രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ് മലയാളം പാഠപുസ്തകത്തിൽ അയിത്തം എന്ന സാധനത്തെ ആദ്യമായി കാണുന്നത്. സ്കൂളിൽനിന്ന് വൈകുന്നേരം വീട്ടിലേക്ക് അപ്പു വരുമ്പോൾ കൂടെ അവന്റെ ഒരു സുഹൃത്തുമുണ്ടായിരുന്നു. താഴ്ന്ന ജാതിക്കാരനായതുകൊണ്ട് സുഹൃത്തിനെ വീട്ടിനകത്തേക്ക് പ്രവേശിപ്പിക്കാൻ അപ്പുവിന്റെ അമ്മമ്മ സമ്മതിച്ചില്ല. സുഹൃത്തിനെ കയറ്റാൻ അനുവദിക്കാത്ത വീട്ടിലേക്ക് താനും കയറുന്നില്ലെന്ന് അപ്പു. അമ്മമ്മയുടെ ഭാഗം പിടിച്ചുനിന്ന അമ്മയും ഒടുവിൽ മകന്റെ ഭാഗത്തേക്ക് കാലുമാറി. തന്റെ മകൻ കയറാത്ത വീട്ടിൽ തനിക്കും താമസിക്കേണ്ടെന്നായി അവർ. പാവം അമ്മമ്മ. അവർ ഒറ്റപ്പെട്ടു. നിവൃത്തിയില്ലാതെ, ഒടുവിൽ അവരും കീഴടങ്ങുന്നു. അപ്പുവിനെയും അവന്റെ സുഹൃത്തിനെയും ആ അമ്മമ്മ വീട്ടിനകത്തേക്ക് ആനയിക്കുന്നതോടെ കഥ തീരുന്നു. പാഠത്തെ അവലംബിച്ച് ഉത്തരമെഴുതേണ്ട ചോദ്യമായിരുന്നു ബഹു വിശേഷം “അപ്പു അവന്റെ അമ്മമ്മയുടെ തെറ്റിദ്ധാരണയെ അകറ്റിയത് എങ്ങിനെ?” എന്നായിരുന്നു അത്. എത്ര ലളിതമായ കഥ! എത്ര ശുദ്ധമാനസരായ കഥാപാത്രങ്ങൾ! എത്ര നിഷ്ക്കളങ്കരായ പാഠപുസ്തക രചയിതാക്കൾ! എന്തൊക്കെ പറഞ്ഞാലും ആ കഥ ഇന്നും മനസ്സിൽ നിൽക്കുന്നുണ്ട്.
ആലോചിച്ചുനോക്കിയാൽ നാൽപ്പത്തഞ്ചു കൊല്ലം മുൻപ് അങ്ങിനെയൊരു അമ്മമ്മയും അമ്മയുമൊന്നും കേരളത്തിൽ അധികമൊന്നും ഇല്ലായിരുന്നുവെന്നുവേണം പറയാൻ. അതിനുതക്കവണ്ണം ആരൊക്കെയോ ഉഴുതുമറിച്ച മണ്ണിലിരുന്നുകൊണ്ടാണ് അറുപതുകളുടെ അവസാനം ആ പാഠം പഠിക്കേണ്ടിവന്നത്.
എന്നാൽ ഇന്ന് അതല്ല സ്ഥിതി. അതിനേക്കാൾ സൂക്ഷ്മമായ അയിത്താചരണങ്ങളിലൂടെയും, അതിനെ ന്യായീകരിക്കാനുള്ള ‘ശാസ്ത്രീയ ഉക്തി‘കളുമായിട്ടാണ് ഇന്നത്തെ അപ്പുമാരെ ഇന്നത്തെ അപ്പനമ്മമാരും അമ്മമ്മമാരും വളർത്തിയെടുക്കുന്നത്. ഒരുപക്ഷേ അപ്പുവിന്റെ സുഹൃത്തിനെ അവർ വീട്ടിനകത്തേക്ക് കടത്തിയിരുത്തിയെന്നുവെന്നും വരാം. പക്ഷേ അപ്പോഴും സ്വന്തം അപ്പുവിന്റെ ‘മെറിറ്റി’നെ തോൽപ്പിച്ച് അവന്റെ അവസരങ്ങളെ ‘തട്ടിയെടുക്കുന്ന’ ‘ജാതിയിൽ താണ’ ആ സുഹൃത്തിനെ എപ്പൊഴും അവർ ഉള്ളിന്റെ പുറത്തുതന്നെയാവും ഇന്ന് നിർത്തുക. അപ്പുവിന്റെ സുഹൃത്തിനെ അടുത്തിരുത്തിക്കൊണ്ടുതന്നെ അവർ ‘പട്ടിയെയും പൂച്ച’യെയും കുറിച്ച് നസ്യം പറയും. ഇന്നത്തെ അപ്പുമാരാകട്ടെ പഴയകാലത്തെ തെറ്റിദ്ധാരണകളെ ശരിയായ ധാരണകളായി മനസ്സിലാക്കി ഉള്ളിൽ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു.
ആരും ആരുടെയും തെറ്റിദ്ധാരണകളെ മാറ്റുന്നില്ല എന്നതാണ് നമ്മൾ പാഠങ്ങളിൽനിന്ന് പഠിക്കുന്നത്. ഇതുവരെ പഠിച്ചതും അതല്ലാതെ മറ്റൊന്നുമായിരുന്നില്ല.
30 November 2014
No comments:
Post a Comment