സമ്പൂര്‍ണ്ണ മദ്യനിരോധനം നിലനില്‍ക്കുന്ന ഒരു പ്രവിശ്യയാണ് ഷാര്‍ജ. അതും ഒരു അറബ് നാട്ടില്‍ യു.എ.ഇ.യില്‍ ആദ്യം മദ്യം വിളമ്പിയിരുന്നത് ഷാര്‍ജയിലെ കിംഗ് ഫൈസല്‍ റോഡിലെ ആ ഒരു ഹോട്ടലിലായിരുന്നു (ഒരു വര്‍ഷത്തിനുള്ളില്‍ അതിനെ പേരുപോലും മറന്നുപോയി!!). ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ ആസ്ഥാനമായിരുന്നു അന്ന് ഷാര്‍ജ. ഇന്ന് കള്ളിന്റെ പറുദീസയായ ദുബായ് അന്ന് ഗംബ്ലീറ്റ് പച്ചയായിരുന്നു എന്നും ഓര്‍ക്കുക.
ഷാര്‍ജ ചെയ്യുന്ന അനിസ്ലാമികമായ മദ്യവില്പ്പനയില്‍ മനം നൊന്ത് ദുബായിലെ ഷേക്ക് റാഷീദ് ഷാര്‍ജയിലെ അന്നത്തെ രാജാവിനു കത്തെഴുതി. ഇതിങ്ങനെ തുടര്‍ന്നാല്‍ നിങ്ങള്‍ നശിച്ചുപോകും. ഇത് നമുക്ക് ചേര്‍ന്നതല്ല. നിര്‍ത്ത് എന്ന്. ഷാര്‍ജ രാജാവിനു നേര്‍ബുദ്ധി തെളിഞ്ഞു. തന്നെ നേര്‍വഴിക്ക് നയിച്ച ഷേക്ക് റാഷീദിനു നന്ദി പറഞ്ഞ്, ഷാര്‍ജയുടെ കാസിമി തന്റെ നാട്ടില്‍ കള്ളു വില്‍പ്പന പാടേ നിര്‍ത്തി. ഷാര്‍ജ കള്ളു നിര്‍ത്തിയതിന്റെ പിന്നാലെ, ദുബായ് അതിന്റെ ആദ്യത്തെ ബാര്‍ തുറന്നു. ദൈറയിലെ അബ്രയ്ക്ക് സമീപം കാള്‍ട്ടണ്‍ ഹോട്ടലില്‍. ബുദ്ധി ഉപദേശിച്ച അമേരിക്കന്‍ ജൂതനായ എറിക്ക് കാള്‍ട്ടന്റെ സ്വന്തം ഉടമസ്ഥതയില്‍. പിന്നെ ഇന്നോളം ദുബായ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഷാര്‍ജ അക്ഷരാര്‍ത്ഥത്തില്‍ തെണ്ടിപ്പോയി.
പക്ഷേ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഷാര്‍ജ പിന്നീട് കുതിച്ചുയര്‍ന്നു. സമ്പൂര്‍ണ്ണ മദ്യനിരോധനവും പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷകളും നിലവിലുള്ള പ്രവിശയില്‍, എല്ലാ മുക്കിലും മൂലയിലും ഇന്ന് കള്ളുകിട്ടും. ഇന്നത്തെ നമ്മുടെ ഗുജറാത്തുപോലെ. ഒരു ഫോണ്‍വിളി മതി. ഇഷ്ടമുള്ള ബ്രാന്‍ഡ് നിമിഷങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തും. ഓരോരുത്തരും കുടിക്കുന്ന കള്ളിന്റെ ബ്രാന്‍ഡുപോലും അവര്‍ക്ക് ഹൃദിസ്ഥമാണ്. അത്രയ്ക്ക് ആത്മബന്ധമാണ് സമ്പൂര്‍ണ്ണമദ്യനിരോധനത്തിനും കള്ളുകച്ചവടക്കാര്‍ക്കും കുടിക്കുന്നവര്‍ക്കും ഇടയില്‍.
അതു കൊണ്ടുവരുന്നവനെ സ്നേഹപൂര്‍വ്വം 'ഡോകടര്‍' എന്നും 'സര്‍ദാര്‍ജി' എന്നും ഞങ്ങള്‍ വിളിച്ചിരുന്നു. കള്ളു വില്‍ക്കുന്ന ആ രഹസ്യ വൈദ്യന്മാര്‍ക്കും അവരവരുടേതായ ചട്ടങ്ങള്‍ നിലവിലുണ്ട്. ഒരാള്‍ മറ്റൊരാളുടെ പരിധിയില്‍ കള്ളുവില്‍ക്കില്ല. പരസ്പരം ഒറ്റിക്കൊടുക്കില്ല.
സമ്പൂര്‍ണ്ണ മദ്യനിരോധനം നിലവിലുള്ള, പിടിക്കപ്പെട്ടാല്‍ ഗുരുതരമായ ശിക്ഷകളുള്ള ഷാര്‍ജയിലെ സ്ഥിതി ഇതാണെങ്കില്‍, അയല്‍വക്കത്തെ വീട്ടില്‍ ബോട്ടിലുണ്ടെന്ന് കണ്ടാല്‍ പരിചയം പറഞ്ഞ് അവകാശത്തോടെ ഓടിയെത്തി വീശുന്ന പോലീസുകാരന്റെ നാട്ടിലെ സമ്പൂര്‍ണ്ണമദ്യനിരോധനത്തിന്റെ കാര്യമോര്‍ത്ത് എന്തെന്നില്ലാത്ത ആശ്വാസം.
ഡോകടര്‍മാരും സര്‍ദാര്‍ജികളും വാഴുന്ന സമ്പൂര്‍ണ്ണമദ്യനിരോധന സംസ്ഥാനത്തെ നമുക്ക് വരവേല്‍ക്കാം.
(ഷാര്‍ജയിലെ കിംഗ് ഫാഹ്‌ദ് പള്ളി പണിയുന്നതിനുള്ള നിബന്ധനയായി സൗദി സര്‍ക്കാര്‍ ഷാര്‍ജയുടെ മേല്‍ നടപ്പാക്കിയതാണ് സമ്പൂര്‍ണ്ണ മദ്യനിരോധനം എന്നൊരു കഥ പ്രചാരത്തിലുണ്ടെങ്കിലും, മുകളിലെ വസ്തുതകള്‍ കിട്ടിയത്, റോബിന്‍ മൂറിന്റെ 'ദുബായ്' എന്ന പുസ്തകത്തില്‍നിന്നാണ്) യു.എ.ഇ.യില്‍ വിലക്കപ്പെട്ട പുസ്തകമാണ് 'ദുബായ്'. റോബിന്‍ മൂറിന്റെ കഥകള്‍ എത്രത്തോളം സത്യസന്ധമാണെന്ന് അറിയില്ല.
28 August 2014
No comments:
Post a Comment