രണ്ടര പതിറ്റാണ്ടുകാലം, ഇസ്രായേലിന്റെ അസഹിഷ്ണുതയെയും വംശീയതയെയും കുറിച്ച് നിരന്തരമെഴുതിക്കൊണ്ടിരുന്നു സയ്യദ് കാഷ്വ. ഇസ്രായേലി പത്രമായ ഹാരെട്സിലൂടെ പലസ്തീന്റെ കഥകള്‍ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇത്തവണത്തെ സബാത്ത് അവധിക്കാലം കുടുംബത്തോടൊപ്പം ഇല്ലിനോയിസില്‍ ചിലവഴിക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ് ജൂലായില്‍ ഇസ്രായേലിന്റെ ഗാസ ആക്രമണം ആരംഭിച്ചത്. ഇസ്രായേലിന്റെ തെരുവിലൂടെ "അറബികള്‍ക്ക് മരണം" എന്ന് ആര്‍ത്തുവിളിച്ച് ജൂതയുവത്വം ഘോഷയാത്ര നടത്തിയപ്പോള്‍ അയാള്‍ക്ക് മടുത്തു. കാഷ്വ എഴുതുന്നു."കഴിഞ്ഞയാഴ്ച ഞാന്‍ എല്ലാം ഉപേക്ഷിച്ചു. ഇത്രകാലം ഞാന്‍ നടത്തിയ ചെറിയ യുദ്ധത്തില്‍ ഞാന്‍ പരാജയപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു". അങ്ങിനെ സയ്യദ് കാഷ്വ കുടുംബത്തോടൊപ്പം അമേരിക്കയിലെ ഷാമ്പയിനിലേക്ക് താമസം മാറ്റി. ഇല്ലിനോയിസ് സര്‍വ്വകലാശാലയില്‍ ഹീബ്രൂ പരിശീലകനായി ജോലി ആരംഭിച്ചു. ഈയടുത്ത്, തന്റെ ചിരകാല സുഹൃത്തും, ഇസ്രായേലി സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനുമായിരുന്ന എഡ്ഗാര്‍ കെററ്റുമായി കാഷ്വ ചില കത്തിടപാടുകള്‍ നടത്തി. കാഷ്വയെപ്പോലെ എഡ്ഗാറും ഇസ്രായേലിന്റെ വംശീയ നിലപാടുകള്‍ക്കെതിരെ നിര്‍ഭയമായി നിരന്തരം എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ആധുനിക ഇസ്രായേലി ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി സര്‍റിയലിസ്റ്റ് കഥകളുടെ രചയിതാവാണ് എഡ്ഗാര്‍. ഒരു സിനിമാ പ്രവര്‍ത്തകനും.
അമേരിക്കയില്‍ താമസമാരംഭിച്ചതിനെക്കുറിച്ചും, ജന്മാനാട്ടിലേക്ക് എന്നു പോകാനാകും എന്ന സന്ദേഹവും ആശങ്കയും പങ്കുവെച്ചുകൊണ്ട് സയദ് കാഷ്വ എഡ്ഗാറിനയച്ച കത്തിന്റെ അവസാനം, ഇങ്ങനെയാണ്.
"ആക്രമണങ്ങള്‍ക്കും യുദ്ധസംവിധാനങ്ങള്ക്കുമെതിരായി വ്യത്യസ്തമായ വീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തുന്നതുകൊണ്ട് താങ്കളും ഭാര്യയും അനുഭവിക്കുന്ന ദുരിതങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയുമെങ്കിലും, ഞാനിത് നിനക്കെഴുതുന്നത്, ഒരുപക്ഷേ എനിക്ക് എന്തെങ്കിലുമൊരു പ്രതീക്ഷ നല്‍കണേ എന്ന് ആവശ്യപ്പെടാനാണ്. വേണമെങ്കില്‍ നുണ പറഞ്ഞോളൂ, എങ്കിലും എഡ്ഗാര്‍, ശുഭപര്യവസായിയായ ഒരു കഥ പറഞ്ഞുതരൂ, എനിക്ക്".
ഒരു ചെറിയ കഥ ഉള്ളടക്കം ചെയ്ത്, എഡ്ഗാര്‍, സയദ് കാഷ്വയ്ക്ക് മറുപടി എഴുതി. കഥ വായിക്കൂ.
ഒരു അറബ്-ഇസ്രായേലി പ്രവാസിയുടെ മനസ്സില്‍ ഉദയം ചെയ്ത അത്യത്ഭുതവും അപാരവുമായ ആശയം കൊണ്ട്, 2015 എന്ന വര്‍ഷം, മദ്ധ്യപൂര്‍വ്വദേശത്ത് ചരിത്രപ്രാധാന്യമുള്ളതായിത്തീര്‍ന്നു. ഒരു വൈകുന്നേരം,, ഇല്ലിനോയിസിലെ തന്റെ വീട്ടുമുറ്റത്തിരിക്കുമ്പോള്‍, കണ്മുന്നില് അനന്തമായി, ചക്രവാളം വരെ നീണ്ടുപരന്നുകിടക്കുന്ന ചോളപ്പാടങ്ങള്‍ അയാളുടെ ശ്രദ്ധയില്‍ പെട്ടു. എല്ലാവര്ക്കും താമസിക്കാന്‍ ആവശ്യത്തിനുള്ള സ്ഥലമില്ലാത്തതാണ് തന്റെ ജന്മനാടിന്റെ അടിസ്ഥാനപരമായ പ്രശ്നമെന്ന ചിന്ത അയാള്‍ക്കുണ്ടായി. "ഈ പാടങ്ങള്‍ വൃത്തിയായി, ചെറുതായി മടക്കി, സ്യൂട്ട്കേസില്‍ വെച്ച് കൊണ്ടുപോകാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍" എന്ന ഒരു ചിന്ത അയാള്‍ക്കുണ്ടായി. "പിഴയടയ്ക്കേണ്ട ഒന്നും എന്റെ കയ്യിലില്ലാത്തതുകൊണ്ട്, കസ്റ്റംസിലെ ഗ്രീന്‍ ചാനലിലൂടെ എളുപ്പത്തില്‍ കടന്നുപോകാന്‍ കഴിയും. കസ്റ്റംസ് ഇന്‍സ്പെക്ടര്‍ക്ക് താത്പര്യം തോന്നുന്നതോ, എന്തെങ്കിലും അട്ടിമറിക്കാനുള്ള പ്രത്യയശാസ്ത്രമോ ഒന്നും അല്ലല്ലോ പെട്ടിയിലുണ്ടാവുക. അതില്‍ ആകെയുള്ളത്, നന്നായി, ചെറുതാക്കി മടക്കിവെച്ച ചോളപ്പാടങ്ങള്‍ മാത്രമല്ലേ. വീട്ടിലെത്തി അതു തുറക്കുമ്പോള്‍, ഹോ!! എല്ലാവര്ക്കും, ഇസ്രായേലികള്‍ക്കും, പലസ്തീനികള്‍ക്കും എല്ലാം, ആവശ്യത്തിനുള്ള സ്ഥലമായി. പിന്നെയും കുറെ ബാക്കിവരും. ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി തങ്ങള്‍ സ്വായത്തമാക്കിയ സാങ്കേതികവിദ്യയും അറിവും വെച്ച് എന്തുകൊണ്ട് ലോകത്തിലേറ്റവും വലിയ ഒരു റോളര്‍ കോസ്റ്ററുള്ള അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മിച്ചുകൂടാ?" ഇതായിരുന്നു അയാള്‍ ചിന്തിച്ചത്.
തന്റെ ഈ ഗംഭീരമായ ആശയം ഭാര്യയുമായി പങ്കുവെക്കാന്‍ വേണ്ടി അത്യധികം ആവേശത്തോടെ അയാള്‍ വീടിനകത്തേക്കു പോയി. പക്ഷേ ഈ ആശയം കേട്ടിട്ടും അവര്‍ക്ക് പ്രത്യേകിച്ചൊരു ഭാവമാറ്റവുമുണ്ടായില്ല. "വിട്ടുകളയൂ, അതൊന്നും നടക്കാന്‍ പോവുന്നില്ല" എന്നായിരുന്നു അവരുടെ തണുപ്പന്‍ മറുപടി. അയാള്‍ ആലോചിച്ചു. ഈ ആശയം നടപ്പാക്കുന്നതില്‍ ചില്ലറ ബുദ്ധിമുട്ടുകളൊക്കെയുണ്ട്, ഉദാഹരണത്തിന് പാടം വിട്ടുകിട്ടാന്‍ ഇല്ലിനോയിസിലെ കര്‍ഷകരെ പ്രേരിപ്പിക്കണം, പാടം ഭംഗിയായി മടക്കി ബാഗില്‍ അമര്‍ത്തിവെച്ച് കൊള്ളിക്കണം, അങ്ങിനെ ചില ചെറിയ സാങ്കേതിക പ്രശ്നങ്ങള്‍, അതയാള്‍ സമ്മതിച്ചു. "എങ്കിലും, നമ്മുടെ രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ ഉതകുന്ന ഒരു വലിയ ആശയം, ഇത്തരം ചെറിയ ചെറിയ പ്രശ്നങ്ങള്കൊണ്ടുമാത്രം ഉപേക്ഷിക്കേണ്ടതുണ്ടോ?" അയാള്‍ ഭാര്യയോട് ചോദിച്ചു.
"അതല്ല പ്രശ്നം മണ്ടാ" ഭാര്യ പറഞ്ഞു. "നിങ്ങളുടെ ആ പൊളിഞ്ഞുപാളീസായ പെട്ടിയില്‍ ആ സ്ഥലം മുഴുവന്‍ ഞെക്കിയടുക്കിവെച്ചാലും ആ പ്രദേശത്ത് സമാധാനം കൊണ്ടുവരാന്‍ നിങ്ങള്‍ക്കാവില്ല. ഒരു ഭാഗത്ത്, ദൈവം ഈ സ്ഥലമൊക്കെ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതാണെന്ന് വിശ്വസിക്കുന്ന തീവ്ര-യാഥാസ്ഥിതിക വിഭാഗം, മറുഭാഗത്ത്, ഈ ചോളപ്പാടങ്ങളൊക്കെ ഞങ്ങളുടെ ജന്മാവകാശമാണെന്നു കരുതുന്ന, മിശിഹായുടെ വംശീയവാദികള്‍. അതില്‍നിന്ന് ഊരിപ്പോരാന്‍ എളുപ്പമല്ല പ്രിയനേ", അവര്‍ പറഞ്ഞു. " സമാധാനത്തോടെ അടുത്തടുത്ത് പാര്‍ക്കാന്‍ ആഗ്രഹമുള്ള ധാരാളം ആളുകളുണ്ടെങ്കിലും, അത് ആഗ്രഹിക്കാത്ത, ഒരിക്കലും അതിനു സമ്മതിക്കാത്ത ആളുകള്‍ ഇരുവശത്തുമുള്ള നാട്ടിലാണ് നമ്മള് ജനിച്ചുപോയത്".
ആ രാത്രി എഴുത്തുകാരന് ഒരു വിചിത്രമായ സ്വപ്നാനുഭവമുണ്ടായി. അനന്തമായ ചോളപ്പാടങ്ങളും, അവയില്‍നിന്ന് കുതിച്ചുയരുന്ന മിസ്സൈലുകളും, അതിനെ പ്രതിരോധിക്കുന്ന മിസ്സൈലുകളും, സ്വര്ഗ്ഗത്തില്നിന്നെന്ന പോലെ ആകാശത്തുനിന്ന് ജെറ്റ് വിമാനങ്ങള്‍ വര്‍ഷിക്കുന്ന ബോംബുകളും എല്ലാമായിരുന്നു ആ സ്വപ്നത്തില്‍. സ്വപ്നത്തില്‍, ആ ചോള പാടങ്ങള്‍ കത്തിയുയരുമ്പോള്‍, ആര് ആരോടാണ് യുദ്ധം ചെയ്യുന്നതെന്ന് എഴുത്തുകാരനു മനസ്സിലായില്ല. കാരണം, സ്വപ്നത്തില്‍ ആളുകളെയൊന്നും അയാള്‍ കണ്ടില്ല. കണ്ടതാകട്ടെ, മിസ്സൈലുകളും ബോംബുകളും കത്തുന്ന ചോളപ്പാടങ്ങളും മാത്രം.
പിറ്റേന്ന് വെളുപ്പിന്, സ്വാദില്ലാത്ത അമേരിക്കന്‍ കാപ്പിയും കുടിച്ച്, ഭാര്യയോട് യാത്രപോലും പറയാന്‍ നില്‍ക്കാതെ (മണ്ടാ എന്നു ഭാര്യ തന്നെ വിളിച്ചത് വല്ലാത്ത അപമാനമായി തോന്നിയിരുന്നു അയാള്‍ക്ക്) കുട്ടികളെ കിന്റര്‍ഗാര്‍ട്ടനിലും സ്കൂളിലുമാക്കി തിരിച്ചുവന്ന്, അയാള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഒരു കഥയെഴുതാനിരുന്നു. ഒരു കാരണവുമില്ലാതിരുന്നിട്ടും, ജീവിതത്തില്‍നിന്നും ഭാര്യയില്‍നിന്നും, ക്രൂരത മാത്രം അനുഭവിക്കേണ്ടിവരുന്ന സത്യസന്ധനും നല്ലവനുമായ ഒരു മനുഷ്യനെക്കുറിച്ച്, അല്‍പ്പം സങ്കടത്തോടെയും സ്വയം സഹതാപത്തോടെയുമാണ് അയാള്‍ എഴുതാനിരുന്നത്. അങ്ങിനെ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ്, മദ്ധ്യപൂര്‍വ്വദേശത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായേക്കാവുന്ന മറ്റൊരു മനോഹരമായ ആശയം - ആദ്യത്തേതിനേക്കാള്‍ മഹത്തായത്- പൊടുന്നനെ അയാള്‍ക്കുണ്ടായത്. ഭൂമിയല്ല, ആളുകളാണ് ശരിക്കുള്ള പ്രശ്നമെങ്കില്‍, 'രണ്ടു രാജ്യം' എന്ന പരിഹാരത്തിനു പകരം എന്തുകൊണ്ട് 'മൂന്നു രാജ്യം' എന്നാക്കിക്കൂടാ? ആദ്യത്തേതില്‍ പലസ്തീനികള്‍ക്കും, രണ്ടാമത്തേതില്‍ ഇസ്രായേലികള്‍ക്കും, യുദ്ധം ചെയ്യുന്നതില്‍ മാത്രം സുഖം കണ്ടെത്തുന്ന എല്ലാ മൗലികവാദികള്‍ക്കും വംശീയ വിദ്വേഷക്കാര്ക്കും കൂടി മൂന്നാമത്തേതിലും ജീവിക്കാന്‍ കഴിയില്ലേ? ചോളപ്പാടങ്ങള്‍ മടക്കിയടക്കി കൊണ്ടുപോകുന്ന ആശയത്തേക്കാള്‍ ഭേദമാണ് ഈ ആശയമെന്ന് അയാളുടെ ഭാര്യയ്ക്ക് തോന്നി. അതിനിടയ്ക്ക്, ഇല്ലിനോയിസിലെ ഒരു പെട്റോള് പമ്പിലെ ഹോട്ടലില്‍ വെച്ച് ആകസ്മികമായി അയാള്‍ കൂട്ടിമുട്ടിയ ബാരക്ക് ഒബാമയ്ക്കും ഈ ആശയം നന്നേ പിടിച്ചു.
അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍, മദ്ധ്യപൂര്‍വ്വദേശത്തെ ആ കൊച്ചു കോണില്‍ മൂന്നു രാജ്യങ്ങള്‍ അടുത്തടുത്തായി നിലവില്‍ വന്നു. ഇസ്രായേല്‍ രാജ്യം, പാലസ്തീന് രാജ്യം, എപ്പോഴും ആഭ്യന്തരയുദ്ധം നടക്കുകയും, ആയുധ വ്യാപാരികളും വാര്‍ത്താ സംപ്രേക്ഷകരും പിന്തുണക്കുകയും ചെയ്യുന്ന, 'കരുത്തിന്റെ ഭാഷ മാത്രം മനസ്സിലാവുന്ന' എന്നു പേരുള്ള ഒരു റിപ്പബ്ലിക്കും. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വാങ്ങാന്‍ വിസമ്മതിച്ച് നമ്മുടെ എഴുത്തുകാരന് (കഥയിലെ എഴുത്തുകാരന്, വളരെ വിനയാവനായിരുന്നു അയാള്‍) തന്റെ പെട്ടിയെല്ലാമെടുത്ത് കുടുംബത്തോടൊപ്പം ഇസ്രായേലിലെ തന്റെ വീട്ടിലേക്ക് മടങ്ങി. 'കരുത്തിന്റെ ഭാഷ മാത്രം മനസ്സിലാവുന്ന റിപ്പബ്ലി'ക്കില്‍ സമാധാനം കൊണ്ടുവരാനുള്ള -എപ്പോഴും പരാജയപ്പെടുന്ന - സമാധാനചര്‍ച്ചകള്‍ക്കായി ഓരോ തവണയും എത്തുമ്പോള്‍, തന്റെ നാട്ടില്‍ സ്വന്തം പ്രയത്നം കൊണ്ട് സമാധാനം കൈവരുത്തിയ ഈ എഴുത്തുകാരനെ കാണാന്‍ മാത്രം ബാരക് ഒബാമ അയാളുടെ വീട്ടില്‍ വരും. മുമ്പിലിരിക്കുന്ന പ്ലേറ്റിലെ ചോളമണികള്‍ കൊറിച്ചുകൊണ്ട്, അവരിരുവരും, എഴുത്തുകാരന്റെ വീട്ടിലെ ബാല്‍ക്കണിയില്‍, കണ്മുന്നില് പരന്നുകിടക്കുന്ന താഴ്വരയിലേക്ക് നോക്കി നിശ്ശബ്ദമങ്ങിനെയിരിക്കും.
പരിഭാഷക കുറിപ്പ് സയദ് കാഷ്വയും എഡ്ഗാര്‍ കെററ്റും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ അല്‍പ്പം ദൈര്‍ഘ്യമേറിയതാണ്. സയ്യദ് കാഷ്വയുടെ കത്തും അതിനുള്ള എഡ്ഗാറിന്റെ മറുപടിയുമാണ് ഇതിന്റെ ആദ്യഭാഗമായി 'ദ് ന്യൂയര്ക്കര്' മാസികയില്‍ ഇന്നലെ വന്നത്. അതിന്റെ രണ്ടാം ഭാഗം 'ന്യൂയോര്‍ക്ക'റില്‍ ഇന്ന് പ്രസിദ്ധീകരിക്കും. സയ്യദിന്റെ കത്ത് ഇവിടെ പരിഭാഷിച്ചിട്ടില്ല. എഡ്ഗാറിന്റെ കത്തിലെ പ്രസക്തമെന്ന് തോന്നിയ ഭാഗം മാത്രമാണ് മുകളില്‍ (മൂന്നാമത്തെ ഖണ്ഡിക മുതല്‍) കൊടുത്തിരിക്കുന്നത്. സമയവും സൗകര്യവുമുണ്ടെങ്കില്‍ രണ്ടാം ഭാഗവും ചെയ്യാം. ഇല്ലെങ്കിലില്ല. അത്രയൊക്കെയേ പറ്റൂ.ഈ കത്തുകള്‍ വായിക്കണമെന്നുള്ളവര്‍ക്ക്, ഇവിടെ നോക്കാം. http://www.newyorker.com/books/page-turner/tell-story-happy-ending-exchange-etgar-keret-sayed-kashua