Sunday, December 25, 2011

അർദ്ധവിരാമം




ശ്രീരാമകൃഷ്ണ പരമഹംസർ താരത‌മ്യേന ഭാഗ്യവാനാണ്. ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും കീറിമുറിക്കപ്പെടാൻ ഇടവന്നിട്ടില്ല അദ്ദേഹത്തിന്. എങ്കിലും, മരണശേഷം അദ്ദേഹവും നിരവധി വിശകലനങ്ങൾക്ക് വിധേയമായിട്ടുണ്ട്. മാക്സ് മുള്ളറും, റൊമാങ് റൊളാങും തൊട്ടിങ്ങോട്ട് ഗായത്രി സ്പിവാക്കും, സുധീർ കാക്കറുംവരെയുള്ളവരുടെ മനശ്ശാസ്ത്രവിശകലനങ്ങളും, ഏറിയും കുറഞ്ഞുമുള്ള മറ്റു  വിമർശനങ്ങളും അതിൽ‌പ്പെടും. ദേബേന്ദ്രനാഥ ടാഗൂർ മുതൽ ഈശ്വരചന്ദ്ര വിദ്യാസാഗറും വിവേകാനന്ദനും സാക്ഷാൽ ടാഗൂറുമൊക്കെ അദ്ദേഹത്തിന്റെ വിപുലമായ ശിഷ്യവൃന്ദത്തിലുണ്ടായിരുന്നു. സർവ്വമതങ്ങളെയും ഉൾക്കൊള്ളാൻ അദ്ദേഹം നടത്തിയ (പലപ്പോഴും പരാജയപ്പെട്ടതും, പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടതുമായ) പരിശ്രമങ്ങളും,  മിസ്റ്റിക്ക് ജീവിതശൈലിയും, ശിഷ്യന്മാർക്ക് പറഞ്ഞുകൊടുത്ത നിരവധി സോദാഹരണകഥകളുമെല്ലാം ഇന്ത്യയുടെ ആധുനിക ഭക്തിപ്രസ്ഥാനത്തിന്റെ ഭീമമായ സഞ്ചയികയുടെ ഭാഗമാണ് ഇന്ന്.

കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിൽ ശ്രീനാരായണഗുരുവിനുള്ള സ്ഥാനമാണ്  ബംഗാളിൽ  പരമഹംസർക്ക്. കൂടുതൽ അവ്യക്തവും നിഗൂഢവും വിചിത്രവും  ഉന്മാദത്തോടടുത്ത ഒരു അവസ്ഥയുമായിരുന്നു അദ്ദേഹത്തിന്റേത്. സ്ത്രീവേഷം പൂണ്ട്, സാരി ധരിച്ച് നൃത്തം ചെയ്യലും, സ്വപ്നദർശനത്താൽ ഉത്തേജിതനായി, സ്വയം ശ്രീരാമനും ക്രിസ്തുവും പ്രവാചകനുമായി താദാത്മ്യം പ്രാപിക്കലും,  യുവതികളെ ഉപയോഗിച്ച് കുമാരീപൂജ നടത്തലും, അങ്ങിനെയങ്ങിനെ ഒരു മാനസികഭ്രംശത്തിന്റെ എല്ലാ ഉത്തമ ചേരുവകളും ശ്രീരാമകൃഷ്ണനിൽ പ്രകടമായിരുന്നു. കേവലം അഞ്ചുവയസ്സുകാരിയായ ശാരദയെ വിവാഹം കഴിച്ച്, യൌവ്വനയുക്തയായ അവരെ പിന്നീട് അമ്മയായി സങ്കൽ‌പ്പിച്ച് പൂജിച്ചതുമൊക്കെ അതിൽ പെടുന്നുണ്ട്.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ‘കാമിനീ-കാഞ്ചന’ത്തെക്കുറിച്ചുള്ളവ. പല രീതിയിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് ഈ കാമിനീ-കാഞ്ചനം. സ്ത്രീയും സ്വർണ്ണവുമായിരുന്നില്ല പരമഹംസർ ഉദ്ദേശിച്ചിരുന്നതെന്നും, മനസ്സിനെ ചഞ്ചലമാക്കുന്ന ഭൌതികതയെയായിരുന്നു ആ വാക്കുകൾ കൊണ്ട് അദ്ദേഹം വിവക്ഷിച്ചതെന്നും പല രീതിയിലുള്ള വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട് കാമിനി-കാഞ്ചന സങ്കൽ‌പ്പത്തിന്.

എങ്കിലും, ആ സങ്കൽ‌പ്പത്തിന്റെ ഒരു ഏകദേശ ധാരണ കിട്ടാൻ, ‘കഥാമൃത’ത്തിലെ താഴെക്കൊടുത്തിരിക്കുന്ന ഏതാനും ചില ഭാഗങ്ങൾ തന്നെ ധാരാളമാണ്.

“ഒരു സ്ത്രീയുടെ ശരീരത്തിൽ എന്താണുള്ളത്? രക്തം, മാംസം, കൊഴുപ്പ്, പുഴുക്കൾ, മൂത്രം, മലം. ഇങ്ങനെയുള്ള ഒരു ശരീരത്തോട് നിങ്ങൾക്ക് ആസക്തി തോന്നുന്നത് എന്തുകൊണ്ടാണ്?” ( ‘കഥാമൃത’ ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, പേജ് 113).

“സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ വളരെയധികം ജാഗ്രത പാലിക്കണം. അവരുടെ ‘ഗോപാല ഭാവം’*. മൂവുലകിനെയും സ്ത്രീ ഭക്ഷിക്കുന്നു എന്നൊരു പഴഞ്ചൊല്ലുതന്നെയുണ്ട്. സുന്ദരന്മാരും ആരോഗ്യവാന്മാരുമായ ചെറുപ്പക്കാരെ കാണാനിടവന്നാൽ, മിക്ക സ്ത്രീകളും അവരെ കെണിയിലാക്കാൻ ശ്രമിക്കും. അതാണ് അവരുടെ ഗോപാലഭാവം”

ഈശ്വരസന്നിധിയിലേക്കുള്ള വഴിയിലെ പ്രധാന തടസ്സമായിരുന്നു, പരമഹംസരെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ.

കഥാമൃതത്തിലെ മറ്റൊരു സന്ദർഭം ഇതിനുദാഹരണമാണ്. പേജ്-126-ൽ കാണാം അത്. ഒരു സംവാദത്തിനിടക്ക്, ഒരു ശിഷ്യൻ പരമഹംസരോട് ചോദിക്കുന്നു.

“ഒരു വേള, അമ്മ അയാളോട് പറയുന്നു. “നീ ദക്ഷിണേശ്വരത്തേക്ക് പോകരുത്. പോയാൽ നിനക്ക് എന്റെ ചോര കുടിക്കേണ്ടിവരും”. ഇങ്ങനെ ശപിക്കുന്ന ഒരു അമ്മയോട് നമ്മൾ എന്തു പറയും?”

ഉത്തരം: “അങ്ങിനെ പറയുന്ന അമ്മ ഒരു അമ്മയല്ല. അവർ അവിദ്യയുടെ മൂർത്തിമദ്ഭാവമാണ്. അവരെ ധിക്കരിക്കുന്നത് ഒരു തെറ്റല്ല. ദൈവത്തിലേക്കുള്ള വഴിയാണ് അവർ നിഷേധിക്കുന്നത്”.

മറ്റൊരു ശിഷ്യനായ മഹേന്ദ്രനാഥ് ചോദിക്കുന്ന ചോദ്യം “നിങ്ങളെന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല, ഞാൻ ആത്മഹത്യ ചെയ്യും” എന്നു പറയുന്ന ഭാര്യയോട് എന്തു മറുപടി പറയും” എന്നാണ്.

ഉത്തരം “ അവരെ ഉപേക്ഷിക്കുക. അവർ നമ്മുടെ ഈശ്വരമാർഗ്ഗത്തിലുള്ള തടസ്സമാണ്. അവർ ആത്മഹത്യയോ മറ്റെന്തു വേണമെങ്കിലോ ചെയ്തോട്ടെ.“ 

മഹേന്ദ്രനാഥ് മുറിയുടെ ഒരു ഭാഗത്തേക്ക് മാറി, ചുമരിൽ ചാരിചിന്താമഗ്നനായി നിന്നു. നരേന്ദ്രനും (വിവേകാനന്ദൻ) മറ്റു ശിഷ്യരും കുറച്ചുനേരത്തേക്ക് ഒന്നും പറയാനാകാതെ സ്തബ്ധരായിപ്പോയി.”

മറ്റൊരു രസകരമായ രംഗം പേജ്32-ൽ വായിക്കാം.

ആയിടയ്ക്ക് വിവാഹിതനായ ഭാബനാഥ് എന്ന  ചെറുപ്പക്കാരനായ ശിഷ്യനെ ചൂണ്ടിക്കാട്ടി പരമഹംസർ നരേന്ദ്രനോട് (വിവേകാനന്ദൻ) പറയുന്നു.

“അവനു നല്ല ധൈര്യം കൊടുക്കണം”. നരേന്ദ്രനും ഭാബനാഥും ഗുരുവിനെ നോക്കി പുഞ്ചിരിച്ചു. ശേഷം ഭാബനാഥിനോട്പരമഹംസർ പറയുന്നു.

“നീ ഒരു ശൂരനാവണം. മൂടുപടത്തിനു പിന്നിൽ ഭാര്യ കരയുമ്പോൾ നീ സ്വയം മറന്നുപോകാതിരിക്കാൻ ശ്രദ്ധിക്കുക സ്ത്രീകൾ ധാരാളം കരയും. മൂക്കു ചീറ്റുമ്പോൾ പോലും അവർ കരയും”

“ഈശ്വരനിൽ മനസ്സുറപ്പിക്കുക. സ്ത്രീയുടെ കൂടെ ജീവിക്കുകയും എന്നാൽ അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ ശൂരൻ”.

ആരായിരുന്നു പരമഹംസൻ?

വെള്ളക്കാരന്റെ ഭാഷ പഠിക്കുകയും അവന്റെ കീഴുദ്യോഗസ്ഥനായി തൊഴിലെടുക്കുകയും ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാളിലെ ഇടത്തരം നഗരവാസിയെ പരിഹസിക്കുകയും, തന്റെ അപരിഷ്കൃതമായ നാടൻ ബംഗാളി വായ്മൊഴികഥകളിലൂടെ അവരോട് വ്യംഗ്യമായി പ്രതികരിക്കുകയും ചെയ്ത ദേശീയതാവാദി.

ലൈംഗിക സാഫല്യം കിട്ടാതെ വന്ന്, സ്ത്രീയെ ഭയപ്പെടുകയും വെറുക്കുകയും ചെയ്ത ഒരു പുരുഷ ശരീരത്തിന്റെ മനോവൈകല്യം.

താന്ത്രികവിദ്യയും വൈഷ്ണവവും അദ്വൈതവും ഇസ്ലാമിക-ക്രിസ്തീയമതങ്ങളും  എല്ലാം കുഴഞ്ഞുമറിഞ്ഞ ഒരു ഉന്മാദചിത്തം.

ഒരുപക്ഷേ ഇതെല്ലാം ചേർന്നതായിരുന്നു ഗദാധര ചതോപാദ്ധ്യായ എന്ന ശ്രീരാമകൃഷ്ണപരമഹംസൻ. അഥവാ, പഴയ കാലത്തെ ഒരു അർദ്ധവിരാമം.

പുതിയ കാലത്ത്, പുതിയ വേഷത്തിൽ സായിബാബയായും, സുധാമണിയായും സന്തോഷ് മാധവനായും നിത്യാനന്ദനായും ശ്രീശ്രീയായും വന്ന്, പൂർണ്ണതയിലേക്കെത്താൻ കുതിക്കുന്ന മനുഷ്യസമൂഹത്തെ അന്ധവിശ്വാസത്തിന്റെ ഇരുട്ടിലേക്കും, സന്ദിഗ്ദ്ധതയിലേക്കും തിരികെ പായിക്കുന്ന നിരവധി അർദ്ധവിരാമങ്ങളിൽ ഒന്ന്.





* ഗോപാലഭാവം - ഈശ്വരനോടുള്ള ഭക്തന്റെ ദാസ്യം, സഖം, മധുരം, വാത്സല്യം ആദിയായ നിരവധി ഭാവങ്ങളിൽ ഒന്നാണ് ഇത്.

കൂടുതൽ വായനക്ക്: പാർത്ഥാ ചാറ്റർജിയുടെ A Religion of Urban Domesticity (Subaltern Studies - Volume 7) എന്ന ലേഖനം നോക്കുക.

Wednesday, December 14, 2011

നിങ്ങളുടെ ‘മാലാഖമാർ’ പറയുന്നത്



നഴ്സുമാരെ പിടിച്ച് മാലാഖമാരാക്കുമ്പോൾ നമ്മൾ വാസ്തവത്തിൽ അവരെ അപമാനവീകരിക്കുകയാണ് ചെയ്യുന്നത്. രോഗവും മരണവും പടച്ചുവിടുന്ന (വിശ്വാസികളുടെ) ദൈവത്തിന്റെ നീതിരഹിതമായ തീർപ്പുകളെ പ്രതിരോധിക്കുന്നവരാണവർ. അവരെ ദൈവത്തിന്റെ താഴെ പ്രതിഷ്ഠിച്ച് വീണ്ടും അപമാനിക്കരുത്.

കേൾക്കാൻ സുഖമുള്ള ലേബലിടാൻ സമർത്ഥരാണ് നമ്മൾ. ദൈവമാണ്, കാരുണ്യക്കടലാണ്, ക്ഷമയുടെയും സഹനത്തിന്റെയും ഹെഡ്ഡാഫീസാണെന്നൊക്കെ പറഞ്ഞ് അമ്മമാരെ  നമ്മളങ്ങിനെ ലേബലിട്ട് മനുഷ്യജീവി എന്ന വർഗ്ഗത്തിൽ നിന്ന്, സ്ത്രീ എന്ന സ്വത്വത്തിൽനിന്ന് പണ്ടേ പടിയടച്ച് പിണ്ഡം വെച്ചതാണ്. ഹരിജനങ്ങളെന്ന് ഓമനപ്പേരിട്ട് മറ്റു ചിലരെയും പണ്ട് നമ്മൾ ഒരിക്കൽ ഒതുക്കാൻ നോക്കി.  അവർ പക്ഷേ ആ ലേബലഴിച്ചുവെച്ച്, ദളിതനെന്നു പേരുമാറ്റി പുറത്തുവന്നു.

മാലാഖമാർക്കും നമ്മൾ അങ്ങിനെ ഒരു സ്ഥാനം കൊടുത്തിട്ടുണ്ട്. സേവനം മാത്രമേ അവർക്ക് വിധിച്ചിട്ടുള്ളു. അവരിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതും അതുമാത്രമാണ്. നമുക്ക് വേണ്ടി ഉണ്ടാവേണ്ടവർ, നമ്മുടെ രക്തവും മലവും മൂത്രവും കഫവും വ്രണങ്ങളും കഴുകി വൃത്തിയാക്കേണ്ടവർ. നമ്മുടെ പരിചാരികമാർ. അത്രത്തോളമേ അവർ മാലാഖമാരാകുന്നുള്ളു. ഡ്യൂട്ടിക്ക് വരാൻ താമസിച്ചാൽ, മരുന്നു തരാനോ കുത്തിവെക്കാനോ വൈകിയാൽ, കിടക്കവിരി മാറ്റാൻ മറന്നുപോയാൽ, സമയാസമയത്തെത്താത്തി നമ്മുടെ സുഖസൌകര്യങ്ങൾ നോക്കാൻ അമാന്തിച്ചാൽ നമ്മുടെ തെറിവിളിയും പഴിയും കേൾക്കേണ്ട മാലാഖമാരാണിവർ.  ദൈവത്തിനെ ചീത്ത വിളിക്കാനാവില്ലല്ലോ. അപ്പോൾ ആ കലിപ്പു തീർക്കാൻ നമുക്ക് മാലാഖമാർ തന്നെ വേണം. വിശ്വാസികളുടെ ദൈവത്തിന്റെ ഈ രണ്ടാം നിര പൌരന്മാരോട് ഇന്നലെ വരെ നമ്മളെടുത്തിരുന്ന ഈ നിലപാടിനെ സാധൂകരിക്കാനാണ് നമ്മളവർക്ക് ഈ മാലാഖാ പട്ടം അണിയിച്ചത്.

ആതുരസേവനത്തിന്റെ താഴത്തെ പടിയിലുള്ള ഈ മാലാഖമാരെ കാണാൻ നമുക്ക് മുംബയിലെയും ദില്ലിയിലെയും കൊച്ചിയിലെയും കൊല്ലത്തെയും സമരങ്ങൾ വേണ്ടിവന്നു. പക്ഷേ അപ്പോഴും നമ്മൾ ഭൂരിപക്ഷത്തിന് ആതുരാലയങ്ങളുടെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നവർ മാത്രമാണ് അവർ.  ആതുരാലയങ്ങളെ ദൈവങ്ങളും ദൈവത്തിന്റെ കങ്കാണികളും ക്രമാനുഗതമായി കൈവശപ്പെടുത്തിയപ്പോഴും ഈ മാലാഖമാരെ നമ്മൾ കണ്ടില്ല. അവർക്ക് നമ്മൾ വിശേഷാൽ ചിറകുകളൊന്നും നൽകിയതുമില്ല. മനുഷ്യകുലത്തിന്റെ സേവനം മാത്രമേ മാലാഖമാർക്ക് വിധിച്ചിട്ടുള്ളു എന്നു നമ്മൾ തീർപ്പു കൽ‌പ്പിച്ചു. നമുക്ക് കിട്ടുന്ന സേവനത്തിനും നമ്മൾ നൽകുന്ന സേവനത്തിനും പന്തിയിൽ നമ്മൾ വെവ്വേറെ ഇലയിട്ടു.

മക്കളെ മാലാഖമാരാക്കുന്നത് നമുക്കാലോചിക്കാൻ പോലും വയ്യ. ആ മാലാഖാപട്ടം സാമ്പത്തിക-സാമൂഹിക ശ്രേണിയുടെ താഴെത്തട്ടിലുള്ള, മറ്റൊരു നിവൃത്തിയുമില്ലാത്തവർക്കിരിക്കട്ടെ എന്ന് ഉദാരമതികളായി നമ്മൾ. ഭിഷഗ്വര ദൈവങ്ങളാക്കാനായിരുന്നു നമ്മൾക്ക് മക്കൾ. അതിനാകാത്തവർ മാത്രം തങ്ങളുടെ മാലാഖക്കുട്ടികളെ ആശുപത്രികളുടെ ഇടനാഴികളിലേക്ക് പറത്തിവിട്ടു. ദാരിദ്ര്യത്തിലും ജീവിത ദുരിതങ്ങളിലും പെട്ട് ചിറകുമുറിഞ്ഞ് അവർ അലഞ്ഞു. തൊഴിലിനു മാന്യത കിട്ടാനും, വിശപ്പകറ്റാനും കടലുകടക്കേണ്ടിവരുകപോലും ചെയ്തു മാലാഖമാർ പലർക്കും.

മാലാഖമാർ ദൈവത്തിന്റെ അടിമകളോ, അവരിലും ഒരുപടി താഴ്ന്നവരോ മാത്രമാണ്. യജമാനന്മാരുടെ ഇംഗിതത്തിനനുസരിച്ചു മാത്രം അവതരിക്കുകയും ജീവിതോദ്ദേശ്യം നിർവ്വഹിക്കുകയും അതു കഴിഞ്ഞാൽ മാലാഖമാരല്ലാതാവുകയും ചെയ്യുന്ന വർഗ്ഗം. ബീനയും രമ്യയും വിനീതയുമൊന്നും ഒരു ദൈവത്തിന്റെയും ഇംഗിതമല്ല നടപ്പാക്കുന്നത്. മുന്നേ സൂചിപ്പിച്ചപോലെ വിശ്വാസികളുടെ ദൈവത്തിന്റെ ഹിതത്തിനെ തങ്ങളാലാവും വിധം ധീരമായി ചെറുത്ത് മനുഷ്യനെ രോഗ-മരണങ്ങളിൽനിന്ന് രക്ഷിക്കാനും എല്ലാ പ്രതികൂലാവസ്ഥകളോടും എതിരിട്ട് മനുഷ്യപക്ഷത്തു നിൽക്കാനും ദൃഢനിശ്ചയമെടുത്തവരാണവർ. ഏറിയാൽ ഹെഡ് നേഴ്സെന്ന വറചട്ടിയോളമേ എത്തൂ എന്നറിയാമായിരുന്നിട്ടും പരാതികളൊന്നുമില്ലാതെ നമ്മുടെ വളരെയടുത്ത്, നമ്മെത്തൊട്ട്, രാവും പകലും കൂടെ നിൽക്കുന്നവർ. ഈ ഭൂമിയിൽത്തന്നെ.

മാലാഖമാരല്ല അവർ. ഇത്രനാളും നമ്മൾ കാണാൻ കൂട്ടാക്കാതിരുന്ന നമ്മെപ്പോലെത്തന്നെയുള്ള മനുഷ്യജീവികൾ. അളമുട്ടിയാൽ, വേണ്ടിവന്നാൽ, ജീവിതത്തിനും മരണത്തിനുമിടക്ക് നമ്മെ അമ്മാനമാടാൻ കഴിവുള്ളവർ. രോഗാതുരതയുടെ വിവേചനമില്ലായ്മയും രോഗഗ്രസ്തമായ ജീവിതങ്ങളുടെ നിസ്സഹായതയും വെപ്രാളവും ഫലിതവും ദിവസവും നേരിട്ടു തൊട്ടറിയുന്നവർ. ഏതൊരു ദൈവത്തേക്കാളും മാലാഖയേക്കാളും ശക്തിശാലികൾ. മനക്കരുത്തുള്ളവർ. സഹാനുഭൂതിയുള്ളവർ. അദ്ധ്വാനികൾ.

അവരെ മനുഷ്യരായി പരിഗണിക്കുകയും അവരുടെ തൊഴിലിനെ മാനിക്കുകയും മതിയായ വേതനം നൽകുകയും ചെയ്താൽ മാത്രം മതിയാകും. മകന് പെണ്ണാലോചിക്കുമ്പോൾ നഴ്സെന്നു കേട്ട് നിങ്ങൾ മുഖം ചുളിക്കാതിരുന്നാൽ മാത്രം മതിയാകും. അത്രയൊക്കെയേ വേണ്ടൂ അവർക്ക്. 

നിങ്ങളുടെ മാലാഖപ്പട്ടമൊന്നും അവർക്കു വേണ്ട.

Sunday, December 11, 2011

ദളിതം





ആനന്ദ് പട്‌വര്‍ദ്ധന്റെ പുതിയ ഡോക്യുമെന്ററി ‘ജയ് ഭീം കൊമ്രേഡ്’ കാണാനുള്ള ഭാഗ്യം വീണുകിട്ടി രണ്ടുദിവസം മുൻപ്.

1997-ജൂലായ് മാസത്തില്‍, മുംബൈയിലെ രമാഭായ് കോളനിയിലെ അംബേദ്കര്‍ പ്രതിമയെ അവഹേളിച്ചതിനെ തുടര്‍ന്ന് ദളിതുകള്‍ നടത്തിയ പ്രക്ഷോഭത്തിനുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 10 ദളിത് പ്രവര്‍ത്തകരാണ്. അതില്‍ മനം നൊന്ത് വിലാസ് ഘോഗ്‌റെ എന്ന ഒരു ഒരു ദളിത് ഗായക/കവി തന്റെ ജീവിതം അവസാനിപ്പിക്കുന്നു. കഥ തുടങ്ങുന്നത് അവിടെ നിന്നാണ്. പട്‌വർദ്ധന്റെ ‘ബോംബെ അവർ സിറ്റി’ എന്ന പഴയ ഒരു ഡോക്യുമെന്ററിയിൽ ഒരു ഭാഗത്ത്, ഒരു കലാജാഥയിൽ ഈ ഗായകൻ പണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏതാനും ദിവസത്തെ, അല്ലെങ്കില്‍ ആഴ്ചയിലെ വാര്‍ത്തകളില്‍, ഒരു ജുഡീഷ്യല്‍ അന്വേഷണത്തില്‍, ഒതുങ്ങേണ്ടിയിരുന്ന, വാര്‍ത്തായാകുമായിരുന്നു വിലാസിന്റെ ആത്മഹത്യ. ദളിതർക്കുനേരെയുള്ള അതിക്രമങ്ങൾ വാർത്തകളേ അല്ലാതായിരിക്കുന്നു നമുക്ക്. കോണ്‍ഗ്രസ്സ് ബി.ജെ.പി-ശിവസേന സര്‍ക്കാരുകളുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഇരകളായി തുടരുകയാണ് അവരിന്നും. ഖൈര്‍ലാഞ്ചിപോലും നമ്മുടെ സ്മൃതിപഥത്തില്‍നിന്ന് ബഹുദൂരം അകലെയായിരിക്കുന്നു.

അപ്പോഴാണ് ഒരാൾ നീണ്ട പതിന്നാലു വർഷം ആ കേസിനെ വിടാതെ പിന്തുടർന്ന് 2011-ൽ തന്റെ ഡൊക്യുമെന്ററിയുമായി വരുന്നത്. വിലാസ് ഘോഗ്‌റെയുടെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും, അയാളെ ആത്മഹത്യ ചെയ്യിപ്പിച്ചവരുടെയും മൊഴികളിലൂടെ ആ ദളീത ഗായകന്റെ ആത്മഹത്യയുടെയും അയാളുടെ പ്രസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന വഞ്ചനയുടെയും കഥ പറയുകയാണ് ആനന്ദ്.

തീട്ടപ്പറമ്പുകളില്‍ രാപ്പകലന്തിയോളം പണിയെടുക്കുന്നവരെയും, മുംബൈയുടെ മുന്തിയ കഫെകളിലിരുന്ന് ദളിതന്റെ നാറ്റത്തെക്കുറിച്ച് വേവലാതിപ്പെടുന്ന കൊച്ചമ്മമാരെയും, ‘ഇവറ്റകള്‍ക്ക് വേറെ വല്ലയിടത്തും പോയി കൂടരുതോ” എന്ന് രോഷം കൊള്ളുന്ന വല്യച്ഛന്മാരെയും, അംബേദ്ക്കറെന്ന് കേട്ടിട്ടേയില്ലാത്ത പ്രഭാതസവാരിക്കാരെയും, ജീവിതത്തിലൊരിക്കല്‍ പോലും ഒരു ദളിതനെ നേരിട്ടു കണ്ടിട്ടില്ലാതിരുന്നിട്ടും, അവനു കിട്ടുന്ന സംവരണത്തെക്കുറിച്ച് ധാര്‍മ്മികരോഷം കൊള്ളുന്ന ബുദ്ധിമാന്ദ്യക്കാരായ കൌമാരപ്രായക്കാരെയും, തെരുവിലങ്ങോളമിങ്ങോളം അധസ്ഥിതന്റെ ചരിത്രാതീത ജീവിതവ്യഥകള്‍ പാടി നടക്കുന്ന ഹരികഥക്കാരെയും, കബീര്‍ കലാ കേന്ദ്രസംഘം എന്ന തെരുവുനാടകത്തിലെ ഉശിരന്മാരും ക്ഷുഭിതരുമായ ദളിത് യൌവ്വനങ്ങളെയും, നക്സല്‍ ബന്ധം ആരോപിച്ച് അണ്ടര്‍ഗ്രൌണ്ടിലെ മാളത്തില്‍ അഭയം പ്രാപിക്കേണ്ടിവന്ന ശീതള്‍ എന്ന ജ്വലിക്കുന്ന ദളിത് ആക്റ്റിവിസ്റ്റിനെയും ഒക്കെ നിങ്ങള്‍ക്ക് ഈ ഡോക്യുമെന്ററിയില്‍ കാണാനാകും.

ഉറക്കത്തിലായിക്കഴിഞ്ഞിരുന്ന ഗാന്ധിയെയും ജിന്നയെയും കാണാന്‍ സാധിക്കാതെ നിരാശരായി, പുലര്‍ച്ച് രണ്ടുമണിക്ക് തന്റെ വീട്ടിലെത്തിയ ദളിതരെ വാതില്‍ തുറന്ന് സ്വീകരിച്ച്ചുകൊണ്ട്   ‘അവര്‍ക്ക് ഉറങ്ങാന്‍ കഴിയും, അവരുടെ ആളുകള്‍ ഉണര്‍ന്നിരിക്കുകയല്ലേ, എന്റെ കാര്യം അതുപോലെയല്ലല്ലോ, എന്റെ ആളുകള്‍ ഉറക്കത്തിലല്ലേ. അപ്പോള്‍ എനിക്ക് എങ്ങിനെ ഉറങ്ങാന്‍ കഴിയും“ എന്നു ചോദിക്കുന്ന അംബേദ്ക്കറെ ഒരു ദളിത് ഗായകന്‍ ഈ ഡോക്യുമെന്ററിയില്‍ അവതരിപ്പിക്കുന്നുണ്ട്. കല്‍‌പ്പിത കഥയായിരിക്കാം. എങ്കിലും അതിന്റെ അര്‍ത്ഥതലം കണ്ടില്ലെന്നു നടിക്കാന്‍ നിങ്ങള്‍ക്കാകില്ല.

അംബേദ്ക്കറിനു തെറ്റി. ദളിതര്‍ മാത്രമല്ല. എല്ലാവരും ഉറക്കത്തിലാണ്, ഞാനും നിങ്ങളുമൊക്കെ..എല്ലാവരും..

Tuesday, November 22, 2011

പാലായിലെ മാണിക്ക്യം






മലയാളത്തിലെ ബ്ലോഗ്ഗുകൾക്ക് കഷ്ടകാലമാണോ?

ആണെന്നാണ് ബെർളിയുടെ മതം. മാത്രമല്ല, മലയാള ബ്ലോഗ്ഗിംഗ് മാധ്യമത്തെ സാമാന്യവത്ക്കരിച്ച് തന്റെ ബ്ലോഗ്ഗ് സങ്കൽ‌പ്പങ്ങളും പടക്കുന്നുണ്ട് ബെർളി.
മലയാളം ബ്ലോഗ്ഗിംഗിന് അൽ‌പ്പം കഷ്ടകാലമാണെന്ന് സമ്മതിക്കാം. സമയവും സൌകര്യവും കുറയുന്നതുകൊണ്ടും, കൂടുതൽ മിനക്കെടാതെ, എളുപ്പത്തിൽ, ഒറ്റവരികൊണ്ടോ ഒരു കമന്റു കൊണ്ടോ കൂടുതൽ ആളുകളിലേക്കെത്താമെന്നതുകൊണ്ടും, ബ്ലോഗ്ഗുകൾ അൽ‌പ്പം ശുഷ്ക്കമായിട്ടുണ്ട് എന്നത് നേര്.

പക്ഷേ, അതിനെക്കുറിച്ച് എഴുതുമ്പോൾ ബെർളി നിരത്തുന്ന നിരീക്ഷണങ്ങളെയും, ആ നിരീക്ഷണങ്ങൾ നിരത്തുന്ന ബെർളിയെയും നമുക്ക് ‘നിരീക്ഷി‘ ക്കാതെ തരമില്ല.

മുഖ്യധാരാ മാധ്യമങ്ങളും ബ്ലോഗ്ഗുകളും തമ്മിൽ പുലർത്തിപ്പോന്നിരുന്ന അന്തർധാരയിൽ നിന്നാണ് ബെർളി തുടങ്ങുന്നത്. ഏതാണ് ആ അന്തർധാര? താൻ പണിയെടുക്കുന്ന മുഖ്യധാരയുടെയും തന്റെ സ്വന്തം ബ്ലോഗ്ഗിന്റെയും അന്തർധാരയെക്കുറിച്ചാണ്ഈ വെളിച്ചപ്പാടെങ്കിൽ ശരി. ആ മുഖ്യധാരയും ബെർളിത്തരങ്ങളും തമ്മിൽ ആ അന്തർധാര ഇന്നോളം നിലനിൽക്കുന്നുമുണ്ടെന്നതും ബെർളിയുടെ നൂറുകണക്കിനു പോസ്റ്റുകളിൽനിന്ന് സുവ്യക്തം.

“പക്ഷേ മുഖ്യധാരാ ‘'മാധ്യമങ്ങളുടെ വേണ്ടാതീനം തുറന്നുകാട്ടുന്നതിനും അവരെ തുടച്ചുനീക്കിക്കൊണ്ട് പുതിയൊരു ലോകക്രമം സംജാതമാക്കുന്നതിനും ബ്ലോഗ്ഗുകൾ വിചാരിച്ചാൽ മതി  എന്ന്ബ്ലോഗ്ഗിങ്ങിന്റെ സുവർണ്ണ കാലഘട്ടത്തിൽ ബുദ്ധിജീവികൾ പറഞ്ഞിരുന്നു' വെന്ന് പറയുന്നതിന്റെ അന്തർധാരയെന്താണ്?


പ്രസാധകനെയും  എഡിറ്ററെയും മാത്രമല്ല വായനക്കാരനെപ്പോലും പ്രതീക്ഷിക്കാതെ, അവരുടെയാരുടെയും സൌജന്യത്തിനും വിവേചനാധികാരത്തിനും കാത്തുനിൽക്കുകയോ കീഴ്പ്പെടുകയോ ചെയ്യാതെ, ലോകത്തോട് തനിക്ക് പറയാനുള്ളത് മുഖം നോക്കാതെ തുറന്നു പറയാനുള്ള ഒരു മാധ്യമമെന്ന നിലയ്ക്കാണ് സമകാലിക സമാന്തര മാധ്യമ ചരിത്രത്തിൽ ബ്ലോഗ്ഗിന്റെ വരവ്. (മുഖവും തരാതരവും നോക്കി പറയുന്നവരുമുണ്ടായിരുന്നു ആ കൂട്ടത്തിൽ) പക്ഷേ പുതിയ ലോകക്രമമുണ്ടാക്കലൊന്നും അതിന്റെ ലക്ഷ്യമേയല്ലായിരുന്നു. ഗുഹാചിത്രങ്ങൾ മുതിലിങ്ങോട്ട് ഫേസ്ബുക്കും ട്വിറ്ററുമൊക്കെ മനുഷ്യൻ ഉപയോഗിക്കുന്നത്, സംവേദിക്കാനാണ്. അവനവnനു പറയാനും അറിയിക്കാനുമുള്ളത് സ്വന്തം നിലയിൽ പറയാനും അറിയിക്കാനും, അതിനെ സഹജീവികളുമായി പങ്കിടാനും.

മുഖ്യധാരാ മാധ്യമങ്ങളുടേതിൽ നിന്ന് വിഭിന്നമായ ഒരു ജനാധിപത്യ സ്വഭാവമാണ് അതുകൊണ്ടുതന്നെ ബ്ലോഗ്ഗുകൾക്കുള്ളത്. മലയാളം ബ്ലോഗ്ഗിംഗിന്റെ കാര്യമെടുക്കുക. സർവ്വാധികാരികളായി വാണരുളിയിരുന്ന അമ്മാവന്മാരും സംഘടിതമതങ്ങളുടെ ദല്ലാളുകളും അരങ്ങു വാണിരുന്ന ഒന്നായിരുന്നു ആരംഭകാലത്ത് അത്. അവിടേക്കാണ്,  ഇടതുപക്ഷ----_മതേതരത്വ നിലപാടുകളുമായി ഒരു മറുപക്ഷം അതിശക്തമായി കടന്നുവന്നത്.  കഥയിലും, കവിതയിലും, ശാസ്ത്രവിഷയങ്ങളിലും, രാഷ്ട്രീയത്തിലും, സംഗീത_സാഹിത്യ-സിനിമാ നിരൂപണത്തിലും, തത്ത്വചിന്തയിലും, അച്ചടി-_ദൃശ്യമാധ്യമങ്ങളുടെ വിശകലനത്തിലും, അങ്ങിനെ,  മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും മലയാളം ബ്ലോഗ്ഗിൽ ഒരു പുതിയ നവോത്ഥാനത്തിന് അവർ തുടക്കം കുറിച്ചു. അവിടെയുമിവിടെയുമായി ഒറ്റ തിരിഞ്ഞു കേട്ടിരുന്ന അവരുടെ പതിഞ്ഞ ശബ്ദം ആർക്കും ഒരിക്കലും അവഗണിക്കാനാവാത്ത മുഴങ്ങുന്ന സ്വരമായി മാറുകയും ബ്ലോഗ്ഗിംഗിലെ നെടിയിരുപ്പുകളെ ചോദ്യം ചെയ്യാനും മുതിർന്നത് ഹ്രസ്വകാലം കൊണ്ടാണ്. അന്നുമുതലിന്നോളം  ആ മാറ്റുരക്കൽ മലയാളം ബ്ലോഗ്ഗിംഗിൽ നടക്കുന്നുമുണ്ട്.


കൂടുതൽ സാധ്യതകളുള്ള സോഷ്യൽ മീഡിയകൾ വന്നപ്പോൾ അവരിൽ പലരും അത് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് സത്യമാണ്. അതിൽ അസാധാരണത്വമൊന്നുമില്ല താനും. എന്നിട്ടും ഇന്നും അതിന്റെ ശക്തിയും പ്രസക്തിയും നഷ്ടപ്പെട്ടിട്ടൊന്നുമില്ല. ചിലപ്പോൾ ഒരു കമന്റു പോലും കിട്ടാതെ, വായനകളിലൂടെ മാത്രം വികസിച്ച്, അത് പലരിലൂടെ തുടർന്നുപോരുകയും ചെയ്യുന്നുണ്ട്. 



ഇതൊന്നും കാണാതെ പുറപ്പെട്ട പുതിയ ബെർളിത്തരത്തിന്റെ ചുരുക്കം ഇതാണ്.  ബ്ലോഗ്ഗുകളുടെ കടി പണ്ടേപ്പോലെ ഫലിക്കുന്നില്ല; മുഖ്യധാരാ മാധ്യമങ്ങളെ കണ്ണുമടച്ച് വിമർശിക്കുകയും എന്നാൽ അവിടെ ഇടം കിട്ടിയാൽ അതിരറ്റു സന്തോഷിക്കുകയും ചെയ്യുന്ന സവിശേഷതയാണ് മലയാളം ബ്ലോഗ്ഗർമാർക്കുണ്ടായിരുന്നത്; 

മുഖ്യധാരാ മാധ്യമങ്ങളെ കണ്ണടച്ച് വിമർശിക്കുന്നതിലല്ല ബെർളിക്ക് കുണ്ഠിതമെന്ന് വ്യക്തം. മുഖ്യധാരകളിലെ മുഖ്യനെ വിമർശിക്കുന്നതിലായിരിക്കണം. മനോരമയെയോ മനോരമ പ്രതിനിധാനം ചെയ്യുന്ന നിരവധി എസ്റ്റാബ്ലിഷെമെന്റുകളെയോ ഒരിക്കലും നേരിട്ട് നോവിക്കാതെ, കളിവാക്കിന്റെ നഖക്ഷതം കൊണ്ട് നൊമ്പരമുള്ള സുഖം കൊടുക്കുന്നവർക്ക് മുഖ്യധാരാ മാധ്യമവിമർശം സുഖിക്കില്ല. ‘'അവിടെ ഇടം കിട്ടിയാൽ സുഖിക്കുന്ന' വരുണ്ടാകാം. വിമർശിക്കേണ്ടിവന്നാൽ അതു ചെയ്യാൻ ഏത് ഇടമായാലും തരക്കേടില്ല എന്ന ന്യായം ബെർളിക്ക് ബോധ്യപ്പെടുമോ ആവോ? എന്നാൽ എല്ലാവരെയും ‘’'സുഖിക്കുന്ന'വരുടെ ഗണത്തിൽ കൂട്ടുന്നത് സ്വാനുഭവം കൊണ്ടായിരിക്കാനേ സാധ്യത കാണുന്നുള്ളു.

സത്യൻ അന്തിക്കാടിന്റെ സിനിമ പോലെ എല്ലാത്തരം കഥാപാത്രങ്ങളും സൌഹൃദവട്ടത്തിൽ നിന്ന് അടിക്കുകയും ഉടക്കുകയും ചെയ്തിരുന്ന ബസ്സിലേക്ക് പഴയ ബ്ലൊഗ്ഗർമാർ കൂടുമാറി.

ഗൌരവമേറിയ നല്ല ചർച്ചകൾ നിരവധി നടന്നിട്ടുള്ള ബസ്സ് മോശം സംഗതിയാണെന്നാണോ ധ്വനി? സൌഹൃദവട്ടത്തിലും അല്ലാതെയും അടിക്കുകയും ഉടക്കുകയും ചെയ്തിട്ടുള്ള നാളികേരങ്ങൾ ഇപ്പോഴും അവിടെയൊക്കെ ചിതറിക്കിടക്കുന്നുണ്ട് ബെർളീ. ബസ്സു പോയാലും അതവിടെ കിടക്കുന്നുണ്ടാകും എന്ന് ഗൂഗിളിന്റെ ഉറപ്പുമുണ്ട്.


ഇന്ന് ആകെ നടക്കുന്നത്, തീറ്റക്കും കുടിക്കും വേണ്ടിയുള്ള ബ്ലോഗ്ഗ് മീറ്റുകളാണ്; പത്രവും ന്യൂസ് ചാനലുമെല്ലാം രാവിലേ അരച്ചുകലക്കി ‘ഒരലക്കങ്ങലക്കുന്ന‘ വാർത്ത ബ്ലോഗ്ഗർമാരാണ് കൂടുതൽ.

വാർത്ത അരച്ചുകലക്കി വാർത്തയുടെ സത്യാവസ്ഥയുടെയും പത്രധർമ്മത്തിന്റെയും കറയിളക്കി അലക്കിക്കൊണ്ടിരിക്കുന്ന മനോരമയുടെ  സ്വന്തം മാണിക്ക്യം തന്നെ ഇതൊക്കെ പറയണം.

തീർന്നില്ല. മലയാളം ബ്ലോഗ്ഗിലെ സ്ഥിതി ഇതൊക്കെയാണെങ്കിലും ആഗോലതലത്തിലെ ബ്ലോഗ്ഗർമാർ മല മറിക്കുകയാണ്; വീഡിയോ സ്ട്രീമിംഗിന്റെ കാലമാണ് ഇനി വരാൻ പോകുന്നത് എന്നിങ്ങനെയുള്ള ചില കണ്ടെത്തലുകളും സൂത്രത്തിൽ ബെർളി തിരുകിക്കയറ്റുന്നുണ്ട് ഒറ്റനോട്ടത്തിൽ അത് ബെർളി തന്നെക്കുറിച്ചുതന്നെയാണ് പറയുന്നതെന്ന് നമുക്ക് തോന്നുമെങ്കിലും അങ്ങിനെയല്ല. ‘'ആഗോളതല'ത്തിലാണ് ബെർളി പറയുന്നത്.  “'ബ്ലോഗ്ഗിംഗ് കുറ്റമറ്റ രീതിയിൽ മുന്നോട്ട് പോയതും, പ്രധാനപ്പെട്ട ബ്ലോഗ്ഗർമാർ ബ്ലോഗ്ഗിംഗിനു വേണ്ടി മാത്രം ജീവിച്ചതും”, അത്തരം ബ്ലോഗ്ഗുകൾ മുഖ്യധാരാ മാധ്യമങ്ങളെപ്പോലെ തന്നെ ജനങ്ങളെ സ്വാധീനിക്കുകയും ചെയ്ത കഥ”“"; 'പ്രസിദ്ധരായ ബ്ലോഗ്ഗർമാരെ മുഖ്യധാരാ മാധ്യമങ്ങൾ വിഴുങ്ങി അവരുടെ കോളമിസ്റ്റുകളോ ഔദ്യോഗിക ബ്ലോഗ്ഗർമാരോ ഒക്കെയായി മാറ്റി’" ; 'മലയാളിക്ക് (അതായത് ബെർളിയല്ലാത്ത എല്ലാ ബ്ലഡി മല്ലൂസിനും) യൂ ട്യൂബ് എന്നാൽ സിൽ‌സിലയും സന്തോഷ് പണ്ഡിറ്റും മാത്രമായിരിക്കുന്നതിന്റെ കാരണം, കാഴ്ചക്കാരായി വിമർശിക്കാനല്ലാതെ, അതിലേക്ക് സ്വന്തം സംഭാവനകൾ നൽകാനുള്ള മടിയുടെ നേർക്കാഴ്ചയാണ് .

സമാന്തര മാധ്യമമെന്ന നിലയ്ക്കു വന്ന ബ്ലോഗ്ഗുകൾ ‘‘'മുഖ്യാധാരാ മാധ്യമങ്ങളെപ്പോലെ' യല്ല ജനങ്ങളെ സ്വാധീനിച്ചത്. മുഖ്യധാരകളുടെ സമ്മതിനിർമ്മാണത്തെ ( Consent Manufacturing) തകിടം മറിച്ചുകൊണ്ടാണ് അവ ജനങ്ങളിൽ ഇടം കണ്ടെത്തിയത്. മുഖ്യധാരകളുടെ സ്ഥാവര-ജംഗമ സ്വത്തോ, ആൾ ബലമോ, സ്വാധീനമോ ഇല്ലാതെ തന്നെ. പാർശ്വവത്ക്കരിക്കപ്പെട്ട ചിന്തകളെയാണ് അത് വെളിച്ചത്ത് കൊണ്ടുവന്നത്. മുമ്പേ പറഞ്ഞ, പറയാനും, അറിയിക്കാനുമുള്ള ജനാധിപത്യ സ്വാതന്ത്ര്യത്തെ.

പ്രസിദ്ധരായ ബ്ലോഗ്ഗർമാരെ മുഖ്യധാരാ മാധ്യമങ്ങൾ വിഴുങ്ങി അവരുടെ കോളമിസ്റ്റുകളോ ഔദ്യോഗിക ബ്ലോഗ്ഗർമാരോ ഒക്കെയായി മാറ്റി’യ’ തിനെക്കുറിച്ചാണെങ്കിൽ, എതിർപ്പിന്റെ  സ്വരങ്ങളെ ‘“'പുണ്യാള’ പദവിയിലേക്കുയർത്തി' വരിയുടച്ച് നിശ്ശബ്ദമാക്കുന്ന മുഖ്യധാരാ മാധ്യമ രീതിയെക്കുറിച്ച് ബെർളിക്ക് സ്റ്റഡി ക്ലാസ്സ് തികഞ്ഞിട്ടില്ലെന്നു വേണം കരുതാൻ. വിഴുങ്ങുന്നു എന്ന് ബെർളി കാണാതെ പോകുന്നില്ല എന്നും ശ്രദ്ധിക്കണം) .

യൂട്യൂബും കൾച്ചർ അൺപ്ലഗ്ഗ്‌ഡ് പോലുള്ള നിരവധി സൈറ്റുകളിലും ഈ പറഞ്ഞതൊക്കെ-----_വീഡിയോ സ്ട്രീമിംഗ് മാത്രമല്ല-‌‌ ഡോക്യുമെന്ററികളും, ടെലിസിനിമകളും_ ഒക്കെ പുറത്തുവരുന്നുണ്ട് മിസ്റ്റർ ബെർളി.   അതെങ്ങിനെ? വർഷാവസാനം സ്വന്തം ബ്ലോഗ്ഗിന്റെ കമന്റും ഹിറ്റും മാത്രം വിശകലനം ചെയ്ത് ഗ്രാഫ് വരച്ച് ബ്ലോഗ്ഗിലിട്ട് ആത്മരതി നടത്തുമ്പോൾ ഇതൊന്നും കാണാനും ശ്രദ്ധിക്കാനും സമയം കിട്ടത്തതിന് മലയാളി എന്തു തെറ്റു ചെയ്തു?

മിമിക്രിയിലും സിനിമയിലും തുടരുന്നവരെപ്പോലെ, മുഖ്യധാര മാധ്യമത്തിന്റെയും ബ്ലോഗ്ഗിംഗിന്റെയും ഇരുതോണികളിലായി യാത്ര ചെയ്യുന്ന അതിബുദ്ധിമാന്മാർ എന്നും മലയാളം ബ്ലോഗ്ഗിൽ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടെന്നതിനും വേറെ ഉദാഹരണങ്ങളൊന്നും വേണ്ടതില്ല. എന്നാൽ അത് സാമാന്യവത്ക്കരിച്ച് ഹിറ്റും കമന്റു കൂട്ടുന്നതിന്റെ ഭ്രാന്തിന് ചികിത്സയില്ല.  

സദസ്സു കിട്ടിയാൽ അവതാരകമാരെ പള്ളുപറയുന്ന കുറുനരികളെ കണ്ട് വിജ്ജൃംഭിച്ച്, സിനിമാപ്പാട്ടിനു ഇംഗ്ലീഷ് പാരഡികളും, ഇംഗ്ലീഷ് പഴമൊഴികൾക്ക് മലയാളം പരിഭാഷയും ചമച്ച്, ഓണത്തിനു ബോണസ്സും അവധിയും ചോദിക്കുന്നവനോട് വഞ്ചിനാട്ടിലെ രാജാവിന്റെ പെരുമ പറഞ്ഞ്, വിദ്യാർത്ഥികൾക്കെതിരെ വെടിയുതിർക്കുന്ന കാക്കിയുടെ ധാർഷ്ട്യത്തിnനെ കാണാൻ കൂട്ടാക്കാതെ, പെൺകുട്ടികളെ കെ.എസ്.ആർ.ടി.സിയോട് കൂട്ടിക്കെട്ടി തമാശിച്ച്, ഇന്ത്യൻ ജനാധിപത്യത്തിന് വോട്ട് കുത്തിയ മമ്മൂട്ടിയെ തലോടി,  തന്റെ മുഖ്യധാരയുടെ അന്തർധാരക്കനുസൃതമായി ചാഞ്ചാടിയും ചാഞ്ഞും ചെരിഞ്ഞുമിരുന്നെഴുതുന്ന അതിബുദ്ധിശാലികൾ മുഖ്യധാരാ മാധ്യമത്തിലും അതിനു പുറത്തും പിന്നിലുമൊക്കെ എന്നുമുണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാവുകയും ചെയ്യും. കൺസിസ്റ്റന്റായും പ്രൊഫഷണലായും  നല്ല അസ്സൽ പരപുച്ഛത്തിൽ കുതിർന്ന നർമ്മബോധത്തോടെ ഇനിയും അവർ എഴുതിക്കൊണ്ടിരിക്കുകയും ചെയ്യും.  സീരിയസ്സായി എഴുതുന്നുവെന്ന നാട്യത്തിൽ അഭിരമിച്ച്വെറും പൌരന്റെ ഗതികെട്ട നിവേദനവുമായി ഇനിയും അവരെത്തും.

കൂലിക്കെഴുതിയ ലേഖനങ്ങൾ അച്ചടിക്കാൻ കൊടുത്തിട്ട്, വാടകയ്ക്കെടുത്തവനു വേണ്ടി ഘോരഘോരം പ്രസംഗിച്ചിട്ട് നാളെ പൊതുജനമെന്ന കഴുതയ്ക്കു നേരെ ചൂണ്ടാനുള്ള വിരൽത്തുമ്പിന്റെ കളങ്കത്തെ ഒരു തുള്ളി മഷി കൊണ്ടു പോലും മറയ്ക്കാൻ തയ്യാറാവാത്തത് ഏത് തത്ത്വശാസ്ത്രത്തിന്റെ പിൻ‌ബലത്തിലായിരിക്കുമെന്ന് എന്ന സ്വന്തം ചോദ്യം തന്റെ നേർക്കുതന്നെ വരുന്നത് പാലായിലെ മാണിക്യത്തിനു കാണാൻ കഴിയുന്നുണ്ടാവില്ല.


അന്തർധാരകൾ അല്ലെങ്കിലും എപ്പോഴും അങ്ങിനെയാണല്ലോ. എളുപ്പത്തിലൊന്നും എല്ലാവരുടെയും കണ്ണിനു പിടി കൊടുക്കില്ല. കണ്ടാലും കണ്ടതായി തോന്നുകയുമില്ല. മനോരമിപ്പിക്കുന്ന കാഴ്ചകളിലാണല്ലോ കണ്ണ്.




(ചിത്രത്തിനു ഗൂഗിളിന് അന്തമില്ലാത്ത കടപ്പാട്)

Thursday, October 27, 2011

ഗുജറാത്തികളുടെ എറണാകുളം





ടി.വി.യിലെ ദീപാവലി സ്പെഷ്യൻ വാർത്തകളിൽ, എറണാകുളത്തെ ഗുജറാത്തികളെ കാണിച്ചപ്പോൾ തോന്നിയ അടക്കാൻ വയ്യാത്ത സന്തോഷം. ദീപാവലിയെക്കുറിച്ചോ, ഗുജറാത്തികളെക്കുറിച്ചോ ആലോചിച്ചിട്ടായിരുന്നില്ല അത്. എറണാകുളത്തുനിന്ന് വാർത്തകളൊന്നുമില്ലല്ലോ എന്ന് വേവലാതിപ്പെട്ടിരുന്നത്  പണ്ടുപണ്ടെന്നോ ആയിരുന്നതുകൊണ്ട്, സന്തോഷത്തിന്റെ കാരണം മറ്റൊന്നായിരുന്നു. 

ദൂരെ, മറ്റൊരു നാട്ടിൽ നിന്ന് ഇങ്ങ് കേരളത്തിൽ വന്ന്, തൊഴിലെടുത്ത്, തലമുറകളായി കഴിയുന്ന ആളുകൾ. ഇവിടുത്തെ വേനലും, മഴയും, മഞ്ഞും കൊണ്ട്, ഇവിടെ കഴിയുന്നവർ.  നമ്മളെന്നും അവരെന്നും ഭേദമില്ലാതെ നമുക്കിടയിൽ നമ്മെപ്പോലെ അവർ. ടിവിയിൽ കണ്ടത് അവരെയായിരുന്നു. ഗുജറാത്തികളെയായിരുന്നില്ല. നമ്മളെത്തന്നെയായിരുന്നു. സന്തോഷം അതുകൊണ്ടായിരുന്നു.

മുംബൈയിലും മദ്രാസിലും, ബാംഗ്ലൂരും ദില്ലിയിലും കൽക്കത്തയിലും പിന്നെ, എണ്ണമറ്റ ചെറുനഗരങ്ങളിലും പട്ടണങ്ങളിലും ഇങ്ങനെ എത്രയെത്ര ആളുകളുണ്ടാവും. സ്വന്തം നാടും വീടും വിട്ട്, മറ്റൊരിടത്തേക്ക് കയറിക്കൂടി, അവിടെത്തന്നെ ജീവിച്ചു മരിച്ചവർ. ഏതു നാടും വീടും സ്വന്തം നാടും വീടുമാക്കി മാറ്റിയവർ. ചെന്നെത്തിയ നാടിന്റെ വേനലും മഴയും മഞ്ഞും, സുഖവും ദു:ഖവും, ഭാഷയും രുചികളും ഏറ്റുവാങ്ങി അതിനെ സ്വന്തമാക്കിയ ആളുകൾ. മലയാളിയും തമിഴനും ബംഗാളിയും മറാത്തിയും രാജസ്ഥാനിയും, മണിപ്പൂരിയും, നാഗനും, ഗുജറാത്തിയും, ബീഹാറിയും ഉത്തരദേശക്കാരനും അടുത്തടുത്ത വീടുകളിൽ അയൽ‌വക്കങ്ങളായി, ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന നാടുകൾ, നാളുകൾ. സന്തോഷങ്ങൾ.

ചിതറിത്തെറിച്ച്, പിന്നെയും മറ്റു മഹാനഗങ്ങളിലേക്കോ ചെറുപട്ടണങ്ങളിലേക്കോ ജീവനാർത്ഥം പോയപ്പോഴും, പഴയ അയൽക്കാരെയും, സ്വന്തം മക്കളോടൊപ്പം കളിച്ചു വളർന്ന അവരുടെ മക്കളെയും, അവരോടൊത്ത് കഴിഞ്ഞ മറുനാടൻ ജീവിതത്തെയും ഇടയ്ക്കും ഇടവിട്ടും ഓർക്കുകയും സ്നേഹിക്കുകയും  ഇപ്പോഴും അതിന്റെ മധുരം നുണയുകയും, അതോർത്ത് നെടുവീർപ്പിടുകയും ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യർ. ഏതായിരുന്നു നമ്മുടെ ആ ലോകം?

അന്നും പക്ഷേ മദ്ധ്യവർഗ്ഗത്തിന്റെ മാത്രമായിരുന്നു ആ ലോകം. ഇടപാടുകളും സ്നേഹബന്ധങ്ങളും സംവാദങ്ങളും വരവുപോക്കുകളും ഉല്ലാസയാത്രകളും ആഘോഷങ്ങളും അവർക്കിടയിൽ മാത്രമായിരുന്നു. എങ്കിലും, അതെങ്കിലും, അത്രയെങ്കിലും ഉണ്ടായിരുന്നു നമുക്കിടയിൽ.

ആർക്കും എവിടെയും വരാനും പോകാനും, ആത്മാഭിമാനം പണയപ്പെടുത്താതെ, ജീവിക്കാനും തൊഴിലെടുക്കാനും കഴിഞ്ഞിരുന്ന ആ കാലമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. . ‘അയലത്തെ അങ്ങേരും ആയമ്മയും മക്കളും” ആട്ടിയോടിക്കപ്പെടേണ്ടവരായി മാറിയിരിക്കുന്നു ഇന്ന്. അവരുടെ ആഘോഷങ്ങൾ എന്റെ ആഘോഷങ്ങളല്ല. അവന്റെ രുചിയും, ശീലങ്ങളും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് എന്റെ രുചിയെയും ശീലങ്ങളെയുമാണ്. എനിക്കും എന്റെ മക്കൾക്കും അവകാശപ്പെട്ട തൊഴിൽ തട്ടിയെടുത്താണ്, എനിക്കു കിട്ടേണ്ട റേഷനരി തിന്നാണ് അവൻ ‘പന്നികളെപ്പോലെ പെറ്റുപെരുകുന്നത്‘.

അവൻ മുസൽ‌മാനാണ്. അവൻ ക്രിസ്ത്യാനിയാണ്, അവൻ ഹിന്ദുവാണ്. തലവരി എണ്ണമെടുക്കുമ്പോൾ തൊട്ടുകൂട്ടരുതാത്തവനാണ്. എന്റെ നഗരത്തിന്റെ, എന്റെ നാടിന്റെ മജ്ജയിലും മാംസത്തിലും  അവന്റെ ചോരയും , നീരും വിയർപ്പിന്റെ ഉപ്പുമുണ്ടെന്നത് നിങ്ങൾ പടച്ച നുണയാണ്. അവൻ കുളിക്കാത്ത തമിഴൻ മാത്രമാണ്, അവൻ റിക്ഷവലിച്ച് ക്ഷയം പിടിച്ച ബീഹാറി മാത്രം, അവൻ വറുതിയുടെ ബംഗാളിൽനിന്നു വരുന്ന പ്രകൃതിവിരുദ്ധനും സാമൂഹ്യവിരുദ്ധനുമാണ്. അവൻ ആസ്സാമിയാണ്. എന്റെ നിന്റെയും നല്ല നാടിനെ ആക്രമിച്ചു കീഴടക്കുന്ന കൊതുകുകളാണവർ.

മക്കളെ ആട്ടിയോടിച്ച് മണ്ണിന്റെ മക്കൾക്കു മാത്രം അവകാശങ്ങൾ  തീറെഴുതിക്കൊടുത്ത പുതിയ നാടും നഗരവുമാവുകയാണ് ഇന്ത്യ.
ഏതു മണ്ണിന്റെ മക്കളെയാണ് അടുത്ത നിമിഷത്തിൽ ഈ തെരുവിൽ ഉദ്ധവന്മാരുടെ വാളുകൾ അരിഞ്ഞുവീഴ്ത്തുകയെന്ന് എനിക്കോ നിനക്കോ അറിയില്ല. നമ്മുടെ വീടുകൾ എപ്പോഴാണ് ഏതു ശൈവകോപത്താലും രാമബാണത്താലുമാണ് കത്തിച്ചാമ്പലാവുക എന്ന് എനിക്കോ നിനക്കോ അറിയില്ല.

വരുന്നവനും, പോയവനും, പുറപ്പെട്ടു പോയി തിരിച്ചെത്തുന്നവനും, എല്ലാവരും ഒരുപോലെ വരത്തനും  നാടോടിയും ബംഗാളിയുമായിക്കൊണ്ടിരിക്കുന്ന, ഇന്ത്യയിലിരുന്നാണ് ഇന്ന് ഞാൻ എറണാകുളത്തെ ഈ ഗുജറാത്തികളെ കാണുന്നത്.  ഗുജറാത്തികളുടെ എറണാകുളത്തെയും കോഴിക്കോടിനെയും കാണുന്നത്.

സന്തോഷം തോന്നുന്നത് ഇതുകൊണ്ടൊക്കെയാണ്.

Wednesday, October 19, 2011

ഗുരുക്കല്ലുകളും ശിഷ്യക്കല്ലുകളും



ഒരു നാൾ രാഷ്ട്രീയം മരിച്ചുപോയാൽ, നാം, കല്ലുകൾ എന്തുചെയ്യും എന്ന് ചോദിക്കുന്ന ശിഷ്യക്കല്ലിനോട് ഗുരുക്കല്ല് പറയുന്ന ഉത്തരമുണ്ട്, കെ.ജി.എസ്സിന്റെ ‘ഹമുക്ക്’ എന്ന കവിതയിൽ. അത് ഇങ്ങനെയാണ്:

ഡാ
ഡ ഡ ഡാ
ശിഷ്യക്കല്ലേ
അപ്പഴല്ലേ സടകുട-
ഞ്ഞുണരുന്നത് നുമ്മടെ
അതിജീവന രതി.
മടങ്ങും നാം
ദുഖത്തിലും തോൽ‌വിയിലും
ദൈവത്തിലേക്ക്.
സ്വത്വാതുരരായി
ഇനി നീയേ രാഷ്ട്രീയം
നീയേ ശരണം;
ആഗോള പരാശക്തി
സർവ്വനാശക മഹാമാരി
എന്ന് കേണലറി
ജാതിമതാചാര-
സ്വദേശച്ചെരിവിലെ
പച്ചപ്പുൽമേട്ടിലേ-
ക്കൊരുരുളലങ്ങോ-
ട്ടുരുളും ശിഷ്യാ,
ഉരുളൻ കല്ലുകളല്ലേ നാം?

(ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ, ഡി.സി.പ്രസിദ്ധപ്പെടുത്തിയത്).

വെറുതെ സങ്കൽ‌പ്പിച്ചുനോക്കുകയാണ്.  ഒരു രസത്തിന്.

ഇക്കഴിഞ്ഞ വിദ്യാരംഭത്തിന്റെയന്ന്, കെ.ജി.എസ്സിന്റെ മടിയിലിരുന്ന് അക്ഷരാഗ്നി പകർന്നുകിട്ടിയ ഏതെങ്കിലുമൊരു ശിഷ്യക്കല്ലിന്, എന്നെങ്കിലുമൊരിക്കൽ കവിതയുടെ രാഷ്ട്രീയം ചികയേണ്ടിവന്നാൽ, ഇതേ മറുപടിയായിരിക്കില്ലേ കവിതയുടെ ഗുരുക്കല്ലിൽനിന്ന് അവന്റെ നാവിൽ പുളിച്ചു തികട്ടുക? കെ.ജി.എസ്സിന് അപ്പോൾ എന്തു സമാധാനം പറയാനുണ്ടാകും? അതോ, അപ്പോഴേക്കും, ജാതിമതാചാരസ്വദേശിച്ചെരുവിലേക്ക്, ഇങ്ങിനി തിരിച്ചുകയറാനാവാത്തവിധം വീണുപോയിട്ടുണ്ടാകുമോ നമ്മുടെ പ്രിയപ്പെട്ട കവി?
 
ഭസ്മക്കുറിയും കസവുമുണ്ടുമണിഞ്ഞ്, സ്വർണ്ണമോതിരം കൊണ്ട്, അക്ഷരമെന്ന അഗ്നി ഇളം കുരുന്നുകളുടെ നാവിൽ കോറിയിടുന്നത് എങ്ങിനെയാണ് ജീർണ്ണതയുടെ അടയാളമാവുന്നത് എന്നല്ലേ ചിലർക്ക് സംശയം.

നശ്വരതയുടെ പ്രതീകം മാത്രമല്ല ഭസ്മം. അത് ഒരു മതത്തിന്റെ ചിഹ്നവും കൂടിയാണ്. അക്ഷരത്തിന് മതത്തിന്റെ പരിവേഷം നൽകുന്നത് ആരുടെ താത്പര്യത്തിനെ സംരക്ഷിക്കാനാണ്? അക്ഷരത്തിന്റെയോ, മതത്തിന്റെയോ, അക്ഷരാർത്ഥിയുടെയോ, ഗുരുക്കല്ലുകളുടെയോ?

കസവുമുണ്ടിന്റെ കസവിഴകളിലുമുണ്ട് അതിന്റെ മതവും രാഷ്ട്രീയവും. ആഢ്യതയുടേയും, അതിൽ അഹങ്കരിക്കുന്നവന്റെ അന്തസ്സിന്റെയും പ്രതീകമാണ് നിർദ്ദോഷമെന്നു തോന്നിക്കുന്ന ആ മുണ്ട്. പണിയെടുക്കുന്നവന്റെ വേഷമല്ല അത്. പണിയെടുക്കുന്നവന്റെ അദ്ധ്വാനത്തെ പൂമുഖത്തിരുന്ന് നിയന്ത്രിക്കുകയും പണമാക്കി സ്വന്തം പത്തായങ്ങളും നിലവറകളും നിറക്കുന്നവന്റെയും വേഷമാണത്.

അക്ഷരത്തിന് ആഢ്യനും ആര്യനുമില്ല. ഉടമസ്ഥനും അടിയാളനുമില്ല. ദു:ഖത്തിലും തോൽ‌വിയിലും അത് മടങ്ങുന്നത് ദൈവങ്ങളിലേക്കും മതത്തിലേക്കുമല്ല. മനുഷ്യനിലേക്കാണ്. അവന്റെ നാവിലേക്കും, ശബ്ദത്തിലേക്കുമാണ്. അവന്റെ പ്രതിരോധത്തിലേക്ക്.

ഓലയെഴുത്താണികളെ കാട്ടിലെറിഞ്ഞുകളഞ്ഞ് വരുന്ന ഉണ്ണികളെ ഇപ്പോഴും പാറക്കെട്ടുകൾക്കകത്ത് തപസ്സിരുന്ന് പൂതങ്ങൾ കിനാക്കാണുന്നുണ്ട്.

സംഘടിത മതങ്ങളുടെ സാമൂഹ്യ പരിസരങ്ങളെ തിരിച്ചുപിടിക്കണമെന്ന് ചില കവികൾ ആഗ്രഹിക്കുന്നത് ഇതിനൊക്കെയാണെന്നുവരുമോ? അഥവാ, ആ പരിസരങ്ങളെ ഇവ്വിധമാണോ തിരിച്ചുപിടിക്കേണ്ടത്? ആർ ആരെയാണ് ഒടുവിൽ തിരിച്ചുപിടിക്കുക?

മതങ്ങളുടെയും ദൈവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അതിജീവന രതിയെ പിന്നിലുപേക്ഷിച്ച്, പുതിയ വിദ്യാരംഭം കുറിക്കുന്ന ശിഷ്യക്കല്ലുകൾക്കായ് നമുക്ക് കാത്തിരിക്കാം. അവർ വരുകതന്നെ ചെയ്യും. ജാതിമതാചാരസ്വദേശച്ചെരുവുകളിൽ അവരെ തളച്ചിടാൻ ഒരു ഗുരുക്കല്ലുകൾക്കും ആവില്ല.

Monday, October 10, 2011

നഗരവളർച്ചയുടെ ദശാബ്ദസഞ്ചാരങ്ങൾ




ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പുനർനിർണ്ണയവും, അത് രാജ്യത്തിന്റെ ഗ്രാമ-നഗര ഭൂപടത്തിൽ വരുത്തുന്ന മാറ്റങ്ങളും എല്ലാ ദശകങ്ങളിലും സംഭവിക്കാറുണ്ട്. എങ്കിലും, ഇത്രയധികം കൂടുതൽ ആളുകൾ നഗരങ്ങളിലേക്ക് പലായനം ചെയ്യുന്നത്, തൊണ്ണൂറു വർഷങ്ങൾക്കുള്ളിൽ, ഈ കഴിഞ്ഞ ദശാബ്ദക്കാലത്തുമാത്രമാണ്‌. 90.6 ദശലക്ഷം അധികം ആളുകൾ ഗ്രാമങ്ങളിൽ വർദ്ധിച്ചപ്പോൾ, നഗരങ്ങളിൽ 91 ദശലക്ഷം ആളുകളാണ്‌ വർദ്ധിച്ചത് ഈ കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളിൽ. കഴിഞ്ഞ 10 കൊല്ലത്തിനിടയ്ക്ക്, ഇത്രയധികം ആളുകളെ ഇവിടേക്കെത്തിക്കാൻ പാകത്തിൽ തീർച്ചയായും എന്തോ സംഭവിച്ചിരിക്കുന്നു. കൃഷിയുടെ തകർച്ചയോടെ സംഭവിച്ച, ഭീകരവും രേഖപ്പെടുത്താത്തതുമായ പലായനമാണ്‌ അത്. നാട്ടിൻപുറങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഒരു വലിയ നാടകത്തിലേക്കാണ്‌ നമ്മൾ കണ്ണയക്കുന്നത്. ഇല്ലാത്ത തൊഴിലുകളന്വേഷിച്ച്, ദശലക്ഷക്കണക്കിനാളുകൾ വീടുകൾ വിട്ടുപോകുന്ന കാഴ്ച. വൃദ്ധരും വിശന്നുവലയുന്നവരും, രോഗികളുമായവരെ പിന്നിൽ കൈയ്യൊഴിഞ്ഞ് ചെറുപ്പക്കാർ ഉപേക്ഷിച്ചുപോകുന്ന ഗ്രാമങ്ങൾ. ഓരോ അംഗങ്ങളും ഓരോയിടത്തേക്ക് പലായനം ചെയ്ത് ചിതറിപ്പോകുന്ന കുടുംബങ്ങൾ.

ജനസംഖ്യാകണക്കെടുപ്പോ, ദേശീയ സാമ്പിൾ സർവ്വേയോ ഈ വലിയ ‘അലക്ഷ്യ പലായന’ത്തെ കാണുന്നില്ല (തൊഴിലിനുവേണ്ടിയുള്ള ലക്ഷ്യമൊന്നുമില്ലാത്ത അലച്ചിലിനെ വിശേഷിപ്പിക്കാൻ ഫൂട്ട്ലൂസ് മൈഗ്രേഷൻ-അലക്ഷ്യ പലായനം - എന്ന പുതിയൊരു വാക്കുതന്നെയുണ്ട്). ഹ്രസ്വനാളുകൾ നീണ്ടുനിൽക്കുന്നതും, ഘട്ടം ഘട്ടവുമായ ഈ പലായനങ്ങളെ രേഖപ്പെടുത്താൻ അവയ്ക്ക് കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന്‌, എപ്പോഴും, തങ്ങളുടെ സംസ്ഥാനത്തിനു പുറത്ത് സ്ഥിതിചെയ്യുന്ന രണ്ട് ദശലക്ഷം ഒറിയക്കാർ ഈ വിഭാഗത്തിൽ പെടുന്നവരാണ്‌. നുവാപാദ, അഥവാ, ബൊലാംഗീർ ജില്ലകൾ എടുക്കുക. സാധാരണനിലക്ക്, ഒന്നോ രണ്ടോ മാസം അവർ റായ്പൂരിൽ റിക്ഷാവലിക്കാരായി ചിലവഴിക്കും. അതുകഴിഞ്ഞ് രണ്ടോ മൂന്നോ മാസം, ആന്ധ്രയിലെ ഇഷ്ടികപ്പാടത്ത്. പിന്നെ, മുംബയുടെയോ താനെയുടെയോ ചുറ്റുവട്ടത്തിൽ നിർമ്മാണ തൊഴിലാളികളായി ഏതാനും ആഴ്ചകൾ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കും. (ഉയരത്തിൽ കെട്ടിയുയർത്തിയ തട്ടുകളിൽ നിന്നുകൊണ്ടുള്ള അപകടകരമായ ജോലികളിലായിരിക്കും അധികസമയവും അവർ).

കുടിയിറക്കപ്പെട്ട കർഷകരും തൊഴിലാളികളുമാകട്ടെ, മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും കാണുന്നതുപോലെ മിക്കപ്പോഴും ഒരേ സംസ്ഥാനത്തിനകത്തെ പട്ടണങ്ങളിൽ തന്നെ അലക്ഷ്യമായി കറങ്ങിക്കൊണ്ടിരിക്കുന്നവരായിരിക്കും.

ശരിയാണ്‌. സെൻസസിന്‌ തൊഴിലിലെ ഇത്തരം ചലനങ്ങളെ രേഖപ്പെടുത്താനാവില്ല. എന്നിട്ടും ഇപ്പോൾ നമ്മൾ കണ്ടതുപോലുള്ള നഗര-ഗ്രാമ കണക്കുകളാണ്‌ അവ കാണിച്ചുതരുന്നതെങ്കിൽ, നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു വലിയ നാടകത്തെയാണ്‌ അത് തീർച്ചയായും സൂചിപ്പിക്കുന്നത്. നഗരങ്ങളിലെ ജനസംഖ്യയും ചെറുകിട പട്ടണങ്ങളും പെരുകുകയാണ്‌. നഗര-ഗ്രാമങ്ങളിലെ ജനസംഖ്യാ നിരക്ക് കുറയുമ്പോഴും കഴിഞ്ഞ മുപ്പതുവർഷത്തിനുള്ളിലെ ഏറ്റവും വലിയ നഗര-ഗ്രാമ വളർച്ചാ വ്യത്യാസമാണ്‌ (Urban-Rural Growth Differential) അവിടെ നിലനില്ക്കുന്നത്. ആഴമേറുന്ന ഒരു കാർഷികപ്രതിസന്ധിയുമായി കൈകോർത്ത് നടക്കുന്ന ഭീമമായ ഒരു കുടിയേറ്റമാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 1995-നും 2009-നും ഇടയ്ക്ക് നടന്ന 240,000 കർഷക ആത്മഹത്യകളെ ഇതോടൊപ്പം ചേർത്ത് വേണം  വായിക്കാൻ. ഭൂരിഭാഗവും കടത്തിൽ മുങ്ങി ജീവിതം അവസാനിപ്പിച്ചവരാണവർ. കഴിഞ്ഞ കുറേ കാലങ്ങളായി, ഇതിന്റെയൊക്കെ ചെറിയ ചെറിയ സൂചനകൾ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരുന്നു. കഥകൾ എന്നു പറഞ്ഞ് എഴുതി തള്ളാൻ എളുപ്പമാണെങ്കിലും, വേണമെന്നുണ്ടെങ്കിൽ കാണാൻ എളുപ്പത്തിൽ സാധിക്കുമായിരുന്നു ആ സൂചനകൾ.

1990-കളുടെ ആദ്യപകുതിയിൽ ഒറീസ്സയിലെ നുവാവാദ ജില്ലയിലെ ഖരിയാറിൽനിന്ന് ചത്തീസ്ഗഢിലെ റായ്പൂരിലേക്ക് ദിവസത്തിൽ മൂന്നോ നാലോ ബസ്സുകളേ ഉണ്ടായിരുന്നുള്ളു. ആദ്യമൊക്കെ, ഭവാനിപ്പട്ടണത്തിൽ നിന്നായിരുന്നു (കാലഹന്ദി ജില്ലയുടെ തലസ്ഥാനം) ബസ്സുകൾ പുറപ്പെട്ടിരുന്നത്, ഖരിയാർ വഴി, റായ്പൂരിലേക്ക്. ഇന്ന്, ഒട്ടുമിക്ക പട്ടണങ്ങളിൽനിന്നും, ചെറിയ പ്രദേശങ്ങളിൽനിന്നുമൊക്കെ ബസ്സുകൾ, തൊഴിലാളികളെ കൊണ്ടുപോകുന്നു. ഇവിടെനിന്ന് റായ്പൂരിലേക്ക് തീവണ്ടികളും ധാരാളമായി പോകുന്നുണ്ട്. അതിർത്തികടക്കാൻ ഇതിനുപുറമെ, നിയമവിരുദ്ധമായി വാനുകളും ജീപ്പുകളും സുലഭമാണ്‌. “ഇവിടെ ഇനി എന്തുണ്ട് ബാക്കി?” ബിഷ്ണു ബോധ് എന്ന ഒരു അഭയാർത്ഥി എന്നോട് ചോദിച്ചു. “അതിർത്തിക്കപ്പുറത്ത് ധാരാളം ജോലി സാധ്യതയുണ്ട്”, അയാൾ പറഞ്ഞു. റായ്പൂർ തലസ്ഥാനമായി മാറിയതോടെ മനുഷ്യരുടെ കുത്തൊഴുക്കും തുടങ്ങി.

1994-ൽ കേരളത്തിലെ (വയനാട്ടിലെ) മാനന്തവാടിക്കും കർണ്ണാടകയിലെ കുട്ട പട്ടണത്തിനും ഇടയിൽ ചുരുക്കം ചില സർക്കാർ ബസ്സുകൾ മാത്രമേ സർവ്വീസ് നടത്തിയിരുന്നുള്ളു. കാർഷിക പ്രതിസന്ധി വരുന്നതുവരെ, വയനാടെന്ന നാണ്യവിളകളുടെ നാട്ടിലേക്ക് തൊഴിലാർത്ഥികൾ അക്ഷരാർത്ഥത്തിൽ ഒഴുകുകയായിരുന്നു. കേരളത്തിന്റെ ഗൾഫ് എന്നുപോലും വയനാട്ടിനെ വിശേഷിപ്പിച്ചിരുന്നു.  2004-ഓടെ, രണ്ടു പട്ടണത്തിനുമിടയ്ക്ക് 24 ബസ്സുകൾ സർവ്വീസ് ആരംഭിച്ചു. “വയനാട് ഏതാണ്ട് സ്തംഭിച്ചിരിക്കുന്നു‘ എന്നാണ്‌ ഷിനോജ് തോമസ് എന്ന ചെറുപ്പക്കാരൻ പറഞ്ഞത്. ”പണി പകുതിക്കുവെച്ച് നിന്ന ആ വീടുകൾ നോക്കൂ. കൃഷി തരക്കേടില്ലാതെ നടന്നിരുന്ന കാലത്ത് തുടങ്ങിയതാണ്‌ അവയൊക്കെ. കൃഷി നശിച്ചപ്പോൾ നിർമ്മാണ ജോലിയൊക്കെ നിന്നു. വീണ്ടും തുടങ്ങാൻ ആരുടെ കയ്യിലും പൈസയുണ്ടായിരുന്നില്ല“.

തെലുങ്കാനയിലെ മഹബൂബ്നഗറിൽ നിന്ന് മുംബൈയിലേക്ക് ഒരു ബസ്സ് സർവ്വീസ് പോലും തികച്ചുണ്ടായിരുന്നില്ല 1993-ൽ. പത്തുവർഷങ്ങൾക്കുശേഷം അത് 40 ആയി വർദ്ധിച്ചു (രാത്രി മാത്രം പോകുന്ന, സ്വകാര്യ വാഹനങ്ങളെ കണക്കിലെടുത്തിട്ടില്ല). ”മുംബൈയും പൂനയുമില്ലെങ്കിൽ ഞങ്ങൾക്ക് നിലനിൽക്കാൻ പറ്റില്ല“. പാണ്ഡു നായ്ക്ക് എന്ന ആദിവാസി പറഞ്ഞു ഒരിക്കൽ. ”ഞങ്ങളുടെ കുടുംബം കടത്തിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്‌. കുട്ടികൾ പട്ടിണിയിലും“. 2003-ഓടെ യാത്രക്കാരും മാറിയിരിക്കുന്നു. മുൻപ്, അധികവും കർഷകതൊഴിലാളി വർഗ്ഗക്കാരായ ദളിതുകളും ലംബാദ ആദിവാസികളുമായിരുന്നു യാത്രക്കാർ. ഇന്നാകട്ടെ,, മരപ്പണിക്കാരും, മൺപാത്രനിർമ്മാണ തൊഴിലാളികളും, ചെറുകിട-ഇടത്തരം കർഷകർ പോലും ആ കൂട്ടത്തിലുണ്ട്. എടുത്തുപറയാവുന്ന ഒരു സന്ദർഭമുണ്ടായത് 2003-ലെ ഒരു ബസ്സ് യാത്രയിലാണ്. അന്ന് അതിൽ, ഒരു കർഷകനും, ആ കർഷകന്റെ കീഴിൽ കാലാകാലങ്ങളായി തൊഴിലെടുത്തിരുന്ന ഒരു അടിമപണിക്കാരനുമുണ്ടായിരുന്നു.  തൊഴിലന്വേഷണവുമായി മുംബൈയിലേക്ക് പോവുകയായിരുന്നു ഇരുവരും. അതേസമയം, ഓരോ വർഷവും, പ്രത്യേക സാമ്പത്തിക മേഖലക്കും മറ്റു പദ്ധതികൾക്കും വേണ്ടി കുടിയിറക്കപ്പെട്ട, പൊലേപ്പള്ളി മുതൽ പോളാവരം വരെയുള്ള പതിനായിരക്കണക്കിന്‌ ആളുകൾ, ഹൈദരബാദിലും അതിന്റെ ചുറ്റുവട്ടത്തുള്ള നഗരപ്രദേശങ്ങളിലും എത്തിപ്പെടുകയും ചെയ്യുന്നു.

2008-ലെ സാമ്പത്തിക മാന്ദ്യക്കാലത്ത്, ഗുജറാത്തിൽ നിരവധി നെയ്ത്തുശാലകൾ അടച്ചുപൂട്ടി. എന്നിട്ടും 2009-ൽ, ഒറീസ്സയിലെ ഗഞ്ചാമിൽനിന്ന്, ദിവസേനയെന്നോണം അയ്യായിരത്തോളം തൊഴിലാളികൾ ബിർഹാംപൂർ റെയിൽവേസ്റ്റേഷനിൽനിന്ന് ഗുജറാത്തിലേക്ക് വണ്ടികയറിയിരുന്നു. സൂറത്തിലേക്കും മുംബൈയിലേക്കും പോകുന്ന തൊഴിലാളികളായിരുന്നു അതിലധികവും. ”ഞങ്ങൾക്ക് മറ്റൊരു മാർഗ്ഗവുമില്ലെന്ന് സൂറത്തിലെ മുതലാളിമാർക്ക് അറിയാമായിരുന്നു“വെന്നാണ്‌ ഗഞ്ചാമിലെ ഗണേഷ് പ്രധാൻ പറഞ്ഞത്. ”അവധി ദിവസങ്ങളോ, വിശ്രമമോ ഒന്നുമില്ല. 12 മണിക്കൂർ ഷിഫ്റ്റിലാണ്‌ ജോലി. ഉച്ചവിശ്രമവും ഇല്ല. പൈസയും ആരോഗ്യവും നഷ്ടപ്പെടുകയാണ്‌..പക്ഷേ എല്ലായിടത്തും ഇതൊക്കെത്തന്നെയാണ്‌ സ്ഥിതി എന്ന് അറിയാഞ്ഞിട്ടല്ല“, ഗണേഷ് തുടർന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള ഉദാഹരണങ്ങളും ഇതിൽനിന്ന് വ്യത്യസ്തമല്ല.

ആരാണീ പലായനം ചെയ്യുന്നവർ? കാർഷിക പ്രതിസന്ധി അനുഭവപ്പെടാൻ തുടങ്ങിയ 1990-കൾ മുതൽ, അതുവരെ നാടുവിട്ടുപോവുക ശീലമാക്കാതിരുന്ന സമുദായങ്ങൾ പോലും അത് ചെയ്തു തുടങ്ങി. ഒറീസ്സയിലെ കാളഹന്ദിയിലെ ദളിതർ കുറേ മുൻപു മുതൽക്കേ പലായനം ചെയ്തിരുന്നു. 90-കൾ മുതൽക്ക്, ആദിവാസികളും ക്ഷീരോത്പാദകരായ മറ്റുപിന്നോക്ക ജാതികളും മറ്റുള്ളവരും അവരുടെകൂടെ ചേർന്നു. ”കഴിഞ്ഞ 15-20 കൊല്ലക്കാലത്തെ പലായനങ്ങൾ അധികവും നിവൃത്തികേടുകൊണ്ടുണ്ടായതും, ലക്ഷ്യമില്ലാത്തതും, പലായനം ചെയ്യുന്നവരുടെ ജീവിതരീതിയും വേരുകളും കുടുംബബന്ധങ്ങളും തകർക്കുന്നവയുമായിരുന്നു“ ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണ്ണലിസത്തിലെ പ്രൊഫസ്സർ ഡോ.കെ.നാഗരാജൻ അഭിപ്രായപ്പെടുന്നു. ”മദ്ധ്യ-ഉപരിവർഗ്ഗക്കാരിൽനിന്ന് വിഭിന്നമായി, ഇവർ എന്തെങ്കിലും പുതിയ തൊഴിലോ മൂലധനമോ ഒന്നും നേടുന്നില്ല. മദ്ധ്യ-ഉപരിവർഗ്ഗമാകട്ടെ, പലായനം ചെയ്യുമ്പോൾ തൊഴിൽ വൈദഗ്ദ്ധ്യവും മൂലധനവും, അവസരങ്ങളും നേടുകയാണ്‌ ചെയ്യുന്നത്“. ഈ പലായനം, നാട്ടിൻപുറങ്ങളിലെ ചെറുകിട ഉത്പാദനത്തിന്റെ തകർച്ചയെയാണ്‌ സൂചിപ്പിക്കുന്നത്.

ഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളിൽനിന്നുള്ള മനുഷ്യന്മാരുടെ ഈ വലിയ ഒഴുക്ക് സ്വാഭാവികമായി സംഭവിക്കുന്നതല്ല. ഇടനിലക്കാരുടെയും തൊഴിൽ കരാറുകാരുടെയും ശക്തമായ ഒരു നീണ്ട നിരതന്നെ ഈ നാട്ടിൻപുറങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ഈ പലായനത്തെ അവർ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുകയുമാണ്‌. പട്ടണത്തിലെയും നഗരത്തിലെയും കരാറുകാർ മുതൽ, കെട്ടിടനിർമ്മാതാക്കളും, കുത്തക കോർപ്പറേഷനുകളും, മൾട്ടിനാഷണൽ കമ്പനികൾ വരെ നീളുന്ന വിവിധ വിഭാഗങ്ങൾക്കുവേണ്ടി കുറഞ്ഞ വിലയ്ക്ക് തൊഴിൽ ലഭ്യമാക്കുന്ന ഇടനിലക്കാരാണവർ. ഇത്, പ്രാദേശിക കൂലി-വേതന നിലവാരത്തെ നിലംപരിശാക്കാൻ മാത്രമല്ല, അസംഘടിതരും, പ്രതീക്ഷയറ്റവരും, തന്മൂലം, എളുപ്പത്തിൽ കീഴ്പ്പെടുന്നവരുമായ ഒരു തൊഴിലാളിവർഗ്ഗത്തിനെ സൃഷ്ടിക്കാനുമാണ്‌ സഹായിക്കുക. ഈ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചോ, തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചോ, അവർക്കു നൽകേണ്ടതോ, അവർക്ക് ബോധ്യമുണ്ടായിരിക്കേണ്ടതോ ആയ ആനുകൂല്യങ്ങളെക്കുറിച്ചോ തൊഴിലുടമകൾക്ക് ഒരിക്കലും ആശങ്കപ്പെടേണ്ടതുമില്ല. തൊഴിലാളികൾക്കാകട്ടെ, ഈ സംവിധാനം, തുച്ഛമെങ്കിലും പെട്ടുന്നുള്ള പണവും, തകർക്കുന്ന ഋണബാധ്യതയും, അനന്തമായ നിരാശയും മാത്രമാണ്‌ നൽകുന്നത്.



സെപ്തംബർ 26-ലെ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച പി.സായ്നാഥിന്റെ ലേഖനത്തിന്റെ തർജ്ജമ

Monday, August 22, 2011

ഒരു അഭ്യർത്ഥന


സുഹൃത്തുക്കളെ,

പത്മനാഭക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നതിനെതിരെ
‘ദേവപ്രശ്നം‘ എന്ന അപഹാസ്യമായ രീതി ഉപയോഗിച്ച് തിരുവിതാംകൂർ രാജവംശവും, ആധുനിക പത്മനാഭദാസന്മാരും നടത്തിത്തുടങ്ങിയിരിക്കുന്ന നീക്കങ്ങളെ ചെറുക്കാനും പരാജയപ്പെടുത്താനും സാക്ഷര കേരളം മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതുവരെ കണ്ടെടുത്ത സ്വത്തുക്കൾ ക്ഷേത്രത്തിന്റെയും രാജകുടുംബത്തിന്റെയും രക്ഷാധികാരത്തിൽ ഇനിയും ഉറപ്പിച്ചുനിർത്താനും, സംസ്ഥാനത്തിന്റെയും അതിലെ ജനങ്ങളുടെയും പൊതുവായ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നതിൽനിന്ന് അതിനെ തടയുകയുമാണ് ഈ പുതിയ ദേവപ്രശ്നത്തിന്റെ ലക്ഷ്യമെന്നത് പകൽ പോലെ വ്യക്തമാണ്.

ഈ സ്വത്തുക്കൾ എങ്ങിനെ രാജവംശത്തിന്റെയും പിന്നീട് ക്ഷേത്രത്തിന്റെയും കൈകളിലെത്തിച്ചേർന്നുവെന്ന് ഇതിനോടകം തന്നെ പലതവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളിൽനിന്ന്, അവരുടെ വിയർപ്പിന്റെ ഫലത്തിൽനിന്ന് രാജകേസരിമാർ കാലാകാലങ്ങളായി തട്ടിയെടുത്ത സ്വത്തുക്കളാണവ. അവ ഒരുകാലത്തും തിരിച്ച് ജനങ്ങളിലേക്കെത്താതിരിക്കാനും രാജവംശത്തിന്റെ കൈയ്യിരിപ്പായി നിലനിർത്താനും വേണ്ടി നടത്തുന്ന പുതിയ തൃപ്പടിദാന  കപടനാടകമാണ് ഈ ദേവപ്രശ്നത്തിലൂടെ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ‘ബി’ നിലവറ തുറന്നാൽ രാജവംശത്തിന്റെ ചൈതന്യം ക്ഷയിച്ചുപോകുമെന്നും, നാടിനുമാത്രമല്ല, ലോകത്തിനുതന്നെ ഇത് വിപത്ക്കരമായേക്കുമെന്നൊക്കെയുള്ള ബൃഹത്തായ കണ്ടുപിടുത്തങ്ങളാണ് ദേവപ്രശ്നത്തിലൂടെ നിത്യേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു നിലവറ തുറന്നാൽ ക്ഷയിച്ചുപോകുന്ന രാജവംശത്തിന്റെ ചൈതന്യം എന്തുതരം ചൈതന്യമായിരിക്കും?

നാൾക്കുനാൾ ജനാധിപത്യ റിപ്പബ്ലിക്ക് സങ്കൽ‌പ്പങ്ങളിലേക്ക് പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിരുന്ന്, തിരിച്ച് രാജഭരണത്തിന്റെ പ്രാകൃകാലഘട്ടത്തിലേക്ക് നീങ്ങാൻ കവടി നിരത്തി ജനങ്ങളെ ആഹ്വാനം ചെയ്യുന്ന വംശത്തിന്റെ ആ ചൈതന്യത്തെ നമുക്ക് കടപുഴക്കിയെറിഞ്ഞേ തീരൂ.

നിലവറ തുറക്കുന്നതിനെതിരെ തിരുവിതാംകൂർ രാജവംശം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹരജിക്കെതിരെ കക്ഷി ചേരാൻ കൾച്ചറൽ ഫോറം എന്ന സംഘടന തീരുമാനിച്ചിരിക്കുന്നു. സാമ്രാജ്യത്ത്വ-ഫ്യൂഡൽ ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു ജനകീയ സാംസ്കാരിക സംഘടനയാണ് കൾച്ചറൽ ഫോറം.

നിയമയുദ്ധത്തിലേർപ്പെടുന്നതിന് ചുരുങ്ങിയത് 50,000 രൂപയെങ്കിലും ചിലവു വരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഒരു ജനകീയ പ്രശ്നം എന്ന നിലയിൽ ഈ വിഷയം ഏറ്റെടുക്കാനും നിയമയുദ്ധത്തിൽ അണിചേരാനും കോടതിചിലവിലേക്ക് നിങ്ങളാലാവും വിധമുള്ള സഹായസഹകരണങ്ങൾ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സംഭാവനകൾ, കെ.വി.പത്മനാഭ, ജോയിന്റ് കൺ‌വീനർ, അക്കൌണ്ട് നമ്പർ 10300100145590, ഫെഡറൽ ബാങ്ക്, സ്റ്റാച്ച്യൂ ജംഗ്‌ഷൻ, തിരുവനന്തപുരം-1 എന്ന പേരിൽ അയക്കുവാൻ താത്പര്യം.

അഭിവാദ്യങ്ങളോടെ

വിനോദ് രാമന്തളി,
കൺ‌വീനർ,
കൾച്ചറൽ ഫോറം

Sunday, August 21, 2011

മ്യൂസിയം പീസുകൾ




പത്മനാഭന്റെ പേരിൽ കണ്ടെടുത്ത സ്വത്ത് അമ്പലത്തിന്റെയും രാജവംശത്തിന്റെയും കയ്യിൽത്തന്നെ ഭദ്രമായി വെക്കണമെന്ന്‌ വാദിക്കുന്നവരുണ്ട്. ആ സ്വത്ത് സർക്കാർ ഏറ്റെടുത്ത് സംസ്ഥാനത്തിന്റെ വികസന-ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന് വാദിക്കുന്ന മറ്റൊരു കൂട്ടരും. രണ്ടാമത് പറഞ്ഞവരുടെ കൂട്ടത്തിലാണ് ഇതെഴുതുന്നയാൾ. എന്നാൽ, ഇന്ന് മറ്റൊരു വിഭാഗം രംഗം കയ്യടക്കിയ മട്ടാണ്. ഈ കണ്ടെടുത്ത സ്വത്തുക്കൾ മ്യൂസിയത്തിൽ സൂക്ഷിക്കണമെന്ന് വാദിക്കുന്ന മ്യൂസിയം വാദികൾ.

ഒറ്റനോട്ടത്തിൽ വലിയ അപകടമൊന്നും ഈ വാദത്തിൽ കാണാൻ സാധിച്ചുവെന്നുവരില്ല. ഈ വാദക്കാരുടെ ഉദ്ദേശ്യത്തിനെയും കുറ്റം പറയാനാവില്ല.  പൌരാണികവും കലമൂല്യവുമുള്ള ഈ ഉരുപ്പടികൾ മ്യൂസിയത്തിലിരുന്ന് സ്വയമേവ ഉത്പാദനക്ഷമവുമാകുമെന്ന് മനക്കോട്ട കെട്ടുന്ന സരളമാനസത്തിന് അനന്തകോടി നമസ്ക്കാരം. ഒരുകാലത്ത് പുഷ്ക്കലമായിരുന്ന കേരളീയ കരകൌശല-ആഭരണനിർമ്മാണ വൈദഗ്ധ്യം വീണ്ടും ജീവൻ വെച്ച് കണ്ണാടിക്കൂടുകളിലിരുന്ന് നമ്മെ കോൾമയിർകൊള്ളിക്കുന്നത് സങ്കൽ‌പ്പിക്കുന്നതുപോലും എത്ര സുഖകരമാണ്! ദരിദ്രനാരായണന്മാരുടെയും മുഴുപ്പട്ടിണിക്കോലങ്ങളുടെയും നാടാണ് ഇന്ത്യയെന്ന് പറഞ്ഞുപരത്തിയ സായിപ്പിനോട് നമ്മൾ വീട്ടുന്ന മധുരമായ പ്രതികാരം!

പക്ഷേ, എണ്ണമിട്ട് കണ്ണാടിക്കൂടൂകളിൽ നിരത്തിയ ഈ ഉരുപ്പടികൾക്കു താഴെ എന്താണ് ഈ മ്യൂസിയക്കാർ എഴുതിവെക്കുക? പേറിനും, പേരിടലിനും, മാറുമറക്കലിനും, കെട്ടിനും, ചാവലിനും, അടിയന്തിരത്തിനുമൊക്കെ ഒരു ജനതയിൽനിന്ന് തലമുറകളോളം ആ നാടിന്റെ പൊന്നുടയ അരചന്മാർ  ഊറ്റിയെടുത്ത സമ്പത്താണ് സന്ദർശകാ, നിങ്ങളീ കാണുന്നത് എന്ന് അവർ എഴുതിവെക്കുമോ? പടലപ്പിണക്കങ്ങൾക്ക് കണക്കുതീർക്കാൻ കൊന്നും കൊലവിളിച്ചും  മഹാരാജശിരോമണികൾ നേടിയെടുത്ത സ്വത്തിനെ എന്ത് ഓമനപ്പേരിട്ടാണ് അവർ പ്രദർശിപ്പിക്കുക എന്ന് ഈ മ്യൂസിയം വാദികൾ ഓർത്തിട്ടുണ്ടോ?

മ്യൂസിയത്തിലായാലും ഭൂഗർഭത്തിലായാലും, ഉത്രാടം തിരുനാളിന്റെ പൊന്നരഞ്ഞാണവും, മൂലം തിരുനാളിന്റെ പൊന്മോതിരവും, അശ്വതിതിരുനാളിന്റെ അരപ്പട്ടയും, കാർത്തികതിരുനാളിന്റെ പൊൻ‌കിരീടവും വിശാഖം തിരുനാളിന്റെ സ്വർണ്ണകൂജയുമായിരിക്കും അവയൊക്കെ. ആ കണ്ട സ്വർണ്ണമൊക്കെ വിയർപ്പിൽനിന്ന് വിളയിച്ചവനെ, വിളയിച്ചവരെ എവിടെയും നിങ്ങൾക്ക് കാണാനാവില്ല.

കട്ടെടുത്ത മുതൽ ഉടമസ്ഥനെ തിരിച്ചേൽ‌പ്പിക്കാതെ, അതിനെ മ്യൂസിയം പീസാക്കി മാറ്റാൻ ശ്രമപ്പെടുന്നവരുടെ ന്യായങ്ങളെയാണ് മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടത്. ഉപ്പിലിട്ട്.

Thursday, August 18, 2011

ജോണ്‍സണ്‍, പ്രിയപ്പെട്ട ജോണ്‍സണ്‍



രണ്ടുവര്‍ഷത്തിനുമുന്‍പൊരിക്കല്‍ ഒരു ചെറിയ പരിചയപ്പെടല്‍.

“രവീന്ദ്രന്‍ മാഷ് പോയി. ഇനി മാസ്റ്ററു മാത്രമേ ഞങ്ങള്‍ക്കുള്ളു” എന്ന് എങ്ങിനെയോ പറഞ്ഞൊപ്പിച്ചു..

ഒരു വിഷാദച്ചിരി ചിരിച്ച് ജോണ്‍സണ്‍ മാഷ് വിനീതനായി..

”അങ്ങിനെയൊന്നും പറയുന്നതൊന്നും ശരിയല്ല....ഇനിയും എത്രയോ പേര്‍ വരാനിരിക്കുന്നു”.

ശരിയാണ്. അങ്ങിനെ ആലോചിക്കാനേ മാസ്റ്റര്‍ക്ക് കഴിയൂ..അതിനാകാതിരുന്നത് എന്റെ വിവരദോഷം..

എങ്കിലും ഇതുപോലൊരു ജോണ്‍സണെ കിട്ടാന്‍ ഇനിയും എത്രനാള്‍ ഞങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവരും....

ആദിവസന്തസ്മൃതികള്‍ പാട്ടുകളിലൂടെ ഞങ്ങള്‍ക്കു തന്നവനേ

സ്മരണാഞ്ജലി..


Wednesday, July 20, 2011

കണ്ണിൽ‌പ്പെടാത്ത ഭീകരതകൾ

(ബോധിയിൽ പ്രസിദ്ധീകരിച്ച ലേഖനം)

ഒരു സ്ഫോടനം കൊണ്ട്‌ ഒരു മഹാനഗരത്തിനെയും, അതിലെ ജനത്തെയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താമെന്നു കരുതുന്ന ഭീകരവാദത്തിന്റെ ബുദ്ധിക്ക്‌ കാര്യമായ എന്തെങ്കിലും തകരാറുണ്ടായിരിക്കണം.

ഭീകരവാദത്തിന്‌ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുണ്ട്‌. ചില നിരപരാധികളെയും അവരുടെ വേണ്ടപ്പെട്ടവരുടെ സന്തോഷത്തെയും ഇല്ലാതാക്കാന്‍ അതിനു സാധിക്കും. ജീവിച്ചിരിക്കുന്നവര്‍ക്കുമേല്‍ സ്റ്റേറ്റിന്റെ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കൂടുതല്‍ കര്‍ക്കശമാക്കാനും, സമൂഹത്തിലെ ഒരു വിഭാഗത്തെ സംശയദൃഷ്ടിയോടെ കാണാന്‍ മറ്റൊരു വിഭാഗത്തെ പ്രേരിപ്പിക്കാനും അതിനു സാധിച്ചേക്കാം. എന്നാല്‍ അതിനപ്പുറം, മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഒരു സ്വാസ്ഥ്യത്തെയും അത്‌ അലോസരപ്പെടുത്തുന്നില്ല. കാരവന്‍ നീങ്ങിക്കൊണ്ടേയിരിക്കും. കടകളും കമ്പോളങ്ങളും ആള്‍ത്തിരക്കിന്റെ ബഹളങ്ങളും കൊടുക്കല്‍ വാങ്ങലുകളും പിന്നെയും ബാക്കിയാകും. അപ്പോഴൊക്കെ, അവിടെയൊക്കെ ഭീകരവാദം നിസ്സംശയമായും തോല്‍ക്കുകയും ചെയ്യുന്നുണ്ട്‌.

പക്ഷേ ഭീകരവാദത്തിന്റെ പേരില്‍ നമ്മള്‍ നമ്മെത്തന്നെ തോല്‍പ്പിക്കുന്ന ചില മുഹൂര്‍ത്തങ്ങളുണ്ട്‌. ഇക്കഴിഞ്ഞ ജൂലായ്‌ 14 അത്തരമൊരു മുഹൂര്‍ത്തമായിരുന്നു. മറ്റൊരു സ്ഫോടനപരമ്പരയിലൂടെ നമ്മുടെ സ്വന്തം സര്‍ക്കാര്‍ വീണ്ടും നമ്മളെ തോല്‍പ്പിച്ചിരിക്കുന്നു. 2008-ലെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ രണ്ടര വര്‍ഷത്തിനുശേഷം എവിടെ ചെന്നെത്തിനില്‍ക്കുന്നു? അന്ന്‌ ഇന്ത്യന്‍ മാധ്യമങ്ങളും ഇന്ത്യയിലെ ഉന്നതനീതിപാലകരും സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്‌ വിശ്വസനീയമായ ഒരു ഉത്തരം കൊടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനു കഴിഞ്ഞുവോ? 26/11-ലെ ആക്രമത്തില്‍ പങ്കുവഹിച്ച ഐ.എസ്‌.ഐ.-എഫ്‌.ബി.ഐ ഏജന്റ് ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ കോലാഹലത്തോടെ പുറപ്പെട്ട്‌ കപ്പലില്‍ പോയ കൂറകള്‍ക്ക്‌ എന്തുപറ്റി? കാര്‍ക്കറയും സലാസ്ക്കറും കാംതെയും കൊല്ലപ്പെട്ടതിലെ നിഗൂഢത പുറത്തുകൊണ്ടുവരുന്നതില്‍ നമ്മള്‍ ശൂരപരാക്രമികള്‍ എത്രമാത്രം വിജയിച്ചു? രാം പ്രധാന്‍ കമ്മിറ്റിയുടെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നില്ലേ? എന്തായി ആ റിപ്പോര്‍ട്ട്‌ ? ഏറ്റവുമൊടുവില്‍, പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലെ രണ്ടുപേര്‍ സ്വന്തം രാജ്യത്ത്‌ സുഖവാസം നടത്തുന്ന വിവരം പുറത്തായപ്പോള്‍ ആരാണ്‌ ജയിച്ചത്‌? ആരാണ്‌ തോറ്റത്‌? ആര്‍ ആരെയാണ്‌ തോല്‍പ്പിച്ചത്‌?

ഏതൊരു സ്ഫോടനത്തിനും ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്ന ഞാഞ്ഞൂളുകളുള്ളിടത്തോളം കാലം നമുക്ക്‌ രക്ഷയുണ്ട്‌. 'അയലത്തെ അദ്ദേഹ'ത്തിനു നേരെ വിരല്‍ ചൂണ്ടിയാല്‍ മതി. എന്തുകൊണ്ടീ ഭീകരാക്രമണങ്ങള്‍ ഒരു തുടര്‍ക്കഥയാകുന്നു എന്ന അസുഖകരമായ ആ ചോദ്യം സ്വയം ചോദിക്കേണ്ടിവരുന്നില്ല. വല്ല്യേട്ടനുമായി ചേര്‍ന്ന്‌ അയല്‍ രാജ്യങ്ങളില്‍ നടത്തുന്ന നമ്മുടെ സ്വന്തം യുദ്ധക്കളിയെ കാണണ്ട. തീരദേശത്തെ സംരക്ഷിക്കാന്‍ വാങ്ങിക്കൂട്ടിയ കാവല്‍ബോട്ടുകള്‍ ഉപയോഗശൂന്യമാക്കി തട്ടിന്‍പുറത്തുവെച്ച്‌, കടല്‍ കടന്നെത്തുന്ന ഭീകരരെ കണ്ടെത്തുന്ന ചുമതല പാവപ്പെട്ട മുക്കുവന്‍മാരെ ഏല്‍പ്പിക്കുന്ന നമ്മുടെ പിടിപ്പുകേട്‌ സാരമാക്കേണ്ടതില്ല. ഒഴിയാബാധപോലെ പിന്തുടരുന്ന കോഴക്കളികളില്‍നിന്ന്‌ പൊതുജനഗര്‍ദ്ദഭത്തിന്റെ ശ്രദ്ധ തിരിക്കാന്‍ തനിച്ചോ, കൂട്ടാളികളോടൊത്തോ നമ്മള്‍ തന്നെ കളിക്കുന്ന കളികളാണോ ഇതൊക്കെയെന്നും ഒന്നും ചോദിക്കേണ്ടിവരുന്നില്ല.

നമ്മള്‍ തെളിവുകളും അവശേഷിപ്പിക്കുന്നില്ല. 26/11-ന്റെ മുഴുവന്‍ ചുമതലയും ആ കിറുക്കന്‍ കസബിന്റെ ചുമലില്‍ വെച്ച്‌, ശേഷിച്ച ഒമ്പതുപേരില്‍ ഒരാളെപ്പോലും ജീവനോടെ പിടികൂടാന്‍ കഴിയാതെ, അവരെ കൊന്ന്‌, ഇരുചെവിയറിയാതെ അടക്കം ചെയ്തു. അങ്ങിനെ, സമീപകാലത്തെ ഒരു വലിയ ഭീകരാക്രമണത്തിനെക്കുറിച്ച്‌ പറയത്തക്ക ഒരു വിവരങ്ങളും അവശേഷിപ്പിക്കാതെ, ഉത്തരം കിട്ടാതെ, അതിനെ ഒരു കടങ്കഥയാക്കി മാറ്റി നമ്മളെ നമ്മള്‍ സ്വയം തോല്‍‌പ്പിച്ചു..

ഇപ്പോള്‍ വീണ്ടുമിതാ, ജൂലായ്‌ 14-ലെ പ്രതിയെന്ന്‌ സംശയിക്കപ്പെട്ട് പിടിക്കപ്പെട്ടവനെയും കസ്റ്റഡിയിലിട്ട്‌ നമ്മള്‍ അവസാനിപ്പിച്ചിരിക്കുന്നു. ആരും ഒന്നും അറിയുന്നില്ല. കഥ ഇനിയും ഏറെക്കുറെ ഇതേവിധത്തില്‍ ഇനിയും തുടരുകയും ചെയ്തേക്കാം. ആര്‍ ആരെയാണ്‌ തോല്‍പ്പിച്ചുകൊണ്ടേയിരിക്കുന്നത്‌?

ചില ഭീകരവാദം നമുക്ക്‌ പഥ്യമാണെന്നും ചിലത്‌ വര്‍ജ്ജ്യമാണെന്നും വരുമോ? ആയിരിക്കണം. സല്‍‌വാ ജുദൂമും, മണിപ്പൂരും, ചത്തീസ്‌ഗഢുമൊക്കെ അതാണല്ലോ നമ്മെ പഠിപ്പിക്കുന്നത്. അതെന്തുമായിക്കൊള്ളട്ടെ. ചില ഭീകരവാദത്തിന്‌ അനുമതി നല്‍കുകയും ചില ഭീകരവാദത്തിനെതിരെ നിഴല്‍യുദ്ധം നടത്തുകയും ചെയ്യുന്ന നമ്മുടെ സ്വന്തം ഭീകരതയൊഴിച്ച് മറ്റൊരു ഭീകരവാദത്തിനും ഇന്ത്യയെ ഒരു കാലത്തും തോല്‍‌പ്പിക്കാനാവില്ല.

Wednesday, July 13, 2011

അസന്തുഷ്ടി, അവരുടെയും നമ്മളുടെയും

ആരുടെ കൃതിയാണെന്നറിയില്ല. എങ്കിലും വായിച്ചുനോക്കാം..


Unhappy Arabs!!!


The Arabs are not happy!
They're not happy in Gaza.
They're not happy in Egypt.
They're not happy in Libya.
They're not happy in Morocco.
They're not happy in Iran.
They're not happy in Iraq.
They're not happy in Yemen.
They're not happy in Afghanistan.
They're not happy in Pakistan.
They're not happy in Syria.
They're not happy in Lebanon.
So, where are they happy?

They're happy in England.
They're happy in France.
They're happy in Italy.
They're happy in Germany.
They're happy in Sweden.
They're happy in the USA.
They're happy in Norway.
They're happy in every country that is not Muslim.
And who do they blame?
Not Islam.
Not their leadership.
Not themselves.


THEY BLAME THE COUNTRIES THEY ARE HAPPY IN!


ഇങ്ങനെവേണം കവിതയെഴുതാൻ.

അന്യനാടുകളിൽ അഭയാർത്ഥിയായി ജീവിക്കേണ്ടിവരുന്ന പാലസ്തീനിയെയും, സ്വന്തം രാജ്യം ശിഥിലമാകുന്നതും കുഞ്ഞുങ്ങൾ ഉപരോധത്തിന്റെ കുരുക്കിൽ പെട്ട് മരുന്നും ഭക്ഷണവും കിട്ടാതെ പിടഞ്ഞു മരിക്കുന്നതും കാണാൻ വിധിക്കപ്പെട്ട ഇറാഖിയെയും, ആളില്ലാ വിമാനങ്ങൾ വർഷിക്കുന്ന  തീയുണ്ടയിൽ ദിനം‌പ്രതി ആവിയാവുന്ന അഫ്ഘാനിയെയും, പട്ടാളവും മതമൌലികവാദികളും സംയുക്തമായി  രചിക്കുന്ന തിരക്കഥയിൽ പെട്ട് നട്ടം തിരിയുന്ന പാക്കിസ്ഥാനിയെയും, പടിഞ്ഞാറൻ ജനാധിപത്യത്തിന്റെയും ഫലാംഗിസ്റ്റുകളുടെയും ചതുരംഗ ചളിക്കളങ്ങളിൽ പെട്ട് ഉഴലുന്ന ലെബനോണിയെയും സിറിയക്കാരനെയും....ആരെയും കാണരുത്..

കാണുന്നിടത്തെല്ലാം മുസ്ലിമെന്ന അവരെയും ‘നമ്മ‘ളെന്ന വേറിട്ടവരെയും മാത്രം കാണുക..

സ്വന്തം ഇസ്ലാമിക രാജ്യങ്ങളിൽ അവർ അസന്തുഷ്ടരായി ജീവിക്കുന്നുവെന്നും പാശ്ചാത്യരാജ്യങ്ങളിൽ അവർക്ക് പരമസുഖമാണെന്നും എന്നിട്ടും സ്വന്തം മതത്തിന്റെയോ, നേതാക്കന്മാരുടെയും അവനവന്റെതന്നെയോ കുറ്റങ്ങളും കുറവുകളും കാണാതെ, അവരെ പഴിക്കാതെ, പകരം, തങ്ങൾ സുഖമായി ജീവിക്കുന്ന നല്ല നാടുകളെ മാത്രം തെറിവിളിച്ചും, വെറുത്തും, കുറ്റം പറഞ്ഞും നടക്കുന്നവന്മാരാണെന്നും,  ‘കാവ്യാത്മക‘മായി നിരീക്ഷിക്കുക.


അതിൽനിന്ന് എത്തുന്ന ഗുണപാഠം ഇതാണ്. ഈ മുസ്ലിങ്ങളുടെ ദുരിതങ്ങൾക്ക് കാരണം അവർതന്നെയാണ്. അതുകൊണ്ട് അവർ ഒരു സഹതാപവും അർഹിക്കുന്നില്ല. അവർ ഇപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങൾ സ്വയം സൃഷ്ടിച്ചതാണ്. നാടൻ ഭാഷയിൽ പറഞ്ഞാൽ, അവർക്കിതു കിട്ടണം..

മുസ്ലിങ്ങളുടെയും അമുസ്ലിമുകളുടെയും നാടുകളിൽ അസന്തുഷ്ടിയുടെ വിത്തുകൾ വിതച്ചത് ആരായിരുന്നു? പാൻ-ഇസ്ലാമിസത്തിന്റെ കുടത്തിൽനിന്ന് മതമൌലികവാദം ഉയർന്നിട്ടുണ്ടെങ്കിൽ അതിന്റെ യഥാർത്ഥ കാരണക്കാർ ആരായിരുന്നു? മതമൌലികവാദം ഇസ്ലാമിന്റെ മാത്രം ഞരമ്പുരോഗമാണോ? ക്രിസ്ത്യാനിയുടെയും ജൂതന്റെയും ഹിന്ദുവിന്റെയും മത-ദേശീയമൌലികവാദങ്ങൾക്ക് ത്രിമധുരമാണോ? ഇപ്പറഞ്ഞ അമേരിക്കയിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും, ജർമ്മനിയിലുമുള്ള തൊഴിൽ രഹിതരും ഭവനരഹിതരും ആരോഗ്യ-ഇൻഷുറൻസ് പരിരക്ഷയില്ലാത്തവരുമായ ലക്ഷക്കണക്കിന് അമുസ്ലിങ്ങളെല്ലാം സന്തോഷം കൊണ്ടിരിക്കാൻ വയ്യാതെയാണോ കഴിയുന്നത്?


അറബിയല്ലാത്ത ഇന്ത്യക്കാരനും മലയാളിക്കും ഈ കവിത ഇതുപോലെത്തന്നെ ബാധകമാവില്ലേ എന്നൊന്നും ചോദിച്ചുപോവുകയുമരുത്..സ്വന്തം നാട്ടിലിരുന്ന് സന്തോഷം സഹിക്കാൻ വയ്യാതെയാണല്ലോ അവൻ പരദേശത്തേക്ക് രക്ഷപ്പെട്ടു പോയതും ഇപ്പോഴും പോകുന്നതും!! ഡോളറും യൂറോയും ദിർഹമും റിയാലും നേടി സന്തുഷ്ടനായപ്പോഴും തീർന്നില്ല പക്ഷേ അവന്റെ അസന്തുഷ്ടി. ചേക്കേറിയ രാജ്യത്തെ അവൻ തെറി പറഞ്ഞുകൊണ്ടിരിക്കുന്നു. കറുത്തവനെയും വെളുത്തവനെയും അറബിയെയും, പഠാണിയെയും ചൈനക്കാരനെയും ബംഗാളിയെയും ഇപ്പോഴും തെറി പറയുന്നു. അവിടെ ജീവിക്കുമ്പോഴും മാമലകൾക്കപ്പുറത്തുള്ള മരതകപ്പട്ടുടുത്ത നാടിനെ എപ്പോഴും സ്വപ്നം കാണുന്നു..ഇടവപ്പാതിക്കും തുലാവരിഷത്തിനും ചിങ്ങനിലാവിനും, മാമ്പഴപ്പുളിശ്ശേരിക്കും, കണിവെള്ളരിക്കക്കും കസവുമുണ്ടിനും നേര്യതിനും  വേണ്ടി കാത്തിരിക്കുന്നു..ഓ, അതോ? അത് പക്ഷേ അസന്തുഷ്ടിയല്ലല്ലോ..അതിന്റെ പേര് ഗൃഹാതുരത്വമെന്നല്ലേ?..അതിതല്ല..

Monday, July 4, 2011

ഒരു ലക്ഷം കോടി സ്വപ്നങ്ങൾ

 
ഒരു ലക്ഷം കോടി രൂപയെ പൈതൃകസ്വത്തായി മ്യൂസിയത്തിലടച്ചിടാനും, ആ നിധിക്കുമേൽ കാവലിരിക്കുന്ന പാമ്പായിരിക്കാനുമുള്ള അവകാശവാദവുമായി ഇറങ്ങിയിരിക്കുന്ന ഉണ്ണാന്മന്മാരുടെ ഇടയിൽ ഒരു ചർച്ചക്കും സ്കോപ്പില്ലായിരിക്കാം. എങ്കിലും ഒരു ലക്ഷം കോടി രൂപ കൊണ്ട് എന്തൊക്കെ ചെയ്യാമെന്ന് സ്വപ്നം കാണാനെങ്കിലും ആർക്കും അവകാശമുണ്ട്. എന്റെ സ്വപ്നങ്ങൾ ഇതൊക്കെയാണ്‌:
  1. കേരളത്തിലെ എല്ലാ ജനങ്ങൾക്കും ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുക. ഓരോ ജില്ലയിലും ചുരുങ്ങിയത്, നാലോ അഞ്ചോ സർക്കാർ ആശുപത്രികളെങ്കിലും പുതിയതായി നിർമ്മിക്കുകയും നിലവിലുള്ള സർക്കാർ ആശുപത്രികൾ നവീകരിക്കുകയും ചെയ്യുക.
  2. കേരളത്തിലെ എല്ലാ ജില്ലകളിലും പൊതുമേഖലയിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുകയും നിലവിലുള്ള സർക്കാർ സ്കൂളുകളെ നവീകരിക്കുകയും. ഇന്ന് നിലവിലുള്ള എല്ലാ എയ്ഡഡ് സ്ക്കൂളുകളെയും, അതിന്റെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം കണക്കാക്കി കൊടുത്ത് സർക്കാരിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്യുക.
  3. സാമൂഹ്യമായും സാമ്പത്തികമായും അവശതയനുഭവിക്കുന്ന, ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങളെയും, തെരുവിൽ ജീവിച്ചുമരിക്കേണ്ടിവരുന്ന നിർദ്ധനരായ ആളുകളെയും പുനരധിവസിപ്പിക്കുകയും അവരിൽ തൊഴിൽ ചെയ്യാൻ കഴിവുള്ളവർക്ക് അതിനുള്ള അവസരങ്ങളും, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങളും ഉറപ്പുവരുത്തുക.
  4. ഭക്ഷ്യോത്പാദന രംഗത്ത് കേരളത്തെ സ്വാശ്രയമാക്കുക.
  5. നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന (ദരിദ്രദൈവങ്ങളുടെ) ദരിദ്രക്ഷേത്രജീവനക്കാർക്ക് പ്രതിമാസവരുമാനമോ പെൻഷനോ രൂപീകരിക്കുക.

തീർന്നില്ല. എല്ലാ അമ്പലങ്ങളുടെയും ക്രിസ്ത്യൻ-മുസ്ലിം പള്ളികളുടെയും സ്വത്തുവകകൾ കൃത്യമായി തിട്ടപ്പെടുത്തുകയും, മുകളിൽ സൂചിപ്പിച്ച ആവശ്യങ്ങൾക്കുവേണ്ടി അവ വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.


സമ്പത്ത് എന്നത്, മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടേണ്ടതോ, അടവെച്ച് കാവലിരിക്കേണ്ടതോ ആയ വസ്തുവല്ലെന്നും ജാതിമതഭേദമെന്യേ നാട്ടിലെ എല്ലാ ജനവിഭാഗങ്ങളുടെയും പൊതുവായ നന്മക്ക് ഉതകുന്ന രീതിയിൽ ചിലവഴിക്കപ്പെടേണ്ട ഒന്നാണെന്നും ബോധ്യമില്ലാത്തവരെ സർക്കാരിന്റെ ചിലവിൽ തന്നെ അടിയന്തിരമായി മനോരോഗാശുപത്രികളിൽ ചികിത്സക്കു വിധേയമാക്കേണ്ടതുണ്ട്. ഇത്തരം നിധികളിൽനിന്നുതന്നെ അതിനുള്ള നിവൃത്തിയും കണ്ടെത്തുകയുമാവാം.

Sunday, July 3, 2011

കാലത്തിന്റെ പുഴ



കടപ്പാട്: റോബർട്ട് ഫിസ്ക്കിന്റെ The Age of Warrior എന്ന പുസ്തകത്തിലെ A river through time എന്ന ലേഖനത്തിന്റെ പരിഭാഷ

സാഹിത്യത്തെയും ചരിത്രത്തെയും സിനിമയെയും വികലമാക്കാനുള്ള ശ്രമങ്ങൾ, എന്നെ സംബന്ധിച്ചിടത്തോളം അശ്ളീലമല്ലാതെ മറ്റൊന്നുമല്ല. ആരൊക്കെയോ, എവിടെയൊക്കെയോ, അവരുടെ വീക്ഷണങ്ങൾ കൊണ്ട് നമ്മെ സംരക്ഷിക്കുകയോ വിഷലിപ്തമാക്കുകയോ ആണ്‌ അതുകൊണ്ട് ചെയ്യുന്നത്. 1934-ൽ ഹിറ്റ്ലർ ബ്രൗൺ ഷർട്ടുകാർക്കെതിരെ നടത്തിയ കശാപ്പിനെക്കുറിച്ച് എഴുതി എന്ന ഒരൊറ്റ കാരണം കൊണ്ട്, വില്ല്യം ഷിററുടെ ‘മൂന്നാം റൈഷിന്റെ ഉദയവും പതനവും’ (The Rise and Fall of the Third Reich) എന്ന പുസ്തകം പിൻവലിക്കാൻ ദക്ഷിണ ലണ്ടൻ ലൈബ്രറി നടത്തിയ ശ്രമമാണ്‌ ഓർമ്മവരുന്നത്. ഹിറ്റ്ലറിന്റെ സൈനികരാൽ കശാപ്പുചെയ്യപ്പെട്ട ബ്രൌൺ ഷർട്ടുകാരിൽ ഒരാൾ ‘സ്ത്രൈണ മുഖഭാവമുള്ള കുപ്രശസ്തനായ ഒരു സ്വവർഗ്ഗസംഭോഗി’യാണെന്നും, അയാളുടെ സുഹൃത്തും നേതാവുമായിരുന്ന ഏണസ്റ്റ് റോഹ്‌മും മറ്റു സഖാക്കളും ‘ലൈംഗികവൈകൃത’മുള്ളവരാണെന്നുമുള്ള പുസ്തകത്തിലെ സൂചനകളായിരുന്നു എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയത്. നാസി കാലഘട്ടത്തിനെക്കുറിച്ച് 1959-ൽ ഷിറർ എഴുതുമ്പോൾ ‘ഗേ’ എന്നത് ‘സന്തോഷം’ ‘ലാഘവത്വം’ തുടങ്ങിയവയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദവും, സ്വവർഗ്ഗാനുരാഗമെന്നത്‌ ഇന്നത്തെപ്പോലെ അന്നും നിയമവിരുദ്ധവും സമൂഹത്തിന്റെ (ഇത്തരം എല്ലാ വൈജാത്യങ്ങളെയും ഒരു സമൂഹം ഉൾക്കൊള്ളേണ്ടതുണ്ട് എന്നു വിശ്വസിച്ച സ്വതന്ത്രവാദികളൊഴിച്ചുള്ളവരുടെ) വെറുപ്പിന്‌ കാരണഭൂതമാവുകയും ചെയ്തിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നമ്മുടെ ഇന്നത്തെ സാമൂഹ്യമായ ശരികളും സദാചാരവുമായി ഷിററിന്റെ രചന യോജിക്കാത്തതുകൊണ്ട് ഒന്നുകിൽ അത്‌ നിരോധിക്കുകയോ, അഥവാ, സ്റ്റാലിൻ കാലഘട്ടത്തിലെ റഷ്യൻ എൻസൈക്ളോപ്പീഡിയകളെപ്പോലെ മാറ്റിയെഴുതപ്പെടുകയോ ചെയ്യണമെന്ന് ചുരുക്കം.

സെമിറ്റിക്ക് വിരോധത്തെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് ഷേക്സ്പ്രിയറും, ‘വെനീസിലെ വ്യാപാരി’യും, മാർലോവിന്റെ ‘മാൾട്ടയിലെ ജൂതനും’ നിരോധിക്കപ്പെടേണ്ടതാണെന്ന്‌ ഇന്നും കരുതുന്ന ജൂത സുഹൃത്തുക്കളുണ്ട്. ടി.എസ്. എലിയറ്റിന്റെ ‘ജെറോൻഷ’നിലെ ജൂതനെക്കുറിച്ചുള്ള വിവരണം ഓരോ തവണ  വായിക്കുമ്പോഴും ഞാനും ചൂളിപ്പോവുന്നുണ്ട്. ശരിയാണ്‌, തന്റെ കാലഘട്ടത്തിലെ സെമിറ്റിക് വിരോധം എലിയറ്റിന്റെ കൃതികളിലും വെളിവാകുന്നുണ്ട്. പക്ഷേ അതുകൊണ്ടുമാത്രം അത് നിഷേധിക്കേണ്ട ആവശ്യവുമില്ല. എത്രമാത്രം അരോചകമായി തോന്നാമെങ്കിലും, ജോർജ്ജ് ഓർവ്വലിന്റെ വിൻസ്റ്റൺ സ്മിത്തിനെപ്പൊലെ, ഇന്നലെയുടെ ഗദ്യത്തെയും പദ്യത്തെയും ശുദ്ധീകരിക്കുന്നതിനുപകരം, അതുമായി ജീവിച്ചുപോകാനാണ്‌ ചരിത്രം നമ്മോട് ആവശ്യപ്പെടുന്നത്. ഹിറ്റ്ലറുടെ ആത്മകഥ - അതിന്റെ ദുഷ്ടതകളെ യുക്തിഭദ്രമായി വിമർശിക്കുന്ന അവതാരികകളോടെ -നാസിസത്തിന്റെ ദുഷ്ടതകളെ വരും തലമുറകൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഇന്നും വിൽക്കപ്പെടുന്നുണ്ട് എന്നും ഓർക്കുക.


എന്നാലും സാംസ്ക്കാരിക സെൻസർഷിപ്പ് അപ്രത്യക്ഷമായിട്ടില്ല. ശേഖർ കപൂറിന്റെ 1998-ലെ ‘എലിസബത്ത്’ എന്ന സിനിമ, ‘കന്യാരാജ്ഞി‘യെ പുനസ്സൃഷ്ടിക്കാനുള്ള ഒരു അസുലഭാവസരമാണ് കേറ്റ് ബ്ലാൻ‌ചെറ്റിന് നൽകിയത്.  പക്ഷേ ആ സിനിമയുടെ ശേഷഭാഗമായ ‘എലിസബത്ത്: ദി ഗോൾഡൻ ഏജ്’ (Elizabeth: The Golden Age) നിരാശപ്പെടുത്തുന്ന ഒരു സിനിമയായിരുനു. 1588-ൽ സ്പാനിഷ് സൈന്യത്തിന്റെ വരവിനു തൊട്ടുമുൻപ് തന്റെ പരമാധികാരത്തിന്റെ പിന്തുണ സൈനികർക്ക് സമർപ്പിച്ച് ടിൽബറിയിൽ വെച്ച് എലിസബത്ത് നടത്തിയ, ബ്രിട്ടനിലെ എല്ലാ സ്ക്കൂൾ കുട്ടികൾക്കും കാണാപ്പാഠം അറിയുന്ന ആ സുപ്രധാനമായ പ്രസ്താവന -“അശക്തവും ദുർബ്ബലവുമായ ഒരു സ്ത്രീ ശരീരമാണ്‌ എന്റേതെങ്കിലും എന്റെഹൃദയവും ചങ്കൂറ്റവും ഒരു രാജാവിന്റേതാണ്‌” -അത്, ആ സിനിമയിൽനിന്ന് നിർദ്ദാക്ഷിണ്യം നീക്കം ചെയ്യപ്പെട്ടു. എന്റെ അച്ഛൻ എപ്പോഴും ആ വാക്യം ഉദ്ധരിക്കുകയും ഒരിക്കൽ ടിൽബറിയിലെ ആ കോട്ട കാണിക്കാൻ -ഇപ്പോഴും അത് അവിടെയുണ്ട്-എന്നെ കൊണ്ടുപോവുകയുമുണ്ടായിട്ടുണ്ട്.


പക്ഷേ, കഷ്ടമെന്നു പറയട്ടെ, ശേഖർ കപൂറിന്‌ ആ വാക്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫെമിനിസത്തിന്റെ കാലത്ത് അത്തരം പ്രസ്താവനകൾ നിഷിദ്ധവും, അസ്വീകാര്യവും, യോജിച്ചുപോകാത്തതും, പ്രകോപനപരവുമായ് അനുഭവപ്പെട്ടിരിക്കാം. അതല്ലെങ്കിൽ എങ്ങിനെയാണ്‌, ചരിത്രപ്രസിദ്ധമായ ആ വാക്കുകൾ സിനിമയിൽ എലിസബത്ത് ഉച്ചരിക്കാൻ വിട്ടുപോയത്? ദശലക്ഷക്കണക്കിന്‌ പ്രേക്ഷകർ ഒരുപക്ഷേ ആ വാക്കുകൾ കേൾക്കാനായിരിക്കാം കാത്തുനിന്നത്. പക്ഷേ അത് അവരിൽനിന്ന് എടുത്തുമാറ്റി. പുരുഷമേധാവിത്വത്തിന്റെ കാലത്ത് തന്റെ രാജ്യത്തെ നയിച്ച അസാധാരണക്കാരിയായ ഒരു സ്ത്രീ എന്നതിനേക്കാൾ നല്ലത്, അശക്തയും ദുർബ്ബലയുമല്ലാത്ത, കന്യകയായ ഒരു ഫെമിനിസ്റ്റ് രാജ്ഞിയാണെന്നായിരിക്കാം കപൂറിന്റെ നിലപാട്.


പക്ഷേ ഇതിലും ദുഷിച്ച തെറ്റിദ്ധരിപ്പിക്കലുകൾ നടത്താൻ സിനിമകൾക്ക് സാധിക്കും. ഉദാഹരണത്തിന്‌, പുരസ്ക്കാരം നേടിയ ഇംഗ്ളീഷ് പേഷ്യന്റ് എന്ന സിനിമയിൽ ഡേവിഡ് കരവാഗിയോ എന്ന ചാരന്റെ തള്ളവിരലുകൾ ഫാസിസ്റ്റ് സൈന്യം വെട്ടിക്കളയുന്ന രംഗം. ഒരു മുസ്ലിമിനു മാത്രമേ അതിനു സാധിക്കൂ എന്ന്‌ കരവാഗിയോയുടെ മർദ്ദകൻ വിശദീകരിക്കുമ്പോൾ ആ ക്രൂര കൃത്യം ചെയ്യൻ കത്തിയുമായി മുന്നോട്ട് വരുന്നത് പർദ്ദയിട്ട ഒരു സ്ത്രീയാണ്‌. നവോത്ഥാന കാലത്തിലെ ഇറ്റലിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയിൽ ഇസ്ളാമിനെ വലിച്ചിഴക്കുന്നതിന്റെ സാംഗത്യം എന്താണെന്ന്, ഈ ഭീകരദൃശ്യം കണ്ടപ്പോൾ എനിക്ക് തീരെ മനസ്സിലായില്ല. തിരക്കഥാകൃത്തും സംവിധായകനുമായ ആന്തണി മിംഗേല എന്തിനാണ്‌ മുസ്ലിങ്ങളെ ഈ കൃത്യവുമായി കൂട്ടിക്കെട്ടിയത്? ഇംഗ്ലേഷ് പേഷ്യന്റിന്‌ ആധാരമായ മൈക്കൽ ഒന്താജെയുടെ നോവൽ ഞാൻ വാങ്ങി വായിച്ചു. കരവാഗിയോയുടെ തന്നെ വാക്കുകളിൽ ആ രംഗം വിവരിക്കുന്നത് ഇപ്രകാരമാണ്‌ “അത് ചെയ്യാൻ അവർ ഒരു സ്ത്രീയെ കണ്ടെത്തി. അതായിരിക്കും കൂടുതൽ നല്ലതെന്ന് അവർക്കു കരുതി. അവർ ഒരു നഴ്സിനെ കൊണ്ടുവന്നു. അവൾ ഒരു നിഷ്ക്കളങ്കയായിരുന്നു. എന്റെ പേരോ, ദേശീയതയോ, എന്നെക്കുറിച്ച് മറ്റെന്തെങ്കിലുമോ അവൾക്ക് അറിയില്ലായിരുന്നു..” മുസ്ലിമിനെക്കുറിച്ച് ഒരു സൂചനയുമില്ല. സിനിമയിലെ അത്യന്തം വംശീയമായ ആ രംഗത്തിന്‌ യഥാർത്ഥ കഥാഭാഗവുമായി തട്ടിച്ചുനോക്കുമ്പോൾ ഒരു അടിസ്ഥാനവുമില്ല. എന്നിട്ടുംഎന്തുകൊണ്ടാണതവിടെ?


ഒരു ആശ്വാസം കിട്ടിയത്, ജോ റൈറ്റിന്റെ ‘അറ്റോൺമെന്റ്’ എന്ന അസാദ്ധ്യ സിനിമ കാണാനായപ്പോഴാണ്‌. 1930-കളിലെ ഇംഗ്ളണ്ടിലെ ഉപരിവർഗ്ഗത്തിന്റെ വഞ്ചനയും കാപട്യവും വിഷയമാക്കിയ ഒരു സൃഷ്ടി. ചെറിയ ബഡ്ജറ്റിൽ നിമ്മിച്ച ഒരു സാധാരണ ആർട്ട് സിനിമ എന്നതിൽനിന്ന് ഡൺകിർക്കിന്റെ ഇതിഹാസമായി മാറിയ സിനിമ. ഇതുവരെ അത് കണ്ടിട്ടില്ലാത്തവർക്കുവേണ്ടി ആ സിനിമയുടെ കഥ സൂചിപ്പിക്കാം. തീരെ ഭാവനാശൂന്യമായ ഒരു ഇതിവൃത്തം.  തന്റെ ബന്ധുവായ ലോലയെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച്, ജ്യേഷ്ഠത്തി സിസിലിയുടെ കാമുകൻ റോബിയെ (കുടുംബത്തിലെ ഒരു വേലക്കാരന്റെ മകനായ റോബി. സ്കോളർഷിപ്പ് നേടി വൈദ്യപഠനത്തിനു പോയി ഇടത്തരക്കാരനാവുന്നുണ്ട് പിന്നീട്) ബ്രയണി എന്ന പതിമൂന്നുകാരി അറസ്റ്റ് ചെയ്യിപ്പിക്കുന്നു. സിസിലിക്ക് റോബിയുടെ നിരപരാധിത്വത്തിൽ വിശ്വാസമുണ്ട്. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ സൈന്യത്തിൽ ചേരുന്നതിന്റെ ആനുകൂല്യത്തിൽ റോബി ജയിൽമോചിതനാവുകയും കഥയുടെ രണ്ടാം പകുതിയിൽ അയാൾ കൂട്ടം തെറ്റിയ തന്റെ രണ്ട് മേലുദ്യോഗസ്ഥരെ ഫ്രഞ്ചു തീരത്തേക്ക് നയിക്കുകയും ചെയ്യുന്നു. 


ഈ രംഗത്തിന്‌ നിഗൂഢമായ ഒരു സാമ്യത കാണാൻ കഴിയും.1957-ലെ ഡൺകിർക്ക് (Dunkirk) എന്ന സിനിമയിൽ ജോൺ മിൽസ് എന്ന കഥാപാത്രം, ഇതുപോലെ കൂട്ടം തെറ്റിയ മറ്റൊരു സംഘത്തെ രക്ഷപ്പെടുത്തുന്നുണ്ട്. പക്ഷേ, അറ്റോൺ‌മെന്റിൽ, ഒരു കനാലിനെ പിന്തുടർന്നുപോകുന്ന റോബി, തനിക്ക് സമുദ്രത്തിന്റെ ഗന്ധം കിട്ടുന്നതായി പറയുന്നു. മണൽക്കുന്നിന്റെ മുകളിൽ നിന്ന് നിന്ന് നോക്കുന്ന അയാളുടെ കണ്ണിൽ തെളിയുന്നത്, കടൽത്തീരത്ത് നില്ക്കുന്ന ഇരുപതിനായിരമോ മുപ്പതിനായിരമോ വരുന്ന വലിയ ബ്രിട്ടീഷ് സൈന്യത്തെയാണ്. വളരെ പെട്ടെന്നും അപ്രതീക്ഷിതവുമായിട്ടാണ് ആ ഐതിഹാസിക രംഗം വരുന്നത്. അത് കണ്ടപ്പോൾ ശ്വാസമടക്കിപ്പിടിച്ച്,‘ ഫക്ക് മി’ എന്ന് ഞാൻ അറിയാതെ പറഞ്ഞുപോയി. കാണികളും സിനിമയും തമ്മിലുള്ള ഒരു മനോഹരമായ സംഗമമായിരുന്നു അത്. ഇതേ ദൃശ്യം കാണാനിടവരുന്ന റോബിയുടെ മേലുദ്യോഗസ്ഥന്മാരിൽ ഒരാളും, എന്റെ വാക്കുകൾ കടമെടുത്ത് ആവേശമടക്കാനാവാതെ പറയുന്നു, ‘ഫക്ക് മി’.


ആ ഡൺകിർക്ക് രംഗം അഞ്ചുമിനുട്ട് ദൈർഘ്യം മാത്രമുള്ളതാണെങ്കിലും അത് തലച്ചോറിനെ ഉലയ്ക്കുന്ന  ഒന്നാണ്‌. ഫ്രഞ്ച് ഉദ്യോഗസ്ഥർ തങ്ങളുടെ കുതിരകളെ വെടിവെച്ച് വീഴ്ത്തുന്നു. മദ്യപിച്ച ബ്രിട്ടീഷ് സൈനികർ ശാപവാക്കുകളുമായി ഓടകളിൽ കിടക്കുന്നു. ഒരു സെൻസർഷിപ്പുമില്ല അവിടെ. പക്ഷേ റോബിയുടെ ഉദ്യോഗസ്ഥൻ പിന്നെയും മുന്നോട്ട് നടക്കുകയാണ്. ഈ സിനിമയുടെ ആധാരമായ ഇയാൻ മൿവാന്റെ പുസ്തകത്തിലാകട്ടെ, ഒരു ചെറിയ സൂചന മാത്രമേ ഉള്ളു. “താഴ്ന്ന സ്വരത്തിൽ, സംഘമായി പാടുന്ന ഒരു കീർത്തനം.. പിന്നീട് അത് നേർത്തുനേർത്തില്ലാതാകുന്നു” എന്ന ഒരു ചെറിയ വാചകം. പക്ഷേ ജോ റൈറ്റിന്റെ സിനിമയിൽ ആ സൈനികോദ്യോഗസ്ഥൻ തകർന്നു തരിപ്പണമായ ഒരു കടൽത്തീരത്തെത്തുന്നുണ്ട്. മുറിവേറ്റ് ചോരപുരണ്ട യൂണിഫോമണിഞ്ഞ ബ്രിട്ടീഷ് സൈനികർ അപ്പോൾ ”മനുഷ്യകുലത്തിന്റെ നാഥനും പിതാവുമായോനേ, ഞങ്ങളുടെ പിഴവുകൾ ക്ഷമിക്കേണമേ“ എന്ന ആ മനോഹരമായ ക്വാക്കർ സംഗീതം ആലപിക്കുന്നു.  ധീരന്മാരായ ആ സൈനികരെ പ്രദക്ഷിണം വെക്കുന്ന ക്യാമറ. തരിപ്പിച്ചിരുത്താൻ പോന്ന ഒരു രംഗം. .ധീരതയെയും എന്നാൽ യുദ്ധത്തിന്റെ നിഷ്ഫലതയെയും ഒരേസമയം ഓർമ്മിപ്പിക്കുന്നു എന്നതാണ്‌, അത്ര മഹത്ത്വമൊന്നും അവകാശപ്പെടാനില്ലാത്തെ ഈ സിനിമയെ മറ്റൊരു തരത്തിൽ സ്മരണീയമാക്കുന്നത്.


ഒരു ചെറിയ കപ്പലിൽ റോബി ഇംഗ്ളണ്ടിലേക്ക് തിരിച്ചെത്തി സിസിലിയുമായി ഒരുമിക്കുന്നുവെന്നും, ദക്ഷിണ ലണ്ടനിലെ അവരുടെ ചേരിയിൽ എത്തി മാപ്പു ചോദിക്കുന്ന ബ്രയണി നുണ പറഞ്ഞതിന്‌ കോടതിയിൽ പോകാൻ സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നുവെന്ന സൂചനയും സിനിമ തരുന്നുണ്ട്. പക്ഷേ സിനിമയുടെ അവസാനം കഥ വീണ്ടും മാറിമറയുന്നു. റോബിയും സിസിലിയും വീണ്ടും ഒരുമിക്കുന്നുവെന്നത്, എഴുതിക്കൊണ്ടിരിക്കുന്ന തന്റെ അവസാനത്തെ നോവലിൽ, ഒരു പ്രായശ്ചിത്തം പോലെ താൻ നെയ്തുവെച്ച വെറും ഭാവനായണെന്നും, റോബി 1940 ജൂൺ 1-ന്‌ ഡുൺകിർക്കിൽ വെച്ച് രോഗാതുരനായി മരിക്കുകയും  നാലുമാസത്തിനുശേഷം, ബൽഹാം മെട്രോവിലെ ഒരു ബോംബിംഗിൽസിസിലിയ കൊല്ലപ്പെടുകയും ചെയ്തുവെന്നും വൃദ്ധയും മരണാസന്നയുമായ ബ്രയണി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.


“കൃത്യമായ ഉത്തരങ്ങളുടെ പ്രായം കഴിഞ്ഞു പോയിരുന്നു‘ എന്ന് വൃദ്ധയായ ബ്രയണി, പുസ്തകത്തിൽ ഒരിടത്ത് തന്നെക്കുറിച്ചുതന്നെ പറയുന്നുണ്ട്. ’അതുപോലെത്തന്നെ ഇതിവൃത്തങ്ങളുടെയും കഥാപാത്രങ്ങളുടെയും പ്രായവും...ഇനിയുമൊരിക്കലും ചലിക്കാൻ കഴിയാത്ത ചക്രങ്ങളുള്ള തുരുമ്പിച്ച യന്ത്രങ്ങളെപ്പോലെ ആയിരിക്കുന്നു ഇതിവൃത്തങ്ങളും..ചിന്തയും ധാരണയും സംവേദനവുമായിരുന്നു അവരെ ആകർഷിച്ചത്..ബോധമനസ്സാകട്ടെ, പുഴയെപ്പോലെ, കാലത്തിലൂടെ..‘. ഈയൊരു സങ്കൽപ്പമാണ്‌ ’അറ്റോൺ‘മെന്റിനെ, കാപട്യത്തെയും യുദ്ധത്തെയും പ്രണയത്തെയും സത്യസന്ധമായി ചിത്രീകരിക്കാൻ ശ്രമിച്ച മറ്റു സിനിമകളുടെ കൂട്ടത്തിൽ നിന്ന് വേറിട്ടു നിർത്തുന്നത്.



Thursday, June 23, 2011

വാക്കുകൾ, അടയാളങ്ങൾ


യാത്രതീർന്നിറങ്ങുമ്പോൾ
കളമൊഴി ചോദിക്കുന്നൂ
ഓർത്തുനോക്കുക, ഒന്നും
മറന്നുവെച്ചിട്ടില്ലല്ലോ
ഭവാൻ?

ഇത്തിരിദൂരം, അല്പ്പനേരമീ
ചെറുയാത്ര,
കൈമോശം വന്നിട്ടില്ല
മറന്നിട്ടുമി,ല്ലൊന്നും

എങ്കിലുമൊരുവേള
കണ്ടേക്കാം വഴിയിൽ ഞാൻ
കയ്യൊഴിഞ്ഞ വാക്കുകൾ
സ്നേഹ, ദ്വേഷപ്പൊട്ടുകൾ

സാരമാക്കേണ്ടതില്ലീ
കാഴ്ചശ്ശീവേലിയിൽ
വഴി തിരിച്ചറിയുവാൻ
വിട്ടുപോന്നതാണവയെ ഞാൻ


(ടാക്സിയിൽനിന്ന് ഇറങ്ങുമ്പോൾ കേൾക്കുന്ന Have you left anything behind? എന്ന വേട്ടയാടുന്ന ആ ചോദ്യത്തോട്)

Wednesday, June 15, 2011

പുരുഷാർത്ഥം


ഒളിക്യാമറയും മാധ്യമങ്ങളും ഈശ്വരന്റെ ലീലാവിലാസവുമുണ്ടെങ്കിൽ എന്താണ് അസാധ്യമായിട്ടുള്ളത്. എത്ര വലിയ കള്ളനെയും കൊലപാതകിയെയും കയ്യോടെ പിടിക്കാം. അത് യൂട്യൂബിലിട്ട് പോലീസിനെ ഏൽപ്പിക്കുക. പോലീസിന്റെ ഭാഗ്യമാണ് ഭാഗ്യം. കള്ളന്റെ വീഡിയോചിത്രം തന്നെ കയ്യിൽ വരുന്നു. അയാൾ മോഷ്ടിച്ച മൊബൈലിൽനിന്നുതന്നെ അയാളെ ‘സമർത്ഥമായി’ വേട്ടയാടി വലയിൽ കുരുക്കുന്നു.

പോലീസ് കള്ളനെ പിടിച്ചതുകൊണ്ട് മാത്രം ഉത്തരവാദിത്ത്വം അവസാനിക്കുന്നില്ല. അതിന്റെ മുഴുനീള വിവരണം കൊടുക്കാൻ ഡെയ്ലി മലയാള മാധ്യമങ്ങളും ആവശ്യാനുസരണം വേണം. അതില്ലാതെ പിന്നെ എന്തു പഞ്ച്? മേമ്പൊടിക്ക് പിന്നെ, കള്ളന്റെ പഴയ കാല വീരപരാക്രമങ്ങളും, കള്ളനാവാൻ അയാളെ പ്രചോദിപ്പിച്ച സിനിമയെക്കുറിച്ചും നായകന്മാരെയുംകുറിച്ചും, മർമ്മത്തും അല്ലാതെയും അയാൾക്കു കിട്ടിയ ചവുട്ടുകളെക്കുറിച്ചും ചുരുങ്ങിയത് രണ്ടുപുറത്തിൽ കവിയാതെയുള്ള ഉപന്യാസജീർണ്ണലിസവും.

ദൈവത്തിന്റെ സ്വന്തം പുന്നാരമക്കൾക്ക് അത്രയെങ്കിലുമൊക്കെ ആസ്വദിക്കാനും രസിക്കാനും അവകാശമുണ്ട്. അതുകൊണ്ട് കണ്ടുരസിക്കുക. ലിങ്ക് തന്ന് ഒരു കള്ളനെക്കൂടി നിങ്ങൾക്ക് ചൂണ്ടിക്കാട്ടി വിളമ്പിത്തരാൻ തത്ക്കാലം മനസ്സില്ല. വേണമെങ്കിൽ സ്വയം ആയിക്കൊള്ളുക.

പുരുഷുവിനെപ്പോലുള്ള കള്ളന്മാരെ സ്നേഹിക്കാതിരിക്കുന്നതെങ്ങിനെ? വലിയ വലിയ കള്ളന്മാർ നമുക്കിടയിൽ തന്നെ എത്രയെണ്ണമുണ്ട്? പൊതുമുതൽ കട്ടുമുടിക്കുകയും കൈയ്യിട്ടുവാരുകയും ചെയ്യുന്ന ഇതിലും കൂടിയ വലിയ കള്ളന്മാർ. അവരെയൊന്നും കുടുക്കാൻ പറ്റിയ ഒളിക്യാമറകളും യൂട്യൂബുകളും നമുക്കില്ലാതെ പോയത് എത്ര ഭാഗ്യമായി!!

ഗ്രാമിന് 2075 രൂപ നിരക്കിൽ വിലയുയരുമ്പോഴും അക്ഷയതൃതീയക്കും, മക്കളുടെ മംഗല്യമാമാങ്കങ്ങൾക്കും, സ്വന്തം പൊങ്ങച്ചത്തിനും വേണ്ടി സ്വർണ്ണം വാരിക്കൂട്ടുന്ന മന്ദബുദ്ധികളായ മലയാളികൾക്കുവേണ്ടി, പതിനാലു ജില്ലകളിലും ചുരുങ്ങിയത് ഒരു പുരുഷുവെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കിലോക്കണക്കിനു സ്വർണ്ണം വാങ്ങിച്ചു കുമിച്ചുകൂട്ടുന്ന വീടുകൾക്കും, പൊന്നിനും പണത്തിനുമൊപ്പം പരസ്പരം തട്ടിച്ചുനോക്കി വിലയിടുന്ന മക്കൾക്കും തന്തതള്ളമാർക്കും പേടിസ്വപ്നമായി ഇനിയും പുതിയ പുരുഷുമാർ ഉണ്ടാകട്ടെ.

ഒളിക്യാമറകളുടെ സാധ്യതകളെയും നമ്മൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. സാധുക്കളും നിരുപദ്രവികളുമായ ചെറിയ പുരുഷുമാരെ പിടിക്കാനും, നീരാടുകയും മൂത്രമൊഴിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ ഗുഹ്യഭാഗങ്ങൾ കണ്ടാനന്ദിക്കാനും മാത്രമാവരുത് ആ ഒളികണ്ണുകൾ. അരമനകളിലും ആശ്രമങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ജനാബുമാരുടെ കോട്ടകൊത്തളങ്ങളിലും, പൊതുജനത്തിന്റെ പണം കക്കാനും, ഇടനിലപ്പണം ഉറപ്പിക്കാനും കൈമാറാനും ഇടയുള്ള ഇടങ്ങളിലും, കാരാഗൃഹങ്ങളിലും, നേരമ്പോക്കിനുള്ള റിസോർട്ടുകളിലും എല്ലാം വേണം ഒളിക്യാമറകൾ.

അപ്പോൾ വിവരമറിയും. പ്രഭാതസവാരിക്കിടയിൽ മണൽ ലോറി കയറിയും, നീന്തിക്കുളിക്കുമ്പോൾ പുഴയിൽ മുങ്ങിത്താണും, തൊടിയിലോ തോട്ടത്തിലോ കിണറ്റിലോ തീവണ്ടിപ്പാളത്തിലോ ചത്തു പുഴുവരിച്ചോ കിടക്കാനും ഭാഗ്യമുണ്ടെങ്കിൽ യോഗമുണ്ടാകും.

അതുകൊണ്ട് നമുക്ക് രസമുള്ള ചെറിയ ചെറിയ കളികൾ മതി. കള്ളനും പോലീസോ, സാറ്റോ, ഓടിത്തൊട്ടോ അങ്ങിനെ എന്തെങ്കിലും ചെറിയ കളികൾ.