മലാലയും സത്യാർത്ഥിയും ആഗോളതലത്തിൽ ബഹുമാനിക്കപ്പെടുന്നു എന്നതാണ് കൂടുതൽ സന്തോഷം തരുന്ന കാര്യം. നോബൽ സമ്മാനത്തിന് അവർ അർഹരായി എന്നതല്ല. ഒരു ഇസ്ലാമിക രാജ്യമാണെങ്കിലും, താലിബാൻ തരുന്ന വിദ്യാഭ്യാസത്തേക്കാളും പാക്കിസ്ഥാൻ എന്ന രാജ്യം തരുന്ന വിദ്യാഭ്യാസമാണ് തന്നെപ്പോലുള്ള കുട്ടികൾക്കാവശ്യം എന്ന് വിശ്വസിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത മിടുക്കിയാണ് മലാല. സാമ്രാജ്യത്വ ശക്തികളും അവരുടെ മാധ്യമങ്ങളും അവളെ സ്വന്തം കാര്യത്തിന് ഉപയോഗിച്ചിട്ടുണ്ടാകാം. എന്നാലും അതൊന്നും ആ ധീരയായ പെൺകുട്ടിയുടെ പ്രവർത്തനങ്ങൾക്കോ, അതിന്റെ പ്രസക്തിക്കോ ഒട്ടും മങ്ങലേൽപ്പിക്കുന്നില്ല. അഫ്ഘാനിസ്ഥാന്റെ മലാലായ് ജൊയയേക്കാളും ചെറുപ്പമാണെങ്കിലും ചങ്കൂറ്റത്തിൽ സ്വാതിന്റെ മലാലയും ഒട്ടും പിന്നിലല്ല. പാക്കിസ്ഥാന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് ആ പെൺകിടാവ്.
കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള നിയമങ്ങൾ ദുർബ്ബലമാവുകയും അവർക്കുനേരെയുള്ള അവകാശധ്വംസനങ്ങൾ നിത്യസംഭവമാവുകയും ചെയ്യുന്ന ഒരു രാജ്യത്ത് കൈലാഷ് സത്യാർത്ഥിയെപ്പോലെയൊരാൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുക എന്നത് ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായി സത്യാർത്ഥിയും മാറിയിരിക്കുന്നു.
അത്രത്തോളം ശരിതന്നെ. പക്ഷേ, വഷളത്തരത്തിന് ഒരു നോബേൽ സമ്മാനമുണ്ടെങ്കിൽ അത് കൊടുക്കേണ്ടത്, സ്വീഡിഷ് അക്കാഡമിക്കാണ്. ഇന്ത്യയിലെ ഒരു ഹിന്ദുവിനും പാക്കിസ്ഥാനിലെ ഒരു മുസ്ലിമിനും സമാധാനത്തിനുള്ള ആഗോള സമ്മാനം കൊടുത്തു എന്ന ആ പ്രസ്താവനയ്ക്ക്.
ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും സമ്മാനം കൊടുക്കാനായിരുന്നെങ്കിൽ, എന്തിന് മലാലയെയും സത്യാർത്ഥിയും വേണം? ഇരു രാജ്യക്കാരുടെയും വെറുപ്പും ചീത്തവിളിയും ഭീഷണിയും നേരിട്ട് ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ സമാധാനവും സ്നേഹവും വളർത്താൻ പരിശ്രമിക്കുന്ന ഇൻഡോ-പാക്കിസ്ഥാൻ സൌഹൃദ സംഘടനകളുണ്ടായിരുന്നില്ലേ? അവരായിരുന്നില്ലേ കൂടുതൽ അർഹർ?
മലാലയും സത്യാർത്ഥിയും കേവലം പാക്കിസ്ഥാനി മുസ്ലിമും ഇന്ത്യൻ ഹിന്ദുവുമല്ല. നിലവിലുള്ള സാമൂഹ്യാ തിന്മകൾക്കെതിരെ, സ്വന്തം നിലയിൽ പരിഹാരം കാണാൻ ശ്രമിച്ച വ്യക്തികളാണ്, രണ്ട് ഉജ്ജ്വല ആശയങ്ങളാണവർ. ആ ആശയങ്ങളാണ് പുരസ്കൃതമായത്. അല്ലാതെ, സത്യാർത്ഥിയും, മലാലായും എന്ന മതനാമധാരികളല്ല.
11 October 2014
No comments:
Post a Comment