കെ.ആര്‍ മീരയുടെ നോവലില്‍ പി.തങ്കപ്പന്‍ നായരെ കുറിച്ച് പരാമര്‍ശം കണ്ടപ്പോള്‍ സന്തോഷം തോന്നി. കല്‍ക്കത്തയിലെ ഭാരതീയ വിദ്യാഭവനില്‍ പത്രപ്രവര്‍ത്തനത്തിന്റെ ഒരു വര്‍ഷത്തെ ഡിപ്ലോമ പഠനത്തിന്റെ അവസാനം തിരഞ്ഞെടുത്ത പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണ്, ഭാവിയില്‍ ഒരു കുല്‍ദീപ് നയ്യാരോ, സി.പി. രാമചന്ദ്രനോ, നിഖില്‍ ചക്രവര്‍ത്തിയോ ഒക്കെ ആകുമെന്ന് സ്വയം വിശ്വസിച്ച ഒരു ചെറുപ്പക്കാരന്‍ ഒരു വൈകുന്നേരം അദ്ദേഹത്തെ കാണാന്‍ പോയത്. കല്‍ക്കത്തയുടെ അറിയപ്പെടാത്ത ചരിത്രം രേഖപ്പെടുത്തിയാ, രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന അധികമാരും അറിയാത്ത ഒരു മലയാളിയുണ്ടെന്ന് പറഞ്ഞുതന്നത് കല്‍ക്കത്ത നാഷണല്‍ ലൈബ്രറിയിലെ മലയാള വിഭാഗം മേധാവിയായിരുന്ന അന്തരിച്ച കെ.എം.ഗോവിയായിരുന്നു.
ഒരു പഴയ വീട്ടിലെ കുടുസ്സായ മുറിയില്‍, പുസ്തകക്കൂമ്പാരങ്ങളുടെയും വര്‍ഷങ്ങളുടെ പൊടിയും മണവും നിറഞ്ഞ കടലാസ്സുകെട്ടുകളുടെയുമിടയില്‍ കൂനിക്കൂടിയിരിക്കുകയായിരുന്ന ആ മനുഷ്യന് ആ വരവ് ഒട്ടും ഇഷ്ടപ്പെട്ടതായി തോന്നിയില്ല. സ്വയം പരിചയപ്പെടുത്തി, തുടക്കക്കാരനായ ഒരു പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിയുടെ അല്‍പ്പം പൊങ്ങച്ചം നിറഞ്ഞ ഒരു ഭാവത്തോടെ ആ ചെറുപ്പക്കാരന്‍ ആ ചരിത്രകാരനെ അഭിമുഖം ചെയ്യാനിരുന്നു. കുറേ നേരം സംസാരിച്ചു. അതിനിടയില്‍ അദ്ദേഹം തന്നെ ചായ ഉണ്ടാക്കിത്തന്നു. രാത്രി ഏറെ വൈകിയിട്ടാണ് അവിടെ നിന്ന് ഇറങ്ങിയത്.
പിറ്റേന്ന് അതിരാവിലെ ഒരാള്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് ചെറിയമ്മ പറഞ്ഞു. ചെന്നു നോക്കിയപ്പോള്‍ അത്, ആ ചരിത്രകാരനായിരുന്നു. ഒന്നുരണ്ട് വിശേഷം പറച്ചിലിനു ശേഷം അദ്ദേഹം ഒരു കടലാസ്സ് കൈയ്യില്‍ തന്നു. ഒരാളെ അഭിമുഖം ചെയ്യുമ്പോള്‍ അയാളെക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ അറിഞ്ഞിരിക്കേണ്ട, ചോദിച്ചിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ അക്കമിട്ട് എഴുതിയ ഒരു കടലാസ്സായിരുന്നു അത്. അത് ആ ചെറുപ്പക്കാരനു കൊടുക്കുമ്പോള്‍ ആ മനുഷ്യന്റെ ചുണ്ടത്ത് ഒരു ചെറിയ കുസൃതിചിരിയുണ്ടായിരുന്നു എന്നും ഓര്‍മ്മയിലുണ്ട്. ചായ മാത്രം കുടിച്ച് തിരക്കുണ്ടെന്ന് പറഞ്ഞ് ആ മനുഷ്യന്‍ തിരിച്ചുപോയി.
രാഷ്ട്രീയവും നാടകവുമൊക്കെയായി തരികിട കളിച്ചു നടന്ന അന്നത്തെ ആ ചെറുപ്പക്കാരന്‍ ആ പ്രൊജക്റ്റ് അത്തവണ പൂര്‍ത്തിയാക്കിയില്ല. പഠനവും. പിന്നീട് ആ ചരിത്രകാരനെ നേരിടാനുള്ള ധൈര്യവും നഷ്ടമായിരുന്നു. എങ്കിലും കല്‍ക്കത്തയെക്കുറിച്ച്, അതിന്റെ ചരിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ആദ്യം ഓര്‍മ്മയില്‍ വരിക, വിനീതനും , ഒരു പൊടി എക്സന്‍ഡ്രിക്ക് എന്ന് ആദ്യത്തെ കണ്ടുമുട്ടലില്‍ ഒരാള്‍ക്ക് തോന്നിയേക്കാവുന്നതുമായ ആ വലിയ ചരിത്രകാരനെയാണ്. ആ പഴയ വീടും, പുസ്തകങ്ങളും കടലാസ്സുകുന്നുകളും നിറഞ്ഞ ഇരുണ്ട മുറിയും, അഞ്ചു പതിറ്റാണ്ടോളം കാലം, ആ നാടിന്റെ തെരുവായ തെരുവൊക്കെ അതിന്റെ ചരിത്രം അന്വേഷിച്ച് നടന്ന്, അതൊക്കെ അമ്പതോളം പുസ്തകങ്ങളിലാക്കി ഭാവിതലമുറക്കുവേണ്ടി എഴുതിവെച്ച് തങ്കപ്പന്‍ നായര്‍ എന്ന നഗ്നപാദ ചരിത്രകാരനെയായിരുന്നു.
ആ തങ്കപ്പന്‍ നായരെയാണ് മീര വീണ്ടും മുന്നില്‍ കൊണ്ടുവന്നുനിര്‍ത്തിയത്. നന്ദി മീര.
8 November 2014
No comments:
Post a Comment