർ ഭയത്തിലും അരക്ഷിതാവസ്ഥയിലുമാണ്‌ ജീവിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

അധികാരത്തിലേക്കുള്ള ബി.ജെ.പി.യുടെ പ്രവേശനം മുൻകൂട്ടികണ്ട്, 1980 മുതൽക്കുതന്നെ, ഹിന്ദുത്വശക്തികളുടെ നേതൃത്വത്തിൽ ഹിന്ദു ജാഗ്രൻ മഞ്ച്, ബജ്രംഗദൾ തുടങ്ങിയ സംഘടനകൾ രൂപപ്പെട്ടുവന്നിരുന്നു. 1998-ലെ ഡാംഗ് ജില്ലയിലെ ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങളുടെ ഉത്തരവാദിത്ത്വം ഹിന്ദു ജാഗ്രൺ മഞ്ചിനായിരുന്നു. ധാരാം സിംഗ് ആകട്ടെ, ബജ്രംഗദളുമായി ബന്ധമുള്ളയാളും. 1999-ൽ മയൂർഭഞ്ജിൽ വെച്ച് അരുൾ ദാസ് എന്ന റോമൻ കത്തോലിക്കാ പുരോഹിതനെയും, അതേ ജില്ലയിൽ വെച്ച് ഒരു ആഗസ്റ്റ്‌ 26-ന് ഷേക്ക് റഹ്മാൻ എന്ന മുസ്ലിം വ്യാപാരിയെയും വധിച്ചിരുന്നു. സ്റ്റെയിന്‍സ് വധം അന്വേഷിച്ച ഡി.പി.വാധ്വ കമ്മീഷനാകട്ടെ, ഇത്തരം സംഭവങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന തുടർച്ചയായ ന്യൂനപക്ഷവിരുദ്ധ പ്രവർത്തനങ്ങളെയും, അതിനു കിട്ടിക്കൊണ്ടിരിക്കുന്ന ഔദ്യോഗിക സഹായങ്ങളെയും കണ്ടില്ലെന്നും നടിച്ചു. തെളിവുകളുണ്ടായിട്ടുപോലും, ഇതിനുപിന്നിൽ പ്രവർത്തിച്ച സംഘടനകളുടെ വ്യക്തമായ പങ്ക് കാണാൻ കൂട്ടാക്കാതെ, സ്റ്റെയിൻസ് വധത്തിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം ധാരാസിംഗിലേക്കു മാത്രം ചുരുക്കുകയായിരുന്നു കമ്മീഷൻ ചെയ്തത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള സ്വാതന്ത്ര്യം ഉപയോഗിക്കാൻ (അതായത്, സ്വന്തമിഷ്ട പ്രകാരമുള്ള മതം പിന്തുടരുന്നതിനും പ്രചരിപ്പിക്കുന്നതിനും) ഇന്ത്യയിലെ മറ്റേതൊരു പൌരന്മാരെയും പോലെ, ഗോത്രവർക്കാർക്കും അവകാശമുണ്ട്. സ്റ്റെയിൻസ് നിർബന്ധിത മതപരിവർത്തനം നടത്തി എന്നതിന്‌ ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. ആർട്ടിക്കിൾ 25 പ്രകാരം ക്രിസ്ത്യാനികൾക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യത്തിനെതിരെയുള്ള സുപ്രീം കോടതിയുടെ മുൻവിധിയെയാണ്‌- പിന്നീട് പിൻവലിച്ച-  ആ ആദ്യത്തെ പരാമർശത്തിൽ കാണാനാവുക. സംഘപരിവാറിന്റെ കീഴിൽ തുടർച്ചയായി ഇപ്പോഴും നടക്കുന്ന വിദ്വേഷപ്രചരണത്തിന്റെയും നുണപ്രചരണത്തിന്റെയും ഫലമായിരുന്നു സ്റ്റെയിൻസ് വധം.



പരിഭാഷകക്കുറിപ്പ്: കുട്ടികളടക്കം മൂന്നുപേരെ ചുട്ടുകൊന്ന വ്യക്തിക്കും, നക്സലൈറ്റ് നേതാവിന്റെ കത്തു കൈമാറി എന്ന (തെളിയിക്കപ്പെടാത്ത കുറ്റം) ആരോപിക്കപ്പെട്ട വ്യക്തിക്കും ഒരേ ശിക്ഷ വിധിക്കുന്ന കോടതികളെ മാനസികചികിത്സക്ക് വിധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കോടതികൾ തന്നെ ക്രിമിനൽ സ്വഭാവം കൈവരിക്കുന്നതാണ്‌ കാണാൻ കഴിയുക.