Saturday, January 10, 2015

"എവിടെപ്പോയി ആ ചുമട്ടുകാര്‍?"

'എവിടെപ്പോയി ചുമട്ടുകാര്‍?' എന്നൊരു ചെറിയ കുറിപ്പുണ്ട് ഇന്നത്തെ ഹിന്ദുവിന്റെ ഞായര്‍ പതിപ്പില്‍ . ഹൈമ ബാല്‍ എഴുതിയത്. റെയില്‍‌വേ സ്റ്റേഷനില്‍ പണ്ടത്തെപ്പോലെ ചുമട്ടുകാരെ കിട്ടാത്തതിന്റെ പ്രശ്നത്തില്‍ തുടങ്ങി, പണ്ട് ഒരു അവകാശം പോലെ വീട്ടില്‍ വന്ന് സ്റ്റേഷനിലേക്കും തിരിച്ചും ചുമടെടുക്കാന്‍ വന്ന 'കുടുംബ ചുമട്ടു'കാരെക്കുറിച്ചുള്ള ഗൃഹാതുരത്വത്തെക്കുറിച്ചുമൊക്കെ വിവരിക്കുന്നു ഹൈമ ആ ചെറിയ കുറിപ്പില്‍.

95-ല്‍ യു.എ.ഇ.യില്‍ ഒരു വലിയ വിവാദം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടു. പത്രാധിപര്‍ക്കുള്ള കത്തില്‍ ഒരു വടക്കേന്ത്യക്കാരന്‍ എഴുതിയ ഏകദേശം സമാനമായ ഒരു കുറിപ്പില്‍ നിന്നായിരുന്നു തീ പൊട്ടിപ്പുറപ്പെട്ടത്. തന്റെ വിദേശയാത്രയില്‍ ഹീത്രൂ വിമാനത്താവളത്തില്‍ പണ്ടത്തെപ്പോലെ ട്രോളി ഉന്തുകാരെയൊന്നും കണ്ടില്ലെന്നും അന്വേഷിച്ചപ്പോള്‍ അവരൊക്കെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളം പറ്റുകാരായി (പ്രൊജക്റ്റ് മാനേജര്‍മാര്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്) മാറിയിരിക്കുന്നുവെന്നാണ്‌ അറിയാന്‍ കഴിഞ്ഞതെന്നുമായിരുന്നു ആ കത്തിലെ രത്നച്ചുരുക്കം. ഇന്ത്യക്കാരന്റെ ആ കത്തിന്റെ പിന്നില്‍ (ന്യായമായ) ഒരു 'വര്‍ണ്ണ' പ്രശ്നമുണ്ടായിരുന്നു. മറ്റു നാട്ടുകാരെ അപേക്ഷിച്ച്, തൊലി വെളുത്തവര്‍ക്ക് ഗള്‍ഫില്‍ നല്ല ജോലിയും ശമ്പളവുമൊക്കെയുണ്ടായിരുന്നുവെന്നതാണ്‌ ആ കത്തിന്റെ പിന്നിലുള്ള വ്യംഗ്യം. സംഗതി ഇന്നും ഏറെക്കുറെ ശരിയുമാണ്‌. എന്തായാലും ആ കത്ത് പ്രസിദ്ധീകരിച്ചുവന്നതിന്റെ പിന്നാലെ യു.എ.ഇ.യിലെ ഇന്ത്യന്‍-പാശ്ചാത്യ സമൂഹം ഏറെക്കുറെ രണ്ടു തട്ടിലായി, പിന്നീടുള്ള നാലഞ്ചു മാസത്തോളം പത്രതാളുകളിലൂടെ പൊരിഞ്ഞ യുദ്ധം നടത്തി. ഇന്ത്യക്കാരുടെയും പാശ്ചാത്യരുടെയും ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡുകളില്‍ അതാതുദിവസത്തെ കത്തുകളും ഗ്വാഗ്വാ വിളികളും പതിഞ്ഞു. പാശ്ചാത്യര്‍ക്ക് കൊടുക്കുന്ന ഭീമമായ ശമ്പളത്തെക്കുറിച്ചുവരെ പുനരാലോചനകള്‍ ചിലയിടങ്ങളിലെങ്കിലും ഉണ്ടാവുകയും ചെയ്തു. ഒടുവില്‍ തുടങ്ങിയതുപോലെ അത് കെട്ടടങ്ങുകയും ചെയ്തു.

ഇനി ഹൈമ ബാലിന്റെ കുറിപ്പിലേക്ക് വന്നാല്‍, പണ്ടത്തെ ആ ചുമട്ടുകാരെ എങ്ങിനെയായിരുന്നു നമ്മള്‍ കണ്ടിരുന്നതും വിലയിരുത്തിയിരുന്നതെന്നും കൂടി ഓര്‍ക്കണം. പിടിച്ചു പറിയന്മാരായും കണ്ണില്‍ ചോരയില്ലാത്തവന്മാരുമായിട്ടായിരുന്നു നമ്മളവരെ. പ്രത്യേകിച്ചും ആ ചുമപ്പു ഷര്‍ട്ടുകാരെ കണ്ടിരുന്നത്. കണ്ണില്‍ കണ്ട എല്ലാ ആക്രികളും കുത്തിനിറച്ച് മലപോലത്തെ ഭാരം തലയിലും ഇരുചുമലുകളിലുമേന്തി അവര്‍ നടന്നുനീങ്ങുമ്പോള്‍ എന്തൊരു ആന്തലായിരുന്നു നമ്മുടെയൊക്കെയുള്ളില്‍!! അവരുടെ ആ ബുദ്ധിമുട്ടാലോചിച്ചല്ല. അവര്‍ക്കു കൊടുക്കേണ്ടിവരുന്ന ചില്ലറയോര്‍ത്തായിരുന്നില്ലേ നമ്മുടെ ആ ആന്തല്‍? ഭാരം ഏല്‍‌പ്പിക്കുന്നതിനു മുന്‍പും, ലക്ഷ്യസ്ഥാനത്തെത്തിയതിനുശേഷവും വിലപേശി ജയിക്കുമ്പോള്‍ ഒരു കള്ളച്ചിരിയുണ്ടായിരുന്നില്ലേ നമ്മുടെ ചുണ്ടില്‍? പറഞ്ഞ, ചോദിച്ച കാശ് കൊടുക്കേണ്ടിവരുമ്പോള്‍ അവരുടെ കുടുംബത്തെയടക്കം ഉള്ളുകൊണ്ട് ശപിച്ചിരുന്നില്ലേ നമ്മള്‍?

ഇന്ന് അവരെ കാണുന്നില്ലെങ്കില്‍ എന്തിനു പരിഭവിക്കണം? ഹൈമ തന്റെ കുറിപ്പില്‍ സൂചിപ്പിക്കുന്നതുപോലെ, ഒരു നേരത്തെ ഭക്ഷണം കൊടുത്ത് തൃപ്തിപ്പെടുത്തി, പൊക്കിയാല്‍ പൊന്താത്ത ഭാരവും ചുമപ്പിച്ച് ഗൃഹാതുരത്വം വിളമ്പിയാല്‍ വേലയ്ക്ക് കൂലിയാവുമോ?

എല്ലാം പോട്ടെ, ഇത്തരം യാത്രകള്‍ക്കു പുറപ്പെടും മുന്‍പ്,  'ചിന്നസാമാനം പെരിയ സുഖം' എന്ന ആ മുദ്രാവാക്യമെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെ വിലപിക്കേണ്ടിവരുമായിരുന്നോ?

ചുമട്ടുകാരൊക്കെ ഇപ്പോഴും അവിടെയുണ്ട് ഹൈമാജി.  പക്ഷേ ഓരോരുത്തര്‍ക്കും ചുമക്കാന്‍, അവനവന്റെ ചുമടുകള്‍ തന്നെ ധാരാളമുണ്ട് ഇപ്പോള്‍. നിന്ദിതരെയും പീഡിതരെയും 'ഭാരം ചുമക്കുന്ന'വരെയും തുണയ്ക്കാന്‍ ഒരു ദൈവവും ദൈവപുത്രനും മുഖമില്ലാ ദൈവങ്ങളും അവരുടെ മതവും വരില്ല. സംഘടനകളും മിനിമം വേതനവ്യവസ്ഥകളും മാത്രമേ ഉണ്ടാവൂ. ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും നമ്മള്‍ അത് സഹിക്കാന്‍ ബാദ്ധ്യസ്ഥരുമാണ്‌.

31 August 2014

1 comment:

Anonymous said...

ഇപ്പോഴാണ് ലേഖനം വായിച്ചത്. രസമുണ്ട്. എനിക്കും പലപ്പോഴായി തോന്നിയതാണ്, എന്താണ് ഈ ഗ്ർഹാതുരത്വം എന്ന സാധനം എന്ന് ? ഒരു പ്രസിദ്ധ കവിയുടെ (ആരെന്നു പറയുന്നില്ല, അദ്ദേഹത്തെ നിരുപണം ചെയ്യാനും വിമർശിക്കാനും എനിക്കർഹതയില്ല ) കവിതയിൽ പുള്ളുവനും പുള്ളുവത്തിയും മുറ്റത്ത്‌ വന്നു പാടിയിരുന്നു, ആ കാലമൊക്കെ കടന്നുപോയി , മാറ് മറ?ക്കാത്ത ചെറുമികൾ പാടത്തെ പണി കഴിഞ്ഞു തോട്ടിലേക്ക് കുളിക്കാൻ പോകുന്നതും ഇന്നു അതൊന്നും ഇല്ലാത്തതും ....ആ കാലമൊക്കെ ഓർത്ത്‌ നെടുവീർപ്പിടാൻ... ഗൃഹാതുരത്വം എന്നത് നമ്മൾക്ക് നല്ലതെന്ന് തോന്നുന്നത് മാത്രമാണോ ? മറ്റുള്ളവർ അന്ന് എങ്ങിനെയൊക്കെയാണ് ജീവിച്ചതെന്നു നമ്മൾ ഓർക്കാതതെന്താണ്